ADVERTISEMENT

ചില സമയങ്ങളിൽ ഒറ്റയ്ക്ക് ഇരിക്കാൻ ഇഷ്ടമാണ്. എന്നാൽ ആ സമയത്തും വിളിപ്പുറത്ത് ആളുണ്ടാകണം. എല്ലാം അടുത്തു കിട്ടുകയും വേണം എന്നാണ് ആഗ്രഹം. എന്നാൽ, ലോകത്തിൽ ഒറ്റയ്ക്ക് താമസിക്കുന്നയൊരാളെ കുറിച്ചാണ് ഇവിടെ എഴുതുന്നത്. അയാള്‍ ഇവിടെയെങ്ങുമല്ല, യൂറോപ്യൻ ഭൂഖണ്ഡത്തിലാണ്. ശരിക്കും പറഞ്ഞാൽ ഇറ്റലിയിൽ ഈ പറയുന്ന മനുഷ്യൻ ഒറ്റയ്ക്കു താമസിക്കാൻ തുടങ്ങിയിട്ട് മുന്നു പതിറ്റാണ്ടായിരിക്കുന്നു. മൂന്നു പതിറ്റാണ്ടായി ഒരു ദ്വീപിലാണ് അദ്ദേഹം കഴിയുന്നത്. ആൾത്താമസമൊന്നുമില്ലാത്ത ഒരു ദ്വീപ്. 30 വര്‍ഷത്തിലേറെയായി ഈ ദ്വീപിൽ ഒറ്റയ്ക്കു താമസിക്കുകയാണ് ഈ വ്യക്തി. ഓർത്തു നോക്കുമ്പോള്‍ അതിഭയാനകം എന്നല്ലാതെ മറ്റെന്ത് പറയാൻ.

ഇദ്ദേഹത്തെക്കുറിച്ചു കേട്ടപ്പോൾ ആദ്യം ഓർമ്മ വന്നത് കാസ്റ്റ് എവേ എന്ന ഹോളിവുഡ് ഓസ്കർ ചിത്രമാണ്. ആ ചിത്രത്തെക്കുറിച്ച് ആദ്യം പറയാം. എന്നിട്ട് ഈ ഏകാന്തവാസിയിലേക്ക് തിരിച്ചു വരാം. അപ്പോഴാണു തനിച്ചുള്ള താമസത്തിന്റെ ആ ഭീകരത വായനക്കാർക്കു ശരിക്കും മനസിലാവൂ. ടോം ഹാങ്ക്സ്, ഹെലൻ ഹണ്ട്, നിക്കി സിയേഴ്സി എന്നിവർ അഭിനയിച്ച റോബർട്ട് സെമെക്കിസ് സംവിധാനം ചെയ്ത് നിർമ്മിച്ച് 2000–ൽ റിലീസ് ചെയ്ത അമേരിക്കൻ അതിജീവന ചിത്രമാണ് കാസ്റ്റ എവേ. ദക്ഷിണ പസഫിക്കിൽ വിമാനം തകർന്നതിനെത്തുടർന്ന് ജനവാസമില്ലാത്ത ഒരു ദ്വീപിൽ കുടുങ്ങിയ ഒരു ഫെഡെക്സ് ട്രബിൾഷൂട്ടറുടെ കഥയാണിത്. ഒപ്പം അതിജീവിച്ച് നാട്ടിലേക്ക് മടങ്ങാനുളള അദ്ദേഹത്തിന്റെ  തീവ്രമായ ശ്രമങ്ങളിലാണ് ഇതിവൃത്തം കേന്ദ്രീകരിക്കുന്നത്. 

മലേഷ്യയിലെ ഒരു ജോലിപ്രശ്നം പരിഹരിക്കുവാൻ ചക്ക് എന്ന നായകനെ ഫെഡെക്സ് ഓഫിസിൽ നിന്നും വിളിപ്പിക്കുന്നു. അക്രമാസക്തമായ കൊടുങ്കാറ്റിലൂടെ പറന്നുയരുന്ന അദേഹത്തിന്റെ ഫെഡെക്സ് കാർഗോ വിമാനം പസഫിക് സമുദ്രത്തിൽ വച്ചു തകർന്നു വീഴുന്നു. റാഫ്റ്റിന്റെ എമർജൻസി ലൊക്കേറ്റർ ട്രാൻസ്മിറ്റർ വലിച്ചു കീറിയെങ്കിലും ചക്ക് ഒരു ലൈഫ് റാഫ്റ്റുമായി രക്ഷപ്പെടുന്നു. അടുത്ത ദിവസം, ചക്ക് കേടായ റാഫ്റ്റിൽ അറിയപ്പെടാത്തതും ജനവാസമില്ലാത്തതുമായ ഒരു ദ്വീപിൽ എത്തുന്നു.

