sections
MORE

ബൈഡൻ പ്രസിഡന്റാകുന്നത് അനധികൃത കുടിയേറ്റക്കാർക്ക് ആശ്വാസം

migrants-border-rio-bravo
SHARE

ഫിലഡല്‍ഫിയ ∙ ജോ ബൈഡൻ അമേരിക്കന്‍ പ്രസിഡന്‍റാകുമെന്ന് ഉറപ്പായതോടെ സുദീര്‍ഘകാലം പള്ളികള്‍ക്ക് ഉള്ളിലും വിവിധ ജീവകാരുണ്യ പ്രവര്‍ത്തന കേന്ദ്രങ്ങളുടെ രഹസ്യ സംരക്ഷണയിലും ഏകാന്തതയോടും പലപ്പോഴും പട്ടിണിയോടും പടവെട്ടി ഭയചകിതരായി കഴിഞ്ഞ അനധികൃത കുടിയേറ്റക്കാര്‍ സാവധാനം പരസ്യമായി വെളിപ്പെടാനും പല ജോലികളില്‍ പ്രവേശിക്കുവാനും തുടങ്ങി. പുതിയ ഭരണകൂടം കഠിനമായ ഇമിഗ്രേഷന്‍ നിയമങ്ങളില്‍ അയവുണ്ടാക്കി, നിയമ വിരുദ്ധമായി കുടിയേറിയ ഏകദേശം ഒരു കോടി ഇരുപതുലക്ഷം വിദേശികളെ സാവധാനം സ്ഥിരവാസികളായും ക്രമേണ പൗരത്വത്തിലേക്കു നയിക്കുമെന്നുള്ള ശുഭപ്രതീക്ഷയിലാണ് ഇവര്‍ക്കുള്ളത്.

ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥി ജോ ബൈഡന്‍റെ ഫലപ്രഖ്യാപനം അറിഞ്ഞ മാത്രയില്‍തന്നെ രണ്ടുവര്‍ഷത്തിലധികമായി ഫിലഡല്‍ഫിയ നഗരത്തിന്‍റെ നടുവിലുള്ള റ്റാബര്‍നാക്കിള്‍ യുണൈറ്റഡ് ചര്‍ച്ചിന്‍റെ ഭൂനിരപ്പിനടിയിലുള്ള ബേസ്മെന്‍റില്‍ ഇമിഗ്രേഷന്‍ അധികൃതരെ ഭയന്നു വിറയലോടെ കഴിഞ്ഞുകൂടിയ ജെമെയ്ക്കന്‍ സ്വദേശികളായ ഒനീറ്റ തോംസണും ഭര്‍ത്താവ് ക്ലൈവും രണ്ടു കുട്ടികളും ആര്‍ത്തിയോടെ ആഘോഷിച്ച് പൊട്ടിച്ചിരിയോടെ പുറത്തുവന്നു. അസ്തമയ സൂര്യപ്രഭ സുദീര്‍ഘമായ കാത്തിരിപ്പിനുശേഷം അനുഭവിച്ചറിഞ്ഞു. ഇരുവരും അമേരിക്കന്‍ നുഴഞ്ഞുകയറ്റക്കാരെങ്കിലും ഉടനെതന്നെ ജോലിയില്‍ പ്രവേശിച്ച് സസന്തോഷം കുടുംബം പുലര്‍ത്താമെന്ന ശുഭപ്രതീക്ഷയില്‍തന്നെ ഇപ്പോള്‍.

