ADVERTISEMENT

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രവാസി മലയാളികൾ അവരുടെ ആശയങ്ങളും നിർദേശങ്ങളും മുന്നോട്ടുവച്ച വേദിയായിരുന്നു ലോകകേരള സഭ. മൂന്നാം സമ്മേളനത്തിൽ യുഎൻ മുൻ ഉദ്യോഗസ്ഥനും അമേരിക്കൻ മലയാളിയുമായ ജോർജ് ഏബ്രഹാം നടത്തിയ നിർദേശങ്ങളുടെയും പ്രസംഗത്തിന്റെയും സംഗ്രഹമാണു ചുവടെ. രേഖാമൂലമുള്ള നിവേദനങ്ങൾ ഉൾപ്പെടെയുള്ള സാങ്കേതിക സെഷനുകളിൽ അദ്ദേഹം വളരെ വിശദമായി സംസാരിക്കുകയുണ്ടായി. നിരവധി വർഷത്തെ അനുഭവജ്ഞാനമുള്ള അദ്ദേഹത്തിന്റെ നിർദേശങ്ങൾ ഭാവിയെ നിർമിക്കുന്നതിൽ വലിയ പ്രാധാന്യം വഹിക്കുന്നതാണ്. ജോർജ് ഏബ്രഹാമിന്റെ വാക്കുകളിലേക്ക്...

‘ന്യൂയോർക്കിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് തന്നെ, ലോക കേരള സഭയെ കുറിച്ച് പരാമർശിക്കപ്പെട്ട വാർത്തകളുടെ താഴെ പ്രത്യക്ഷപ്പെട്ട കമന്റുകളെല്ലാം ഞാൻ വായിച്ചിരുന്നു. അവയിൽ മിക്കതും നെഗറ്റീവ് കമന്റുകൾ ആയിരുന്നു. ഈ മീറ്റിംഗുകൾ കേവലം സമയം പാഴാക്കലായോ നികുതിദായകരുടെ പണം പൊടിക്കലായോ ആളുകൾ ധരിക്കുന്നത് തീർച്ചയായും സങ്കടകരമാണ്. എന്നാൽ, മുൻകാല സമ്മേളനങ്ങളിൽ നിന്നുരുത്തിരിഞ്ഞ പല ആശയങ്ങളും സർക്കാർ ഭരണത്തിൽ ഉൾപ്പെടുത്തിയതായാണ് ഞാൻ മനസ്സിലാക്കുന്നത്. ഈ മുന്നേറ്റങ്ങൾ കൃത്യമായി ജനങ്ങളിലേക്ക് സംവദിക്കാൻ കൂടുതൽ ശ്രമങ്ങൾ നടത്തേണ്ടി വന്നേക്കാം. നമുക്ക് കൂടുതൽ ലക്ഷ്യങ്ങൾ ഉണ്ടാവുകയും അവ സാക്ഷാത്കരിക്കുന്നതിനായുള്ള പ്രയത്നം തുടരുകയും വേണം. പ്രസക്തമായി നമുക്ക് തുടരണമെന്നുണ്ടെങ്കിൽ, ഫലാധിഷ്‌ഠിതമാകേണ്ടത് ഈ സമ്മേളനത്തിന്റെ ഉത്തരവാദിത്തമാണ്. മണി ഓർഡർ ഇക്കോണമി എന്നാണ് കേരളത്തിലെ സമ്പദ്‌വ്യവസ്ഥ അറിയപ്പെടുന്നത്. വയർ ട്രാൻസ്ഫർ എന്ന് വേണമെങ്കിലും ഇന്ന് നിങ്ങൾക്കത് മാറ്റി വിളിക്കാം. വിദേശത്തുനിന്ന് അയയ്ക്കുന്ന പണത്തിന്റെ 20 ശതമാനവും കേരളത്തിലേക്കാണ് എത്തുന്നത്, സംസ്ഥാനത്തെ സമ്പദ്‌വ്യവസ്ഥയുടെ നിലനിൽപ്പും ഇതിനെ ആശ്രയിച്ചാണ്.

