ഹൂസ്റ്റണ്‍ ∙ മരിയുപോളില്‍ ശേഷിക്കുന്ന യുക്രെയ്ന്‍ പോരാളികള്‍ കീഴടങ്ങിയില്ലെങ്കില്‍ 'ഉന്മൂലനം' ചെയ്യുമെന്ന് റഷ്യ ഞായറാഴ്ച മുന്നറിയിപ്പ് നല്‍കി. റഷ്യൻ സൈന്യം ഏകദേശം രണ്ട് മാസമായി ഉപരോധിച്ച തെക്കന്‍ തുറമുഖ നഗരത്തിലെ അവസാന പ്രദേശം പിടിച്ചെടുക്കാനുള്ള രക്തരൂക്ഷിതമായ യുദ്ധത്തിനു തുടക്കമിടുമെന്നതിന്റെ സൂചനയാണിത്. നഗരത്തിലെ വിശാലമായ സ്റ്റീല്‍ പ്ലാന്റിലാണ് യുക്രെയ്ന്‍ സൈന്യം തമ്പടിച്ചിരിക്കുന്നത്. ആയുധങ്ങള്‍ ഉടന്‍ താഴെയിടണമെന്ന് റഷ്യന്‍ സൈന്യം ആവര്‍ത്തിച്ചു ആവശ്യപ്പെട്ടു.
പതിനായിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതായി യുക്രെയ്ൻ പ്രസിഡന്റ് സെലെന്‍സ്‌കി പറഞ്ഞ മരിയൂപോളില്‍ റഷ്യ നടത്തിയ ഭീഷണി കടുത്ത ഭയമാണ് ഉയര്‍ത്തിയിരിക്കുന്നത്. കൂടാതെ ഒരു ലക്ഷത്തിലധികം ആളുകള്‍ ഭക്ഷണവും വെള്ളവും ലഭിക്കാതെ കുടുങ്ങിക്കിടക്കുന്നതായി ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു. റഷ്യന്‍ സൈന്യം നഗരത്തില്‍ കൂടുതല്‍ അതിക്രമങ്ങള്‍ നടത്തിയാല്‍ മോസ്‌കോയുമായി സമാധാന ചര്‍ച്ചകള്‍ തുടരാന്‍ താന്‍ വിസമതിക്കുമെന്ന് സെലെന്‍സ്‌കി പറഞ്ഞു.
യുക്രെയ്‌ന്റെ തെക്കുകിഴക്കന്‍ തീരം നിയന്ത്രിക്കാനും അധിനിവേശ ക്രിമിയയിലേക്ക് ഒരു കരപ്പാലം പൂര്‍ത്തിയാക്കാനും, കിഴക്ക് കൂടുതല്‍ ശക്തി കേന്ദ്രീകരിക്കാനുമുള്ള റഷ്യയുടെ ശ്രമമാണിത്. മരിയുപോള്‍ പിടിച്ചെടുക്കുന്നത് ഗണ്യമായ മുന്നേറ്റമാണെന്ന് റഷ്യയ്ക്ക് നന്നായറിയാം.
ശനിയാഴ്ച കീവിലെയും മൈക്കോളൈവിലെയും സൈനിക ലക്ഷ്യങ്ങള്‍ തകര്‍ത്തതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുക്രെയ്ൻ തലസ്ഥാനത്തിന് പുറത്തുള്ള ഒരു സൈനിക പ്ലാന്റിലും ഞായറാഴ്ച ആക്രമണമുണ്ടായി, കിഴക്കന്‍ നഗരമായ ഖാര്‍കിവില്‍ റോക്കറ്റ് പതിക്കുകയും കെട്ടിടങ്ങളും മാര്‍ക്കറ്റും അഗ്‌നിക്കിരയാക്കുകയും ചെയ്തതിനെ തുടര്‍ന്ന് കുറഞ്ഞത് മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
റഷ്യന്‍ നാവികസേനയുടെ കമാന്‍ഡറും മറ്റ് ഉദ്യോഗസ്ഥരും കൂടിക്കാഴ്ച നടത്തുന്നതായി കാണിക്കുന്ന ഒരു വിഡിയോ ശനിയാഴ്ച റഷ്യന്‍ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. ഹ്രസ്വമായ വിഡിയോയിൽ അഡ്മിറല്‍ ഡസന്‍ കണക്കിന് നാവികരെ അഭിസംബോധന ചെയ്യുന്നതായി കാണിച്ചു, എന്നാല്‍ ബാക്കിയുള്ളവരെക്കുറിച്ച് ഒരു വിശദീകരണവുമില്ല. ജീവനക്കാരിൽ ചിലര്‍ മരിച്ചതായി സൂചനയുണ്ട്, എന്നാല്‍ എണ്ണം വ്യക്തമല്ല.