ADVERTISEMENT

ഡിട്രോയിറ്റ് ∙ 2006-ൽ ഹൂസ്റ്റണിൽ ആരംഭിച്ച ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമാ)  ഇന്നു ലോക മലയാളികളുടെ ഇടയിൽ പ്രവർത്തന മികവ് കൊണ്ട് പേരും പെരുമയും ആർജിച്ച സംഘടനയായി വളർന്നു കഴിഞ്ഞു. ഒരോ ഭരണ സമിതി വരുമ്പോഴും, പുത്തൻ ആശയങ്ങളും അഭിപ്രായങ്ങളും സംഘടനയ്ക്കു പുതു ദിശ നൽകാനും, കൂടുതൽ സംഘടനകളെ ആകർഷിക്കാൻ കഴിയുന്നു എന്നുള്ളതുമാണ്, ഫോമാ എന്ന സംഘടനയുടെ വിജയ രഹസ്യം.

ഈ കോവിഡ് കാലഘട്ടത്തിലും, അമേരിക്കയിലും, നാട്ടിലുമായി ഒട്ടനവധി ചാരിറ്റി പ്രവർത്തനങ്ങളും ഫോമയ്ക്കു ചെയ്യുവാനായി എന്നുള്ളതും ചാരിതാർഥ്യം നൽകുന്നതാണ്. 

2014-16 ഫോമയുടെ ദേശീയ സമിതിയംഗം, 2016-18 ജോയിന്റ് സെക്രട്ടറി, രണ്ടു പ്രാവിശ്യം ന്യൂസ് ടീം ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ച വിനോദ് കൊണ്ടൂർ, 2022-24 കാലഘട്ടത്തിലെ ജനറൽ സെക്രട്ടറിയായി, മാതൃ സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ പിന്തുണയോടെ മത്സര രംഗത്തേക്കു വരികയാണ്. 2016-18 ൽ ഫോമായെ സമൂഹ മാധ്യമങ്ങളിൽ വേരുറപ്പിക്കാനും ഫോമായെക്കുറിച്ചുള്ള വാർത്തകൾ , ലോക മലയാളികളിലേക്ക് എത്തിക്കുവാനും വിനോദിന് അവസരം ലഭിച്ചു. 

കഴിഞ്ഞ കാലങ്ങളിൽ യുവജനതയെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനായി പ്രവർത്തിച്ച ഫോമാ, ഇനി പ്രായഭേദമെന്യേ, മേഖലാ - രാജ്യ വിത്യാസങ്ങളില്ലാതെ എല്ലാവരെയും ഉൾക്കൊണ്ടു കൊണ്ട് ഒരു നോർത്ത് അമേരിക്കൻ മലയാളി കുടുംബ സംഘടനയായി ഉയർത്തപ്പെടണം. ഒട്ടനവധി ത്യാഗങ്ങൾ സഹിച്ചു ഫോമ ആരംഭിച്ച് ഈ നിലയിൽ എത്തിച്ച ഒട്ടനവധി പേർ ഇന്നു പാർശ്വവൽക്കരിക്കപ്പെട്ടിട്ടുണ്ട്. ഭിന്നതയല്ല മറിച്ച് ഒരുമയാണു ഫോമാ കുടുംബത്തെ നയിക്കേണ്ടത്, വിനോദ് കൊണ്ടൂർ അഭിപ്രായപ്പെട്ടു.

ഫോമായുടെ തുടക്കം മുതൽ ഫോമാ നേതൃത്വം നമ്മുടെ സമൂഹത്തിനായി ഒട്ടനവധി സംഭാവനകൾ ചെയ്തിട്ടുണ്ട് എന്നത് വിസ്മരിക്കാനാവില്ല.