loka-kerala-sabha-6

കേരളത്തിലെ ജനങ്ങൾക്ക് ആ യാഥാർഥ്യത്തെക്കുറിച്ചോ, എല്ലാ പ്രവാസികളും മടങ്ങിയെത്തിയാൽ എന്തായിരിക്കും സംഭവിക്കുക എന്നതിനെപ്പറ്റിയോ പൂർണ്ണമായി അറിയില്ല. മഹാമാരിയുടെ സമയത്ത് പ്രവാസികളുടെ നേർക്കുണ്ടായ സമീപനത്തിൽ ഞങ്ങൾ തൃപ്തരല്ലെന്ന് ഇവിടെ തുറന്നു പറഞ്ഞില്ലെങ്കിൽ, അതെന്റെ ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒഴിഞ്ഞുമാറലാകും. ഞങ്ങളത് അർഹിക്കുന്നില്ലേ? പ്രവാസികൾ കേരളത്തിന് നിർണായകമാണെങ്കിൽ, കേരളത്തിലെ ജനങ്ങൾ അത് മനസ്സിലാക്കി അതനുസരിച്ച് പ്രവർത്തിക്കണം. എൻആർഐകൾ ആദരിക്കപ്പെടുന്നില്ലെങ്കിൽ പോലും അർഹിക്കുന്നൊരു സ്ഥാനം ലഭിക്കുന്നതിന് വിദ്യാഭ്യാസത്തിലൂടെ അവബോധം സൃഷ്ടിക്കാൻ സർക്കാർ ഫണ്ട് അനുവദിക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. ഞങ്ങൾ ആഗ്രഹിക്കുന്നതുപോലെ വിദേശ നിക്ഷേപം ഇവിടെ കൊണ്ടുവരിക എന്നുള്ളത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. വികസനത്തിന്റെ കാര്യം വരുമ്പോളെങ്കിലും, ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് നിന്ന് , സംസ്ഥാനത്തിന്റെതായൊരു അജണ്ട നിശ്ചയിക്കണം. പുറത്തുനിന്നുള്ളവർക്ക് മുന്നിലെങ്കിലും നമ്മൾ ഐക്യം കാണിക്കേണ്ടതുണ്ട്. ഉരുക്കുമുഷ്ടി കൊണ്ടല്ല, അനുനയത്തിലൂടെയും ചർച്ചയിലൂടെയും വേണം പൊതുജന പിന്തുണ നേടാൻ.

എഫ്ഡിഐയെ ആകർഷിക്കാൻ തമിഴ്‌നാട് എങ്ങനെ ഒത്തുചേർന്നുനിന്നെന്ന് നോക്കൂ. തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളോട് കിടപിടിക്കണമെങ്കിൽ കേരളം യഥാർത്ഥത്തിൽ നിക്ഷേപ-സൗഹാർദ ഭൂമികയാകേണ്ടതുണ്ട്. ഐബിഎമ്മിന്റെ സെന്റർ ഓഫ് എക്സലൻസ് പ്രോഗ്രാമിന്റെ എംഒയുവിന് (ധാരണാപത്രത്തിന്) വേണ്ടി വാദിച്ച് അധികാരത്തിന്റെ ഇടനാഴികളിലൂടെ നടന്ന ദിവസങ്ങൾ ഞാൻ ഓർക്കുന്നു. ഐക്യരാഷ്ട്രസഭയിലെ ഒരു സിടിഒ എന്ന നിലയിൽ, യുഎന്നിലെ ഐടി തസ്തികയിലേക്ക് കേരളത്തിൽ നിന്നുൾപ്പെടെ ഇന്ത്യയിൽ നിന്നുള്ള അനേകം ഉദ്യോഗാർഥികളുടെ അഭിമുഖം ഞാൻ നടത്തിയിട്ടുണ്ട്. പ്രസ്തുത വിഷയത്തെക്കുറിച്ച് നമ്മുടെ വിദ്യാർഥികൾക്ക് ഗ്രാഹ്യമുണ്ടെന്നും ആശയവിനിമയത്തിന്റെയും ആത്മവിശ്വാസത്തിന്റെയും കാര്യത്തിൽ അല്പം പിന്നോട്ടാണെന്നുമുള്ള കാര്യമാണ് ഞാൻ ശ്രദ്ധിച്ചത്.

