ADVERTISEMENT

ഫിലഡല്‍ഫിയ∙ ലോകവ്യാപകമായ വര്‍ഷാന്ത്യ ആര്‍ഭാട ആഘോഷങ്ങളും കൂട്ടായ്മകളും മൂലം മനുഷ്യരാശി ആനന്ദലഹരിയില്‍ ലയിക്കുന്ന വേളയിലുള്ള ഒമിക്രോണിന്‍റെ ആഗമനം അസഹ്യമായ ശാപംതന്നെ. ലോകജനതയെ സംബോധന ചെയ്തുകൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ ടെലിവൈസ്ഡ് പ്രസ്താവനയില്‍ ഒമിക്രോണ്‍ വരവില്‍ ഭയപ്പെടാതെ കൂടുതല്‍ ഉത്കണ്ഠാകുലരാകണമെന്നാവശ്യപ്പെട്ടു. ബൈഡന്‍റെ പ്രസംഗത്തെ അഭിനന്ദിച്ചു കൊണ്ട് യൂണിവേഴ്സിറ്റി ഓഫ് പെനിസല്‍വാനിയ സ്കൂള്‍ ഓഫ് മെഡിസിന്‍സിലെ മൈക്രോബയോളജിസ്റ്റ് സൂസന്‍ വീയിസ് എല്ലാവരും വാക്സിനേഷന്‍റെ എല്ലാ ഡോസുകളും സമയനിഷ്ടയോടെ എടുക്കണമെന്നും സുരക്ഷിതത്വ പരിപാലനം നിര്‍ബന്ധിതമായി കൈക്കൊള്ളണമെന്നും വിവിധ മാധ്യമങ്ങളിലൂടെ അറിയിച്ചു. 

കോവിഡ്-19 ന്‍റെ വ്യതിയാന ഭാവമായ ഒമിക്രോണ്‍ ആദ്യമായി കഴിഞ്ഞ ആഴ്ചയില്‍ സൗത്ത് ആഫ്രിക്കയില്‍ പൊട്ടിപ്പുറപ്പെട്ടതായി വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതിവേഗം പടര്‍ന്നുപിടിയ്ക്കപ്പെടുന്നതും കോവിഡ്-19 നേക്കാള്‍ അത്യധികം അപകടകാരിയാണെന്നും വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ മുന്‍കരുതലായി സകല രാജ്യങ്ങളേയും അറിയിച്ചു. സംയുക്തമായി ജപ്പാനും ബ്രസീലും നടത്തിയ സൂക്ഷ്മ ഗവേഷണത്തില്‍ ഒമിക്രോണ്‍ വകഭേദം സൗത്ത് ആഫ്രിക്കയില്‍ പൊട്ടിപുറപ്പെടുന്നതിനു ദിവസങ്ങള്‍ക്കു മുന്‍പായി തന്നെ യൂറോപ്പില്‍ ആരംഭിച്ചതായി വെളിപ്പെടുത്തുന്നു. നെതര്‍ലന്‍റിലെ ആര്‍ഐവിഎം ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നവംബര്‍ 19നും 23നും ഒമിക്രോണ്‍ വേരിയന്‍റ് രോഗികളില്‍ കണ്ടെന്നും സൗത്ത് ആഫ്രിക്കയില്‍ നവംബര്‍ 24 നു മാത്രമാണു ആദ്യമായി കാണുന്നതെന്നും ജപ്പാന്‍ - ബ്രസീല്‍ അന്വേഷണത്തില്‍ വ്യക്തമായതായി ഡബ്ല്യു. എച്ച്ഒയെ അറിയിച്ചു. ഹ്രസ്വമായ ഈ ദിവസങ്ങള്‍ക്കുള്ളില്‍ ഒമിക്രോണ്‍ വേരിയന്‍റിനെപ്പറ്റി വിശദമായ ഗവേഷണങ്ങള്‍ നടത്തുവാന്‍ അപ്രാപ്തമെങ്കിലും ലോകാരോഗ്യ സംഘടനയിലെ ഉന്നതരായ ശാസ്ത്രജ്ഞ സമൂഹവും ഡോക്ടേഴ്സും വാക്സിനേഷന്‍ ഒഴികെ യാതൊരുവിധ പ്രതിവിധിയും ഒമിക്രോണ്‍ വകഭേദത്തെ നേരിടുവാന്‍ ഇപ്പോള്‍ ഇല്ലെന്നു ശക്തമായി പറയുന്നു.