നിരവധി ഫെഡെക്സ് പാക്കേജുകളും കടലിലൂടെ ഒഴുകുന്നു, അതുപോലെ തന്നെ പൈലറ്റുമാരിൽ ഒരാളായ ചക്കിന്റെ സുഹൃത്തായ ആൽബർട്ട് മില്ലറുടെ മൃതദേഹവും. കടന്നു പോകുന്ന കപ്പലിനെ സൂചിപ്പിച്ച് കേടായ ലൈഫ് റാഫ്റ്റിൽ രക്ഷപ്പെടാൻ അദ്ദേഹം ശ്രമിക്കുന്നു. എന്നാൽ തിരമാലകൾ ചക്കിനെ ഒരു പവിഴപ്പുറ്റിലേക്ക് വലിച്ചെറിയുന്നു. അദ്ദേഹത്തിന്റെ കാലിന് പരുക്കേൽക്കുന്നു. ആവശ്യത്തിന് ഭക്ഷണവും വെള്ളവും പാർപ്പിടവും കണ്ടെത്തിയ  അദ്ദേഹം തീരത്തണഞ്ഞ ഫെഡെക്സ് പാക്കേജുകൾ തുറക്കുന്നു. ഉപയോഗപ്രദമാകാന്‍ സാധ്യതയുള്ള നിരവധി ഇനങ്ങള്‍ കണ്ടെത്തുന്നു. അങ്ങനെ നാലുവര്‍ഷത്തിലേറെയായി ചക്ക് ദ്വീപിൽ ഒറ്റയ്ക്ക് അതിജീവിക്കുന്നു. അതും ഒരു ഗുഹക്കുള്ളില്‍. ഒടുവിൽ ഒരു ചരക്കുകപ്പല്‍ ചക്കിനെ രക്ഷിക്കുന്നു. ഫി‍ജിയിലെ മാമാനുക്ക ദ്വീപുകളിലൊന്നായ മോണുറികിയിലാണ് കാസ്റ്റ് എവേ ചിത്രീകരിച്ചത്. ഫിജിയുടെ ഏറ്റവും വലിയ ദ്വീപായ വിറ്റി ലെവുവിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന മാമാനുക്ക ദ്വീപ സമൂഹത്തിന്റെ ഒരു ഉപദ്വീപാണ് ഇത്. ചിത്രം റിലീസ് ചെയ്തതിനു ശേഷം ദ്വീപ് ഒരു വിനോദ സഞ്ചാരകേന്ദ്രമായി മാറി.

എന്നാൽ ഇവിടെപ്പറയുന്ന മനുഷ്യൻ അങ്ങനെ അപകടത്തെ തുടർന്ന് ദ്വീപില്‍ എത്തിയതല്ല, അയാളത് സ്വയം തിരഞ്ഞെടുത്തതാണ്. മറ്റൊരു മനുഷ്യജീവിയുമായി പോലും സമ്പർക്കമില്ലാതെ ജീവിക്കാനും പ്രക‍ൃതിയെ സംരക്ഷിക്കാനുമായി അയാൾ ഇരവും പകലും ഒറ്റയ്ക്ക് ജീവിക്കുന്നു. 

