ഫൊക്കാന 2022 സാഹിത്യ സമ്മേളനം : മുരളി നായർ ചെയർമാൻ, ഗീത ജോർജ് കോർഡിനേറ്റർ

fokana-literature-fest
SHARE

ഒർലാന്റോ∙ 2022 ജൂലൈ 7 മുതൽ 10 വരെ ഒർലാന്റോയിലെ ഹിൽട്ടൺ ഡബിൾ ട്രീ ഹോട്ടലിൽ നടക്കുന്ന ഫൊക്കാന ഗ്ലോബൽ ഡിസ്‌നി കൺവൻഷനൊടനുബന്ധിച്ച്‌ നടത്തുന്ന സാഹിത്യ സമ്മേളനത്തിന്റെ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. പ്രശസ്ത സാഹിത്യകാരനും ഇമ്മിഗ്രേഷൻ അഭിഭാഷകനുമായ മുരളി ജെ. നായർ ആണു കമ്മിറ്റി ചെയർമാൻ. 

ഫൊക്കാന നാഷനൽ കമ്മിറ്റി അംഗം ഗീത ജോർജ് കോർഡിനേറ്റർ ആയ കമ്മിറ്റിയിൽ പ്രശസ്ത എഴുത്തുകാരൻ കോരസൺ വറുഗീസ്‌, പ്രമുഖ സാഹിത്യകാരനും എഡിറ്ററുമായ  ബെന്നി കുര്യൻ, എന്നിവർ കോ-ചെയർമാനും ആയി പ്രവർത്തിച്ചു വരികയാണ്. മാധ്യമ പ്രവർത്തകനും കേരള ടൈംസ് ചീഫ് എഡിറ്ററുമായ ഫ്രാൻസിസ് തടത്തിൽ ആണു മോഡറേറ്റർ.

മലയാളത്തിൽനിന്നും മറ്റു ഭാരതീയഭാഷകളിൽനിന്നും ഇംഗ്ലീഷിലേക്കുള്ള വിവർത്തനസാഹിത്യം കേന്ദ്രീകരിച്ചാണ് ഇക്കൊല്ലത്തെ ഫൊക്കാനാ സാഹിത്യസമ്മേളനം വിഭാവനം ചെയ്തിരിക്കുന്നത്.  1785-ൽ ചാൾസ് വിൽക്കിൻസ് ഭഗവത്ഗീത ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതു മുതൽ ഭാരതീയഭാഷകളിൽ നിന്ന് അനേകം ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രശസ്ത പരിഭാഷ രവീന്ദ്രനാഥടാഗോറിന്റെ ഗീതാഞ്ജലിയാണെന്നു പറയാം. ബംഗാളിയിലെഴുതപ്പെട്ട തന്റെ സ്വന്തം കൃതിക്കു ടാഗോർ തന്നെ നടത്തിയ പരിഭാഷക്കായിരുന്നല്ലോ 1913-ലെ സാഹിത്യത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചത്.

പിന്നീട് ഭാരതീയരായ പല എഴുത്തുകാരും  നൊബേൽ സമ്മാനത്തിനു പരിഗണിക്കപ്പെട്ടിരുന്നു എന്നു പറഞ്ഞുകേട്ടിട്ടുണ്ട്.  വിവർത്തന ചരിത്രത്തിന്റെ ഇങ്ങേത്തലക്കലിതാ ഹിന്ദിയിൽ നിന്ന്  ഇംഗ്ലീഷിൽ പരിഭാഷ ചെയ്ത ഒരു നോവലിനു ഇക്കൊല്ലത്തെ ഇന്റർനാഷനൽ ബുക്കർ പ്രൈസ് വരെ  ലഭിച്ചിരിക്കുന്നു.  ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ അവാർഡായ ജെ.സി.ബി. പ്രൈസ് അടുത്തകാലത്തായി മലയാളത്തിൽ നിന്നുള്ള രണ്ടു ഇംഗ്ലീഷ് പരിഭാഷകൾക്കാണു ലഭിച്ചത്.

 വിവർത്തനസാഹിത്യത്തെപ്പറ്റിയൊരു വിശദപഠനത്തിനു പറ്റിയ സമയം ഇതുതന്നെയാണെന്ന വിലയിരുത്തലാണ് ഫൊക്കാന ഇക്കുറി സാഹിത്യ ചർച്ചയുടെ വിഷയം വിവർത്തന സാഹിത്യ ശാഖയെക്കുറിച്ചക്കാൻ തീരുമാനിച്ചത്.  മലയാളത്തിൽനിന്ന് ഇംഗ്ളീഷിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള വിവിധ പുസ്തകങ്ങളെപ്പറ്റിയുള്ള അവലോകനത്തിനും ചർച്ചയ്ക്കും ഈ സമ്മേളനം വേദിയാകുമെന്നാണ് കരുതുന്നത്.  കൂടാതെ പങ്കെടുക്കുന്നവരുടെ എഴുത്തനുഭവങ്ങൾ മുൻ നിർത്തി വട്ടമേശ സമ്മേളനത്തിന്റെ ഫോർമറ്റിലുള്ള ഒരു സംവാദവും ഉണ്ടായിരിക്കുന്നതാണ്. സാമൂഹ്യമാധ്യമങ്ങൾ വഴി കേരളത്തിൽനിന്നു സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന എഴുത്തുകാരെപ്പറ്റിയുള്ള വിവരങ്ങൾ പിന്നീട് പങ്കുവയ്ക്കുന്നതാണ്.

ഈ സമ്മേളനം നയിക്കുന്നു മുരളി ജെ. നായർ ഇംഗ്ളീഷിലും മലയാളത്തിലും കൃതികൾ പ്രസിധ്ധീകരിച്ചിട്ടുള്ള സാഹിത്യകാരനെന്നതിനുപുറമേ ഒരു വിവർത്തകനും കൂടിയാണ്.  വി.ജെ. ജയിംസിന്റെ  "ചോരശാസ്ത്രം" ഇദ്ദേഹമാണു ഇംഗ്ളീഷിലീക്കു വിവർത്തനം ചെയ്തത്. “Chorashastra, The Subtle Science of Thievery” എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ പരിഭാഷ ബാംഗ്ളൂരിലെ “ആട്ട ഗലാട്ടാ ലിറ്റററി പ്രൈസി“ൻ്റെ അവസാന അഞ്ചിൽ എത്തിയിരുന്നു. ഇദ്ദേഹം മലയാളത്തിലെ പ്രശസ്ത എഴുത്തുകാരുടെ വേറെയും കഥകൾ ഇംഗ്ളീഷിലേക്കു പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്.   

കേരളത്തിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളിലും അമേരിക്കയിലും ഗള്‍ഫിലുമുള്ള മലയാളം, ഇംഗ്ളീ‌ഷ് പ്രസിദ്ധീകരണങ്ങളിലും ഓണ്‍ലൈനിലുമായി അനേകം ലേഖനങ്ങളും യാത്രാവിവരണങ്ങളും ഫീച്ചറുകളും കഥകളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുള്ള മുരളി ജെ. നായർ, നൂറിലേറെ ലോകരാജ്യങ്ങളിലും അമേരിക്കയിലെ 45ൽ അധികം സ്റ്റേറ്റുകളിലും സഞ്ചരിച്ചിട്ടുമുണ്ട്.  

പുസ്തകരൂപത്തിലുള്ള ആദ്യകൃതി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ച ഗ്രീക് യാത്രാവിവരണമായ 'ഇതിഹാസങ്ങളുടെ മണ്ണില്‍' ആണ്. മലയാളത്തിലുള്ള മറ്റു കൃതികൾ നിലാവുപൊഴിയുന്ന ശബ്ദം (കഥകള്‍), സ്വപ്നഭൂമിക (നോവല്‍), ഹൺടിംഗ്ഡൺ താഴ്വരയിലെ സന്ന്യാസിക്കിളികൾ (കഥകൾ) എന്നിവയാണ്. ഇംഗ്ലിഷിൽ The Monsoon Mystic എന്ന നോവലും പ്രസിധീകരിച്ചിട്ടുണ്ട്.  

2000-ത്തിലെ ഫൊക്കാന ചിന്താധാരാ സ്വര്‍ണമെഡൽ അടക്കമുള്ള വിവിധ ഫോക്കാനാ അവാര്‍ഡുകൾ, മാമ്മന്‍ മാപ്പിള അവാര്‍ഡ്‌, ഹ്യുസ്റ്റൻ റൈറ്റേഴ്സ് ഫോറം അവാര്‍ഡ്, ട്രൈസ്റ്റേറ്റ് കേരളഫോറം അവാർഡ് എന്നിവയടക്കം പല സാഹിത്യപുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ഫിലഡല്‍ഫിയയിൽ സ്വന്തമായി ഇമ്മിഗ്രേഷൻ ലോ അറ്റോർണി ഫേം നടത്തുന്നുണ്ടെങ്കിലും കൂടുതൽ സമയവും യാത്രയ്ക്കായി മാറ്റിവച്ചിരിക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അമിതാഭ് ബച്ചനെയൊക്കെ പ്രൊമോട്ടർ ആക്കാൻ ഇതൊക്കെ മതിയല്ലേ

MORE VIDEOS
FROM ONMANORAMA