ഫോമ കൺവൻഷൻ: ഒപ്പമുണ്ടെന്ന് ഡോ. ജേക്കബ് തോമസ്, ഡയമണ്ട് സ്പോൺസർ

dr-jacob-thomas-fomaa
ഡോ. ജേക്കബ് തോമസ്.
SHARE

ന്യൂയോർക്ക് ∙ ഡോ. ജേക്കബ് തോമസ് സെപ്റ്റംബർ ആദ്യവാരം മെക്സിക്കോയിലെ കാൻകൂണിൽ നടക്കുന്ന ഫോമ കൺവൻഷന്റെ ഡയമണ്ട് സ്പോൺസർ. 20,000 ഡോളർ സംഭവാന ചെയ്താണ് അദ്ദേഹം കൺവൻഷന്റെ പ്രധാന സ്പോൺസർമാരിൽ ഒരാളായത്.  ഡയമണ്ട് സ്പോൺസറായ ഏക വ്യക്തിയാണ് പ്രസിഡന്റ് സ്ഥാനാർഥി കൂടിയായ ഡോ. ജേക്കബ് തോമസ്. ഇതിനു താഴെ പ്ലാറ്റിനം (15000 ഡോളർ), ഗോൾഡൻ (10000 ഡോളർ) എന്നിങ്ങനെയാണ് മറ്റു സ്പോൺസർമാർ. 

പണക്കൊഴുപ്പ് കാണിക്കാനോ സ്ഥാനം പണംകൊടുത്ത് വാങ്ങാനോ അല്ല ഈ സ്പോൺസർഷിപ്പെന്നും ഫോമയുടെ വിജയകരമായ പ്രവർത്തനങ്ങൾക്ക് ഇപ്പോഴത്തെ ഭാരവാഹികൾക്കൊപ്പം നിൽക്കാനും അവർക്കൊരു കൈത്താങ്ങാകുക മാത്രമാണ് ലക്ഷ്യമെന്നും ജേക്കബ് തോമസ് വ്യക്തമാക്കി. ന്യൂയോർക്കിൽ ഒരു കൺവൻഷൻ എന്ന ആഗ്രഹം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് താനും തന്നോടോപ്പമുള്ള ടീമും പ്രവർത്തിക്കുന്നത്. സംഘടനയിൽ ഉറച്ചു പ്രവർത്തിക്കുന്നതിന് ജയാപജയങ്ങൾ പ്രശ്നമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഫോമയുടെ തിരഞ്ഞെടുപ്പിൽ താൻ നേതൃത്വം നൽകുന്ന മുന്നണി ജയിച്ചാൽ ഫോമയ്ക്ക് ആസ്ഥാനമന്ദിരം പണിയാൻ രണ്ടര ലക്ഷം ഡോളർ നൽകുമെന്ന് പ്രഖ്യാപിച്ച വ്യക്തി കൂടിയാണ് ജേക്കബ് തോമസ്. അതിനാൽ തന്നെ, അദ്ദേഹത്തിന്റെ ഈ ഡയമണ്ട് സ്പോൺസർഷിപ്പും ശ്രദ്ധേയമായി. ഫോമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു പ്രസിഡന്റ് സ്ഥാനാർഥി ഇത്രയും വലിയ സ്പോൺസർഷിപ്പ് എടുക്കുന്നത്. ഫ്രണ്ട്‌സ് ഓഫ് ഫോമാ മുന്നണി സ്ഥാനാർഥികൾ തെരഞ്ഞെടുക്കപ്പെട്ടാൽ കാൻകൂണിൽ നടക്കുന്ന സമാപന സമ്മേളന വേദിയിൽ വച്ച് ആസ്ഥാനമന്ദിരം നിർമിക്കുന്നതിനായുള്ള ആദ്യ ഗഡുവിന്റെ ചെക്ക് നൽകുമെന്നും അദ്ദേഹം മുൻപ് പറഞ്ഞിരുന്നു.

