ADVERTISEMENT

ഫീനക്‌സ് ∙  കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കാവ്യസ്മൃതി വേറിട്ട സ്മരണാജ്ഞലി ആയി. മഹാകവി അക്കിത്തത്തെയും കവയത്രി സുഗതകുമാരിയെയും അനുസ്മരിക്കാന്‍ സംഘടിപ്പിച്ച പരിപാടി ഇരുവരുടെയും വ്യക്തി ജീവിതത്തേയും കാവ്യ ലോകത്തെ അടുത്തറിഞ്ഞവരുടെ സ്മരണകളും കവിതകളുടെ അതിമനോഹരമായ ആലാപനവും കൊണ്ട് സമ്പന്നമായി.

kavyasmruthi-2

ഒരേ വ്യഥയുടെ രണ്ടു മുഖങ്ങളായിരുന്നു  അക്കിത്തവും സുഗതകുമാരിയുമെന്ന്  പരിപാടി ഉദ്ഘാടനം ചെയ്ത സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍ പറഞ്ഞു.  ഇവരുടെ കാലത്ത് ജീവിക്കാന്‍ കഴിഞ്ഞത് ജീവിതത്തില്‍ ഉണ്ടായ പുണ്യങ്ങളിലൊന്നാണ്. മഹാകവി അക്കിത്തം നമ്മൂടെ വലിയ ഒരു പരാമ്പര്യത്തിന്റെ ഉടമയായിരുന്നു. അ പാരമ്പര്യത്തിന്റ വെളിച്ചത്തില്‍  സമൂഹത്തെ പുനര്‍ വ്യന്യസിക്കണം എന്നാഗ്രഹിച്ച് വി ടി ഭട്ടതിരിപ്പാടിനൊപ്പം തുടങ്ങിവെച്ച സാമൂഹ്യപരിഷ്‌ക്കരണ പ്രസ്ഥാനം വിജയിച്ചെങ്കിലും ലോകത്ത് അത് ബാധകമാകാതിരുന്നതില്‍ ദു;ഖിച്ചിരുന്നു. മഹത്തായ സംസ്‌ക്കാരം ഉള്ള നാട് ഇങ്ങനെ ആയിപ്പോയല്ലോ എന്ന ആധി ഒരു വ്യഥയായി  അദ്ദേഹത്തെ എപ്പോഴും മഥിച്ചുകൊണ്ടിരുന്നു.. ആ വ്യഥ ആക്ഷേപഹാസ്യമായും വലിയൊരു ശരിയായും ഭാവാത്ഭുതങ്ങളായ ഗീതകങ്ങളായും ഒക്കെ നമുക്ക് ലഭിച്ചു. ആ ചിരിയില്‍ പങ്കെടുക്കുമ്പോള്‍, ആ ഗീതകങ്ങളിലെ ഭാവകങ്ങള്‍ ഉള്‍ക്കൊള്ളുമ്പോള്‍ സനാതനവും ദാര്‍ശനികവുമായ ചില അറിവുകള്‍ വീണുകിട്ടുകയും തിരിച്ചറിവുകള്‍ ഉണ്ടാകുകയും ചെയ്യുന്നു. അതാണ് കാലത്തിന്റെ വലിയ പുരോഗതിയില്‍ അക്കിത്തം നമുക്ക് തന്നിട്ടു പോയ പൈതൃകം. ഈ പൈതൃകത്തെ ആദരിക്കുമ്പോള്‍ ഭാവി തലമുറയെ നല്ല വഴിയിലേക്ക് അഭിമുഖമായി നിര്‍ത്താനുള്ള ശ്രമമാണ് ചെയ്യുന്നത്.

