ന്യൂയോർക്ക് ∙ നവംബറിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി പരാജയപ്പെട്ടാൽ 2024 ൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ പാർട്ടിയുടെ തിരിച്ചു വരവിനുള്ള സാധ്യത മങ്ങുമെന്ന് മുൻ സൗത്ത് കാരലൈന ഗവർണർ നിക്കി ഹേലി.
നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ നല്ല പ്രകടനം കാഴ്ച വയ്ക്കണമെങ്കിൽ അച്ചടക്കത്തോടും, ചിട്ടയോടും പ്രവർത്തനങ്ങൾ നടത്തണം. വോട്ടർമാരുടെ അംഗീകാരം ഈ മാർഗ്ഗത്തിലൂടെയല്ലാതെ നേടിയെടുക്കുവാൻ കഴിയുകയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
2024 ൽ ട്രംപ് മത്സരിക്കുകയാണെങ്കിൽ മത്സര രംഗത്ത് ഉണ്ടാകില്ല എന്ന തീരുമാനത്തിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, മത്സര രംഗത്തിറങ്ങുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്നും അവർ പറഞ്ഞു.
ക്യാപിറ്റോൾ ആക്രമണം അന്വേഷിക്കുന്ന സെലക്ട് കമ്മിറ്റി ട്രംപിനെതിരെ തെളിവുകളുടെ കൂമ്പാരങ്ങൾ ചികഞ്ഞുണ്ടാക്കുന്നതിൽ തനിക്ക് യോജിപ്പില്ലെന്നും നിക്കി കൂട്ടിച്ചേർത്തു.