Immigration

2021 ജനുവരിയില്‍ ഭരണം ഏല്‍ക്കുന്ന ജോ ബൈഡന്‍റെ നയപ്രഖ്യാപനങ്ങളില്‍ ഒന്നുംതന്നെ അനധികൃത കുടിയേറ്റത്തെക്കുറിച്ചു പ്രതിബാധിച്ചിട്ടില്ല. ട്രംപ് ഭരണകൂടം നിയമപ്രാബല്യം ഇല്ലാത്ത കുടിയേറ്റക്കാരെ നിശേഷം യുഎസ്എയില്‍നിന്നും നീക്കണമെന്ന വിളംബരത്തോടെ ഒളിവില്‍പോയ പലരും മാളത്തിനു പുറത്തേക്ക് വരുവാന്‍തുടങ്ങി. നിയമാനുസരണവും നിയമവിരുദ്ധമായും കുടിയേറി പല കടമ്പകള്‍ കടന്നു അമേരിക്കന്‍ പൗരത്വം ലഭിച്ച രണ്ടുകോടി മുപ്പതുലക്ഷം വോട്ടര്‍മാരില്‍ വന്‍ഭൂരിപക്ഷം ബൈഡന് വോട്ട് ചെയ്തതായി വിവിധ സ്റ്റേറ്റുകളിലെ കുടിയേറ്റക്കാരായ വോട്ടര്‍മാരെ സംബന്ധിച്ച വിവരാനുസരണം പറയപ്പെടുന്നു. 

ട്രംപ് ഭരണത്തിലെ കഠിനവും കര്‍ശനവും ആയ പല എക്സിക്യൂട്ടീവ് ഓര്‍ഡറും പുതിയ ഇലക്റ്റഡ് പ്രസിഡന്റ് ജോ ബൈഡന്‍ ഭരണം ഏറ്റെടുത്ത ശേഷം എളുപ്പത്തിൽ അസ്ഥിരപ്പെടുത്തി നേര്‍ വിപരീതമായ പ്രഖ്യാപനം ചെയ്യുവാന്‍ സാധിക്കും. അസ്ഥിരവും പലപ്പോഴും കൂട്ടിക്കുഴക്കുന്നതുമായ യുഎസ് കുടിയേറ്റ നിയമങ്ങളെ ഹൗസ് റെപ്രസെന്‍റേറ്റീവിന്‍റേയും സെനറ്റിന്‍റേയും സഹകരണത്തോടെ വ്യക്തമായും വിശദമായും ക്രോഡീകരിക്കുക തികച്ചും ആവശ്യമാണ്. 

biden-kamala

അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും അധികം അനധികൃത കുടിയേറ്റക്കാരെ നിരുപാധികം നാടുകടത്തിയ ബരാക്ക് ഒബാമയുടെ വൈസ് പ്രസിഡന്‍റായ ജോ ബൈഡന്‍റെ ഇലക്ഷന് മുന്‍പുള്ള എല്ലാ വാഗ്ദാനങ്ങളും സമ്പൂര്‍ണ്ണതയില്‍ എത്തുമെന്ന് ഒളിവില്‍ കഴിയുന്ന ഒരു വിഭാഗം അനധികൃത കുടിയേറ്റക്കാര്‍ കരുതുന്നില്ല. ട്രംപിന്‍റെ ഭരണകാലം അമേരിക്കയുടെ തെക്കുപടിഞ്ഞാറന്‍ അതിര്‍ത്തിയിലൂടെ കുടുംബസമേതം രഹസ്യമായി കുടിയേറാന്‍ എത്തിയവരെ അതിര്‍ത്തിസേന പിടിച്ച് മാതാപിതാക്കളില്‍നിന്നും വേര്‍തിരിച്ച് ഇപ്പോള്‍ വിവിധ ഓര്‍ഫനേജുകളില്‍ പാര്‍പ്പിച്ചിരിക്കുന്ന 666 കുട്ടികളുടെ മാതാപിതാക്കളെ കണ്ടുപിടിച്ച് വീണ്ടും കുടുംബജീവിതത്തിലേക്ക് നയിക്കുമെന്ന ബൈഡന്‍റെ വാഗ്ദാനം നിറവേറ്റുമെന്ന് കുടിയേറ്റത്തെ വെറുക്കുന്നവര്‍പോലും പ്രതീക്ഷിക്കുന്നു.

