ADVERTISEMENT

കലിഫോർണിയ ∙  അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ പ്രസിഡന്റ് സ്ഥാനാർഥികളുടെ ആദ്യ ഡിബേറ്റ് രാജ്യത്തിനു തന്നെ നാണക്കേടായി. ഡിബേറ്റ് മോഡറേറ്റർ ഫോക്സ് ടിവി ആങ്കർ ക്രിസ് വാലസ്സിന്റെ ക്ഷമയോടെയുള്ള നീക്കം മൂലം ഡിബേറ്റ് പൂർത്തിയാക്കാൻ കഴിഞ്ഞു.

അമേരിക്കയിലെ വിദ്യാർഥികളടക്കം ആബാലവൃദ്ധം ജനങ്ങൾ ശ്രദ്ധയോടെ വീക്ഷിക്കുന്ന അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥികളുടെ ഡിബേറ്റ് പുതുതലമുറയ്ക്ക് ഏറ്റവും മോശപ്പെട്ട മാതൃകയായി മാറി എന്നതിന് തർക്കമില്ല. അമേരിക്കയുടെ സംസ്കാരത്തിനും അന്തസിനും നിരക്കാത്ത ചരിത്രത്തിലെ ആദ്യ പ്രസിഡൻഷ്യൽ ഡിബേറ്റായിരിക്കും നടന്നത്. ഇരുഭാഗങ്ങളും ഡിബേറ്റ് നിബന്ധനകൾ പാലിച്ചുകൊള്ളാമെന്നു സമ്മതിച്ചിരുന്നെങ്കിലും നിബന്ധനകൾ പാലിക്കാത്തതിനു ഡിബേറ്റ് മോഡറേറ്റർ പലവട്ടം പ്രസിഡന്റ് ട്രംപിനെ താക്കീതു ചെയ്തിരുന്നു.

ബൈഡന് അനുവദിച്ചിരുന്ന സമയം സംസാരിക്കാൻ അനുവദിക്കാതിരുന്ന ട്രംപിനെ കുറിച്ച് ‘ഈ കോമാളി എന്നെ ഒരു വാക്കു പറയാൻ അനുവദിക്കുന്നില്ല’ എന്ന് ബൈഡൻ പരാതിപ്പെട്ടു. തെളിവുകളില്ലാത്ത പല വ്യക്തിപരവും കുടുംബാംഗങ്ങളെ ഉൾപ്പെടുത്തിയുമുള്ള  ആരോപണങ്ങൾ ട്രംപ് ബൈഡനെതിരെ ഉന്നയിച്ചു . അവ എത്രമാത്രം പ്രേക്ഷകരിലേക്കേത്തുമെന്ന് അടുത്ത ദിവസങ്ങളിലെ പോളുകളിൽ അറിയാൻ കഴിയും.

ബൈഡന്റെ മകൻ മയക്കുമരുന്ന്  ഉപയോഗിച്ചിരുന്നുവെന്നും മിലിറ്ററിയിൽ നിന്നും പുറത്താക്കിയെന്നും ബൈഡൻ സ്കൂൾ പഠന കാലത്ത് ഏറ്റവും കുറഞ്ഞ മാർക്കുകളിലാണ് പാസ്സായിരുന്നതുമൊക്കെയുള്ള ഏറെ താഴ്ന്ന നിലവാര ആരോപണങ്ങൾ ആങ്കറുടെ ചോദ്യങ്ങളിൽ നിന്നും ഉത്തരം പറയാതെ രക്ഷപ്പെടാനുള്ള മാർഗ്ഗമായി ട്രംപ്  ഉപയോഗിച്ചതും ഡിബേറ്റ് നിലവാരം താഴ്ത്താൻ ഇടവരുത്തി.

രണ്ടു ലക്ഷത്തിലേറെ അമേരിയ്ക്കൻ പൗരന്മാർ മരിക്കാൻ ഇടയായ കൊറോണയെ നേരിടാൻ ട്രംപ് ഗവൺമെന്റ് എടുത്ത നിലപാടുകൾ തീർത്തും പരാജയമായിരുന്നുയെന്നു ബൈഡൻ ആരോപിച്ചപ്പോൾ ബൈഡനായിരുന്നു പ്രസിഡന്റെങ്കിൽ 30 ലക്ഷം പേർ ഇതിനകം കോവിഡ് മൂലം മരിക്കുമായിരുന്നുവെന്നു ട്രംപ് ആരോപിച്ചു.

ട്രംപിന്റെ നിലപാടുകൾ രാജ്യത്ത് വർഗ്ഗീയ വിദ്വേഷം ആളിക്കത്തിക്കാൻ ഇടയാക്കിയെന്ന് ബൈഡൻ ആരോപിച്ചു. അടുത്ത പ്രസിഡൻഷ്യൽ ഡിബേറ്റ് ഒക്ടോബർ 7ന് സോൾട്ട് ലേക്ക് സിറ്റിയിൽ നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com