2006-ൽ ഫോമായുടെ പ്രഥമ പ്രസിഡന്റ് ശശിധരൻ നായരുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ കാലഘട്ടത്തിൽ വന്ന ആറൻമുള വിമാനത്താവളം എന്ന ആശയം, ഇന്ന് വൻ ആഘോഷത്തോടെ പ്രാവർത്തികമാകുകയാണ്. 

2008-10 ജോൺ ടൈറ്റസിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി കേരളത്തിൽ വീടുകൾ വച്ചു നൽകി.

2010 -12 ബേബി ഊരാളിലിന്റെ നേതൃത്വത്തിൽ വന്ന ഭരണ സമിതി, നാട്ടിലെയും അമേരിക്കൻ ഐക്യനാടുകളിലേയും യുവതലമുറയെ യോജിപ്പിക്കുന്നതിനായി ബ്രിഡ്ജിങ് മൈൻഡ്സ് എന്ന ആശയം കൊണ്ടു വന്നു.

2012-14 ൽ ജോർജ് മാത്യൂ ഭരണസമിതി, ഗ്രാൻഡ് കാനിയൻ യൂണിവേഴ്സിറ്റിയുമായ് ചേർന്നു നടത്തിയ എഗ്രിമെന്റിൽ, അമേരിക്കൻ മലയാളികളുടെ നട്ടെല്ലായ നഴ്സിങ് പ്രഫഷണൽസിന് ഉപരി പഠനത്തിന് ഫീസിനത്തിൽ വൻ ഡിസ്കൗണ്ട് നേടി കൊടുത്തു.

2014-16 ൽ ആനന്ദൻ നിരവേലിന്റെ ഭരണ സമിതിയുടെ കാലഘട്ടത്തിൽ, തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററിൽ കുട്ടികളുടെ വിഭാഗം പൂർണ്ണമായി പണിതു നൽകിയെന്നത് ഫോമയ്ക്ക് എന്നും അഭിമാനിക്കാവുന്നതാണ്.

2016-18 കാലഘട്ടത്തിൽ ബെന്നി വാച്ചാച്ചിറയുടെയും ടീമിന്റെയും നേതൃത്വത്തിൽ  ഓഖി ദുരന്ത നിവാരണത്തിന് സഹായഹസ്തം നീട്ടി, ഒപ്പം ഫോമാ വുമൺസ് ഫോറം എന്ന പോഷക സംഘടന, ഡോ: സാറാ ഈശോയുടെ നേതൃത്വത്തിൽ ഔദ്യോഗികമായി ആരംഭിച്ചു. 

2018-20 ൽ ഫിലിപ്പ് ചാമത്തലിന്റെയും ടീമിന്റെയും നേതൃത്വത്തിൽ  പ്രളയം കെടുതിയിൽ മുങ്ങിയ കേരളത്തെ വീടുകൾ വച്ചു നൽകിയും, ഭക്ഷ്യ കിറ്റുകൾ നൽകിയും കൈ പിടിച്ചുയർത്തി.

നടപ്പു വർഷമായ 2020-22 ൽ അനിയൻ ജോർജും ടീമും ഇതു വരെ കോവിഡു കാലത്തെ നേരിടുന്ന പ്രവർത്തി ശ്ലാഘനീയമായി തുടരുകയാണ്. ഏറ്റവും പ്രശംസനീയം, നോർത്ത് അമേരിക്കയിലേയും, നാട്ടിലെയും രാഷ്ട്രീയത്തിലുള്ളവരെയും, ബസിനസ്സ് രംഗത്ത് ഉള്ളവരെയും, കലാസാംസ്ക്കാരിക രംഗത്ത് ഉള്ളവരെയും സൂം എന്ന സാമൂഹിക മാധ്യമം വഴി ബന്ധിപ്പിക്കാനായി എന്നുള്ളതാണ്.

2022 കൺവൻഷനിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു മത്സരിക്കുന്ന തനിക്ക് പിന്തുണ നൽകണമെന്ന് വിനോദ് കൊണ്ടൂർ അഭ്യർഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com