ADVERTISEMENT

ഹൂസ്റ്റണ്‍∙ ഇനി ബൈഡൻ യുഗം. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ സംഭവിച്ച എല്ലാ അപചയവും മറികടക്കാന്‍ പുതിയ പ്രസിഡന്റിനാവും എന്ന വിശ്വാസത്തോടെ അമേരിക്കന്‍ ജനത പ്രസിഡന്റ് ജോ ബൈഡന് എല്ലാവിധ ആശംസകളും അര്‍പ്പിക്കുന്നു. ലോകരാജ്യങ്ങള്‍ മുഴുവന്‍ ആകാംക്ഷയോടെ കാത്തിരുന്ന സ്ഥാനാരോഹണ ചടങ്ങു മുഴുവന്‍ ആശംസ പ്രവാഹങ്ങളാല്‍ നിറഞ്ഞിരുന്നു. കോവിഡ് വ്യാപനത്തിന്റെ നിയന്ത്രണമുള്ളതിനാല്‍ കര്‍ശന ഉപാധികളോടെയായിരുന്നു ചടങ്ങുകള്‍. അതേസമയം, പ്രസിഡന്‍ഷ്യല്‍ സ്ഥാനമേറ്റെടുക്കാന്‍ ഡെലവയറില്‍ നിന്നും ജോ ബൈഡന്‍ വാഷിങ്ടണ്‍ ഡിസിയിലെത്തും മുന്നേ ഡോണള്‍ഡ് ട്രംപ് വൈറ്റ് ഹൗസ് വിട്ടു. ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ എയര്‍ഫോഴ്‌സ് വണ്ണിനോടുള്ള വിടവാങ്ങല്‍ ചടങ്ങ് നടന്നതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്. അമേരിക്കന്‍ ചരിത്രത്തില്‍ ഇത്തരമൊരു അസ്വാഭാവികത പുതുമനിറഞ്ഞതാണ്. എന്നാല്‍ ഇതിനോടൊന്നും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബൈഡന്‍ പ്രതികരിച്ചില്ല. അദ്ദേഹം ഭാര്യ ജില്‍ ബൈഡനോടൊപ്പം ബ്ലെയര്‍ ഹൗസില്‍ നിന്ന് പള്ളിയിലേക്ക് പോയതിനു ശേഷം ദിവസം ആരംഭിച്ചു.

1200-joe-biden-kamala-harris-inauguration
യുഎസ് പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നു. ചിത്രം : എഎഫ്‍പി

 

വാഷിങ്ടൻ ഡിസിയിലെ സെന്റ് മാത്യു അപ്പോസ്തലന്റെ കത്തീഡ്രലില്‍ ശുശ്രൂഷകളില്‍ പങ്കെടുത്തതിനു ശേഷമാണ് ഔദ്യോഗിക ചടങ്ങുകള്‍ക്ക് അദ്ദേഹം തയാറായത്. ബൈഡനൊപ്പം നാല് കോണ്‍ഗ്രസ് നേതാക്കളും സെനറ്റ് ജിഒപി നേതാവ് മിച്ച് മക്കോണലും ഡെമോക്രാറ്റിക് നേതാവ് ചക് ഷുമറും പള്ളിശുശ്രൂഷകളില്‍ പങ്കെടുത്തു. പ്രസിഡന്റായി സ്ഥാനമേറ്റെടുക്കുന്നവര്‍ സ്ഥാനരോഹണ ചടങ്ങിനു മുന്‍പ് പള്ളിയിലെ പ്രഭാതശുശ്രൂഷകളില്‍ പങ്കെടുക്കുന്ന പതിവുണ്ട്. വൈറ്റ് ഹൗസില്‍ നിന്ന് ലഫായെറ്റ് സ്‌ക്വയറിനു കുറുകെയുള്ള ഒരു ചെറിയ പള്ളിയായ 'ചര്‍ച്ച് ഓഫ് പ്രസിഡന്റ്‌സ്' എന്നറിയപ്പെടുന്ന സെന്റ് ജോണ്‍സ് എപ്പിസ്‌കോപ്പല്‍ ചര്‍ച്ചിലാണ് ഇത് നടക്കുന്നത്. ഇത്തവണയും പതിവിനു മാറ്റമുണ്ടായില്ല. 1933 മുതല്‍ ഏഴ് പ്രസിഡന്റുമാര്‍, ഫ്രാങ്ക്‌ലിന്‍ ഡി. റൂസ്‌വെല്‍റ്റ്, ട്രൂമാന്‍, റീഗന്‍, ജോര്‍ജ്ജ് എച്ച്.ഡബ്ല്യു. ബുഷ് സീനിയര്‍, ജോര്‍ജ്ജ് ഡബ്ല്യു. ബുഷ്, ഒബാമ, ട്രംപ് എന്നിവര്‍ സ്ഥാനോഹണത്തിനു മുന്നോടിയായി സെന്റ് ജോണ്‍സിലെ പ്രഭാത ശുശ്രൂഷകളില്‍ പങ്കെടുത്തിരുന്നു.