മൗറോ മൊറാൻഡി എന്നാണ് ഇദ്ദേഹത്തിന്റെ പേര്. ഇറ്റലിയിലെ സാർഡിനിയ തീരത്ത് സ്ഥിതി ചെയ്യുന്ന ബുഡെല്ലി എന്ന ദ്വീപിലെ എക താമസക്കാരനായിരുന്നു ഇദ്ദേഹം. ഇയാളുടെ തനിച്ചുള്ള ജീവിതം നിരവധി തവണ മാധ്യമങ്ങൾ റിപ്പോര്‍ട് ചെയ്തിട്ടുണ്ട്. ബിബിസി ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്. ഈ ദ്വീപിന്റെ സംരക്ഷകനാണെന്നും താൻ ഇവിടെത്തന്നെ ജീവിക്കുകയാണെന്നും അന്ന് മൗറോ പറഞ്ഞു. ഇപ്പോൾ ഇവിടെനിന്നും സ്ഥലം വിടണമെന്നാണ് ഇറ്റാലിയൻ അധികൃതർ പറയുന്നത്. അതിനു കാരണമുണ്ട്. ദ്വീപിനെ ദേശീയ ഉദ്യാനമാക്കി മാറ്റിയിരിക്കുന്നു. അതുകൊണ്ട് തന്നെ മൗറോയ്ക്ക് ഇവിടെ കഴിയാനാവില്ല. എന്നാൽ അധികൃതർ എത്ര നിർബന്ധിച്ചിട്ടും ഇവിടെ നിന്നും താമസം മാറ്റാൻ അദ്ദേഹം ഒരുക്കമല്ലായിരുന്നു. പ്രകൃതിയെ വല്ലാതെ പ്രണയിക്കുന്ന, ജീവിതത്തിൽ തനിച്ചു ജീവിക്കാൻ ഇഷ്ടപ്പെടുന്ന, ഒന്നിനെയും പേടിയില്ലാത്ത ആളായിരുന്നു അദ്ദേഹം. ഇറ്റലിയിലെങ്ങും മൗറോ അറിയപ്പെടുന്നത് തന്നെ, റോബിൻസൺ ക്രൂസോ എന്നാണ്. 

മൗറോയെ കാണാൻ പലരും ദ്വീപിലേക്ക് വരാറുണ്ട്. എന്നാൽ അതൊന്നും അദ്ദേഹം പ്രോത്സാഹിപ്പിക്കാറില്ല. സഞ്ചാരികളുടെ വരവ് ദ്വീപിന്റെ സ്വാഭാവികതയെ നശിപ്പിക്കുമെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം. ഇങ്ങനെയും ഇക്കാലത്ത് മനുഷ്യരുണ്ടോ എന്ന്  അറിയാതെ ചിന്തിച്ചു പോകും.

എന്തായാലും കുടിയൊഴിപ്പിക്കുമെന്ന് പ്രാദേശിക അധികാരികൾ നിരന്തരം ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് മൗറോ മൊറാണ്ടി ബുഡെല്ലി ദ്വീപിലെ തന്റെ ചെറിയ കുടിലിൽ നിന്നും ഒടുവിൽ വിടവാങ്ങുന്നു എന്നതാണ് ഏറ്റവും വലിയ വാർത്ത. അന്താരാഷ്ട്ര  മാധ്യമങ്ങൾ ഈ ഒറ്റയാന്റെ കുടിയൊഴിപ്പിക്കൽ വാർത്തയ്ക്ക് വലിയ പ്രാമുഖ്യം നൽകിടയിട്ടുണ്ട്. ഇങ്ങനെ അഭൂതപൂർവമായ ജീവിതം നയിക്കുന്ന, ദ്വീപിനെ നെഞ്ചോടു ചേർത്തുപിടിച്ചിരിക്കുന്ന മറ്റൊരു മനുഷ്യനും ഭൂമുഖത്ത് ഇല്ലെന്നതാണ് മൗറോയെ പ്രസക്തനാക്കുന്നത്. മൂന്നു പതിറ്റാണ്ടുകളോളം ദ്വീപിന്റെ സംരക്ഷനായി നിലകൊണ്ട ഇദ്ദേഹം 1989 മുതലാണത്രേ ദ്വീപിൽ താമസിക്കാൻ തുടങ്ങിയത്. ഇന്ന് പ്രായം 81 കഴിഞ്ഞിരിക്കുന്നു.താൻ ദ്വീപ് വിടുകയാണെന്നും ഇനിയെന്തു ചെയ്യുമെന്ന് അറിയില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പേജിലൂടെ ലോകത്തെ അറിയിച്ചിരിക്കുന്നു.