loka-kerala-sabha-4

എന്നാൽ, ചെന്നൈയിൽ നിന്നും മുംബൈയിൽ നിന്നുമുള്ള കുട്ടികൾ ഇക്കാര്യത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു. ബാംഗ്ലൂരോ ചെന്നൈയോ പോലൊരു കോസ്‌മോപൊളിറ്റൻ നഗരം നമുക്കില്ലാത്തതിന് നമ്മുടെ കുട്ടികളെ കുറ്റപ്പെടുത്താനാവില്ല. ഐബിഎമ്മിൽ നിന്നുള്ള സർട്ടിഫിക്കേഷൻ അവിടുള്ള സർവ്വകലാശാലകൾക്ക് സൗജന്യമായി വാഗ്ദാനം ചെയ്യുമ്പോൾ, അതിൽ നിന്നുള്ള സ്വാധീനം ആ കുട്ടികളെ അഭിമുഖം ചെയ്യുമ്പോൾ വ്യക്തമായറിയാം. ഇത് ഒരു അമേരിക്കൻ കമ്പനിയാണെന്നും അവരുമായി മുന്നോട്ടുനീങ്ങാൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞ് അന്നത്തെ ബഹുമാനപ്പെട്ട മന്ത്രി ആ കൊളാബറേഷൻ നിരസിച്ചിരുന്നില്ലെങ്കിൽ നമുക്ക് ഈ അവസ്ഥ വരില്ലായിരുന്നു. 

നമ്മുടെ സംസ്ഥാനം ഇതിനോടകം ഒരുപാട് മുന്നോട്ട് പോയെങ്കിലും, കേരളത്തിന്റെ പ്രതിച്ഛായ കർണാടകയുടെയും തമിഴ്‌നാടിന്റെയും തലത്തിലേക്ക് മാറ്റണമെങ്കിൽ അതിനുള്ള നടപടികൾക്ക് ഒരുപാട് സമയമെടുക്കും. നമുക്ക് ചെയ്യാൻ കഴിയുന്ന ഒന്നുണ്ട്. നമ്മുടെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകിക്കൊണ്ട് ആഗോളതലത്തിൽ ശോഭിക്കുന്ന തരത്തിൽ അവരെ ശക്തിപ്പെടുത്തുക. അവർ വിദേശത്ത് പോകുന്നതിലൂടെ സംസ്ഥാനത്തിനും അതിന്റെ പ്രയോജനം ലഭിക്കും. പ്രശസ്ത വിദേശ അക്കാദമിക് സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കാം. വിരമിച്ച പ്രൊഫസർമാർ/അധ്യാപകർ എന്നിവരുമായി ബന്ധപ്പെടുകയും അവരിലെ മാനവവിഭവശേഷി പ്രയോജനപ്പെടുത്തുകയും ചെയ്യുക. നമ്മുടെ അക്കാദമിക് സ്ഥാപനങ്ങളിൽ നവീകരണത്തിന്റെ അമേരിക്കൻ മാതൃക സ്വീകരിക്കുക. നവീകരണത്തിനുള്ള പരീക്ഷണശാലകളാകട്ടെ അവ.

loka-kerala-sabha-2

തെലുങ്ക് സമൂഹം യുഎസിൽ കുതിച്ചു വളരുകയാണ്. തമ്മിലുള്ള നെറ്റ്‌വർക്കിംഗാണ് അവരുടെ വിജയത്തിന്റെ പ്രധാന കാരണം. മൈക്രോസോഫ്റ്റ് സിഇഒ സത്യനാദെല്ലയുടെ സ്ഥാനത്ത് മലയാളിയായ ഒരു ഐടി പ്രൊഫഷണലായിരുന്നെങ്കിൽ, നമ്മുടെ ചെറുപ്പക്കാർക്ക് കൂടുതൽ അവസരങ്ങൾ നൽകാൻ അയാൾക്ക് കഴിയുമായിരുന്നു. ഐടി പ്രൊഫഷണലുകളുടെ ആഗോള സഖ്യം സൃഷ്ടിക്കുക വഴി, സംസ്ഥാനത്തെ ചെറുപ്പക്കാർക്ക് തൊഴിൽ അവസരങ്ങളിൽ മുന്നേറ്റം സാധ്യമാകും. 

