കൊച്ചി∙ സാമ്പത്തിക തട്ടിപ്പ് ആരോപിച്ചു നിർമൽ ഇൻഫോപാർക്ക് എംഡി ഉൾപ്പടെയുള്ളവർക്കെതിരെ ബംഗളുരു ആസ്ഥാനമായ ഐഎസ്ഡിസി പ്രോജക്ട്‌സ് എന്ന കമ്പനി നൽകിയ പരാതി ദേശീയ കമ്പനി നിയമ ട്രിബ്യൂണൽ തള്ളി. കമ്പനി നിയമം 241, 242 വകുപ്പുകൾ പ്രകാരം ഐഎസ്ഡിസിക്കു വേണ്ടി ഡയറക്ടർ അൻസു ടോം നൽകിയ പരാതിയാണ് തള്ളിയത്. ഐഎസ്ഡിസി പ്രോജക്ട്‌സിന് നിർമൽ ഇൻഫോപാർക്ക് കമ്പനിയിൽ 15 ശതമാനം ഓഹരികളുണ്ടെന്ന വാദം നിലനിൽക്കാത്ത സാഹചര്യത്തിലാണ് ട്രിബ്യൂൺ നടപടി.
കമ്പനിയെയും ചെയർമാൻ ജോൺ ടൈറ്റസ്, മാനേജിങ് ഡയറക്ടർ സ്റ്റീഫന്‍ പുതുമന, ഡയറക്ടർമാരായ പി. എൻ. എഴുത്തച്ഛൻ ബാലറാം, സണ്ണി വി. ഫിലിപ്പ്, ആന്റണി തളിയത്ത്, ജോൺ കെ. കോശി, ജോർജ് വർഗീസ്, കെ. പാപ്പച്ചൻ തുടങ്ങി 11 പേരെയും എതിർ കക്ഷിയാക്കിയായിരുന്നു പരാതി. മാനേജിങ് ഡയറക്ടർ കമ്പനിയുടെ ഓഹരികള്‍ വാഗ്ദാനം ചെയ്തെന്നും കമ്പനിയുടെ ചീഫ് ഫിനാന്‍സ് ഓഫീസർ ടി. സുനില്‍കുമാറിന്റെ നിര്‍ദേശപ്രകാരം 2018, 2019 വര്‍ഷങ്ങളില്‍ നാല് തവണകളിലായി പണം കൈമാറിയെന്നുമാണ് ഇവരുടെ അവകാശവാദം.
നിയമ പ്രകാരം ഓഹരികൾ ഇഷ്യൂ ചെയ്യുന്നതിനുള്ള നടപടികൾ കമ്പനി പൂർത്തിയാക്കിയിട്ടില്ലെന്നു ട്രിബ്യൂൺ കണ്ടെത്തി. പണം കൈമാറിയതിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റ്, ഇവർ ഹാജരാക്കിയ ഓഹരി സർട്ടിഫിക്കറ്റ്, ഹർജിക്കാർ ഓഹരി വാങ്ങുന്നതിനു നൽകിയ താൽപര്യ പത്രം എന്നിവ പരാതിക്കാരുടെ വാദം തെളിയിക്കാൻ മതിയായതല്ല എന്നു ട്രിബ്യൂൺ ചൂണ്ടിക്കാട്ടി.
കമ്പനിയുടെ ഏകാധിപത്യ പ്രവണതകൾക്കും സാമ്പത്തിക ദുരുപയോഗത്തിനും എതിരെ ട്രിബ്യൂണിൽ പരാതിപ്പെടാവുന്ന വകുപ്പുകളാണ് 241ഉം, 241ഉം. 10 ശതമാനമെങ്കിലും ഓഹരി കൈവശമുള്ളവർക്കാണ് ഇതിന് അവകാശമുണ്ടാകുക. നാലു ശതമാനം മാത്രം ഓഹരിയാണ് കമ്പനി എസ്ഡിസി പ്രൊജക്ട്സിന് ഇഷ്യു ചെയ്തിട്ടുള്ളൂ എന്ന കണ്ടെത്തിലാണ് ഹർജി തള്ളിയിരിക്കുന്നത്.