ADVERTISEMENT

ന്യൂജഴ്സി ∙ കറുത്ത കരടിയുടെ ആക്രമണം ഏറ്റവും കൂടുതൽ അനുഭവിക്കുന്ന ന്യൂജഴ്സി സംസ്ഥാനം പ്രത്യേകമായി നടപ്പാക്കിയിരുന്ന കരടി വേട്ട ഇനിയുണ്ടാവില്ല. മൃഗങ്ങളെ വേട്ടയാടുന്ന കാര്യത്തിൽ പ്രത്യേക നിയമം ഉപയോഗിച്ചു കൊണ്ടാണ് ഇതുവരെ ഇതിനു ലൈസൻസ് നൽകിയിരുന്നത്. കറുത്ത ആക്രമണകാരികളായ കരടികൾ വർധിക്കുന്നത് മനുഷ്യർക്ക് ഉപദ്രവമാകുമെന്നു കണ്ടാണ് അവയെ കൊന്നൊടുക്കാൻ തീരുമാനിക്കുന്നത്. എന്നാൽ ഇതിനെതിരെ വ്യാപകമായ പരാതികൾ വിവിധയിടങ്ങളിൽ നിന്നും ഉയർന്നിരുന്നു. പക്ഷേ, ഇത് അനസ്യൂതം തുടരുകയാണുണ്ടായത്. ഇപ്പോൾ കഥ മാറുന്നു.

ഇത്തവണയും വേട്ടയാടാൻ തോക്കും മിനുക്കി കാത്തിരുന്ന വേട്ടക്കാർ നിരാശരാകും. ന്യൂജഴ്സിയിൽ ഇത്തവണ കരടി വേട്ട ഉണ്ടാകില്ല. സംസ്ഥാനത്തിന്റെ സമഗ്ര ബ്ലാക്ക് ബെയർ മാനേജുമെന്റ് പോളിസി കാലഹരണപ്പെട്ടതിനാൽ 2021ൽ കരടി വേട്ടയാടൽ സീസൺ അവസാനിച്ചതായി ഫിഷ് ആൻഡ് വൈൽഡ് ലൈഫിന്റെ ന്യൂജഴ്സി ഡിവിഷൻ ബുധനാഴ്ച ഓൺലൈനിൽ അറിയിക്കുകയായിരുന്നു. സംസ്ഥാനത്തെ പരമോന്ന കോടതിയുടെ 2007 ലെ വിധിന്യായത്തിലാണ് കരടിവേട്ടയ്ക്ക് അംഗീകാരം നൽകിയത്. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം ഗവർണർക്കായിരുന്നു. അത് ഉപയോഗിച്ച് കൊണ്ടാണ് ഇനി കരടി വേട്ടയ്ക്ക് സാധ്യതയില്ലെന്നു തീരുമാനിക്കപ്പെട്ടത്.

2020 ന് ശേഷം ന്യൂജഴ്സിയിൽ കരടിവേട്ട അവസാനിപ്പിക്കുന്ന നയങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ന്യൂജഴ്സി ഫിഷ് ആൻഡ് ഗെയിം കൗൺസിൽ നിർദ്ദേശിച്ചതായി ഗവർണർ ഫിൽ മർഫി പ്രഖ്യാപിച്ചു. വേട്ടയ്ക്ക് അധികാരമുള്ള ഫിഷ് ആൻഡ് ഗെയിം കൗൺസിൽ ഭേദഗതി നിർദ്ദേശിച്ചുവെങ്കിലും അത് തള്ളികളയുകയായിരുന്നു. ഇതു പ്രകാരം വേട്ട താൽക്കാലികമായി നിർത്തുകയും ഗെയിം കോഡിൽ നിന്ന് നിലവിലെ സമഗ്ര ബ്ലാക്ക് ബെയർ മാനേജുമെന്റ് നയം നീക്കം ചെയ്യുകയും ചെയ്തു. 

അപകടകാരികളായ കരടികളെ കൊല്ലുന്നതിന് നേരത്തെ ഉണ്ടായിരുന്ന നിയമം കാലഹരണപ്പെട്ടതായും അറിയിച്ചു. എന്നാൽ, ന്യൂജഴ്സിയിലെ വന്യജീവികളെ സംരക്ഷിക്കുന്നതിനൊപ്പം പൊതുസുരക്ഷയും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്ന ഒരു പുതിയ നയം വികസിപ്പിക്കുന്ന തിരക്കിലായിരുന്നു സർക്കാർ. എന്തായാലും മനുഷ്യനെതിരേയുള്ള ആക്രമണങ്ങൾ, വർധിച്ചു വരുന്ന കരടികൾ എന്നിവയുടെ സമഗ്രമായ അവലോകനത്തിൽ ഏർപ്പെടാൻ കൗൺസിലും ന്യൂജഴ്സി പരിസ്ഥിതി സംരക്ഷണ വകുപ്പും തയാറെടുക്കുന്നുണ്ട്. കരടിവേട്ട പുനഃരാരംഭിക്കണമെങ്കിൽ ഇപ്രകാരമുള്ള ഡേറ്റകളുടെ വിശകലനത്തെ ആശ്രയിച്ചാവും കാര്യങ്ങൾ.

‘എന്റെ അഡ്മിനിസ്ട്രേഷന് കീഴിലുള്ള കരടിവേട്ട ഞങ്ങൾ അവസാനിപ്പിക്കുകയും സംസ്ഥാനത്തെ വന്യജീവികളെ സംരക്ഷിക്കുന്നതിനിടയിൽ പൊതുജന സുരക്ഷയും വർധിപ്പിക്കുന്ന രീതിയിൽ ഒരു പുതിയ കരടി നയം വികസിപ്പിക്കുകയും ചെയ്യും’– ഗവർണർ ഫിൽ മർഫി പറഞ്ഞു. പരിസ്ഥിതി സംരക്ഷണ വകുപ്പുമായി സഹകരിച്ച് ഈ പ്രശ്നം പരിഹരിക്കും. ഫിഷ് ആൻഡ് ഗെയിം കൗൺസിലുമായി ഏകോപിപ്പിച്ച് പൊതുസുരക്ഷയും വന്യജീവികളെയും സംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണ് ഫിഷ് & വൈൽഡ് ലൈഫ് ഡിവിഷൻ എന്ന ഡിഇപി കമ്മീഷണർ കാതറിൻ ആർ. മക്കാബ് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ന്യൂജേഴ്സിയിലെ ബെയർ ഹണ്ടിന് രാജ്യത്തെ ഏറ്റവും ക്രൂരമായ കരടി വേട്ടകളിൽ ഒന്ന് എന്ന പ്രശസ്തി ഉണ്ട്. 2020 ലെ ബെയർ ഹണ്ടിങ്ങിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. കോവിഡ് പ്രതിസന്ധികൾക്കിടയിലും ഇവിടെ കരടിവേട്ട നടന്നിരുന്നു. ആ പ്രതിഷേധത്തെ തുടർന്ന് അന്നു തന്നെ ഇത് അവസാനിപ്പിക്കാൻ ഗവർണർ മർഫി തീരുമാനിച്ചിരുന്നു. ഇപ്പോൾ കരടി വേട്ട അവസാനിപ്പിക്കുന്നതു സംബന്ധിച്ച തീരുമാനം വന്നിട്ടുണ്ടെങ്കിലും ഇത് അടുത്ത 60 ദിവസത്തെ അഭിപ്രായ കാലയളവിന് വിധേയമാണ്. ഇക്കാര്യത്തിൽ പൊതുഅഭിപ്രായ പ്രക്രിയ തീർപ്പുകൽപ്പിക്കണം, നിലവിലെ സമഗ്ര  ബ്ലാക്ക് ബെയർ മാനേജുമെന്റ് നയം ഗെയിം കോഡിൽ നിന്ന് നീക്കം ചെയ്യും. അതിനർത്ഥം ഒരു പുതിയ നയം സ്വീകരിക്കുന്നതുവരെ ഒരു കരടിവേട്ടയും തുടരില്ല എന്നാണ്.

2018 സീസണിലെ വേട്ടയാടൽ നടത്തുന്നതിന് വകുപ്പിന്റെ അധികാര പരിധിയിലുള്ള എല്ലാ പൊതുഭൂമികളും അടച്ചുപൂട്ടാൻ നിർദ്ദേശിക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ 2018 ഓഗസ്റ്റിൽ ഗവർണർ മർഫി ഒപ്പിട്ടു. ആ ഉത്തരവിൽ എല്ലാ സംസ്ഥാന വനങ്ങൾ, സംസ്ഥാന പാർക്കുകൾ, സംസ്ഥാന വിനോദ മേഖലകൾ, സംസ്ഥാന ചരിത്ര സ്ഥലങ്ങൾ, സംസ്ഥാന വന്യജീവി പരിപാലന മേഖലകൾ, സംസ്ഥാന പ്രകൃതി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കരടി വേട്ടയാടൽ നിരോധിച്ചിരുന്നു. ഗവർണർ ഫിൽ മർഫി കരടി വേട്ടയെ എതിർക്കുന്നു. ഇത്  വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ടുകളായി മാറുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.

രാജ്യത്തെ ഏതൊരു സംസ്ഥാനത്തെയും അപേക്ഷിച്ച് അക്രമണകാരിയായ കറുത്ത കരടികളുടെ സാന്ദ്രത ന്യൂജഴ്സിയിലുണ്ട്. സംസ്ഥാനത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത്, ഓരോ ചതുരശ്ര മൈലിലും രണ്ടോ മൂന്നോ കറുത്ത കരടികളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. 1990 കളുടെ പകുതി മുതൽ 2010 കളുടെ പകുതി വരെ, കരടികൾ വടക്കൻ ന്യൂജഴ്സിയിൽ നിന്ന് ഏതാണ്ട് മുഴുവൻ മേഖലയിലും ഇവ വ്യാപകമായതിനെ തുടർന്നു 2000 കളുടെ തുടക്കത്തിൽ, കരടി വേട്ടയെ സംസ്ഥാനത്ത് തിരികെ കൊണ്ടുവന്നു. വേട്ടയാടൽ വിരുദ്ധർ ഈ വിഷയം വളരെയധികം രാഷ്ട്രീയ വൽക്കരിച്ചിരുന്നുവെങ്കിലും, കറുത്ത കരടികളെ കൈകാര്യം ചെയ്യുന്നതിനായി ഒരു നയം സ്വീകരിച്ചില്ലെങ്കിൽ ന്യൂജേഴ്സയിലെ സാധാരണക്കാരായ മനുഷ്യരുടെ അവസ്ഥ എങ്ങനെയായിരിക്കുമെന്ന് ചില സംസ്ഥാന പ്രതിനിധികൾ ആശങ്കാകുലരായിരുന്നു.

വേട്ടയാടൽ നിർത്തുന്നത് തെറ്റായ കാര്യമാണെന്ന് റിപ്പബ്ലിക്കൻ നിയമ  സഭാംഗമായ ഹാൽ വിർത്ത്സും കരുതുന്നു. കാട്ടിൽ ആവശ്യത്തിന് വിഭവങ്ങൾ ഇല്ലാത്തതിനാൽ കരടികൾ നാട്ടിലേക്ക് ഇറങ്ങുകയാണ്. അത് ജനങ്ങളുടെ സ്വത്തിനു ജീവനും ഭീഷണിയാണ്. അതുകൊണ്ട് തന്നെ അത്തരം ആക്രമണകാരികളായ കരടികളെ കൊല്ലുന്നതിൽ തെറ്റില്ലെന്നാണ് അവരുടെ പക്ഷം. ഇത്തരത്തിൽ കരടികളെ വെടിവച്ചു കൊല്ലാൻ നായാട്ടുകാരെ നിയമിക്കുന്നത് കാലോചിതമായി പരിഷ്ക്കരിക്കണമെന്ന മറ്റൊരു വാദവും പ്രസക്തമാണ്. എന്തായാലും ഒരു കാര്യമുണ്ട് – കൊന്നാലും ഇല്ലെങ്കിലും മനുഷ്യരെ കരടിയുടെ ആക്രമണങ്ങളിൽ നിന്നും സംരക്ഷിക്കാനുള്ള പദ്ധതിക്ക് അടിയന്തിരമായി അംഗീകാരം വേണം. അത്രമാത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com