fomaa-team

അക്കാദമിക്  പ്രതിഭ

ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ മാസ്റ്റേഴ്‌സും എന്‍വയണ്‍മെന്റല്‍ സയൻസിൽ പിഎച്ച്ഡിയും ഉള്ള അപൂര്‍വ്വം ചിലരില്‍ ഒരാളാണ് ഡോ. ജേക്കബ് തോമസ്. ഇപ്പോൾ ആഗോള താപനത്തെ കുറിച്ചുള്ള ഒരു പിഎച്ച്ഡി കൂടി ചെയ്യുന്നു. ഗസ്റ്റ് പ്രൊഫസറായി ക്ലാസ് എടുക്കുകയും ചെയ്യുന്നു. ന്യൂയോര്‍ക്ക് ട്രാന്‍സിറ്റ് അതോറിറ്റിയില്‍ നിന്ന് വിരമിച്ചിട്ട് ഏതാനും വര്‍ഷമായി. നേരത്തെ നാലു വര്‍ഷം യുഎസ് നേവിയില്‍ പ്രവര്‍ത്തിച്ച കാലം കൂടി സര്‍വീസില്‍ കൂട്ടിയപ്പോള്‍ 30 വര്‍ഷം തികഞ്ഞു. അതിനാല്‍ നേരത്തെ റിട്ടയര്‍ ചെയ്തു. കൂടെയുള്ള പലരും ഇപ്പോഴും ജോലി ചെയ്യുന്നുവെന്നും ഡോ. ജേക്കബ് തോമസ് പറയുന്നു.

സംഘടനാ പ്രവര്‍ത്തനത്തിനും വ്യക്തിപരമായ കാര്യങ്ങള്‍ക്കുമൊക്കെ സമയം കണ്ടെത്താനായിരുന്നു നേരത്തെ വിരമിച്ചത്. ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ ഉദ്യോഗസ്ഥനായിരുന്ന ജേക്കബ് അമേരിക്കയില്‍ വന്ന കാലം മുതല്‍ സംഘടനകളില്‍ പ്രവര്‍ത്തിച്ച പാരമ്പര്യമുണ്ട്. ഫോമ അനുദിനം വളരുന്ന സംഘടനയാണ്. 30 അസോസിയേഷനുകളുമായി തുടങ്ങി ഇപ്പോള്‍ 84 അസോസിയേഷനുകളായി. മലയാളി സമൂഹത്തിന്റെ തുടിപ്പ് ഈ സംഘടനയിലുണ്ട്. അതു കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുക. ഇപ്പോഴുള്ള എല്ലാ നല്ല കാര്യങ്ങളും തുടരും. കേരളത്തിലെ രാഷ്ട്രീയ നേതാക്കളുമായി ഉറ്റബന്ധം പുലര്‍ത്തുന്ന ജേക്കബ് കൊല്ലത്ത് സ്വന്തമായി നടത്തുന്ന ഹോട്ടല്‍ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ഫോമയുടെ അവാര്‍ഡും ലഭിച്ചു. മുഖ്യമന്ത്രിയാണ് അത് സമ്മാനിച്ചത്. 

മികച്ച സംഘാടകൻ

നിരവധി വർഷങ്ങളായി വിവിധ സംഘടനകളുടെ തലപ്പത്ത് പ്രവർത്തിച്ച ഡോ. ജേക്കബ് തോമസ് ഏറ്റവും അവസാനം നേതൃത്വം നൽകിയത് ഫോമയുടെ കേരള കൺവൻഷനാണ്. പരിപാടിയുടെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ജേക്കബ് ഏറ്റവും മികച്ച രീതിയിൽ അത് സംഘടിപ്പിച്ചു ഫോമയുടെ രൂപീകരണ കാലം മുതൽ സജീവമായി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ഡോ. ജേക്കബ് തോമസ് വിവിധ ചുമതലകൾ ഏറ്റെടുത്തു വിജയിപ്പിച്ചിട്ടുള്ള വ്യക്തിയാണ്.

