ADVERTISEMENT

ഹൂസ്റ്റണ്‍∙ ഞായറാഴ്ച മിനിയാപൊലീസ് നഗരത്തില്‍ ഒരു ട്രാഫിക് ചെക്കിങ്ങിനിടെ പൊലീസ്  വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് 20കാരനായ കറുത്ത വർഗക്കാരൻ മരിച്ചു. ഇതോടെ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വന്‍പ്രതിഷേധമാണ് ഉയരുന്നത്. തിങ്കളാഴ്ച രാവിലെ തെരുവില്‍ അക്രമാസാക്തരായ പ്രതിഷേധക്കാരെ പിരിച്ചുവിടുന്നതിനായി പൊലീസ് ഉദ്യോഗസ്ഥര്‍ ആകാശത്തേക്കു വെടിവച്ചു. പൊലീസുമായി ഏറ്റുമുട്ടിയ നൂറുകണക്കിന് ആളുകളെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ജോര്‍ജ് ഫ്ലോയിഡിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതനായ മുന്‍ മിനാപൊലിസ് പൊലീസ് ഉദ്യോഗസ്ഥനായ ഡെറക് ചൗവിന്റെ വിചാരണയുടെ 11–ാം ദിവസത്തിന് മണിക്കൂറുകള്‍ക്കു മുൻപാണു ബ്രൂക്ലിന്‍ സെന്ററില്‍ പ്രതിഷേധം ആരംഭിച്ചത്.

 

floyd-chauvin
ജോർജ് ഫ്ലോയിഡ്

ഞായറാഴ്ച രാത്രി ബ്രൂക്ലിന്‍ സെന്റര്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന് പുറത്തു പ്രതിഷേധക്കാര്‍ക്കു നേരെ പൊലിസ് ഉദ്യോഗസ്ഥര്‍ റബ്ബര്‍ ബുള്ളറ്റുകളും കെമിക്കല്‍ ഏജന്റും ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. അക്രമികളില്‍ ചിലര്‍ പാറകള്‍, മാലിന്യ സഞ്ചികള്‍, വാട്ടര്‍ ബോട്ടിലുകള്‍ എന്നിവ പൊലീസിനു നേരെ എറിഞ്ഞു. ബ്രൂക്ലിന്‍ സെന്റര്‍ മേയര്‍ രാവിലെ 6 മണി വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ ഉത്തരവിട്ടു, തിങ്കളാഴ്ച സ്‌കൂള്‍ക്ക് അവധി നല്‍കി. നഗരത്തിലെങ്ങും വന്‍ സുരക്ഷയാണു വിന്യസിച്ചിരിക്കുന്നത്. വെടിവയ്പ്പ് നഗര മേഖലയിലേക്ക് കൂടുതല്‍ ആശങ്ക പടര്‍ത്തി. ഫ്ലോയിഡിന്റെ മരണവും തുടര്‍ന്നുണ്ടായ വിനാശകരമായ പ്രതിഷേധങ്ങളും പ്രതീക്ഷിച്ചിരുന്നതാണ്. 

 

എന്നാല്‍ അതിനിടയ്ക്കാണ് പുതിയ സംഭവവികാസമെന്നു ബ്രൂക്ലിന്‍ സെന്റര്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ചീഫ് ടിം ഗാനോണ്‍ പറഞ്ഞു. ട്രാഫിക് നിയമലംഘനത്തിന്റെ പേരില്‍ കാര്‍ വലിച്ചിഴച്ചു മാറ്റിയതിനു ശേഷം ഡ്രൈവറെ അറസ്റ്റ്‌ചെയ്യാന്‍ വാറണ്ട് ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വെടിവയ്പ് ഉണ്ടായത്. ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് ശ്രമിക്കുന്നതിനിടെ ഇയാള്‍ വീണ്ടും കാര്‍ ഓടിച്ചു പോകാനും പൊലീസ് ഉദ്യോഗസ്ഥനെ ഇടിപ്പിക്കാനും ശ്രമിച്ചുവത്രേ. തുടര്‍ന്നാണ്, ഒരു ഉദ്യോഗസ്ഥന്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നു ചീഫ് ഗാനോണ്‍ പറഞ്ഞു.

 

ഡ്രൈവര്‍ കാര്‍ പിന്നീട് മുന്നോട്ട് പായിച്ചെങ്കിലും മറ്റൊരു വാഹനത്തില്‍ ഇടിച്ചു, തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇയാള്‍ മരിച്ചുവെന്ന് സ്ഥിരീകരിച്ചത്. മറ്റ് കാറിലെ യാത്രക്കാര്‍ക്ക് പരുക്കേറ്റിട്ടില്ലെങ്കിലും വെടിവച്ച ഉദ്യോഗസ്ഥനെക്കുറിച്ചോ അപകടം എത്രത്തോളം ഗുരുതരമാണെന്നോ ചീഫ് ഗാനോണ്‍ ഒരു വിവരവും നല്‍കിയിട്ടില്ല. ഷൂട്ടിംഗിനിടെ ഉദ്യോഗസ്ഥരുടെ ബോഡി ക്യാമറകള്‍ ഓണാക്കിയിട്ടുണ്ടെന്ന് താന്‍ വിശ്വസിക്കുന്നുവെന്ന് മേധാവി പറഞ്ഞു. ഡ്രൈവറുടെ അമ്മയാണെന്നു പറഞ്ഞ ഒരു സ്ത്രീ അയാളെ ഡാന്റേ റൈറ്റ് (20) ആണെന്നു തിരിച്ചറിഞ്ഞു. 

 

കാറ്റി റൈറ്റ് എന്ന സ്ത്രീ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു, തന്റെ മകന്‍ രണ്ടാഴ്ച മുമ്പ് തന്റെ കുടുംബം നല്‍കിയ കാര്‍ ഓടിക്കുകയായിരുന്നുവെന്നും അയാള്‍ അവരെ വിളിച്ചതായും പൊലീസ് അവനെ അപകടത്തിലേക്കു വലിച്ചിഴയ്ക്കുകയായിരുന്നുവെന്നും അയാള്‍ തീരെ ചെറുപ്പമായിരുന്നുവെന്നും അവര്‍ വിലപിക്കുന്നു. വെടിയേറ്റപ്പോള്‍ മകന്‍ കാമുകിക്കൊപ്പം ഡ്രൈവ് ചെയ്യുകയായിരുന്നുവെന്നും റൈറ്റ് കൂട്ടിച്ചേര്‍ത്തു. അപകടത്തില്‍ കാറിലുണ്ടായിരുന്ന ഒരു സ്ത്രീക്ക് പരുക്കേറ്റതായും എന്നാല്‍ അവളുടെ പരിക്കുകള്‍ ജീവന് ഭീഷണിയല്ലെന്നും പോലീസ് പറഞ്ഞു.

 

ഡാന്റേ റൈറ്റിന്റെ മരണത്തെത്തുടര്‍ന്നുണ്ടായ കലാപം ബ്രൂക്ലിന്‍ സെന്ററിലെ ഒരു മാളിലേക്ക് വ്യാപിച്ചതായും ആളുകള്‍ അവിടെ ഇരുപതോളം ബിസിനസ് സ്ഥാപനങ്ങളിലേക്ക് കടന്നതായും മിനസോട്ട പബ്ലിക് സേഫ്റ്റി കമ്മിഷണര്‍ ജോണ്‍ ഹാരിംഗ്ടണ്‍ പറഞ്ഞു. അര്‍ദ്ധരാത്രിയോടെ, പ്രതിഷേധക്കാരില്‍ ഭൂരിഭാഗവും പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിനു ചുറ്റും അണിനിരന്നു. നാഷനല്‍ ഗാര്‍ഡ് സൈനികരും മിനസോട്ട സ്‌റ്റേറ്റ് പട്രോളിങ് ഉദ്യോഗസ്ഥരും കലാപ ഉപകരണങ്ങളും ബാറ്റണുകളുമായി കെട്ടിടത്തിന് ചുറ്റും നിന്ന പോലീസ് ഉദ്യോഗസ്ഥരെ ബാക്കപ്പ് ചെയ്യാന്‍ എത്തി. ഡെമോക്രാറ്റായ ഗവര്‍ണര്‍ ടിം വാള്‍സ് ട്വിറ്ററില്‍ കുറിച്ചു, 'റൈറ്റിന്റെ കുടുംബത്തിനായി താന്‍ പ്രാർഥിക്കുന്നു. നിയമപാലകര്‍ എടുത്ത ഒരു കറുത്ത മനുഷ്യന്റെ മറ്റൊരു ജീവിതത്തെ ഓര്‍ത്ത് നമ്മുടെ സംസ്ഥാനം വിലപിക്കുന്നു. 

 

ഫ്ലോയിഡിന്റെ മരണത്തെക്കുറിച്ച് അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഏജന്‍സിയായ മിനസോട്ട ബ്യൂറോ ഓഫ് ക്രിമിനല്‍ അപ്രെഹെന്‍ഷനോട് വെടിവയ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടതായി ചീഫ് ഗാനോണ്‍ പറഞ്ഞു. ഫ്ലോയിഡ് എന്ന കറുത്ത മനുഷ്യന്റെ മരണം മിനിയാപൊലീസില്‍ ഉണ്ടായ വേദനയാണ്. അതു മാറും മുന്നേയാണു പുതിയ സംഭവവികാസം ഉയര്‍ന്നിരിക്കുന്നത്. ഇതു രാജ്യത്തെ കനത്ത പ്രതിഷേധം ഉയര്‍ത്തുമെന്നു വ്യക്തം. മിനിയാപൊലീസിലും പരിസരങ്ങളിലുമുള്ള കറുത്ത നിവാസികള്‍ പൊലീസിംഗിനെച്ചൊല്ലി അക്രമം തുടരുകയാണെന്ന് മറ്റൊരു പ്രാന്തപ്രദേശമായ ബ്രൂക്ലിന്‍ പാര്‍ക്കിലെ സിറ്റി കൗണ്‍സില്‍ അംഗം വിന്‍ഫ്രഡ് റസ്സല്‍ പറഞ്ഞു.