 

 

അതേസമയം, ഇന്ന് അധികാരമേറ്റ് ആദ്യ മണിക്കൂറില്‍ തന്നെ വിവിധ നയങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ടാകും ബൈഡന്‍ ശ്രദ്ധാകേന്ദ്രമാകുക. അതില്‍ ആദ്യത്തെ മൂന്നും കോവിഡുമായി ബന്ധപ്പെട്ടതാണ്. ആകെ 17 എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ അദ്ദേഹം ഒപ്പുവയ്ക്കും. കൊറോണ വൈറസ് പാന്‍ഡെമിക്കിനെ ഇല്ലാതാക്കാനും ട്രംപിന്റെ ചില തെറ്റായനയങ്ങള്‍ പൂര്‍വാവസ്ഥയിലാക്കാനുമായിരിക്കും തന്റെ ആദ്യ നീക്കങ്ങളെന്നു ബൈഡന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട മെമ്മോറാണ്ടങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവയില്‍ ഒപ്പുവെച്ചുകൊണ്ട് ബൈഡന്‍ കഴിഞ്ഞദിവസം തന്നെ നയം വ്യക്തമാക്കിയിരുന്നു.

 

ഫെഡറല്‍ പ്രോപ്പര്‍ട്ടിയില്‍ മാസ്‌ക് മാന്‍ഡേറ്റ് ചുമത്തുക എന്നതാണ് അദ്ദേഹത്തിന്റെ ആദ്യ നടപടി. വാക്‌സിനുകളും മെഡിക്കല്‍ സപ്ലൈകളും വിതരണം ചെയ്യുന്നതിനുള്ള വൈറ്റ് ഹൗസിന്റെ ശ്രമങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ അദ്ദേഹം ഒരു കൊറോണ വൈറസ് റെസ്‌പോണ്‍സ് കോര്‍ഡിനേറ്ററെ സ്ഥാപിക്കും. ഇതിനു പുറമേ, രാജ്യാന്തര കരാറുകളില്‍ നിന്ന് പിന്മാറാനുള്ള ട്രംപിന്റെ പല ശ്രമങ്ങളും ബൈഡന്‍ മാറ്റാനും പദ്ധതിയിടുന്നു. ട്രംപ് ഉപേക്ഷിച്ചു പോയ പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ വീണ്ടും ചേരും. ഒപ്പം, ലോകാരോഗ്യ സംഘടനയിലേക്ക് വീണ്ടുമെത്തും. ഡബ്ല്യുഎച്ച്ഒയിലേക്ക് ഗവണ്‍മെന്റിന്റെ എക്കാലത്തെയും മികച്ച പകര്‍ച്ചവ്യാധി വിദഗ്ധനായ ഡോ. ആന്റണി ഫൗചി യുഎസ് സംഘത്തെ നയിക്കും. ഏറ്റവും പ്രധാനം, ട്രംപിന്റെ ഏറ്റവും കഠിനമായ കുടിയേറ്റ നടപടികളില്‍ ചിലത് ഇല്ലാതാക്കുമെന്നതാണ്. ചില മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്ക് അവസാനിപ്പിക്കുകയും അതിര്‍ത്തി മതിലിനുള്ള ധനസഹായം നിര്‍ത്തുകയും ചെയ്യും.