dr-jacob-yhomas-fomaa

ഫോമയുടെ പ്രഥമ ഹൂസ്റ്റൻ കൺവൻഷനിലെ റജിസ്‌ട്രേഷൻ വൈസ് ചെയർമാനായിരുന്ന ഡോ.ജേക്കബ് തോമസ്. 2014ലെ ഫിലഡൽഫിയയിലെ ഫോമ കൺവൻഷന്റെ സ്‌പോർട്‌സ് ആൻഡ് ഗെയിംസിന്റെ ജനറൽ കൺവീനറായും മെട്രോ റീജിയന്റെ ആർവിപി ആയും പ്രവർത്തിച്ച് മികവ് തെളിയിച്ചിട്ടുണ്ട്.

2015 ൽ തിരുവനന്തപുരത്ത് വച്ച് നടന്ന ഫോമയുടെ കേരളാ കൺവൻഷന്റെ ചെയർമാനായും  2017 ലെ കേരളാ കൺവൻഷന്റെ ജനറൽ കൺവീനറായും അദ്ദേഹം ഏറ്റെടുത്ത ചുമതലകൾ ഭംഗിയായി നിറവേറ്റി. ന്യൂയോർക്കിലെ ആദ്യകാല സംഘടനയായ കേരളസമാജം ഓഫ് ഗ്രേയ്റ്റർ ന്യൂയോർക്കിന്റെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചിട്ടുള്ള ഡോ.ജേക്കബ് തോമസ്, മലയാളി സമാജം, ഇന്ത്യൻ കാത്തലിക് അസോസിയേഷൻ എന്നിവയുടെയും ഭാരവാഹിയായിരുന്നിട്ടുണ്ട്.

ജീവകാരുണ്യ രംഗത്തും സജീവം

കേരളത്തിലെ നിർധനരായ കുട്ടികള്‍ക്ക് പഠനസഹായത്തിനായും, ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ഹെൽപ് ഫൗണ്ടേഷനുമായി പ്രവർത്തിക്കുകയും അവരെ സാമ്പത്തികമായി സഹായിക്കുകയും ചെയ്യുന്നു. കൊറോണ കാലത്ത് അമേരിക്കയില്‍ മെട്രോ ടാസ്ക് ഫോഴ്‌സിന്റെ കോർഡിനേറ്റർ ആയി പ്രവർത്തിച്ച് മുൻനിര പോരാളികൾക്കു വേണ്ട സഹായങ്ങൾ നൽകി. കേരളത്തിലും കൊറോണക്കാലത്ത് 50-ല്‍പരം കുടുംബങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കി. പത്തനാപുരത്തെ ഗാന്ധിഭവനില്‍ നിന്ന് ആവേശംകൊണ്ട് കൊല്ലത്ത് ഇതുപോലെ ഒരു സ്ഥാപനം സ്വന്തമായി നിർമിക്കാനുള്ള ശ്രമത്തിലാണ്. 

അമേരിക്കയിലും കേരളത്തിലും വിവിധ പ്രവർത്തനങ്ങളിലൂടെ ജനങ്ങളുടെ ഹൃദയത്തിൽ ഇടം നേടിയ ഫോമയ്ക്ക് മുന്നോട്ടുള്ള പ്രയാണത്തിൽ പുതിയ ആശയങ്ങളും കാഴ്ചപ്പാടുകളും നൽകാൻ സാധിക്കുന്ന വ്യക്തിത്വമാണ് ഡോ. ജേക്കബ് തോമസ്. നിരവധി വിഷയങ്ങൾ ഉയർത്തിപ്പിടിച്ചാണ് അദ്ദേഹവും സംഘവും തിരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. 