ഇറ്റലിയിൽ നിന്നും പോളിനേഷ്യയിലേക്ക് പോകാൻ കപ്പൽ കയറുന്നതിനിടെയാണ് മൗറോ എന്ന ഈ മുൻ അധ്യാപകൻ ഇത്തരമൊരു ദ്വീപിനെക്കുറിച്ച് അറിഞ്ഞത്. അന്ന് ഇവിടേക്ക് സഞ്ചാരികളെ അനുവദിച്ചിരുന്നു. ഇറ്റലിയിലെ വടക്കൻ സാർഡിനിയയിലെ ബോണിഫാസിയോ കടലിടുക്കിനടുത്തുള്ള മഡലീന ദ്വീപസമൂഹത്തില ഒരു ദ്വീപാണിത്, പേര് ബുഡെല്ലി. ആർസിപെലാഗോ ഡി ലാ മഡലേന നാഷണൽ പാർക്ക് ഉൾപ്പെടുന്ന ഏഴ് ദ്വീപുകളിൽ ഒന്നാണിത്. റാസോളി സാന്താമരിയ ദ്വീപുകളിൽ നിന്ന് നൂറുകണക്കിന് മീറ്റർ തെക്കാണ് ബുഡെല്ലി. 1.6 ചതുരശ്ര കിലോമീറ്റർ (0.62 ചതുരശ്ര മൈൽ) വിസ്തീർണവും 12.3 കിലോമീറ്റർ(7.6 മൈൽ) ചുറ്റളവുമുണ്ട്. 87 മീറ്റർ(285 അടി) ഉയരത്തിലുള്ള മോണ്ടെ ബുഡെല്ലോയാണ് ഏറ്റവും ഉയരമുള്ള സ്ഥലം. പുരാതന കാലത്ത് റോമാക്കാർ ഈ ദ്വീപ് ഉപയോഗിച്ചിരുന്നുവത്രേ. 1964ൽ പുറത്തിറക്കിയ റെഡ് ഡെസേർട്ട് എന്ന ചിത്രത്തിനായുളള ചില ചിത്രീകരണം നടത്തിയത് ഇവിടെ വച്ചായിരുന്നു. അന്നു തുടങ്ങി പതിറ്റാണ്ടുകളായി ഈ ദ്വീപിൽ സ്വകാര്യ ഉടമസ്ഥരുണ്ടായിരുന്നു. തെക്കു കിഴക്കൻ തീരത്തുള്ള സ്പിയാഗിയാ റോസ (പിങ്ക് ബീച്ച്) എന്ന പേരിലാണ് ബുഡെല്ലി അറിയപ്പെടുന്നത്. പവിഴങ്ങളുടെയും ഷെല്ലുകളുടെയും സൂക്ഷ്മ ശകലങ്ങളായ മിരിയാപോറ ട്രങ്കാറ്റ, മിനിയാസിന മിനിയേസിയ എന്നിവകൊണ്ട് രാത്രികാലങ്ങളിൽ ഇവിടെ ജലത്തിന് പിങ്ക്് നിറം  ലഭിക്കും. ദ്വീപാകെ പിങ്ക് വെളിച്ചം കൊണ്ട് കത്തിജ്വലിക്കും. മഡല‌ീന ദ്വീപ സമൂഹത്തിലെ ജനവാസമില്ലാത്ത നാലു ദ്വീപുകളിൽ ഒന്നായ ബുഡെല്ലിയെ (മറ്റുള്ളവ കാപ്രെറ,സ്പാർഗി, റാസോളി എന്നിവയാണ്)1989 മുതൽ മൗറോ മൊറാണ്ടി പരിപാലിക്കുന്നു.

മുൻ ഉടമയുടെ പാപ്പരത്തെത്തുടർന്ന് 2013 ഒക്ടോബറിൽ ദ്വീപ് 2.94 ബില്യണ്‍ ഡോളറിന് ന്യൂസീലാൻഡ് വ്യവസായി മൈക്കൽ ഹാർട്ടിന് വിൽക്കേണ്ടതായിരുന്നു.ദ്വീപിന്റെ ആവാസവ്യവസ്ഥയെ സംരക്ഷിക്കാനാണ് ഹാർട്ട് ഉദ്ദേശിച്ചത്.എന്നാലിത് സർക്കാർ പ്രതിഷേധിച്ചു,മൂന്നു വർഷത്തെ കോടതി യുദ്ധത്തിനു ശേഷം, സാർഡിനിയയിലെ ഒരു ജഡ്ജി ദ്വീപിനെ പരിസ്ഥിത വിദ്യാഭ്യാസത്തിനായി ഉപയോഗിക്കാൻ പദ്ധതിയിട്ടു.1990 കളിൽ മഡലീന എൻപി ഏർപ്പെടുത്തിയ ചട്ടങ്ങൾ വിനോദ സഞ്ചാരികൾക്ക് പിങ്ക് കടൽത്തീരത്ത് നടക്കാനോ കടലിൽ നീന്താനോ അനുവദിച്ചിട്ടില്ല. എന്നിരുന്നാലും ബോട്ടിൽ പകൽ യാത്രകൾക്കും കടൽത്തീരത്ത് പിന്നിലുള്ള പാതയിലൂടെ നടക്കാനും അനുവാദമുണ്ട്. എന്നാൽ 2015ൽ ലാ മഡലീന നാഷണൽ പാർക്ക് ബുഡെല്ലിയുടെ ഉടമസ്ഥാവകാശം ഏറ്റെടുത്തപ്പോൾ കെയർടേക്ക‌ർ എന്ന ജോലി മൗറോയ്ക്ക് നഷ്ടമായി.

