ADVERTISEMENT

പുതിയ യുഎസ് കോൺഗ്രസ് സഭ സമ്മേളിക്കുന്നത് 2021 ജനുവരി ആദ്യ ആഴ്ചകളിലാണ്. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ ഇനാഗുറേഷൻ ഇതിനുശേഷം ജനുവരി 20നാണ്. അധികാരത്തിലിരിക്കുന്ന 10 ഡെമോക്രാറ്റിക് ജനപ്രതിനിധികൾക്കെങ്കിലും തങ്ങളുടെ സീറ്റുകൾ നിലനിർത്താൻ കഴിയുകയില്ലെന്നാണ് അനുമാനം. ചില സീറ്റുകളിലെ ബാലറ്റുകളുടെ കൗണ്ടിംഗ് ഇപ്പോഴും തുടരുകയാണ്.

ജനപ്രതിനിധി സഭയിലെ അവസാന കക്ഷിനില ഡെമോക്രാറ്റുകൾ– 232, റിപ്പബ്ലിക്കനുകൾ – 213 എന്നിങ്ങനെ ആകാനാണ് സാധ്യത. ദശകങ്ങൾക്കുള്ളിൽ ഡെമോക്രാറ്റുകൾക്ക് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം ആയിരിക്കും ഇത്

ചില കുറ്റപ്പെടുത്തലുകൾക്ക് ഇത് കാരണമായിട്ടുണ്ട്. പാർട്ടിക്കുള്ളിലെ പുരോഗമനവാദികൾ ന്യൂനപക്ഷ, വിശാല ഹൃദയ വോട്ടുകൾ നേടുന്നതിലെ പരാജയമായി ഇത് വ്യാഖ്യാനിക്കുന്നു. തീവ്ര ഇടതുപക്ഷ ചിന്താഗതിക്കാരുടെ ഡീ ഫണ്ടിംഗ് ദ പൊലീസ് വാദവും തിരഞ്ഞെടുപ്പിന്  മുൻപ് ഹൗസ് സ്പീക്കർ നാൻസി പെലോസിക്ക് വൈറ്റ് ഹൗസുമായി ചേർന്ന് ഒരു സ്റ്റിമുലസ് ഡീൽ ഉറപ്പിക്കുവാൻ കഴിയാതെ പോയതും വോട്ടുകൾ നഷ്ടമാകാൻ കാരണമായതായി എതിരാളികൾ വിലയിരുത്തി

ജനപ്രതിനിധി സഭ ഔദ്യോഗികമായി ആദ്യ സമ്മേളനത്തിൽ സ്പീക്കറെ തിരഞ്ഞെടുക്കും. പാർട്ടി അംഗങ്ങൾ ഹൗസ് മെജോരിറ്റി ലീഡറായി മെരിലാൻഡിൽ നിന്നുള്ള സ്റ്റെനി ഹോയറെയും 3–ാം സ്ഥാനത്തേയ്ക്ക് സൗത്ത് കാരലിനയിൽ നിന്നുള്ള ജിം ക്ലൈബണിനെയും വീണ്ടും തിരഞ്ഞെടുത്തു. ഒന്നാമത്തെ ലീഡറായി സ്പീക്കർ നാൻസി പെലോസിയും വീണ്ടും എത്തും. പെലോസിയും ഹോയറും 2003 മുതലും ക്ലൈബേൺ 2007 മുതൽ ഈ സ്ഥാനങ്ങളിൽ തുടരുകയാണ്.  പെലോസിയും  ക്ലൈബേണിനും 80 വയസ് വീതവും ഹോയറിന് 81 വയസും പ്രായമുണ്ട്. ചില ഡെമോക്രാറ്റുകൾ പുതിയ നേതൃത്വം ആവശ്യമാണെന്ന് വാദിക്കുന്നു. പെലോസി ഇത് തന്റെ അവസാന രണ്ടു വർഷങ്ങളാണ് സ്പീക്കറായി ഉണ്ടാവുക എന്ന് പറഞ്ഞിട്ടുണ്ട്.

പ്രസിഡന്റ് ഡോണൾഡ് ട്രംപ് അനുകൂലികളിൽ 77% വും ബൈഡൻ വ്യാജ മാർഗങ്ങളിലൂടെയാണ് ട്രംപിനെ നിഷ്കാസിതനാക്കിയത് എന്ന് വിശ്വസിക്കുന്നതായി മൻമൗത്ത് പോളിൽ അഭിപ്രായപ്പെട്ടു. സാധാരണ തിരഞ്ഞെടുപ്പുകൾക്കു ശേഷം പരാജയപ്പെട്ടവരെ പിന്താങ്ങുന്നവർ പ്രകടിപ്പിക്കുന്ന പ്രതിഷേധത്തിന് ഉപരിയാണ് ഇത് എന്ന് നിരീക്ഷകർ വ്യക്തമാക്കി. ഇതിന് പുറമെ ട്രംപിന് വോട്ടു ചെയ്തവർ മുഖ്യധാര വാർത്താ മാധ്യമങ്ങളെ വിശ്വസിക്കാതിരിക്കുകയും ഗൂഡാലോചന തിയറിയെ വിശ്വസിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടെന്നും സർവേ കണ്ടെത്തി.