 

എക്‌സിക്യൂട്ടീവ് ഉത്തരവുകളിലും മെമ്മോറാണ്ടത്തിലും ബുധനാഴ്ച ഉച്ചയ്ക്ക് ബൈഡന്‍ ഒപ്പിടുമെന്ന് ഇന്‍കമിംഗ് പ്രസ് സെക്രട്ടറി ജെന്‍ സാകി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ട്രംപിന്റെ നയങ്ങള്‍ പൂര്‍വാവസ്ഥയിലാക്കാനും ബൈഡന്റെ പ്രചാരണ വാഗ്ദാനങ്ങള്‍ നടപ്പാക്കാനുമുള്ള ആദ്യ ആഴ്ചയിലെ നടപടികളുടെ ഒരു ഭാഗം മാത്രമാണ് ആദ്യ ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ എന്ന് സാകിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പറഞ്ഞു. എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ഏറ്റവും പ്രധാനമായി കണക്കാക്കപ്പെടുന്നത് മാസ്‌ക്ക് മാന്‍ഡേറ്ററിയാണ്. വരുന്ന 100 ദിവസത്തേക്ക് നിര്‍ബന്ധമായും മാസ്‌ക് ധരിക്കാന്‍ അമേരിക്കക്കാരോട് ആവശ്യപ്പെടുന്ന '100 ഡെയ്‌സ് മാസ്‌കിംഗ് ചലഞ്ച്' ആദ്യദിനം മുതല്‍ ആരംഭിക്കും. ഫെഡറല്‍ കെട്ടിടങ്ങളിലും ഫെഡറല്‍ സ്ഥലങ്ങളിലും സര്‍ക്കാര്‍ കരാറുകാരിലും മാസ്‌കുകളും ശാരീരിക അകലവും ആവശ്യമാണ്, സംസ്ഥാനങ്ങളോടും പ്രാദേശിക സര്‍ക്കാരുകളോടും ഇത് ചെയ്യാന്‍ ആവശ്യപ്പെടും. ഡോ. ആന്റണി ഫൗചി ലോകാരോഗ്യ സംഘടനയുടെ യുഎസ് പ്രതിനിധി സംഘത്തിന്റെ തലവനായി ലോകത്തോടുള്ള സാമൂഹിക പ്രതിബദ്ധത കാത്തുസൂക്ഷിക്കുന്നതില്‍ അമേരിക്കയെ മുന്നിലെത്തിക്കുകയെന്നതും ലക്ഷ്യം.

 

