ADVERTISEMENT

 

ഫിലഡല്‍ഫിയ∙അമേരിക്കയുമായിട്ടുള്ള സുദീര്‍ഘ ശീതസമരത്തിന് കൂടുതല്‍ ഉത്തേജനം നല്‍കി ഇന്‍റര്‍ കോണ്ടിനെന്‍റല്‍ ബാലിസ്റ്റിക്ക് മിസൈല്‍ (ഐസിബിഎം) പരീക്ഷണം നടത്തിയതായി നോര്‍ത്ത് കൊറിയ പ്രസിഡന്‍റ് കിം ജോങ് ഉന്‍ പ്രസ്താവിച്ചതായി അസ്സോസിയേറ്റ് പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ആഴ്ച നടത്തിയ മിസൈല്‍ വിക്ഷേപണം അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങളെ ഭയപ്പെടുത്തി, യുണൈറ്റഡ് നേഷന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച സാമ്പത്തിക വിലക്കുകള്‍ നീക്കം ചെയ്യുമെന്ന ഉദ്ദേശത്തോടെയും നോര്‍ത്ത് കൊറിയ ഒരു ന്യൂക്ലിയര്‍ ശക്തിയായി മാറിയെന്ന മൗഢ്യമായ വിശ്വാസം അന്തര്‍ദേശീയമായി പ്രചരിപ്പിക്കുന്നതിനും വേണ്ടിയെന്ന് രാജ്യതന്ത്രജ്ഞന്മാര്‍ പറയുന്നു. ഇപ്പോള്‍ നോര്‍ത്ത് കൊറിയ സാമ്പത്തികമായി വന്‍ ദുരിതത്തിലും തകര്‍ച്ചയിലും ആയതായി എ.പി. അടക്കം പല മാധ്യമങ്ങളും പറയുന്നു. യുഎന്നിലേയ്ക്കുള്ള അമേരിക്കന്‍ അംബാസിഡര്‍ ലിന്‍ഡാ ഗ്രീന്‍ഫീല്‍ഡ് ഏപ്രില്‍ ഒന്നിനുകൂടിയ സെക്യൂരിറ്റി കൗണ്‍സില്‍ മീറ്റിങ്ങില്‍ നോര്‍ത്ത് കൊറിയയുടെ മേലുള്ള സാമ്പത്തിക വിലക്കുകള്‍ കൂടുതല്‍ കടുപ്പിക്കണമെന്നും മന്ദഗതിയിലുള്ള നിബന്ധനകള്‍ പരാജയപ്പെട്ട തന്ത്രമായി വീക്ഷിക്കുമെന്നും പ്രഖ്യാപിച്ചു.

 

പ്രതിവര്‍ഷ ആളോഹരി വരുമാനം അഥവാ പെര്‍ക്യാപിറ്റ ഇന്‍കം അമേരിക്കയില്‍ 39,052 ഡോളറും ഇന്ത്യയില്‍ 1717.72 ഡോളറും ഏറ്റവും സമ്പന്ന രാജ്യമായ ഖത്തറില്‍ 61,264 ഡോളറും ഉള്ളപ്പോള്‍ ഡെമോക്രാറ്റിക് പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് നോര്‍ത്ത് കൊറിയ (ഡി.പി.ആര്‍.കെ.) എന്ന അഹന്തയോടെ പറയുന്ന നോര്‍ത്ത് കൊറിയായില്‍ വെറും 1108 ഡോളര്‍ മാത്രം. കൊറോണ വൈറസ് വ്യാപനത്തിന് മുന്‍പായി 2019-ല്‍ പോലും 43 ശതമാനം ജനങ്ങള്‍ ദരിദ്രമേഖലയില്‍തന്നെ കഴിഞ്ഞതായി ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംങ് കോര്‍പ്പറേഷന്‍ കഴിഞ്ഞ നവംബര്‍ 5-ന് ബ്രോഡ്കാസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ കൊറിയയിലെ  ശക്തമായ മഴയും കൊടുംകാറ്റും കൊറോണവൈറസ് വ്യാപനവും 2006 മുതലുള്ള കടുപ്പിച്ച യു.എന്‍. സാങ്ഷനും ഉത്തരകൊറിയായെ പട്ടിണി രാജ്യങ്ങളുടെ പട്ടികയിലേക്ക് താഴ്ത്തി. 

