ന്യൂയോർക്ക് ∙ ഇസ്റോയുടെ (ഐഎസ്ആർഒ) വിക്ഷേപണ വാഹനങ്ങളുടെ രൂപകൽപ്പനയിലും യാഥാർഥ്യമാക്കുന്നതിലും പ്രാമുഖ്യം വഹിക്കുന്ന പ്രധാന കേന്ദ്രമായ ഇസ്റോയുടെ വിക്രം സാരാഭായ് സ്പേസ് സെന്റർ (വിഎസ്എസ്സി) ഡയറക്ടറും ഇന്ത്യയിലെ അറിയപ്പെടുന്ന എയ്റോസ്പേസ് എഞ്ചിനീയറും റോക്കറ്റ് ടെക്നോളജിസ്റ്റുമായ എസ്.സോമനാഥ് ഏപ്രിൽ 10- ശനിയാഴ്ച രാവിലെ ഈസ്റ്റേൺ സ്റ്റാൻഡേർഡ് സമയം 11 മണിക്ക് ഫോമയുടെ മുഖാമുഖം പരിപാടിയിൽ പങ്കടുക്കും.
2015 മുതൽ ഇസ്രോയുടെ മറ്റൊരു സുപ്രധാന വിഭാഗമായ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിന്റെ (എൽപിഎസ്സി) ഡയറക്ടറായിരുന്നു സോമനാഥ്. ചന്ദ്രയാൻ-2 ദൗത്യത്തിന്റെ പ്രഥമ വിക്ഷേപണത്തിൽ നിസ്തുലമായ പങ്കു വഹിച്ച വ്യക്തിയാണ്. ഐഎസ്ആർഒയുടെ ലോഞ്ച് വെഹിക്കിൾ സിസ്റ്റംസ് എഞ്ചിനീയറിംഗ്, സ്ട്രക്ചറൽ ഡിസൈൻ, സ്ട്രക്ചറൽ ഡൈനാമിക്സ്, ഇന്ധന സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ അദ്ദേഹത്തിന്റെ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. മെക്കാനിക്കൽ ഇന്റഗ്രേഷൻ ഡിസൈനുകളിൽ അദ്ദേഹം നൽകിയ മഹത്തരവും അമൂല്യവുമായ സംഭാവനകൾ ലോകമെമ്പാടുമുള്ള മൈക്രോ സാറ്റലൈറ്റുകൾക്കായി പിഎസ്എൽവിയെ വളരെയധികം ആവശ്യപ്പെടുന്ന ലോഞ്ചറാക്കി മാറ്റുന്നതിൽ ഗണ്യമായ പങ്കു വഹിച്ചു.
GSLV MkIII രൂപകൽപ്പന ചെയ്യുന്നതിന് സാങ്കേതിക വൈദഗ്ദ്ധ്യം നൽകിയത് കൂടാതെ GSLV MkIII വാഹനത്തിന്റെ വിശദമായ കോൺഫിഗറേഷൻ എഞ്ചിനീയറിംഗ് ഫലവത്താക്കുന്നതിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്തു. ഇസ്റോയിൽ (ISRO) നിന്ന് 2014 ൽ ആസ്ട്രോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ (എ.എസ്.ഐ), പെർഫോമൻസ് എക്സലൻസ് അവാർഡും ജി.എസ്.എൽ.വി എം.കെ -3 തിരിച്ചറിവിനുള്ള ടീം എക്സലൻസ് അവാർഡും ബഹിരാകാശ സ്വർണ്ണ മെഡലും നേടിയിട്ടുണ്ട്. ഇന്ത്യൻ നാഷനൽ അക്കാദമി ഓഫ് എഞ്ചിനീയറിംഗിന്റെ (INAE) ഫെലോയും ഇന്റർനാഷനൽ അക്കാദമി ഓഫ് ആസ്ട്രോനോട്ടിക്സിന്റെ (IAA) കറസ്പോണ്ടിംഗ് അംഗവുമാണ്.
ഭാരതീയരുടെ അഭിമാനമായ വിക്രം സാരാഭായി സ്പേസ് സെന്റർ ഡയറക്ടർ പങ്കെടുക്കുന്ന മുഖാമുഖം പരിപാടി എല്ലാ മലയാളികളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ഫോമാ ദേശീയ നിർവ്വാഹക സമിതി ഭാരവാഹികളായ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അഭ്യർഥിച്ചു.