ADVERTISEMENT

ഡാലസ് ∙ പൗരോഹിത്യ ശുശ്രുഷയിൽ 50 വർഷം പൂർത്തിയാക്കി  മാർത്തോമ്മ സഭയുടെ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. 1972 ജൂൺ 24-ന്  മലങ്കര മാർത്തോമ്മാ സഭയുടെ ശെമ്മാശനായി തുടക്കം കുറിച്ച ബിഷപ് ഡോ. മാർ തിയഡോഷ്യസ് 2020 ജൂലൈ 12ന് സഫ്രഗൻ മെത്രാപ്പൊലീത്തയായും, 2020 നവംബർ 14ന് മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ഇരുപത്തിരണ്ടാമത് മെത്രാപ്പൊലീത്തയായും ചുമതലയേറ്റു. 

 

geevarghese-mar-theodosius-marthoma

1949 ഫെബ്രുവരി 19 ന് ജോർജ് ജേക്കബ് എന്ന പേരുകാരനായ ഡോ.തിയഡോഷ്യസ് മാർത്തോമ്മ  കേരളത്തിലെ കൊല്ലം ജില്ലയിലെ അഷ്ടമുടിയിൽ കിഴക്കേചക്കാലയിൽ കുടുംബത്തിലെ ഡോ. കെ.ജെ. ചാക്കോയുടെയും മറിയാമ്മ ചാക്കോയുടെയും മകനായി ജനിച്ചു. സ്‌കൂൾ വിദ്യാഭ്യാസകാലത്ത് തന്നെ അഷ്ടമുടിയിലും പെരുമണ്ണിലുമുള്ള പാവപ്പെട്ടവരുടെ ദുരവസ്ഥയെക്കുറിച്ച് അദ്ദേഹം ആശങ്കാകുലനായിരുന്നു.

 

theodosius-mar-thoma11

മാതാപിതാക്കളോടൊപ്പം അന്നത്തെ അഷ്ടമുടി പള്ളി വികാരി റവ.ഇ.ജെ. ജോർജ്ജ്,  കൗമാരക്കാരനായ ജോർജ്ജ് ജേക്കബിനെ ക്രിസ്തീയ ശുശ്രൂഷയുടെ ഭാഗമാക്കാൻ പ്രധാനമായും സ്വാധീനിച്ചു. എംടി സെമിനാരി ഹൈസ്കൂളിലെ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം കോട്ടയം ബസേലിയോസ് കോളേജിൽ പ്രീഡിഗ്രി. തിരുവല്ലയിലെ മാർത്തോമ്മാ കോളേജിൽ നിന്ന് 1969-ൽ സയൻസിൽ ബിരുദം എന്നിവ നേടിയ ശേഷം, മധ്യപ്രദേശിലെ ജബൽപൂരിലുള്ള ലിയനാർഡ് തിയോളജിക്കൽ കോളേജിൽ നിന്ന് 1972-ൽ ബിഡി ബിരുദം നേടി. ഇരുപത്തിമൂന്നാം വയസ്സിൽ, മാർത്തോമ്മാ സഭയുടെ ശെമ്മാശനായി അഭിഷിക്തനായി. തുടർന്ന് കശീശ്ശായായി സഭയുടെ വൈദീക ശുശ്രുഷയിൽ പ്രവേശിച്ചു. 

theodosius-mar-thoma25

 

1979-80 കാലഘട്ടത്തിൽ പശ്ചിമ ബംഗാളിലെ ശാന്തി നികേതനിലെ വിശ്വഭാരതി സർവകലാശാലയിൽ താരതമ്യ മതപഠനം എന്ന വിഷയത്തിൽ മാസ്റ്റേഴ്സ് ബിരുദം നേടി. 1980-1986 കാലഘട്ടത്തിൽ കാനഡയിലെ ഹാമിൽട്ടണിലെ മക് മാസ്റ്റർ യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്ഡിയും നേടി. 1989 ഡിസംബറിലാണ് റവ.ഡോ.ജോർജ് ജേക്കബ് ബിഷപ്പായി സ്ഥാനാരോഹണം ചെയ്യപ്പെട്ടത്. 

 

കേരളത്തിലെ നവീകരണ പ്രസ്ഥാനങ്ങളെയും ജനങ്ങളുടെ സാമൂഹിക, സാമ്പത്തിക, മതജീവിതത്തിലെ സ്വാധീനത്തെയും കുറിച്ചുള്ള ബിഷപ് ഡോ. മാർ തിയഡോഷ്യസ് രചിച്ച പുസ്തകങ്ങൾ അക്കാദമിക് മേഖലകളിൽ ഇന്നും പ്രസിദ്ധമാണ്. ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് അദ്ദേഹത്തിന്റെ ഡോക്ടറൽ പഠനം. ‘തെക്കൻ തിരുവിതാംകൂറിലെ ഈഴവരുടെ മതജീവിതത്തിലെ മാറ്റവും തുടർച്ചയും’ എന്ന ശീർഷകത്തിൽ ബിഷപ് ഡോ. മാർ തിയോഡോഷ്യസിന്റെ പ്രബന്ധം അദ്ദേഹത്തിന്റെ അക്കാദമിക് അച്ചടക്കത്തിന്റെ പ്രകടനമാണ്. ഒരാൾക്ക് ക്രിസ്തുമതം പഠിപ്പിക്കണമെങ്കിൽ മറ്റെല്ലാ മതങ്ങളെക്കുറിച്ചും പഠിക്കേണ്ടതുണ്ടെന്ന് ഡോ.തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലിത്ത വിശ്വസിക്കുന്നു. 

 

‘നാർക്കോട്ടിക് ജിഹാദ്’ വിഷയത്തിൽ മെത്രാപ്പോലീത്ത ശക്തമായ നിലപാട് സ്വീകരിക്കുകയും സമുദായങ്ങളെ ഭിന്നിപ്പിക്കുന്ന പ്രസ്താവനകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വികസനം പ്രകൃതിയുമായി ഇണങ്ങിച്ചേരണം, കെ റെയിൽ നടപ്പാക്കുമ്പോൾ ഇതുകൂടി കണക്കിലെടുക്കണം’ എന്ന കെ റെയിൽ വിഷയത്തിൽ  മാർത്തോമ്മാ സഭയുടെ നിലപാട് മറ്റൊരു ഉദാഹരണമാണ്.

 

2009 - 2016 കാലഘട്ടത്തിൽ  നോർത്ത് അമേരിക്ക - യൂറോപ് ഭദ്രാസനത്തിന്റെ അധിപൻ ആയിരുന്ന ഡോ.തിയഡോഷ്യസ് മാർത്തോമ്മ മെത്രാപൊലീത്തായ്ക്ക് പൗരോഹിത്യ ശുശ്രുഷയുടെ 50 വർഷം പൂർത്തീകരിച്ചതിലുള്ള ആശംസകളും‌ം പ്രാർഥനയും ഭദ്രാസനത്തിനു വേണ്ടി ഭദ്രാസനാധിപൻ ബിഷപ് ഡോ. ഐസക് മാർ ഫിലക്സിനോസും, സഭയിലെ വൈദീകരും, വിശ്വാസ സമൂഹവും നേർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com