സ്‌നേഹം ഉടലാര്‍ന്നു വന്നതാണ് സുഗതകുമാരി. ഒരു അമ്മയക്ക് കുട്ടികളെക്കുറിച്ച് എന്ത്രമാത്രം വ്യഥ  ഉണ്ടാകുമായിരുന്നോ അത്രത്തോളമായിരുന്നു അവര്‍ക്ക് കേരളത്തെക്കുറിച്ചും ഭാരതത്തെക്കുറിച്ചും മനുഷ്യരെക്കുറിച്ചും ഉണ്ടായിരുന്നത്. അവരുടെ കവിതകളില്‍ ഉടനീളം പ്രതിഫലിച്ചു കാണുന്ന വിഷാദം, ഭൂമി അനുഭവിക്കുന്ന സങ്കടമായിരുന്നു. എങ്ങനെയാണോ ശ്രീകൃഷ്ണന്‍ പ്രകൃതിയെ ഉദ്ധരിക്കാനായി അന്നത്തെക്കാലത്ത് ശ്രമിച്ചത്, അതേ വഴിയിലൂടെയാണ് സുഗതകുമാരിയും സഞ്ചരിച്ചത്.  സി രാധാകൃഷ്ണന്‍ പറഞ്ഞു.

കേരളത്തിന്റെ പാരിസ്ഥിതിക ജൈവിക സാമൂഹ്യ പ്രശ്‌നങ്ങളുടെ എല്ലാം പ്രതിരോധത്തിനായി അവതരിച്ച ഒരു നൈതിക ബിംബമായിരുന്നു സുഗതകുമാരിയെന്ന് ഡോ. എം വി പിള്ള പറഞ്ഞു. അത് കാലം ഇന്നല്ലങ്കില്‍ നാളെ തീര്‍ച്ചയായും രേഖപ്പെടുത്തുമെന്ന് ആറാം ക്ലാസ് മുതല്‍ സുഗതകുമാരിയുമായുള്ള അടുപ്പം വിശദീകരിച്ച്  അമേരിക്കയിലെ പ്രമുഖ കാന്‍സര്‍ വിദഗ്ദന്‍ കൂടിയായ എം വി പിള്ള പറഞ്ഞു. സുഗതകുമാരി കവിതകളിലെ ശക്തമായ  ബിംബം സ്ത്രീയും പരിസ്ഥിതിയും ആണ്. ഇതു തമ്മിലുള്ള പാരസ്പര്യം എത്ര സൗന്ദരാത്മകവും എത്ര ശക്തിയുള്ളതും ആണെന്ന് കവിതകള്‍ പറയുന്നു. പ്രകൃതിയുടെ  ദൃശ്യത്തെ എങ്ങനെയാണ് ജീവസ്സുറ്റ ഒരു മനുഷ്യജീവിയിലേക്ക് ആനയിക്കുന്നത്. ഈ പാരസ്പര്യമാണ് സുഗതകുമാരിയെ കേരളത്തിലെ മാനസികാരോഗ്യ രംഗത്ത് വിപല്‍വകരമായ പരിവര്‍ത്തനത്തിലേക്ക് നയിച്ചത്.  ഡോ. എം വി പിള്ള പറഞ്ഞു.

മഹാപ്രതിഭകളും പ്രതീകങ്ങളുമായിരുന്നു അക്കിത്തവും സുഗതകുമാരിയും എന്ന് ഡോ. സി വി ആനന്ദബോസ് ഐഎഎസ് അനുസ്മരിച്ചു. അക്കിത്തം മാനവികതയുടെ കവിയാണ്, പൈതൃകത്തിന്റെ കവിയാണ്, പാരമ്പര്യത്തിന്റെ കവിയാണ്. അദ്ദേഹത്തില്‍ ദേശീയത വളരെ പ്രോജ്വലമായിരുന്നു. പ്രകൃതിയുടെ പ്രതീകമായിരുന്നു സുഗതകുമാരി. കാടിന്റേയും കാട്ടുമക്കളുടേയും കാവലാള്‍. കാടത്തം മനസ്സിലില്ലാത്ത ഒരു തലമുറയെ സൃഷ്ട്രിക്കാന്‍ ശ്രമിച്ചു. വിജയിക്കുകയും ചെയ്തു. ആനന്ദബോസ് പറഞ്ഞു.