മുസ്‍ലിം പ്രാതിനിധ്യമുള്ള രാജ്യക്കാരുടെ അമേരിക്കന്‍ പ്രവേശനവും യാത്രയും നിറുത്തല്‍ ചെയ്ത 2017ല്‍ പാസാക്കിയ നിയമവും നിശ്ശേഷം നീക്കുമെന്നും ബൈഡന്‍റെ വാഗ്ദാനത്തില്‍ പറയുന്നു. ഡിഫര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ് അറൈവല്‍സ് - ഡിഎസിഎ ചട്ടം പുനഃസ്ഥാപിച്ച് ഏഴുലക്ഷത്തിലധികം കുട്ടികളായി യാതൊരു രേഖകളും ഇല്ലാതെ എത്തിയവരെ മാതൃരാജ്യങ്ങളിലേക്ക് മടക്കി അയയ്ക്കാതെ മാതാപിതാക്കളോടൊപ്പം അമേരിക്കയില്‍തന്നെ വസിച്ച് പൗരത്വം സ്വീകരിയ്ക്കുവാനും അനുമതി നല്‍കും.

വിവിധ രാജ്യങ്ങളിലെ ക്രൂരപീഡനങ്ങളും കൂട്ടക്കൊലപാതകങ്ങളും വധഭീഷണിയും ഭയന്ന് സുരക്ഷിതത്വത്തിനുവേണ്ടി അമേരിക്കയിലേക്ക് പോകുവാനുള്ള 67000-ലധികം അഭയാർഥികള്‍ വര്‍ഷങ്ങളായി മെക്സിക്കന്‍ അതിര്‍ത്തി ക്യാമ്പുകളില്‍ ഇപ്പോള്‍ കഴിയുന്നു. 50-ലധികം വര്‍ഷങ്ങളായി പ്രാണരക്ഷാർഥം0 എത്തുന്ന അഭയാർഥികളെ അമേരിക്ക സ്വാഗതം ചെയ്തിരുന്നെങ്കിലും ട്രംപ് ഭരണകൂടം ഇവരോടു വിദ്വേഷത്തോടെ പെരുമാറി അതിര്‍ത്തി കടക്കുവാനുള്ള അനുമതി നിഷേധിച്ചിരുന്നു.

US Immigration

2018-ല്‍ പെന്‍ ചാരിറ്റമ്പിള്‍ ട്രസ്റ്റിന്‍റെ ജനസംഖ്യാ പഠനത്തിന്‍റെ റിപ്പോര്‍ട്ടിന്‍ പ്രകാരം സാമ്പത്തിക ഉയര്‍ച്ചക്കും ജനസംഖ്യാ വര്‍ദ്ധനവിനും കുടിയേറ്റക്കാരുടെ നിസീമ സഹായം ആവശ്യമായി പറയുന്നു. യാതൊരുവിധ രേഖകളും ഇല്ലാത്ത കുടിയേറ്റക്കാരെ ഫിലഡല്‍ഫിയ മേയര്‍ ജിം കെന്നി നിയമവിരുദ്ധമായി പാര്‍പ്പിക്കുന്നതായും സഹായിക്കുന്നതുമായി ട്രംപ് ഭരണകൂടം ഭീഷണിമുഴക്കി. നിയമ വിരുദ്ധമായി ഫിലഡല്‍ഫിയ സിറ്റി കുടിയേറ്റക്കാരെ രഹസ്യമായോ പരസ്യമായോ സഹായിക്കുന്നില്ലെന്ന ജിം കെന്നി മറുപടി സധൈര്യം നല്‍കി.

 വിശാലമനസ്കതയോടെ അമേരിക്കന്‍ സേനകള്‍ പിന്‍വാങ്ങി പരസ്യമായി അതിര്‍ത്തികള്‍ തുറന്നാലുടനെ ഡാം പൊട്ടിപുറപ്പെട്ടതുപോലുള്ള ജനപ്രവാഹം ആയിരിക്കും അമേരിക്കയിലേക്ക്. ഇന്ത്യയിലുള്ള അമേരിക്കന്‍ എംബസിയുടേയും കോണ്‍സിലേറ്റുകളുടേയും മുന്‍പില്‍ വിവിധ വീസാകള്‍ക്കുവേണ്ടി തടിച്ചുകൂടുന്ന ജനക്കൂട്ടം ഈ പ്രയാണത്തിന് ഉത്തമ ഉദാഹരണമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA