ADVERTISEMENT

മധ്യ അമേരിക്കയിലെ ടെക്സസ് – മെക്സിക്കോ അതിർത്തിയിൽ റിയോ ഗ്രാൻഡ് നദിക്കരയിൽ 15,000 നും 18,000 നും ഇടയിൽ ഹെയ്ഷ്യൻ കുടിയേറ്റക്കാർ പെട്ടെന്ന് തടിച്ചുകൂടിയത് ഒരു മുന്നറിയിപ്പും കൂടാതെയാണ്. അതുകൊണ്ട് യുഎസ് അധികൃതർക്ക് ഈ ജനക്കൂട്ടത്തെ നേരിടാൻ മുന്നൊരുക്കങ്ങൾ നടത്താൻ കഴിഞ്ഞില്ല എന്ന വാദം പൊളിയുകയാണ്.

 

ജനക്കൂട്ടത്തിന്റെ നീക്കത്തിന്റെ വിവരം ആഴ്ചകൾക്ക് മുൻപ് തന്നെ പലർക്കും ലഭിച്ചിരുന്നതാണ് എന്നാണ് ഇപ്പോൾ  ചുരുളഴിയുന്ന തിരക്കഥ വ്യക്തമാക്കുന്നത്. മനുഷ്യരെ കടത്തുന്ന സംഘങ്ങൾ ആഴ്ചകളായോ മാസങ്ങളായോ നടത്തിയിരുന്ന ചിട്ടയായ ആസൂത്രണത്തിലൂടെയാണ് ഇത് സാദ്ധ്യമായതെന്ന് പുതിയ തെളിവുകൾ പരസ്യമാക്കുന്നു. കള്ളക്കടത്ത് സംഘങ്ങളും സോഷ്യൽ മീഡിയയും തങ്ങൾ‍ ഒന്നും അറിഞ്ഞില്ല എന്ന നിലപാട് സ്വീകരിച്ച മെക്സിക്കൻ അധികൃത സംഘവും പലായനത്തിൽ വലിയ പങ്ക് വഹിച്ചു. യുഎസ് അധികാരികളുടെ ഭാഗധേയത്വവും ചെറുതായിരുന്നില്ല എന്ന് റിപ്പോട്ടുകൾ അടിവരയിടുന്നു. മെക്സിക്കോ– യുഎസ് ഉന്നത അധികാരികൾ, മുൻ അധികാരികൾ, മെക്സിക്കൻ – യുഎസ് സുരക്ഷാ വിദഗ്ദ്ധർ, മാനവാധികാര സംഘടനാ നേതാക്കൾ എന്നിവരുമായി പത്രപ്രവർത്തകർ നടത്തിയ നീണ്ട അഭിമുഖങ്ങളിലാണ് യാഥാർഥ്യം വെളിവായത്. മെക്സിക്കോയുടെ ഉത്തരാതിർത്തിയിലേക്ക് ദക്ഷിണ മെക്സിക്കോയിലെ ചിയപാസ് സംസ്ഥാനത്തിൽ നിന്ന് ഹെയ്ഷ്യൻ സംഘത്തോടൊപ്പം യാത്ര ചെയ്ത പത്രപ്രവർത്തകരും ഈ വിവരം ശരിവച്ചു.

 

അഭിമുഖത്തിൽ ഏറെ പേരും ഡെൽ റിയോയിൽ കുടിയേറ്റ സംഘം എത്തിയത് ആശ്ചര്യകരമാണ് എന്ന് റിപ്പോർട്ട് പാടേ നിഷേധിച്ചു. ഇങ്ങനെ എത്തിച്ചേരുവാൻ കഴിഞ്ഞത് സുസംഘടിതമായ, കൂട്ടായശ്രമങ്ങൾ മൂലമാണെന്ന് ഇവർ പറഞ്ഞു. മെക്സിക്കോയുടെ ദക്ഷിണ പ്രദേശങ്ങളിൽ മാസങ്ങളായി തടിച്ചുകൂടിയിരുന്ന ജനങ്ങളെ നിയന്ത്രിക്കുവാൻ അധികൃതർ ബുദ്ധിമുട്ടുമ്പോൾ അവരുടെ ഭാരം ലഘുകരിക്കുവാൻ കണ്ടുപിടിച്ച ഒരു മാർഗമായി ചിലർ ഇത് വിശേഷിപ്പിച്ചു. കള്ളക്കടത്ത് സംഘങ്ങൾ 200 ൽ അധികം ബസുകൾ, ട്രക്കുകൾ, ടാക്സികൾ, കടത്ത് വള്ളങ്ങൾ എന്നിവ ഉപയോഗിച്ചാണ് ജനക്കൂട്ടത്തെ ടെക്സസ് അതിർത്തിയിലേയ്ക്കു എത്തിച്ചത്. ഹെയ്റ്റിയിൽ നിന്ന് കടൽ മാർഗം മധ്യഅമേരിക്കയിലെത്തുവാൻ കഴിയും. എന്നാൽ ഈ മാർഗം വേണ്ടെന്ന് വച്ച് കൂറെക്കൂടി ദൂരമേറിയ ചിയപാസ്, മെക്സിക്കോ വഴി കരമാർഗം ഇവരിൽ ഏറെ പേരെയും കടത്തുവാൻ മനുഷ്യക്കടത്ത് സംഘം ഒരുമ്പെട്ടത്. ഇത്രയും വലിയ ഒരു കൃത്യം അധികൃതർ അറിയാതെ, സംഘത്തെ പിടികൂടാതെ സംഭവിക്കുയില്ല, മെക്സിക്കൻ പ്രസിഡന്റ് ആൻഡ്രെ മാനുവൽ ലോപസ് ഒബ്രഡോറിന് കീഴിൽ 2019 വരെ പ്രവർത്തിച്ച കമ്മീഷണർ ഓഫ് ഇമിഗ്രേഷൻ ഇൻസ്റ്റിട്യൂട്ട് ടോണഷ്യ യാഗുല്യൻ പറഞ്ഞു.