 

ട്രാഫിക് സ്‌റ്റോപ്പ് സമയത്ത് മകന്‍ തന്നെ വിളിച്ചപ്പോള്‍, ഇന്‍ഷുറന്‍സ് വിവരങ്ങള്‍ നല്‍കാനായി തന്റെ ഫോണ്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് നല്‍കണമെന്ന് ആവശ്യപ്പെട്ടതായി ഇരയുടെ അമ്മ റൈറ്റ് പറഞ്ഞു. 'അപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കാറിന്റെ വിന്‍ഡോയുടെ അടുത്ത് വന്ന്' ഫോണ്‍ താഴെയിട്ട് കാറില്‍ നിന്നിറങ്ങുക 'എന്ന് പറയുന്നത് ഞാന്‍ കേട്ടു. തന്റെ മകന്‍ ഫോണ്‍ ഉപേക്ഷിക്കുകയോ താഴെ വയ്ക്കുകയോ ചെയ്തതായി അവര്‍ പറഞ്ഞു, അതിനുശേഷം ഒരു ഉദ്യോഗസ്ഥന്‍ റൈറ്റിനോട് ഓടരുതെന്ന് പറയുന്നത് കേട്ടു. അപ്പോള്‍ അവര്‍ തിരികെ വിളിച്ചപ്പോള്‍, മകന്റെ കാമുകി മറുപടി നല്‍കി, അയാള്‍ക്കു വെടിയേറ്റതായി പറഞ്ഞു. റൈറ്റിന്റെ മരണം നടന്ന സ്ഥലത്തിനു സമീപമുള്ള പ്രതിഷേധത്തിലും ജാഗ്രതയിലും, സമാധാനപരമായിരിക്കാന്‍ അദ്ദേഹത്തിന്റെ അമ്മ പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടിരുന്നു.

 

മണിക്കൂറുകള്‍ക്കു ശേഷം, ബ്രൂക്ലിന്‍ സെന്റര്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിനു പുറത്തു, പ്രതിഷേധക്കാര്‍ കൂട്ടംകൂടുകയും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ മുദ്രാവാക്യം മുഴക്കുകയും കെട്ടിടത്തിലേക്ക് കമ്പും കല്ലുകളും വലിച്ചെറിയുകയും ചെയ്തുവെന്നു പ്രാദേശിക ടിവി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്നു കൂടുതല്‍ പൊലീസ് രംഗത്തെത്തി, ടിയര്‍ ഗ്യാസുകള്‍ പ്രതിഷേധക്കാര്‍ക്കു നേരെ പ്രയോഗിച്ചു. 

 

 

തെരുവിലുടനീളമുള്ള നിരവധി അപ്പാര്‍ട്ട്‌മെന്റ് കെട്ടിടങ്ങളില്‍ ഗ്യാസ് എത്തിയതോടെ കുട്ടികളുമായി പലരും നഗരത്തില്‍ നിന്നും പുറത്തു കടന്നു. കറുത്തവര്‍ഗ്ഗക്കാരെ തിരിഞ്ഞു പിടിച്ച് പൊലീസുകാര്‍ വെടിവച്ചു കൊല്ലുകയാണെന്ന് ആരോപിച്ച് കൂടുതല്‍ പ്രതിഷേധം ഉയരുന്നുണ്ട്. ഇതാണു സ്ഥിതിയെങ്കില്‍ വൈകാതെ തന്നെ ഫ്ലോയിഡിനെക്കാള്‍ വലിയ സംഭവത്തിനാണ് ഇനി രാജ്യം സാക്ഷ്യം വഹിക്കുക. എന്നാല്‍ ഡെമോക്രാറ്റുകള്‍ രാജ്യം ഭരിക്കുന്നതു കൊണ്ടു കലാപം ഒതുക്കി തീര്‍ക്കാനും മതി. ഇതു സംബന്ധിച്ചു ഡമോക്രാറ്റായ ഗവര്‍ണര്‍ ടിം വാള്‍സ് പ്രസിഡന്റ് ജോ ബൈഡനെ ഫോണില്‍ വിളിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com