ജീവിതത്തിന്റെ എല്ലാ മേഖലകളിലും കൂടുതൽ കാര്യങ്ങൾ കാര്യക്ഷമമായി ചെയ്യുന്നതിന് സാങ്കേതികവിദ്യ സഹായകമാണ്. വിജയം കൈവരിച്ച മലയാളികളായ ഐടി പ്രൊഫഷണലുകൾ ലോകത്തിന്റെ എല്ലാ കോണിലുമുണ്ട്. ആ വിഭവങ്ങൾ നമുക്ക് പ്രയോജനപ്പെടുത്താം.  ഐ.ടി. പ്രൊഫഷണലുകളുടെ ഒരു ആഗോള സഖ്യം ഉണ്ടാക്കുക. നമ്മുടെ ആശയങ്ങൾ പങ്കിടാൻ ഒരു കേന്ദ്ര ഡാറ്റാബേസ് സൃഷ്ടിക്കുക. ഒരു കാര്യം കൂടി ഞാൻ ചേർക്കട്ടെ. എന്തുകൊണ്ടാണ് ഇന്ത്യ ഐടി രംഗത്തൊരു മഹാശക്തിയായി നിലകൊള്ളുന്നത്? ഇംഗ്ലീഷ് എന്ന ഭാഷയാണ് അതിന് കാരണം. അതുകൊണ്ടുതന്നെ നരേന്ദ്രമോദി സർക്കാർ മുന്നോട്ട് വയ്ക്കുന്ന ത്രിഭാഷാ ഫോർമുലയെ നമ്മൾ ചെറുക്കേണ്ടതുണ്ട്. ഇംഗ്ലീഷ് ഒരു ആഗോള ഭാഷയാണ്. അത് സാങ്കേതികവിദ്യയുടെ ഭാഷയാണ്. ഏത് ഭാഷ പഠിക്കാനും മലയാളികൾ മിടുക്കരാണ്. എന്നാൽ, ഒരു ഭാഷയും നമ്മുടെ മേൽ അടിച്ചേൽപ്പിക്കാൻ പാടില്ല. ഇംഗ്ലീഷ് ഭാഷാപഠനത്തിനായി ചൈന വലിയ തുകയാണ് ചെലവഴിക്കുന്നത്. ഡൽഹി സർക്കാർ മുന്നോട്ട് വയ്ക്കുന്ന ത്രിഭാഷാ സൂത്രവാക്യം നമ്മെ ദുർബലപ്പെടുത്തുകയേ ഉള്ളൂ. ആ വിഷയം പരിഹരിക്കപ്പെടണം.

loka-kerala-sabha-3

ഇംഗ്ലീഷിൽ പ്രാവീണ്യം ലഭിക്കുന്ന വിധത്തിൽ കുട്ടിക്കാലം മുതൽ തന്നെ നമ്മുടെ കുട്ടികളെ പഠിപ്പിക്കണം. നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, മിഡിൽ ഈസ്റ്റിലെയും വികസിത രാജ്യങ്ങളിലെയും പ്രവാസികളുടെ ആവശ്യങ്ങൾ വ്യത്യസ്തമാണ്. അതിനാൽ തന്നെ, ഈ പ്രശ്നങ്ങൾ വെവ്വേറെ വേണം കൈകാര്യം ചെയ്യാൻ. സ്വത്തിന്റെ സംരക്ഷണമാണ് അമേരിക്കൻ പ്രവാസികളുടെ പ്രധാന ആശങ്കകളിലൊന്ന്. നിയമനിർവ്വഹണ തലത്തിൽ നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട് അടിയന്തര ചർച്ചകൾ നടന്നിരുന്നെങ്കിലും മുന്നോട്ട് പോകുന്നതിൽ അവ പരാജയപ്പെട്ടു. പല വികസിത രാജ്യങ്ങളിലെയും പ്രവാസികൾക്ക് അവരുടെ സ്വത്തുക്കൾ നഷ്ടപ്പെടുകയോ സിവിൽ കേസുമായി നീണ്ട വർഷങ്ങൾ ചിലവഴിക്കേണ്ടതോ ആയ പ്രശ്‌നമുള്ളതിനാൽ, സർക്കാർ ഈ പ്രശ്നം അതീവ ഗൗരവത്തിലെടുത്ത് പരിഹരിക്കേണ്ടതുണ്ട്. 

നമുക്കറിയാവുന്നതുപോലെ, ഇന്ത്യൻ പ്രവാസിസമൂഹത്തിൽ 31 മില്യൺ ആളുകളുണ്ട്. ലോകമെമ്പാടുമുള്ള അവസരങ്ങൾ തേടുന്ന സാമ്പത്തിക അഭയാർഥികളായി നമ്മൾ പ്രവാസികളെ കണക്കാക്കാം. എവിടെ പോയാലും സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും മതം അനുഷ്ഠിക്കാനും വിവേചനം നേരിടാതെ സ്വാതന്ത്ര്യമായി ജീവിക്കാനുമാണ് നമ്മൾ ആഗ്രഹിക്കുന്നത്. സ്വന്തം രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കും ദളിതർക്കും ന്യായമായ പരിഗണന ലഭിക്കാത്ത സാഹചര്യത്തിൽ, എങ്ങനെയാണ് ആതിഥേയരാജ്യത്ത് നമുക്ക് അങ്ങനൊന്ന് ആവശ്യപ്പെടാൻ സാധിക്കുക? പ്രവാസ സമൂഹത്തിനോ ഇന്ത്യൻ ഗവൺമെന്റോ നീതി ആവശ്യപ്പെടാവുന്ന ധാർമ്മികമായ തലം എവിടെയാണ് ? സ്വാതന്ത്ര്യത്തിനും വിമോചനത്തിനും വേണ്ടി ശക്തമായ ശബ്ദമാകാൻ കേരളം മുൻകൈ എടുക്കേണ്ടത് ഈ സാഹചര്യത്തിലാണ്.

loka-kerala-sabha-5

ദുർബല വിഭാഗങ്ങൾക്കെതിരെ ഇന്ത്യയിൽ എവിടെ ആക്രമണം നടന്നാലും, സമാധാനവും സൗഹാർദവും പ്രോത്സാഹിപ്പിക്കുന്ന ശബ്ദമായി കേരളം നിലകൊള്ളണം. ഒന്നുകൂടി പറഞ്ഞുകൊണ്ട് ഞാൻ അവസാനിപ്പിക്കട്ടെ. ഭൗതികമായി നാം എന്തൊക്കെ വെട്ടിപ്പിടിച്ചാലും, അവനവന്റെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടാൽ, ജീവിതം അർത്ഥശൂന്യമാകും. അതിനാൽ, നമ്മുടെ ധാർമ്മികമായ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. രാഷ്ട്രീയപരവും സാമ്പത്തികപരവും മതപരവുമായ എല്ലാ സ്വാതന്ത്ര്യങ്ങളും ധാർമ്മിക സ്വാതന്ത്ര്യത്തിൽ നിന്നാണ് ഉടലെടുക്കുന്നത്. അത് നൈസർഗികവും ദൈവദത്തവും അവിഭാജ്യവുമാണ്. സർക്കാരിന് ഉൾപ്പെടെ ആർക്കും അതെടുത്തുകളയാൻ അവകാശമില്ല, അതുകൊണ്ടുതന്നെ, സ്വാതന്ത്ര്യത്തെ സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തിൽ കേരളം മുന്നിട്ടിറങ്ങട്ടെ’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com