 

നോര്‍ത്ത് കൊറിയയുടെ മേലുള്ള യുഎന്‍ സാങ്ഷന്‍ അവസാനിയ്ക്കുന്നതോടൊപ്പം സുരക്ഷയും ഉറപ്പാക്കണമെന്ന ആവശ്യം അയല്‍ രാജ്യങ്ങളായ  യു.എന്‍. വീറ്റോ പവ്വര്‍ ഉള്ള റഷ്യയും ചൈനയും നിരന്തരം സെക്യൂരിറ്റി കൗണ്‍സില്‍ ആവശ്യപ്പെടുന്നുണ്ട്. 2018-ല്‍ ഡി.പി.ആര്‍.കെ. സ്വയമായി ലോങ് റേഞ്ച് മിസൈലിന്‍റെയും ന്യൂക്ലിയര്‍ ടെസ്റ്റിന്‍റെയും പരീക്ഷണങ്ങള്‍ക്ക് താത്കാലിക വിരാമം ഇട്ടതില്‍ അമേരിക്ക യാതൊരുവിധ അഭിനന്ദനപ്രകടനങ്ങളും നടത്തിയില്ലെന്നുള്ള കുറ്റാരോപണം ചൈനീസ് യു.എന്‍. അംബാസിഡര്‍ ഷാജ് ജുന്‍ ലജ്ജാരഹിതനായി നടത്തി. കഴിഞ്ഞ സെക്യൂരിറ്റി കൗണ്‍സില്‍ മീറ്റിംഗില്‍ നോര്‍ത്ത് കൊറിയ അംബാസിഡര്‍ പരിഭവങ്ങളോ പരാതികളോ പ്രകടിപ്പിക്കാതെ നിശബ്ദമായി സംബന്ധിച്ചു. യു.എന്‍. പ്രതികരണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു സന്ദേശംമാത്രം അയച്ചു.

 

നോര്‍ത്ത് കൊറിയയുടെ നൂക്ലിയര്‍ മിസൈല്‍ നിര്‍മ്മാണത്തിനാവശ്യമായ സാങ്കേതിക വിദ്യകളും സെന്‍സിറ്റീവ് ഐറ്റംസും റഷ്യന്‍ ഗവര്‍മെന്‍റ് കൊടുത്തതില്‍ യുഎന്‍ കുപിതമായി നോര്‍ത്ത് കൊറിയായിയ്ക്കൊപ്പം റഷ്യയുടെമേലും വിലക്കുകള്‍ ഏര്‍പ്പെടുത്തി.

ശാന്തമായ അന്തരീക്ഷത്തിലേക്ക് കറുത്ത പുകയും തീയും തുപ്പിയുള്ള ന്യൂക്ലിയര്‍ മിസൈല്‍ വിക്ഷേപണം ഹോളിവുഡ് മൂവിപോലെ ടെലിവിഷന്‍ ചാനലുകളിലൂടെ നോര്‍ത്ത് കൊറിയന്‍ ജനതയെ കാണിച്ചു. അനേക ലക്ഷം മനുഷ്യജീവികളെ ഒറ്റ സ്പോടനത്തില്‍ ചിന്നഭിന്നമാക്കി ദാരുണ കുലചെയ്യുവാന്‍ പ്രാപ്തമായ ഐസിബിഎം വഹിച്ചുകൊണ്ടുള്ള 36-വീലര്‍ ട്രക്കിന്‍റെ മുന്‍പിലായി ഏകാധിപതി കിം ജോങ് കറുത്ത കണ്ണടയും വെച്ച് സാവധാനം സകല ലോകനേതാക്കളേയും വെല്ലുവിളിക്കുന്നതുപോലെ നടന്നുനീങ്ങുന്ന ദൃശ്യം പല മാധ്യമങ്ങളും ലൈവ് ആയി പ്രക്ഷേപണം ചെയ്തു.