 

ദക്ഷിണ മെക്സിക്കോയിൽ കുടിയേറ്റ സംഘത്തിന്റെ യാത്ര കുടിയേറ്റ അവകാശ വക്താവ് രൂബൻ ഫിഗേര വിഡിയോവിൽ ചിത്രീകരിച്ചു. ഏതാനും ദിവസം മുൻപു വരെ കുടിയേറ്റക്കാരെ ബസുകളിൽ കയറുവാൻ   അനുവദിച്ചിരുന്നില്ല. പെട്ടെന്നൊരു ദിവസം അവരെ അധികൃതർ തന്നെ മുൻകൈ എടുത്ത് ബസുകളിൽ കയറ്റുന്ന കാഴ്ച വിരോധാഭാസമായി തോന്നി. ഫിഗേര പറഞ്ഞു. എന്നാൽ മെക്സിക്കൻ അധികൃതരുടെ പരോക്ഷ പിന്തുണ  കുടിയേറ്റക്കാരുടെ യാത്രയ്ക്കു ഉണ്ടായിരുന്നു എന്ന ആരോപണം അധികൃതർ നിഷേധിച്ചു.

എന്നാൽ മറ്റൊരു ഔദ്യോഗിക വക്താവ് ചില അധികൃതർ അഴിമതിക്ക് വശംവദരാകുന്നു എന്ന് സമ്മതിച്ചു. മെക്സിക്കോ ഇങ്ങനെ അതിർത്തിയിൽ കുടിയേറ്റക്കാർ തടിച്ചുകൂടുന്നതിനെ കുറിച്ചു യുഎസ് അധികാരികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി ഈ വക്താവ് പറഞ്ഞു. മെക്സിക്കോയും യുഎസും മറ്റ് അതിർത്തി രാജ്യങ്ങളും ഒന്നിച്ചു കുടിയേറ്റ പ്രശ്നത്തെ നേരിടേണ്ടതിനെ കുറിച്ച് ബോധ്യപ്പെടുത്തുന്ന സംഭവ വികാസമായി ഹെയ്ഷ്യൻ അഭയാർത്ഥികളുടെ തള്ളിക്കയറ്റം കാണണമെന്ന് നോർത്ത് അമേരിക്കയുടെ മെക്ക്സിക്കൻ ഫോറിൻ മിനിസ്ട്രിയുടെ ചീഫ് ഓഫീസർ റോബർട്ടോ വെലാസോ പറഞ്ഞു.

 

വളരെ ചെറിയ നീർച്ചാൽ പോലെ ആരംഭിച്ച കുടിയേറ്റക്കാരുടെ ഒഴുക്കാണ് വലിയ പ്രവാഹമായി ദിവസങ്ങൾക്കുള്ളിൽ മാറിയത്. സെപ്റ്റംബർ 2ന് 57 ഹെയ്ഷ്യൻ കുടിയേറ്റക്കാരെയാണ് ഡെൽ റിയോയെ മെക്സിക്കോയിലെ സിയു ഡാഡ് അക്വിനോയുമായി ബന്ധിപ്പിക്കുന്ന പാലത്തിന് കീഴിൽ കണ്ടത്.

 

സെപ്റ്റംബർ 12ന് മെക്സിക്കോയുടെ സ്വാതന്ത്ര്യദിനത്തിൽ ഇവരുടെ എണ്ണം 1,507 ആയി. സെപ്റ്റംബർ 16 ആയപ്പോൾ സംഖ്യ 10,500 ആയി. സെപ്റ്റംബർ 18ന്  കടന്നെത്തിയവരുടെ കൂട്ടം 15,000 ആയി ഉയർന്നു. അന്നാണ് ആദ്യമായി പ്രദേശത്തേയ്ക്കു എത്തുന്നവരെ തടയുവാൻ കോയഹുലിയ സംസ്ഥാനം നടപടികൾ ആരംഭിച്ചത്. തദ്ദേശ, സംസ്ഥാന, ഫെഡറൽ അധികാരികളും കൂടുതൽ ജനങ്ങളുടെ ഒഴുക്ക് തടയുവാൻ മിലിട്ടറിയുടെ സഹായം തേടി.

ഇനിയും ഒഴുക്ക് തുടരാനാണ് സാധ്യത. 80,000 കുടിയേറ്റക്കാർ ദക്ഷിണ അമേരിക്കയിൽ നിന്ന് മെക്സിക്കോ വഴി യുഎസിൽ എത്താൻ തയാറെടുക്കുന്നതായാണ് റിപ്പോർട്ട്. ഭൂരിപക്ഷം ഹെയ്റ്റിക്കാരും രാഷ്ട്രീയ, സാമൂഹ്യ, സമ്മർദ്ദം മൂലമാണ് പുറപ്പെടാൻ തയാറാവുന്നത്. 2010 ലെ ഭൂകമ്പം ബ്രസീൽ ജനങ്ങളെ ഹെയ്റ്റിയിൽ എത്തിച്ചു. ഇപ്പോൾ ബ്രസീൽ, ചിലി, കൊളംബിയ മുതലായ രാജ്യക്കാരും ഹെയ്ഷ്യൻ സംഘങ്ങൾക്ക് ഒപ്പമുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com