നടപ്പിലാക്കേണ്ട പദ്ധതികൾ

ഫോമയുടെയും പ്രവാസി മലയാളികളുടെ എക്കാലത്തെയും ആവശ്യമാണ് പ്രവാസിമലയാളികളുടെ ഇന്ത്യയിലെ-കേരളത്തിലെ സ്വത്തുക്കൾ സംരക്ഷിക്കുന്നതിനും അതിവേഗം വ്യവഹാരങ്ങൾ തീർപ്പു കൽപ്പിക്കാൻ കഴിയുന്ന അതിവേഗ കോടതികൾ (Fast Track), ട്രിബൂണലുകൾ എന്നിവ സ്ഥാപിക്കണമെന്നത്. അതിനുള്ള ശ്രമങ്ങൾക്ക് മുൻ‌തൂക്കം നൽകുക എന്നതാണ് മുഖ്യ ലക്ഷ്യങ്ങളിൽ ഒന്ന്. അതുകൊണ്ടു തന്നെ ലോകത്താകമാനമുള്ള പ്രവാസി സംഘടനകളെ ചേർത്ത് ഒരു കുടക്കീഴിൽ അണിനിരത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കഴിയണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. 

പ്രവാസി മലയാളികൾക്ക് കുറഞ്ഞ നിരക്കിൽ ആരോഗ്യ സംരക്ഷണ-പരിരക്ഷണ പദ്ധതികൾക്കുള്ള സാധ്യതകൾ ആരായും. നിലവിൽ നല്ലൊരു ശതമാനം പേരും വൻതുകകൾ ഇൻഷുറൻസിനായി നൽകുന്നുണ്ട്. വിദ്യാഭാസ രംഗത്ത്‌ പ്രവാസി മലയാളികളുടെ മക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട സൗക്യരങ്ങൾ ലഭ്യമാക്കുന്നതിനും ഉന്നത വിദ്യാഭാസ സ്ഥാപനങ്ങളിൽ പ്രവേശനം സാധ്യമാക്കുന്നതിനും ആവശ്യമായ പരിശീലനങ്ങൾ നൽകുന്നതിനുള്ള പദ്ധതികൾ നടപ്പിലാക്കുക എന്നത്‌ ഒരു സ്വപ്നമാണ്. 

അമേരിക്കൻ രാഷ്ട്രീയത്തിൽ പ്രവാസിമലയാളികളുടെയും അവരുടെ പിൻതലമുറയുടെയും പ്രാതിനിധ്യം ഉറപ്പ് വരുത്തുവാനുള്ള പ്രവർത്തങ്ങൾ നടപ്പിലാക്കേണ്ടത് അനിവാര്യമായ ഒന്നായി കാണുന്നു. മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് അവർക്ക് കടന്നുവരുവാനും, അതിനുള്ള സൗക്യരങ്ങൾ സൃഷ്ടിക്കാനും കഴിയണം.മുഴുവൻ സമയവും ജനങ്ങളുമായി സംവദിക്കാനും പ്രശ്ന പരിഹാരത്തിനും കഴിയുന്ന ഹോട് ലൈൻ സ്ഥാപിക്കുക. ഫോമയ്‌ക്ക് സ്വന്തമായി ഒരു ആസ്ഥാനമൊരുക്കാനും കഴിയണം. 

വിദേശ വാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മെച്ചപ്പെട്ട സൗകര്യങ്ങളും സഹായങ്ങളും കേരളത്തിൽ ലഭ്യമാക്കുന്നതിന് കേരള സർക്കാരുമായി ഒത്തു ചേർന്ന് പ്രവർത്തിക്കുക എന്നതും ലക്ഷ്യങ്ങളിൽ പെടുന്നു. കൗൺസിലിങ് ക്ലിനിക്കുകൾ, കൃഷി വികസന പദ്ധതികൾ, തുടങ്ങിയവും അദ്ദേഹം ലക്ഷ്യം വയ്ക്കുന്നു നിലവിലെ വാണിജ്യ-വ്യവസായ ഫോറം കൂടുതൽ ജനകീയമാക്കാനും, വിവിധ പദ്ധതികൾ നടപ്പിലാക്കാനും കഴിയണമെന്നും അദ്ദേഹം പറയുന്നു. തീർത്തും സൗഹാർദപരമായ ഒരു മൽസരമാണ് ഉദ്ദേശിക്കുന്നതെന്നും ഡോ. ജേക്കബ് തോമസ് വ്യക്തമാക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}