 

ഹാഫ്സോങ്-17 മിസൈല്‍ അയല്‍ രാജ്യങ്ങളുടെ സമുദ്രതീരങ്ങളുടെ സുരക്ഷിതാര്‍ത്ഥം 6206 കിലോമീറ്റര്‍ ഉയര്‍ച്ചയിലേക്ക് വിക്ഷേപണം ചെയ്തു. 67 മിനിറ്റുകള്‍ക്കുശേഷം  1088 കിലോമീറ്റര്‍ സഞ്ചരിച്ചു നോര്‍ത്ത് കൊറിയയുടെയും ജപ്പാന്‍റെയും മദ്ധ്യേയുള്ള സമുദ്രത്തില്‍ പതിച്ചതായി കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

 

നോര്‍ത്ത് കൊറിയ ആദ്യമായി വിക്ഷേപണം ചെയ്ത ന്യൂക്ലിയര്‍ ഐസിബിഎമ്മിന്‍റെ സാങ്കേതികമായ വസ്തുനിഷ്ഠത പൂര്‍ണ്ണ വിജയകരമായിരുന്നതായി കെസിഎന്‍എ അവകാശപ്പെടുന്നു. സൗത്ത് കൊറിയയുടെയും ജപ്പാന്‍റെയും സൈനീക മേധാവികളുടെ അഭിപ്രായാനുസരണം 9962 കിലോമീറ്റര്‍ ദൂരത്തായുള്ള അമേരിക്കന്‍ മെയിന്‍ലാന്‍റിലുള്ള നിശ്ചിത ടാര്‍ജെറ്റില്‍ പതിക്കുവാന്‍ നവജാതനായ ഐ.സി.ബി.എം. പരിപൂര്‍ണ്ണമായി പ്രാപ്തനാണ്. റോഡുമാര്‍ഗ്ഗം ട്രാന്‍സ്പോര്‍ട്ടേഷന്‍ നടത്തുവാന്‍ സാധിതമായ 82 അടി നീളമുള്ള ഹാഫ്സോങ്-17 മിസൈല്‍ ലോകത്തിലെ ഏറ്റവും വലിപ്പവും റേഞ്ചും ഉള്ളതായി പല സൈനീക വെപ്പണ്‍ അനലിസ്റ്റുകളും കഴിഞ്ഞ ദിവസങ്ങളില്‍ വെളിപ്പെടുത്തി.

 

ഭൂമണ്ഡലത്തെ നിശേഷം നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ പ്രാപ്തമായ ന്യൂക്ലിയര്‍ പവ്വര്‍ വാഹിനിയായ ഐസിബിഎം അടക്കം വന്‍ ആയുധശേഷിയും 12.8 ലക്ഷം സൈനീകരും 6 ലക്ഷത്തിലധികം മിലിട്രി റിസേര്‍വ് പേഴ്സണലും ഉള്ള നോര്‍ത്ത് കൊറിയയുടെ പ്രസിഡന്‍റ് കിമ്മിന്‍റെ പ്രായം 39 വയസ്സ്. അപ്രതീക്ഷമായി യുവത്വത്തിന്‍റെ മാരകമായ ദുഷ്പ്രസരിപ്പില്‍ രണ്ടാം ലോകമഹായുദ്ധത്തിന്‍റെ സൃഷ്ടികര്‍ത്താവായ അഡോള്‍ ഹിറ്റ്ലറിന്‍റെയോ മുന്‍ ഇറാക്ക് പ്രസിഡന്‍റ് സദാം ഹൂസൈന്‍റെയോ ചിന്താഗതിയില്‍ എത്തിയാലുള്ള ഭവിഷ്യത്തുകള്‍ വിഭാവനയില്‍നിന്നും തികച്ചും വിദൂരതയിലാണ്. ന്യൂക്ലിയര്‍ ആയുധങ്ങളുടെ സംഹാരശേഷി കൃത്യമായി ആരും അറിയുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com