ADVERTISEMENT

 ജഡ്ജ് എമി ബാരറ്റിന്റെ വിചാരണ (ഹിയറിങ്ങ്) സെനറ്റ് ജുഡീഷ്യറി കമ്മിറ്റി പൂർത്തിയാക്കി. ഒക്ടോബർ 22ന് സെനറ്റ് ജുഡീഷ്യറി കമ്മിറ്റി ഈ വിഷയത്തിൽ വോട്ടു ചെയ്യും. തുടർന്ന് 26ന് ആരംഭിക്കുന്ന ആഴ്ചയിൽ സെനറ്റ് സ്ഥിരപ്പെടുത്തുവാൻ വോട്ടു ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 100 അംഗങ്ങളുള്ള സെനറ്റിൽ 53 പേരുടെ പിന്തുണ റിപ്പബ്ലിക്കൻ പാർട്ടിക്കുണ്ട്.

സുപ്രീം കോടതി നോമിനിയെ സ്ഥിരപ്പെടുത്തുന്നതിന് സെനറ്റിലെ കേവല ഭൂരിപക്ഷം മതി എന്ന് 2017 ൽ റിപ്പബ്ലിക്കനുകൾ തീരുമാനിച്ചതാണ്. 2013 ൽ കീഴ്‌കോടതി ജഡ്ജിമാരെ സ്ഥിരപ്പെടുത്തുവാൻ കേവല ഭൂരിപക്ഷം മതി എന്ന് ഡെമോക്രാറ്റുകൾ തീരുമാനിച്ചതിന് മറുപടി ആയാണ് റിപ്പബ്ലിക്കനുകൾ ഇങ്ങനെ ഒരു നിലപാട് സ്വീകരിച്ചത്. ജൂ‍ഡീഷ്യറി കമ്മിറ്റി ചെയർമാൻ ലിൻഡ് സെഗ്രഹാം (സൗത്ത് കരോലിനയിൽ നിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ) പ്രവചിച്ചത് റിപ്പബ്ലിക്കൻ സെനറ്റർമാർ മുഴുവൻ അനുകൂലിച്ചും ഡെമോക്രാറ്റിക് സെനറ്റർമാർ മുഴുവൻ പ്രതികൂലിച്ചും വോട്ടു ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ ട്രംപിന്റെ കടുത്ത വിമർശകൻ മിറ്റ്‌റോംനി ഉൾപ്പടെയുള്ള റിപ്പബ്ലിക്കൻ സെനറ്റർമാരിൽ ആരും ജഡ്ജ് ബാരറ്റിനെതിരെ വോട്ടു ചെയ്യുമെന്ന് പറഞ്ഞിട്ടില്ല. ഇനി അഥവ മൂന്ന് സെനറ്റർമാർ വിമതരായി മാറി 50–50 എന്നൊരു ടൈ ഉണ്ടായാലും വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ കാസ്റ്റിംഗ് വോട്ട് തുണയ്ക്കെത്തും.

പൊതുതിരഞ്ഞെടുപ്പിന് മുൻപ് സുപ്രീം കോടതിയിൽ ഒരു ജസ്റ്റീസിനെ നോമിനേറ്റ് ചെയ്യുകയും സ്ഥിരപ്പെടുത്തുകയും ചെയ്യുമെന്ന് പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനം യാഥാർത്ഥ്യമാവാനുള്ള സാധ്യതയാണ് കാണുന്നത്. എന്നാൽ സംഗതി അത്ര സുഗമമാകാതിരിക്കുവാൻ ഡെമോക്രാറ്റുകൾക്ക് ചില പദ്ധതികളുണ്ട്. സെനറ്റിലെ ന്യൂനപക്ഷ നേതാവ് ചക്ക് ഷൂമർ ബാരറ്റിന്റെ കൺഫർമേഷൻ തടയുവാൻ തങ്ങളുടെ പക്കലുള്ള ലിമിറ്റഡ് ഓപ്ഷനുകൾ പ്രയോഗിക്കുമെന്ന് പറഞ്ഞു. ജുഡീഷ്യറി കമ്മിറ്റി വോട്ടിങ്ങിലും തുടർന്നുള്ള സെനറ്റ് വോട്ടിലും ഡെമോക്രാറ്റുകൾ കോറം വിത്ത് ഹോൾഡ് ചെയ്യും. കോറം മുന്നോട്ടു പോകുന്നതിന് ആവശ്യമായ അംഗബലം നിഷേധിക്കുക എന്ന തന്ത്രമാണിത്. 

