sections
MORE

യുഎസിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രവാസി ഇന്ത്യക്കാരുമായി വെർച്വൽ സംഭാഷണ പരമ്പര ആരംഭിക്കുന്നു

swathi
സ്വാതി മോഹൻ
SHARE

ചെന്നൈ∙  വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അമേരിക്കയിലെ പ്രവാസി ഇന്ത്യക്കാരുമായി ചെന്നൈയിലെ യുഎസ് കോൺസുലേറ്റ് ജനറൽ കാര്യാലയം “ഡയസ്പോറ ഡിപ്ലോമസി” എന്ന പേരിൽ വെർച്വൽ സംഭാഷണ പരമ്പര ആരംഭിക്കുന്നു. ജൂലൈ 28 ബുധനാഴ്ച വൈകിട്ട് 7 മണിക്ക് ഇന്ത്യൻ-അമേരിക്കൻ ഏറോസ്പേസ് എഞ്ചിനീയർ ഡോ. സ്വാതി മോഹനുമായാണ് ആദ്യത്തെ വെർച്വൽ സംഭാഷണം . നാസയുടെ ജെറ്റ് പ്രൊപ്പൽ‌ഷൻ ലബോറട്ടറിയിലെ (ജെ‌പി‌എൽ) ഗൈഡൻസ്, നാവിഗേഷൻ, കൺട്രോൾ സിസ്റ്റംസ് എഞ്ചിനീയറിങ് ഗ്രൂപ്പ് സൂപ്പർവൈസറാണ് ഡോ. സ്വാതി മോഹൻ. നാസയുടെ 2020ലെ ചൊവ്വ ഗ്രഹദൗത്യത്തിനുള്ള ഗൈഡൻസ്, നാവിഗേഷൻ, കൺട്രോൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് ഡോ. സ്വാതിയായിരുന്നു. 

പ്രമുഖ ഇന്ത്യൻ-അമേരിക്കൻ പ്രവാസികൾക്ക് അവരുടെ ജീവിത വിജയയാത്രകളെക്കുറിച്ചും യുഎസ്.- ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിൽ അവർ വഹിച്ച പങ്കിനെക്കുറിച്ചും സംസാരിക്കാനുള്ള ഒരു വേദി ഒരുക്കുകയാണ് “ഡയസ്പോറ ഡിപ്ലോമസി” പരമ്പരയിലൂടെ യുഎസ് കോൺസുലേറ്റ് ജനറൽ ചെന്നൈ ലക്ഷ്യമിടുന്നത്. അമേരിക്കയിലെ വ്യവസായ, പാണ്ഡിത്യ, ആരോഗ്യ, ശാസ്ത്ര, നൂതന മേഖലകളിൽ ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന്റെ അസാമാന്യമായ സംഭാവനകൾ ഈ സംഭാഷണ പരമ്പര ഉയർത്തിക്കാട്ടും. 

ചെന്നൈയിലെ യുഎസ് കോൺസുൽ ജനറൽ ജൂഡിത്ത് റേവിൻ ഈ സംഭാഷണ പരമ്പര ഉദ്‌ഘാടനം ചെയ്യും. “നാലു ദശലക്ഷത്തിലധികം അമേരിക്കക്കാർക്ക് ഇന്ത്യയിൽ വേരുകളുണ്ട്. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക ബന്ധങ്ങൾ വളർത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും ശക്തമായ ഊർജം പകരുന്നു ഈ സമൂഹം. പൊതുജനങ്ങളുമായുള്ള ഞങ്ങളുടെ സമ്പർക്കത്തിൽ ഇന്ത്യൻ-അമേരിക്കൻ പ്രവാസികളുടെ ശബ്‌ദം കൂട്ടിച്ചേർക്കുന്നതിലേക്ക് ഞങ്ങൾ ഉറ്റുനോക്കുന്നു,” അവർ അഭിപ്രായപ്പെട്ടു. 

പരമ്പരയിലെ ആദ്യ സംഭാഷണത്തിൽ ഡോ. സ്വാതി മോഹൻ ഇന്ത്യയുടെ ഐക്യരാഷ്ട്രസഭ “സ്‌പേസ്4വിമെൻ” കൂട്ടായ്‌മയുടെ ഉപദേഷ്ടാവ് ദീപാന ഗാന്ധിയുമായും വിദ്യാർഥികൾ, പത്രപ്രവർത്തകർ, ബഹിരാകാശ പ്രേമികൾ എന്നിവരുമായും സംവദിക്കും.  പെഴ്സിവീയറൻസ് ചൊവ്വ റോവർ ദൗത്യം, അവരുടെ ഇന്ത്യൻ-അമേരിക്കൻ വേരുകൾ, അമേരിക്കയിൽ അവർ നേടിയ ഉന്നത വിദ്യാഭ്യാസം എന്നീ വിഷയങ്ങളെക്കുറിച്ച് ചർച്ച ചെയ്യും. സയൻസ്, ടെക്നോളജി, എഞ്ചിനീയറിങ്, മാത്തമാറ്റിക്സ് മേഖലകളിൽ സ്ത്രീകളുടെ പങ്കിനെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകൾ ഡോ. സ്വാതി പ്രേക്ഷകരുമായി പങ്കിടും. 

  

ഈ ലിങ്കിൽ റജിസ്റ്റർ ചെയ്‌ത്‌ നിങ്ങൾക്കും ഈ വെർച്വൽ പ്രോഗ്രാമിൽ പങ്കെടുക്കാം:  https://statedept.zoomgov.com/webinar/register/WN_Zh6CxJU7QyugRH3gJ9FlEg    

 യുഎസ് കോൺസുലേറ്റ് ജനറൽ ചെന്നൈ ഫെയ്സ്ബുക്ക് പേജിലും ഈ സംഭാഷണം തത്സമയം സംപ്രേഷണം ചെയ്യും:   https://www.facebook.com/chennai.usconsulate/. പരിപാടി നടക്കുന്ന സമയത്ത് നിങ്ങൾക്ക് ഡോ. സ്വാതി മോഹനോടുള്ള ചോദ്യങ്ങൾ കമന്റ് ബോക്സിൽ ഇടാവുന്നതാണ്. തിരഞ്ഞെടുത്ത ചോദ്യങ്ങൾക്ക് ഡോ. സ്വാതി ഉത്തരം നൽകും. 

  

“ഡയസ്പോറ ഡിപ്ലോമസി” പരമ്പരയിൽ രണ്ടാമത്തെ പരിപാടി ഓഗസ്റ്റ് 18ന് ഗ്രാമി അവാർഡ് നാമനിർദേശം ലഭിച്ച ഇന്ത്യൻ-അമേരിക്കൻ സംഗീതജ്ഞ പ്രിയ ദർശിനിയുടെ വെർച്വൽ സംഗീത കച്ചേരിയാണ്. ഓഗസ്റ്റ് 19ന് പ്രിയയും സംഘവും വളർന്നുവരുന്ന സംഗീത പ്രതിഭകൾക്കായി ഒരു വെർച്വൽ ശിൽപ്പശാലയും സംഘടിപ്പിക്കുന്നുണ്ട്. 

  

“ഡയസ്പോറ ഡിപ്ലോമസി” സംഭാഷണ പരമ്പരയെക്കുറിച്ച്: 

സുന്ദർ പിച്ചൈ, സുനിത വില്യംസ്, വിവേക് മൂർത്തി - നിങ്ങൾക്ക് പരിചിതമായ മൂന്ന് ഇന്ത്യൻ-അമേരിക്കൻ വംശജർ. സ്പെല്ലിങ് ബീ മത്സരവിജയി മുതൽ വൻകിട കമ്പനി നടത്തിപ്പുകാർ തുടങ്ങി യുണെറ്റഡ് സ്റ്റേറ്റ്സ് ഭരണകൂടത്തിൽ ശക്തമായ സ്വാധീനവും ശബ്‌ദവും ഉള്ളവർ വരെ അമേരിക്കയ്ക്ക് അകമഴിഞ്ഞ് സംഭാവനകൾ നൽകിയ ഇന്ത്യൻ-അമേരിക്കക്കാർ നിരവധിയാണ്. എന്താണ് ഇവരുടെ വിജയരഹസ്യം?  “ഡയസ്പോറ ഡിപ്ലോമസി” എന്ന സംഭാഷണ പരമ്പര അമേരിക്കയുടെ സാംസ്‌കാരിക വൈവിധ്യത്തിൽ ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന്റെ വ്യക്തിത്വം, നേട്ടങ്ങൾ, അനുഭവങ്ങൾ, ഏകീകരണം എന്നിവ പങ്ക് വയ്ക്കാനും അംഗീകരിക്കാനും ആഘോഷിക്കാനുമുള്ള ഒരു വേദിയാണ്. ജീവിതത്തിന്റെ നാനാതുറകളിൽ നേട്ടങ്ങൾ കൊയ്‌ത ഇന്ത്യൻ-അമേരിക്കൻ വംശജർ അതിഥികളായി വന്ന് അവരുടെ വ്യക്തിപരവും സാമൂഹ്യപരവുമായ ജീവിതകഥകളിലൂടെ അമേരിക്കൻ അനുഭവങ്ങൾ ഇവിടെ പങ്കു വയ്ക്കും. വ്യവസായ, ഗവേഷണ, രാഷ്ട്രീയ, കലാസാംസ്‌കാരിക, പൗരസമൂഹ മേഖലകളിൽ ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന്റെ സംഭാവനകൾ ഉയർത്തിക്കാട്ടുന്ന യുഎസ് മിഷൻ ഇന്ത്യയുടെ ഈ പാരമ്പരയിലേക്ക് നിങ്ങൾക്കും സ്വാഗതം. 

   

ഡോ. സ്വാതി മോഹൻ, നാസ ജെറ്റ് പ്രൊപ്പൽ‌ഷൻ ലബോറട്ടറിയിലെ (ജെ.‌പി‌.എൽ) ഗൈഡൻസ്, നാവിഗേഷൻ, കൺട്രോൾ സിസ്റ്റംസ് എഞ്ചിനീയറിംഗ് ഗ്രൂപ്പ് സൂപ്പർവൈസർ 

  

നാസയുടെ 2020ലെ ചൊവ്വ ദൗത്യത്തിൽ ഗൈഡൻസ് ആൻഡ് കൺട്രോൾസ് ഓപ്പറേഷൻസ് ലീഡ് ആയിരുന്ന ഏറോസ്പേസ് എഞ്ചിനീയറാണ് ഡോ. സ്വാതി മോഹൻ. നാസയുടെ പെഴ്സിവീയറൻസ് റോവർ 2021 ഫെബ്രുവരി 18ന് ചൊവ്വയുടെ പ്രതലത്തിൽ ഇറങ്ങിയപ്പോൾ ആ ചരിത്രനേട്ടത്തിൽ പ്രധാന പങ്കുവഹിച്ചതിന് അവർ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടു.  ഡോ. സ്വാതിയെ അഭിനന്ദിച്ച യുഎസ്  പ്രസിഡന്റ് ജോസഫ് ബൈഡൻ അമേരിക്കയിലെ ശാസ്ത്ര-സാങ്കേതിക മേഖലകൾക്ക് മേഖലകൾക്ക് ഇന്ത്യൻ സമൂഹം നൽകുന്ന സംഭാവനകളെ പ്രകീർത്തിക്കുകയും ചെയ്‌തിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN US
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA