സ്ത്രീകൾ സ്വയംപര്യാപ്തത നേടണം, മുന്നിൽ നിരവധി പ്രവർത്തനങ്ങൾ; റെനി പൗലോസ് പറയുന്നു

reni-poulose
SHARE

മലയാളികൾ നിരവധിയുള്ള രാജ്യങ്ങളിൽ ഒന്നാണ് യുഎസ്എ. നാടുവിട്ട് മറ്റുരാജ്യങ്ങളിലേക്ക് കുടിയേറുന്നവരെ ഒരു മാലയിലെ മുത്തുപോലെ കോർത്തിണക്കുന്നത് അവിടെയുള്ള സംഘടനകളാണ്. കൂടിച്ചേരലുകളും ആഘോഷങ്ങളും സന്നദ്ധപ്രവർത്തനങ്ങളുമായി അവർ ഒരുമിച്ച് പ്രവർത്തിക്കുന്നു. അത്തരത്തിൽ കഴിഞ്ഞ 37 വർഷമായി യുഎസിലെ കലിഫോർണിയ കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘടനയാണ് മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കലിഫോർണിയ അഥവാ ‘മങ്ക’ എന്ന ചുരുക്ക നാമത്തിൽ അറിയപ്പെടുന്ന സംഘടന.

കഴിഞ്ഞ 37 വർഷമായി ഈ സംഘടന മലയാളികളുടെ വിവിധ വിഷയങ്ങളിൽ ഇടപെട്ടും ആഘോഷങ്ങൾ സംഘടിപ്പിച്ചും സജീവമായി നിലനിൽക്കുന്നു. പേരിനോട് നീതിപുലർത്തുന്ന രീതിയില്‍ ഇപ്പോൾ സംഘടനയെ നയിക്കുന്നതും ഒരു ‘മങ്ക’യാണ്, റെനി പൗലോസ്. 2021–2022 കാലഘട്ടത്തിലെ ‘മങ്ക’യുടെ പ്രസിഡന്റാണ് റെനി പൗലോസ്.

35 വർഷത്തെ പ്രവാസ ജീവിതത്തിൽ വിവിധ സംഘടനകളിൽ പ്രവർത്തിച്ചതിന്റെ അനുഭവവുമായാണ് അവർ മങ്കയെ മുന്നോട്ടു നയിക്കുന്നത്. പ്രവാസി സംഘടനകളിൽ സ്ത്രീകൾ നേതൃത്വം നൽകുന്നവ വളരെ കുറവാണ്. അതുതന്നെയാണ് റെനിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നതും. സംഘടനയുടെ പ്രവർത്തനങ്ങളെ പറ്റിയും കാഴ്ചപ്പാടുകളെ കുറിച്ചും റെനി പൗലോസ് മനോരമ ഓൺലൈനോട് സംസാരിക്കുന്നു...

∙ എന്താണ് മങ്ക? പ്രവർത്തനങ്ങൾ എന്തെല്ലാം?

‘മങ്ക’ എന്ന ചുരുക്കപ്പേരിൽ കഴിഞ്ഞ 37 വർഷമായി കലിഫോർണിയയിലെ മലയാളികളെ ചേർത്തു പിടിച്ചു കൊണ്ടുപോകുന്ന സംഘടനയുടെ പൂർണരൂപം മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കലിഫോർണിയ എന്നാണ്. ഇതിൽ ജാതിയോ മതമോ വിദ്യാഭ്യാസമോ വർഗമോ വർണമോ ബാധകമല്ല. മലയാളിയുടെ പൈതൃകത്തെ ഉയർത്തിപ്പിടിച്ച് യാതൊരു തരത്തിലുള്ള വിവേചനങ്ങളും ഇല്ലാതെ എല്ലാ ആഘോഷങ്ങളും സംഘടിപ്പിക്കുന്നുണ്ട് മങ്ക. 

രണ്ടു വർഷത്തേക്കാണ് ഒരു ഭരണസമിതിയുടെ കാലാവധി. ഞാൻ നേതൃത്വം നൽകുന്ന കമ്മിറ്റി ഇപ്പോൾ ഒരു വർഷം പിന്നിട്ടു. മങ്കയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്ത്രീ തിരഞ്ഞെടുപ്പിലൂടെ പ്രസിഡന്റായി ജയിക്കുന്നത്. മുൻപ് രണ്ടു വനിതകൾ പ്രസിഡന്റായിരുന്നെങ്കിലും അത് തിരഞ്ഞെടുപ്പിലൂടെയല്ല. ശക്തമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് ഞാനിന്ന് മങ്കയുടെ പ്രസിഡന്റായി നയിക്കുന്നത്.

മലയാളി സമൂഹത്തിനായി സാമൂഹിക, സാംസ്കാരിക, സാമ്പത്തിക പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണ് മങ്ക. ഓണം, വിഷു, ക്രിസ്മസ്, ന്യൂഇയർ... എന്നിങ്ങനെ മലയാളികൾ ആഘോഷിക്കുന്ന എല്ലാ പരിപാടികളും മങ്കയുടെ നേതൃത്വത്തിൽ നടത്തുന്നുണ്ട്. വലിയൊരു കൂട്ടായ്മയുടെ വിജയമാണ് ഞങ്ങളുടെ സംഘടനയുടേത്. ഇതിനു പുറമേ, നിരവധി കാരുണ്യ പ്രവർത്തനങ്ങളും മങ്ക നടത്തുന്നു. എല്ലാ തരത്തിലുള്ള ആളുകളെയും പ്രതിനിധീകരിക്കുന്നതിനാൽ സംഘടനയ്ക്കു കീഴിൽ നിരവധി ചെറു സംഘങ്ങൾ ഉണ്ട്. വുമൺസ് ഫോറം, സീനിയർ ഫോറം, യൂത്ത് ഫോറം തുടങ്ങിയവാണ് ഇവ.