യഥാർത്ഥ വോട്ടിംഗ് നടക്കുമ്പോൾ ഡെമോക്രാറ്റുകൾ കോറം സപ്ലൈ ചെയ്യുകയില്ല. അതായിരിക്കും അവസാനം നടക്കുക. ഷൂമർ മുന്നറിയിപ്പു നൽകി.

ജുഡീഷ്യറി കമ്മിറ്റിയിൽ നോമിനികളെ സ്ഥിരപ്പെടുത്തുവാനുള്ള വോട്ടെടുപ്പ് നടക്കുമ്പോൾ 22 അംഗ പാനലിലെ ഭൂരിപക്ഷത്തിനൊപ്പം കുറഞ്ഞത് രണ്ട് ന്യൂനപക്ഷ പാർട്ടി അംഗങ്ങളെങ്കിലും ഉണ്ടാവണം. എന്നാൽ ഇങ്ങനെ സംഭവിച്ചാൽ ഈ നിയമം മറികടന്ന് നടപടികളുമായി മുന്നോട്ടു പോകാനാവും. മുൻപ് ഇമിഗ്രേഷൻ ലെജിസ്ലേഷന്റെ കാര്യത്തിൽ ഗ്രഹാം ഇങ്ങനെ ചെയ്തിട്ടുണ്ട്. സെനറ്റിൽ വോട്ടെടുപ്പ് നടക്കുമ്പോൾ 51 റിപ്പബ്ലിക്കൻ സെനറ്റർമാരുടെ സാന്നിധ്യം പാർട്ടി ഉറപ്പ് വരുത്തേണ്ടതുണ്ട്. തിരഞ്ഞെടുപ്പിനെ നേരിടുന്ന സെനറ്റർമാർക്ക് സ്വന്തം ഡിസ്ട്രിക്ടുകളിൽ നിന്ന് മാറി നില്ക്കുക പ്രയാസമായിരിക്കും. സെനറ്റിൽ പ്രമേയം പാസ്സായിക്കിട്ടുവാൻ ഒരു എക്സിക്യൂട്ടീവ് സെഷനുവേണ്ടി ഭൂരിപക്ഷ നേതാവ് മിച്ച് മക്കൊണൽ ശ്രമിക്കും.

നോമിനേഷന്റെ ചർച്ചകൾ അവസാനിപ്പിച്ച് ഈ സെഷനിലേയ്ക്കു നീങ്ങാൻ കേവല ഭൂരിപക്ഷം മതി. അവിടെയും  ഇവിടെയുമൊക്കെ ഏക കണ്ഠമായ തീരുമാനം വേണമെന്ന് ഡെമോക്രാറ്റുകൾ ശഠിക്കും. എന്നാൽ ഒടുവിൽ മക്കൊണലും ജിഒപിയും എക്സിക്യൂട്ടീവ് സെഷനിലേയ്ക്കും നോമിനേഷൻ സ്ഥിരപ്പെടുത്തുന്നതിലേയ്ക്കും എത്തും. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ വോട്ടെടുപ്പ് താമസിപ്പിക്കുവാൻ ഡെമോക്രാറ്റുകൾക്ക് കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. ജോർജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റി പൊളിറ്റിക്കൽ സയൻസ് പ്രൊഫസർ സാറ ബൈൻഡർ പറഞ്ഞു.

ബാരറ്റ് അടുത്ത സുപ്രീം കോടതി ജസ്റ്റീസായി സ്ഥിരപ്പെടുത്തപ്പെടും എന്നാണ്  പ്രതീക്ഷ. വിചാരണയിൽ പല തവണ നോ വൺ ഈസ് എബവ് ദ ലോ എന്ന് ബാരറ്റ് പ്രതികരിച്ചത് ട്രംപിന് പ്രത്യേക പരിഗണന നൽകില്ല എന്ന സൂചന നൽകി. പൊതുവെ വിവാദങ്ങളിൽ നിന്ന് ഒഴിഞ്ഞു നില്ക്കുവാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ബാരറ്റ്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com