ചുരുക്കം റിപ്പബ്ലിക്കൻ നേതാക്കൾ മാത്രമേ പരസ്യമായി ട്രംപിന്റെ വാദങ്ങൾ പിന്താങ്ങി രംഗത്ത് വന്നിട്ടുള്ളൂ. അനുയായികളുടെ ഇടയിലെ ഉറച്ച പിന്തുണയാണ് സർവേ വ്യക്തമാക്കിയത്.എന്നാൽ ട്രംപിന്റെ വാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നാണ് പുറത്തു വരുന്ന ബാലറ്റ് കൗണ്ടിംഗ് ഫലങ്ങൾ അറിയിക്കുന്നത്. 5.4 മില്യൻ വോട്ടുകൾ പോൾ ചെയ്ത മിഷിഗനിൽ ബൈഡന് 1,48,000 വോട്ടുകളുടെ ലീഡുണ്ട്. ഡെട്രോയിറ്റിലെ വെയ്ൻ കൗണ്ടിയിൽ 3,22,000 വോട്ടുകൾ നേടി ബൈഡൻ വിജയിച്ചു.

തിരഞ്ഞെടുപ്പിന് 15 ദിവസത്തിനുശേഷം ഇലക്ടൊറൽ വോട്ടുകൾ ബൈഡൻ– 306, ട്രംപ് –232 എന്ന നിലയിലാണ്. 2016 ന്റെ ആവർത്തനം. അന്ന് ട്രംപ് – 306, ഹിലരി –232 എന്ന നിലയിലായിരുന്നു ഇലക്ടൊറൽ വോട്ടുകൾ.

കഴിഞ്ഞയാഴ്ച പുറത്തുവന്ന പൊളിറ്റികോ / മോണിംഗ് കൺസൽട്ട് അഭിപ്രായ സർവേയിൽ 70% റിപ്പബ്ലിക്കനുകളും അഭിപ്രായപ്പെട്ടത് തിരഞ്ഞെടുപ്പ് നീതിപൂർവവും നിഷ്പക്ഷവും ആയിരുന്നു എന്ന്  വിശ്വസിക്കുന്നില്ല എന്നാണ്. ഇത് ഏതാനും ആഴ്ച മുമ്പ് ഇങ്ങനെ അഭിപ്രായപ്പെട്ടവരുടെ ഇരട്ടിയാണ്. വളരെ നേരിയ ഭൂരിപക്ഷത്തിനാണ് ചില സംസ്ഥാനങ്ങളിൽ ബൈഡൻ വിജയിച്ചത്. എന്നാൽ 2016 ൽ  ട്രംപ് മിഷിഗൻ, വിസ്കോൺസിൻ, പെൻസിൽവേനിയ സംസ്ഥാനങ്ങളിൽ വിജയിച്ചതും നേരിയ ഭൂരിപക്ഷത്തിനായിരുന്നു.ഇപ്പോഴും 44% അമേരിക്കക്കാർ വിശ്വസിക്കുന്നത് ആരാണ് വിജയിച്ചത് എന്ന വിവരം ലഭ്യമല്ല എന്നാണ്. ട്രംപ് വോട്ടർമാരിൽ 10 ൽ 9 പേരും ആരാണ് വിജയിച്ചത് എന്നറിയാൻ വോട്ടെണ്ണൽ വീണ്ടും നടത്തണം എന്ന അഭിപ്രായക്കാരാണ്.

നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ് സെനറ്റിൽ തിരിച്ചെത്തിയപ്പോൾ റിപ്പബ്ലിക്കൻ സെനറ്റർമാർ  അനുമോദിച്ചു. സെനറ്റർ ലിൻ സെഗ്രഹാം കൈ മുട്ടുകൾ കൂട്ടിയിടിച്ച് അഭിവാദ്യം ചെയ്തു.

ഗ്രാൻഡ് ഓൾഡ് (റിപ്പബ്ലിക്കൻ) പാർട്ടി പരസ്യമായി ബൈഡന്റെ വിജയം അംഗീകരിക്കാത്തത് ചില പ്രത്യാഘാതങ്ങൾക്ക് കാരണമാവും. ഒരു മഹാമാരിയുടെ പശ്ചാത്തലത്തിൽ ഭരണമാറ്റം വൈകുന്നത് പൊതുജനങ്ങളിൽ രാജ്യത്തെ നയിക്കുവാൻ ബൈഡന്റെ കഴിവിൽ സംശയം ജനിപ്പിക്കും.

ട്രംപിന് പൊതുജനങ്ങളിൽ പിന്തുണ നിലനിർത്തുവാൻ റിപ്പബ്ലിക്കനുകൾ നടത്തുന്ന ശ്രമം ഇതുവരെ വജയിച്ചിട്ടില്ല. അടിസ്ഥാനപരമായി തെളിയിക്കുവാൻ കഴിയാത്ത ആരോപണങ്ങളാണ് ട്രംപിന്റെ അഭിഭാഷകൻ റൂഡി ജൂലിയാനി ഉന്നയിക്കുന്നതെന്ന് വിശ്വാസം പാർട്ടിയിൽ ബലം പ്രാപിക്കുകയാണ്.

തിരഞ്ഞെടുപ്പുഫലം അംഗീകരിക്കുവാൻ ട്രംപ് വിസമ്മതിക്കുന്നത് ഡിസംബർ മദ്ധ്യം വരെ തുടർന്നേക്കും. അപ്പോൾ സംസ്ഥാനങ്ങൾക്ക് തിരഞ്ഞെടുപ്പു ഫലം സർട്ടിഫൈ ചെയ്യേണ്ടിവരും. ഇലക്ടറൽ കോളജ് വോട്ട്് ചെയ്യേണ്ടതും ആവശ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com