Covid_Vaccine-injection

 

സമ്പന്നരെന്നും അഭ്യസ്തവിദ്യരെന്നും മുറവിളികൂട്ടുന്ന യുഎസില്‍ വെറും 59 ശതമാനം ജനങ്ങള്‍ മാത്രം ഫുള്‍ വാക്സിനേഷന്‍ സ്വീകരിച്ചിട്ടുള്ളൂ. 2019 ഡിസംബര്‍ 14 മുതല്‍ വാക്സിനേഷന്‍ ഇവിടെ ആരംഭിച്ചെങ്കിലും 41 ശതമാനം പൗരസമൂഹവും ഫുള്‍ ഡോസ് കിട്ടാത്തവരാണ്. ന്യൂജഴ്സിയിലെ മോണ്‍മൗത്ത് യൂണിവേഴ്സിറ്റിയുടെ സര്‍വ്വേപ്രകാരം 25 ശതമാനം അമേരിക്കന്‍ ജനത പരിപൂര്‍ണ്ണമായി വാക്സിനേഷന്‍ നിഷേധിച്ചവരാണ്. 

 

ഒരിക്കല്‍ കോവിഡ്-19 ബാധിച്ചു പൂര്‍ണ്ണ സുഖം പ്രാപിച്ചവര്‍ക്കു സാമാന്യം മെച്ചമായ രീതിയില്‍ പ്രതിരോധ ശക്തിയുണ്ടെങ്കിലും ഒമിക്രോണ്‍ വേരിയന്‍റ് ഡല്‍റ്റ വേരിയന്‍റിലും വിഭിന്നമായി വേഗം പടര്‍ന്നു പിടിക്കുമെന്നു ഡബ്ല്യു. എച്ച്. ഒ. പറയുന്നു. നവംബര്‍ 28-ലെ ഡബ്ല്യു. എച്ച്. ഒ.യുടെ  മുന്നറിയിപ്പില്‍ ഒമിക്രോണ്‍ രോഗലക്ഷണങ്ങള്‍ പനി, ശ്വാസതടസ്സം, ചുമ, തലവേദന, അതിക്ഷീണം, തളര്‍ച്ച, മസില്‍ പെയിന്‍ തുടങ്ങി മണവും രുചിയും അനുഭവപ്പെടാതെയുള്ള വൈകല്യങ്ങള്‍ അനുഭവപ്പെടുമെന്നു പറയുന്നു.

സൗത്ത് ആഫ്രിക്ക, യു.കെ., ആസ്ട്രേലിയ, കാനഡ അടക്കം 17 രാജ്യങ്ങളില്‍ ഒമിക്രോണ്‍ വേരിയന്‍റ് രോഗലക്ഷണങ്ങള്‍ കണ്ടതായി നവംബര്‍ 29വരെയുള്ള ഡബ്ല്യു. എച്ച്. ഒ. അന്വഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

ഇന്ത്യയുടെ വിശാല മനസ്കത ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കപ്പെടുന്നു. ശക്തമായ സാമ്പത്തിക പരാധീനതയും പട്ടിണിയും മൂലം നിത്യദുരിതത്തില്‍ നട്ടംതിരിയുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കു ഒമിക്രോണ്‍ വേരിയന്‍റിനോടു പയറ്റുവാന്‍വേണ്ടി അശേഷം പ്രതിഫലേഛ ഇല്ലാതെ സൗജന്യമായി മെഡിക്കല്‍ സപ്ലൈയും ഇന്‍ഡ്യന്‍ നിര്‍മ്മിത കൊറോണവൈറസ് വാക്സിനും കൊടുക്കുന്നതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. 

 

സമീപഭാവിയിൽ തന്നെ ഭീകര പകര്‍ച്ചവ്യാധി കൊറോണ വൈറസില്‍നിന്നും മുക്തിനേടി സ്വൈര്യ ജീവിതത്തില്‍ എത്തിച്ചേരണമെന്ന ലോക ജനതയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ഒമിക്രോണ്‍ മൂലം സുനാമി തകര്‍ത്ത ചില്ലുകൊട്ടാരംപോലെ വീണ്ടും അന്ധകാരത്തില്‍ അവശേഷിക്കുന്നതായി അനുഭവപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com