ADVERTISEMENT

ന്യൂയോര്‍ക്ക് ∙ സേവനത്തിന്‍റെ പാതയില്‍ മികവുതെളിയിച്ച ഡോ. ആനി പോളിനു ഹാന (Haitian Nurses Association of America) സെപ്റ്റംബര്‍ 24നു സഫേണിലെ ക്രൗണ്‍ പ്ലാസയില്‍ നടന്ന ഗാലയില്‍ വച്ചു ‘അഡ്വക്കേറ്റ് നഴ്‌സ് അവാര്‍ഡ്’ നല്‍കി ആദരിച്ചു. ഹെയ്തി സമൂഹത്തോട് ഡോ. ആനിപോളിനുള്ള സ്‌നേഹവും സേവനവും മറക്കാനാകില്ലെന്നു ഹാന പ്രസിഡന്റ് ക്രിസ്റ്റല്‍ അഗസ്റ്റിന്‍ പ്രത്യേകം എടുത്തു പറഞ്ഞു.

കോവിഡ് സമയത്തു ചിയര്‍ ടീം (CHEAR Team -Communtiy Health Education and Advocacy of Rockland) സമൂഹത്തില്‍ ആരോഗ്യ പ്രശ്‌നങ്ങളെ പ്പറ്റിയുള്ള വിവരങ്ങള്‍ നല്‍കാനും അസുഖങ്ങളെ പ്രത്യേകിച്ചു കോവിഡിനെ എങ്ങനെ തരണം ചെയ്യാം എന്നുമുള്ള വിവിരങ്ങള്‍ നല്‍കാനായി വിവിധ സ്‌പെഷ്യാലിറ്റിയിലുള്ള പല ഭാഷകള്‍ സംസാരിക്കുന്ന മെഡിക്കല്‍ വിദഗ്ധരുടെയും, ഹേഷ്യന്‍ നഴ്‌സ് പ്രാക്റ്റീഷണേഴ്‌സടക്കമുള്ളവരെയും ഉള്‍പ്പെടുത്തി പ്രത്യേക മെഡിക്കല്‍ ടീം രൂപികരിച്ചു. ഹേഷ്യന്‍ റേഡിയോ ഷോയായ പാനിക് റേഡിയോ ഷോ വിവിധങ്ങളായ വിഷയങ്ങളെപ്പറ്റി ചര്‍ച്ചകള്‍ നടത്തുന്നതിനു നേതൃത്വം നല്‍കുകയും ചെയ്തു. ഈ വര്‍ഷം ഓഗസ്റ്റ് നാലിന് ഹെയ്തിയില്‍ നടന്ന ഭൂമികുലുക്കം വളരെയേറെ നാശനഷ്ടം നടത്തി. അവരെ സഹായിക്കാനായി അവര്‍ക്കു ആവശ്യമുള്ള സാധനങ്ങള്‍ സമാഹരിച്ചു കൊടുക്കുകയുണ്ടായി.

2016 നില്‍ ഹെയ്തിയില്‍ അതീവനാശം വരുത്തിയ ഹരിക്കയിന്‍ മാത്യു വിനുശേഷം ഹാന നഴ്‌സസ്സിനോടൊപ്പം ഒരാഴ്ച്ച മെഡിക്കല്‍ മിഷനു ഹെയ്തിയില്‍ സേവനം അനുഷ്ഠിച്ചു. രക്തസ്രാവവുമായി വന്ന ഒരു സ്ത്രീയുടെ ജീവന്‍ രക്ഷിച്ചത് ഡോ. ആനി പോളാണെന്നു അന്ന് ഒപ്പമുണ്ടായിയുരുന്ന മിഷാല്‍ പാഴ്‌സണ്‍ ഇന്നലെയെന്ന പോലെ ഓര്‍ക്കുന്നു എന്നു നന്ദിയോടെ അനുസ്മരിച്ചു.

ന്യൂയോര്‍ക്ക് സ്‌റ്റേറ്റിലെ ആദ്യത്തെ ഇന്ത്യന്‍ വനിതാ ലെജിസ്ലേറ്ററും മൂന്നു വര്‍ഷത്തിലേറെയായി മജോറിട്ടി ലീഡറുമായി പ്രവര്‍ത്തിച്ചു ചരിത്രം കുറിച്ച ഡോ.ആനി പോളിന്റെ സേവന സന്നദ്ധതയും ഉത്തമമായ പ്രവര്‍ത്തനങ്ങളും വിലയിരുത്തി പ്രവര്‍ത്തന മികവിനുള്ള അംഗീകാരമായി റോക്ക്‌ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ വൈസ് ചെയര്‍ പദവി കൂടി നല്‍കിയിരുന്നു.

ലെജിസ്ലേറ്ററെന്ന നിലയില്‍ ഡോ. ആനി പോളിന്റെ കഴിഞ്ഞ ആറു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ മുഖ്യധാരയിലും ഇന്ത്യന്‍ സമൂഹത്തിലും ഏറെ അഭിനന്ദനം നേടിയിരുന്നു. ഓഗസ്റ്റ് മാസം ഇന്ത്യന്‍ ഹെറിറ്റേജ് മാസമായി ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് പ്രഖ്യാപിച്ചതിന്റെ പിന്നില്‍ ആനി പോളാണ് മുന്‍കൈ എടുത്ത് പ്രവര്‍ത്തിച്ചത്. സ്‌റ്റേറ്റ് അസംബ്ലിയും സെനറ്റും ഇന്ത്യന്‍ ഹെറിറ്റേജ് മാസം പ്രഖ്യാപിച്ചുള്ള പ്രമേയം പാസാക്കുകയും ഗവര്‍ണര്‍ അത് ഒപ്പിട്ടു പ്രാബല്യത്തില്‍ വരുത്തുകയും ചെയ്യുന്നത് ഇന്ത്യന്‍ സമൂഹത്തിനുള്ള അംഗീകാരവുമായി.

മൈനോറിറ്റി ആന്‍ഡ് വിമണ്‍ ഓണ്‍ഡ് ബിസിനസ് എന്റര്‍പ്രൈസസ് (എംഡബ്യുബിഇ) എന്ന സ്‌പെഷല്‍ കമ്മിറ്റി രൂപീകരിച്ചത് ആനി പോളിന്റെ നിര്‍ദേശ പ്രകാരമായിരുന്നു. ഇ സിഗരറ്റ് മറ്റു സിഗരറ്റുകളെപ്പോലെ ഹാനികരമാണെന്നും സിഗരറ്റിന്റെ നിയമങ്ങളോടൊപ്പം ഇ–സിഗരറ്റിനേയും ഉള്‍ക്കൊള്ളിക്കണമെന്നുള്ള റോക്ക്‌‌ലാന്‍ഡ് കൗണ്ടിയിലെ ലോക്കല്‍ നിയമം കൊണ്ടുവന്നതിന്റെ പിന്നിലും ആനി പോളാണ് പ്രവര്‍ത്തിച്ചത്.

മൈനോറിറ്റി ആന്‍ഡ് വിമണ്‍ ഓണ്‍ഡ് ബിസിനസ് എന്റര്‍പ്രൈസസ് (എംഡബ്യുബിഇ) കമ്മിറ്റി ചെയര്‍, മള്‍ട്ടി സര്‍വീസ് കമ്മിറ്റി വൈസ് ചെയര്‍, പബ്ലിക് സേഫ്റ്റി കമ്മിറ്റി മെമ്പര്‍, പ്ലാനിംഗ് ആന്‍ഡ് പബ്ലിക് വര്‍ക്ക്‌സ് കമ്മിറ്റി മെമ്പര്‍, സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് കമ്മിറ്റി കമ്മീഷനര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരുന്നു.

നഴ്‌സ് പ്രാക്റ്റീഷണര്‍ സംഘടനയുടെ സാരഥികളിലൊരാള്‍ കൂടിയായ ഡോ. ആനി പോള്‍ മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയില്‍ നിന്നു മികച്ച നഴ്‌സിനുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്. ഭര്‍ത്താവ് പോള്‍. മൂന്നു മക്കള്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com