കൊറോണ വൈറസ് ഇല്ലാതാക്കാന്‍ കോവിഡ് 19 റെസ്‌പോണ്‍സ് കോര്‍ഡിനേറ്ററെ നിയമിക്കും. ഇദ്ദേഹം ബൈഡനെ നേരിട്ട് റിപ്പോര്‍ട്ടുചെയ്യും. വാക്‌സിനുകളും മെഡിക്കല്‍ ഉപകരണങ്ങളും നിര്‍മ്മിക്കാനും വിതരണം ചെയ്യാനുമുള്ള ശ്രമങ്ങള്‍ ഇദ്ദേഹമാണ് കൈകാര്യം ചെയ്യുക. രാജ്യവ്യാപക മൊറട്ടോറിയം കുറഞ്ഞത് മാര്‍ച്ച് 31 വരെ വിപുലീകരിക്കും. എക്കണോമി നമ്പര്‍ വിദ്യാർഥി വായ്പ പേയ്‌മെന്റിന്റെ നിലവിലുള്ള താല്‍ക്കാലിക വിരാമവും ഫെഡറല്‍ സ്റ്റുഡന്റ് ലോണുള്ള അമേരിക്കക്കാര്‍ക്ക് പലിശയും കുറഞ്ഞത് സെപ്റ്റംബര്‍ 30 വരെ നീട്ടും. പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ വീണ്ടും ചേരുന്നു, ഈ പ്രക്രിയയ്ക്ക് 30 ദിവസമെടുക്കും. കീസ്‌റ്റോണ്‍ എക്‌സ് എല്‍ പൈപ്പ്‌ലൈന്‍ റദ്ദാക്കുകയും പരിസ്ഥിതിയെക്കുറിച്ചുള്ള 100 ലധികം ട്രംപ് നടപടികള്‍ അവലോകനം ചെയ്യാനും ഉചിതമല്ലാത്തത് നിരുപാധികം ഉപേക്ഷിക്കാനും ഏജന്‍സികളോട് നിര്‍ദ്ദേശിക്കും. ഇക്വിറ്റിയുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടത്തിന്റെ 1776 കമ്മീഷനെ റദ്ദാക്കും, വംശീയ തുല്യത ഉറപ്പാക്കുന്നതിന് അവരുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ഏജന്‍സികളോട് നിര്‍ദ്ദേശിക്കും. ലൈംഗിക ആഭിമുഖ്യം അല്ലെങ്കില്‍ ലിംഗ വ്യക്തിത്വം എന്നിവയുടെ അടിസ്ഥാനത്തില്‍ ജോലിസ്ഥലത്തെ വിവേചനം തടയും. പൗരന്മാരല്ലാത്തവരെ സെന്‍സസില്‍ ഉള്‍പ്പെടുത്താനും കോണ്‍ഗ്രസ് പ്രതിനിധികളെ വിഭജിക്കാനും ആവശ്യപ്പെടും.

 

ഏഴ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് യുഎസ് പ്രവേശനത്തിന് ട്രംപ് ഭരണകൂടത്തിന്റെ നിയന്ത്രണങ്ങള്‍ മാറ്റികൊണ്ടുള്ള ഇമിഗ്രേഷന്‍ നയമാണ് വലിയൊരു മുന്നേറ്റമായി കാണുന്നത്. ഇത് അമേരിക്കന്‍ സാമ്പത്തികസ്ഥിതിയെ മെച്ചപ്പെടുത്തിയേക്കും. അമേരിക്കയ്ക്കുള്ളില്‍ ട്രംപിന്റെ കുടിയേറ്റ നിര്‍വ്വഹണത്തിന്റെ വ്യാപനം പൂര്‍വാവസ്ഥയിലാക്കും. ദേശീയ അടിയന്തര പ്രഖ്യാപനത്തിലൂന്നി അതിര്‍ത്തി മതിലിന്റെ ധനസഹായം അവസാനിപ്പിച്ച് നിര്‍മ്മാണം നിര്‍ത്തും. 2022 ജൂണ്‍ 30 വരെ അമേരിക്കയില്‍ സുരക്ഷിതമായ ഒരു അഭയസ്ഥാനമുള്ള ലൈബീരിയക്കാര്‍ക്ക് നാടുകടത്തലിന്റെയും തൊഴില്‍ അംഗീകാരത്തിന്റെയും നീട്ടിവയ്ക്കല്‍ വിപുലീകരിക്കും. എക്‌സിക്യൂട്ടീവ് ബ്രാഞ്ച് നിയമനം നടത്തുന്നവര്‍ വ്യക്തിപരമായ താല്‍പ്പര്യത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും അവരെ നീതിന്യായ വകുപ്പിന്റെ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ നിന്നും തടയുന്ന ഒരു നൈതിക പ്രതിജ്ഞയില്‍ ഒപ്പിടാന്‍ ആവശ്യപ്പെടും. റെഗുലേറ്ററി അവലോകനം നവീകരിക്കുന്നതിനുള്ള ശുപാര്‍ശകള്‍ വികസിപ്പിക്കാന്‍ ഒഎംബി ഡയറക്ടറോട് നിര്‍ദ്ദേശിക്കുകയും ട്രംപിന്റെ റെഗുലേറ്ററി അംഗീകാര പ്രക്രിയ ഇല്ലാതാക്കുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com