ADVERTISEMENT

ന്യൂയോർക്ക് ∙ ഒരു നൂറ്റാണ്ടിലേറെ ഇഹലോകത്തിൽ നന്മയുടെ പരിമളം പരത്തിയ കർമ്മയോഗിയായിരുന്നു കാലം ചെയ്ത മാർത്തോമ്മാ സഭയുടെ വലിയ മെത്രാപ്പോലീത്ത ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്തയെന്ന് ഡോ.മാമ്മൻ സി. ജേക്കബ് അനുസ്മരിച്ചു. വലിയ തിരുമേനിയുടെ വേർപാട് മാർത്തോമ്മാ സഭയ്ക്കു മാത്രമല്ല ഭാരത സഭയ്ക്കും ഒരു തീരാ നഷ്ടമാണ്. സഭയ്ക്കും സമൂഹത്തിനും ഒരുപോലെ പ്രയോജനപ്പെട്ട, പകരം വയ്ക്കാനില്ലാത്ത ആദർശ ധീരനായ അപൂർവ്വം ചില വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു വലിയ തിരുമേനി. 

കാലഘട്ടത്തിന്റെ ഈ പ്രവാചകനെ സ്വർണ നാവുകാരൻ (golden toungue) എന്നായിരുന്നു ജനങ്ങൾ വിശേഷിപ്പിച്ചിരുന്നത്. ഏതു വിഷമം പിടിച്ച പ്രശ്നങ്ങളെയും നർമ്മത്തിൽ ചാലിച്ച് പ്രതിവിധി കണ്ടെത്തുന്ന അദ്ദേഹം മാർത്തോമ്മാ സഭയുടെ വളർച്ചയിൽ ഏറ്റവും മുന്നിൽ നിന്ന കർമ്മയോഗിയായിരുന്നു. അദ്ദേഹവുമായി അടുത്തിടപെടാൻ സാധിച്ചത് തന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളിലൊന്നായി കാണുന്നുവെന്ന് ഡോ. മാമ്മൻ സി. ജേക്കബ് അനുസ്മരിക്കുന്നു.

ഡോ. ഫിലിപ്പോസ് ക്രിസോസ്റ്റം മാർത്തോമ്മ  വലിയ മെത്രാപ്പോലീത്തയുടെ സ്വപ്നപദ്ധതിയായിരുന്ന മെൻറ്റലി ചലഞ്ച്ഡ് കുട്ടികളാക്കായുള്ള വികാസ് സ്കൂൾ പദ്ധതിയുടെ ഭാഗമായി പങ്കുചേരാൻ കഴിഞ്ഞതിലൂടെ അദ്ദേഹവുമായി വളരെ അടുത്തിടപെടാൻ സാധിച്ചിട്ടുണ്ട്. എല്ലാവരാലും ഒരുപോലെ സ്നേഹിക്കപ്പെട്ടിരുന്ന, അംഗീകരിക്കപ്പെട്ടിരുന്ന വലിയ തിരുമേനി സഭാ-സാമുദായിക വ്യത്യാസങ്ങൾക്കതീതമായി ലോകം അംഗീകരിച്ച ഒരു ആത്മീയഗുരുവായിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിപ്രഭയും ജീവിത ശൈലിയും മനുഷ്യഹൃദയങ്ങളിൽ നിന്നു മാഞ്ഞുപോവുകയില്ല.

philipose-mar-chrysostom-dr-mammen-c-jacob1

നാട്ടിൽ അവധിക്കു പോകുമ്പോൾ അദ്ദേഹത്തെ സന്ദർശിച്ച് അനുഗ്രഹങ്ങൾ വാങ്ങുക പതിവായിരുന്നു. അദ്ദേഹത്തിന്റെ അമേരിക്കൻ പര്യടനവേളകളിൽ ഫ്ലോറിഡയിൽ എത്തുമ്പോൾ ആതിഥ്യമരുളാൻ കഴിഞ്ഞതും വലിയ ഭാഗ്യമായി കരുതുകയാണ്. അദ്ദേഹത്തിന്റെ പുണ്യപാദ സ്പർശങ്ങൾകൊണ്ട് തന്റെ എളിയ ഭവനം അനുഗ്രഹീതമാണെന്നും ഡോ.മാമ്മൻ സി. ജേക്കബ് അനുസ്മരിച്ചു.

ഇത്രമേൽ നർമ്മ ബോധമുള്ള ഒരു മേൽപട്ടക്കാരനെ ഭാരതത്തിലെ ക്രൈസ്തവ സഭകൾ കണ്ടിട്ടില്ല. ഒരു നൂറ്റാണ്ടു കാലം ജീവിച്ച് പലതലമുറകളെ ദൈവവുമായി ബന്ധപ്പെടുത്തുവാൻ അദ്ദേഹത്തിനു കഴിഞ്ഞു.  ലോക ശ്രദ്ധ പിടിടിച്ചുപറ്റിയ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൺവെൻഷൻ ആയ മാരാമൺ മഹായോഗത്തിൽ ഏറ്റവും കൂടുതൽ പങ്കെടുക്കുകയും സന്ദേശം നൽകുകയും ചെയ്തിട്ടുള്ളത് വലിയ തിരുമേനി മാത്രമാണ്. മാരാമൺ കൺവെൻഷനിലേക്ക് ലോകശ്രദ്ധ ആകർഷിക്കപ്പെട്ടത് ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ വ്യക്തിപ്രഭാവം കൂടിയാണ്.

പാവപ്പെട്ടവന്റെ കണ്ണീരൊപ്പാനും അവനിൽ ദൈവ സാന്നിധ്യം കണ്ട് അവരെ സഹായിക്കാനും അദ്ദേഹം ഏറെ ഉത്സാഹം കാണിച്ചിരുന്നു. ആര് എന്ത് ചെയ്യുന്നുവെന്നതിനെ കൃത്യമായി വിലയിരുത്തി എല്ലാ രാഷ്ട്രീയ- സാമുദായിക വിഭാഗങ്ങളുമായിഅടുത്ത ബന്ധം നിലനിർത്തുന്നതിന് അദ്ദേഹത്തിന് കഴിയുമായിരുന്നു. 

മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ആയിരുന്നപ്പോഴും പിന്നീട് വലിയ മെത്രാപ്പോലീത്തയായിരുന്നപ്പോഴും മാർത്തോമ്മാ സഭയ്ക്ക് അതീതമായി ഒരു മനുഷ്യ സ്നേഹിയെന്ന നിലയിലും അന്യ മതസ്ഥർക്കിടയിലും ഏറെ സ്വീകാര്യനായ വ്യക്തിയായിരുന്നു കാലം ചെയ്ത വലിയ തിരുമേനി. മത സമുദായങ്ങൾക്കതീതമായി സാമൂഹ്യ സേവന രംഗത്ത് പ്രവർത്തിച്ചിരുന്ന അദ്ദേഹം രാഷ്ട്രത്തിനു നൽകിയ സംഭാവന മുൻനിർത്തിയാണ് ഭാരതം അദ്ദേഹത്തിന് പദ്മഭൂഷൺ അംഗീകാരം നൽകി ആദരിച്ചത്. അദ്ദേഹത്തിന്റെ ഓർമ്മകൾ കാലന്തരങ്ങളിൽ നിലനിൽക്കുമെന്നും ഡോ മാമൻ സി . ജേക്കബ് അനുസ്മരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com