തീര്‍ത്തും വിഭിന്നങ്ങളായ ജീവിത സാഹചര്യങ്ങളില്‍ വിഭിന്നങ്ങളായ പ്രതികരണങ്ങളാണ് ഇരുവരുടേയും  കവിതകള്‍ എന്ന് നിരൂപകന്‍ ആത്മാരാമന്‍ പറഞ്ഞു. രണ്ടു പേരുടെയും കവിതങ്ങളെ ബന്ധിപ്പുക്കുന്ന രണ്ടു കാര്യങ്ങളില്‍ ഒന്ന് ആശയ പരമായ ആന്തരബന്ധമാണ്. അവരുടെ വാക്കുകള്‍ തന്നെ തെളിവ്. എങ്ങനെയാണ് കവിത എഴുതുന്നതെന്ന് രണ്ടുപേരും പറഞ്ഞിട്ടുണ്ട്. അക്കിത്തം പറഞ്ഞു.'ഞാനല്ല, മനസ്സിലുള്ള മറ്റാരോ ആണ് എഴുതുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇതൊക്കെ എന്റെ അറിവിലുള്ളതാണോ എന്ന് അമ്പരക്കേണ്ടി വന്നിട്ടുണ്ട്. ഈ കവിത എനിക്ക് മുഴുവിപ്പിക്കാന്‍ കളിയില്ലന്ന് തോന്നും. അടുത്ത നിമിഷം ഒരു അനുഭൂതി കല്ലോലം രൂപപ്പെട്ടുവന്ന് എല്ലാം എഴുതിക്കുകയും ചെയ്യും'

സുഗതകുമാരി പറയുന്നതിങ്ങനെ. 'ഞാന്‍ എഴുതുമ്പോള്‍  വ്യക്തമായ ഒരു വിഷയമോ എഴുതേണ്ട വസ്തുതയുടെ ഒരു രൂപമോ മനസ്സില്‍ ഉണ്ടായിരിക്കുക പതിവില്ല. ആന്തരികമായ ഏതോ ഒരു അസംതൃപ്തിയുടെ സമ്മര്‍ദ്ദത്താല്‍ തികച്ചും അസ്വസ്ഥമായ മനസ്സോടെ എന്തിനെപറ്റി എഴുതുന്നു എന്നറിഞ്ഞു കൂടാതെ ഞാന്‍ എഴുതി തുടങ്ങുന്നു. ആ പ്രക്രിയ അതിദ്രുതമായ ഒരു ഭാവ രചനയായി മാറുന്നതോടെ ഒരു കവിത ജനിക്കുന്നു. 'രണ്ടാമത്തെ സാമ്യം ഇരുവരുടേയും നിരുപാതികമായ ജീവ പ്രേമം ആണ്. ആത്മാരാമന്‍ പറഞ്ഞു.

അക്കിത്തത്തോടും സുഗതകുമാരിയൊടും ഒപ്പം  വിവിധ പരിപാടികളില്‍ പങ്കെടുത്ത കാര്യം അനുസ്മരിച്ച മാധ്യമ പ്രവര്‍ത്തകന്‍ പി. ശ്രീകുമാര്‍, അക്കിത്തത്തിന് അവസാനം ലഭിച്ച കെഎച്ച്എന്‍എ യുടെ പ്രഥമ ആര്‍ഷ ദര്‍ശന പുരസ്‌ക്കാരം, ജന്മഭൂമിയുടെ ലജഡ് ഓഫ് കേരള പുരസക്കാരം എന്നിവയുടെ ജൂറി അംഗമായിരിക്കാന്‍ കഴിഞ്ഞത് ജീവിത പുണ്യമാണെന്നും പറഞ്ഞു.

kavyasmruthi-3

ഓണ്‍ലൈനായി നടന്ന പരിപാടിയില്‍  ആലങ്കോട് ലീലാകൃഷ്ണന്‍, അക്കിത്തത്തിന്റെ കൊച്ചുമകന്‍ പ്രഹല്‍ദന്‍, കെഎച്ച്എന്‍എ പ്രസിഡന്റ് സതീഷ് അമ്പാടി, ഡോ. നാരായണന്‍ നെയ്തലത്ത്, രാധാകൃഷ്ണന്‍ നായര്‍ ഷിക്കാഗോ, ഡോ. എ.പി സുകുമാര്‍ കാനഡ എന്നിവര്‍ സംസാരിച്ചു. അനുശ്രീ ജിജിത്ത്, മിനി ജ്യോതിഷ്, ദിലീപ് പിള്ള, മാളവിക ആനന്ദ്, സജിത്ത്  തൈവളപ്പില്‍ എന്നിവര്‍ കവിതകള്‍ ചൊല്ലി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com