ADVERTISEMENT

ഹൂസ്റ്റൺ∙ വീടിനകത്തു സൂക്ഷിച്ചിരുന്ന തോക്ക് മൂന്നു വയസ്സുകാരൻ എടുത്തു കളിക്കുന്നതിനിടെ അബദ്ധത്തിൽ കാഞ്ചിവലിച്ചപ്പോൾ ചീറിപാഞ്ഞ വെടിയുണ്ട എട്ടു മാസം പ്രായമുള്ള സഹോദരന്റെ ജീവനെടുത്തു. ഏപ്രിൽ 9 വെള്ളിയാഴ്ച ഹൂസ്റ്റൺ അപാർട്മെന്റിലായിരുന്നു ഈ ദാരുണ സംഭവമെന്ന് ഹൂസ്റ്റൺ പൊലീസ് ഡിപാർട്മെന്റ് അസിസ്റ്റന്റ് ചീഫ് വെർഡി ബെയ്ൻ ബ്രിഡ്ജ് മാധ്യമ പ്രവർത്തകരെ അറിയിച്ചു. സംഭവം നടക്കുമ്പോൾ അപ്പാർട്മെന്റിൽ നിരവധി മുതിർന്നവർ ഉണ്ടായിരുന്നു. വെടിയേറ്റ കുഞ്ഞിനെ എല്ലാവരും ചേർന്ന് ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വയറ്റിൽ വെടിയുണ്ട തറച്ചു ഗുരുതരമായി മുറിവേറ്റതിനാൽ ജീവൻ രക്ഷിക്കാനായില്ല.

 

കുട്ടിയെ വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് വീട്ടിൽ തിരഞ്ഞെങ്കിലും കണ്ടെത്തിയിരുന്നില്ല. കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ ഉപയോഗിച്ച വാഹനത്തിൽ നിന്നാണു തോക്ക് പിന്നീടു കണ്ടെത്തിയത്.

 

അശ്രദ്ധമായി വീട്ടിൽ തോക്ക് സൂക്ഷിച്ചതും കുട്ടിക്ക് തോക്ക് ലഭിച്ച സാഹചര്യവും അന്വേഷിച്ചു വരികയാണെന്നും കേസ് എടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

 

ഹൂസ്റ്റൺ ഹാരിസ് കൗണ്ടിയിൽ ഈയിെട പല വീടുകളിലും അശ്രദ്ധമായി സൂക്ഷിച്ചിരുന്ന തോക്ക് കുട്ടികളുടെ കൈവശം എത്തിച്ചേർന്ന് ഇതുപോലുള്ള പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. 2010ൽ ഹാരിസ് കൗണ്ടിയിൽ മാത്രം 12 വയസ്സിനു താഴെ പ്രായമുള്ള 40 കുട്ടികൾക്കു വെടിയേറ്റു ജീവൻ നഷ്ടപ്പെട്ടതായി പൊലീസ് അറിയിച്ചു. മാതാപിതാക്കളും കുടുംബവും കുട്ടികളുടെ കൈവശം തോക്ക് ലഭിക്കാതെ സുരക്ഷിതമായി വയ്ക്കണമെന്നും പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com