മൗറോയ്ക്ക് അവിടെ താമസിക്കാൻ നിയമപരമായി അവകാശമില്ലെന്ന് പറയുന്ന ഉദ്യോഗസ്ഥരുമായി അദ്ദേഹം നിരന്തരം വഴക്കിടുകയും തന്റെ വീടിനെ പരിസ്ഥിതി നിരീക്ഷണ കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതികൾക്കെതിരെ പോരാടുകയും ചെയ്തു. 32 വർഷമായി താൻ ഇത്ര കഠിനമായി സംരക്ഷിക്കുന്ന സ്ഥലത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്നും മൊറാണ്ടി സമ്മതിച്ചു. മണലിൽ നിന്നും മാലിന്യങ്ങൾ വൃത്തിയാക്കുന്നു, നുഴഞ്ഞു കയറ്റക്കാര്‍ രാത്രിയിൽ അപകടമുണ്ടാക്കാൻ ഇവിടെ വരുന്നത് തടയുന്നു. ഇതുവരെയും മൗറോ മാത്രമാണ് ബുഡെല്ലിയെ പരിപാലിച്ചത്, പാര്‍ക്ക് അധികൃതർ ചെയ്യേണ്ട നിരീക്ഷണ ചുമതല വഹിച്ചത് അദ്ദേഹമായിരുന്നു.അദ്ദേഹത്തെ നിലനിർത്തണം എന്നാവശ്യപ്പെട്ടു പരിസ്ഥിതി പ്രേമികളായ 70000 പേർ ഒപ്പിട്ട നിവേദനം സർക്കാരിനു നൽകിയെങ്കിലും ഫലമുണ്ടായില്ല. 2020 ജനുവരിയിൽ ലാ മഡലീന പാർക്ക് പ്രസിഡന്റ് ഫാബ്രിസിയോ ഫോണെസു പറഞ്ഞു,‘പാർക്കിനുളളിലെ എല്ലാ അനധികൃത നിർമാണങ്ങൾക്കും എതിരെ ഇടപെടുകയെന്നത് പ്രകൃതി പരിപാലന നിയമത്തിന്റെ ഭാഗമാണ്. ഇവിടയെുള്ള മൗറോയുടെ കുടിലുകൾ ഉൾപ്പെടെ ഇല്ലാതാക്കേണ്ടി വരും. എന്നാല്‍ അദ്ദേഹത്തെ അവിടെ നിന്നും ഓടിക്കാൻ ആരും ആഗ്രഹിക്കുന്നില്ല. പക്ഷേ ദ്വീപ് ഇപ്പോൾ സ്വകാര്യമല്ലാത്തതിനാൽ അദ്ദേഹത്തിന് ഇവിടെ കഴിയാനും പാടില്ല. അതാണ് പ്രശ്നം.’ ഫോണസു പറഞ്ഞു.‘ ഭാവിയിൽ ഒരു കെയർടേക്കർ ആവശ്യമുണ്ടെങ്കിൽ, ഞങ്ങൾക്ക് അദ്ദേഹത്തെ നിലനിർത്താൻ കഴിയും, എന്നാൽ ഇപ്പോൾ  അദ്ദേഹം ദ്വീപ് വിട്ടു പോകണം.’

അങ്ങനെ മൗറോ മൊറാൻഡി ഈ പിങ്ക് ദ്വീപിൽ നിന്നും വിടപറയുന്നു, പ്രകൃതിചൂഷണത്തിനെതിരെ കാവൽക്കാരനായി മൂന്നു പതിറ്റാണ്ട് ഏകാന്തജീവിതം നയിച്ച പ്രിയ മൗറോ നിങ്ങളാണ് യഥാര്‍ഥ മനുഷ്യൻ. നിങ്ങളെ ഞങ്ങൾ നമിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com