മങ്കയിൽ ഏതാണ്ട് മൂവായിരത്തിൽ അധികം അംഗങ്ങളാണുള്ളത്. ഇതിൽ 400 ലൈഫ് മെമ്പേഴ്സ് ഉണ്ട്. ഇവർക്കു മാത്രമാണ് തിരഞ്ഞെടുപ്പിൽ വോട്ടിങ്ങിന് അവകാശമുള്ളൂ. അത് മാത്രമാണ് മറ്റുള്ളവരും ഇവരും തമ്മിലുള്ള വ്യത്യാസം. മങ്കയിലെ ഓരോ അംഗങ്ങളും നോർത്ത് കലിഫോർണിയയിലുള്ളവരാണ്. വളരെ സന്തോഷത്തോടെയാണ് മങ്കയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നത്. ഞങ്ങൾ എല്ലാവരും വളരെ ഐക്യത്തോടെ സ്നേഹത്തോടെ സംഘടനയെ മുന്നോട്ടു നയിക്കുന്നു.

∙ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ?

എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട രണ്ടു വർഷങ്ങളാണ് ലഭിച്ചത്. കോവിഡിന്റെ നിയന്ത്രണങ്ങളിൽ നിന്നും പുറത്തുവന്ന ലോകത്ത് ഞങ്ങൾക്ക് നിരവധി കാര്യങ്ങൾ ചെയ്യാനുണ്ട്. ഇതിൽ ആദ്യമുള്ളത് സ്ത്രീ ശാക്തീകരണമാണ്. മങ്കയുടെ സ്ത്രീകളുടെ സംഘത്തെ കൂടുതൽ സജീവമാക്കുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഒരു സ്ത്രീയെന്ന നിലയിൽ അത് വളരെ അത്യാവശ്യമാണെന്ന് എനിക്ക് തോന്നുന്നു. സ്ത്രീകൾ സ്വന്തം കാലിൽ നിൽക്കാൻ സാധിക്കുകയും സമൂഹത്തിൽ സ്വതന്ത്രയായി ജീവിക്കാനും സാധിക്കണം. അതിനായുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നു. യുവാക്കളുടെ സംഘത്തെയും മുതിർന്നവരുടെ സംഘത്തെയും തീർച്ചയായും പരിഗണിക്കേണ്ടതുണ്ട്. അതിനുള്ള പ്രവർത്തനങ്ങളും വരും മാസങ്ങളിൽ നടക്കും.

reni-paulose-3

നിയന്ത്രണങ്ങൾ ചെറിയ തോതിൽ ഉണ്ടായിരുന്നെങ്കിലും ഈ വർഷത്തെ ക്രിസ്മസ് ആഘോഷത്തിൽ 200 പേരെ പങ്കെടുപ്പിക്കാൻ സാധിച്ചു. ഓണാഘോഷത്തിന് 3000 പേർ പങ്കെടുക്കുകയും അവർക്ക് ഓണസദ്യ വിളമ്പി പരിപാടി ഗംഭീരമാക്കാനും മങ്കയുടെ നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ട്. നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ ഓർഗനൈസേഷൻ ആണ് മങ്ക. ഏതാനും വർഷം മുൻപ് ഇതിനു പുരസ്കാരം ലഭിക്കുകയും ചെയ്തു.

∙ കേരളത്തിന് എന്ത്?

കേരളത്തിനൊരു പ്രശ്നമോ ആവശ്യമോ ഉണ്ടായാൽ ഒപ്പം നിൽക്കുന്നവരാണ് ഞങ്ങൾ പ്രവാസികൾ. പ്രളയത്തിന്റെ സമയത്തും കോവിഡ് കാലത്തുമെല്ലാം നമ്മൾ അതുകണ്ടു. കലിഫോർണിയയിൽ ആണ് ‘മങ്ക’യുടെ പ്രവർത്തനങ്ങൾ പ്രധാനമായും നടക്കുന്നത്. എന്നാൽ, അതുമാത്രം പോരെന്നും കേരളത്തിലും സംഘടനയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കണമെന്നും തോന്നി. അതിനാൽ, ഇത്തവണ ഞാൻ നാട്ടിൽ വന്നപ്പോൾ പ്രാദേശികതലത്തിൽ മങ്കയുടെ എജ്യുക്കേഷനൽ ഗ്രാൻഡ് നൽകി. മികച്ച അഭിപ്രായമായിരുന്നു അതിന്. 

പാണ്ടനാട് പഞ്ചായത്ത് മൂന്നാം വാർഡിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർഥികളെയും മൊമന്റോ നൽകി ആദരിച്ചു. കൂടാതെ, വാർഡിലെ ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് 125 പഠനോപകരണ കിറ്റ് വിതരണം ചെയ്യുകയും ചെയ്തു. മങ്കയുടെ ഫണ്ടിനു പുറമേ എന്റെ വളരെ അടുത്ത സുഹൃത്തുക്കളും വ്യക്തിപരമായ രീതിയില്‍ ഞാനും പണം നൽകി. ഞങ്ങളുടെ പ്രവർത്തനത്തിന് നാട്ടിലുള്ളവരുടെ ഭാഗത്തുനിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. തുടർന്നും മങ്കയുടെ നേതൃത്വത്തിൽ കേരളത്തിൽ വിവിധ പദ്ധതികൾ ഞങ്ങളുടെ പരിഗണനയിലുണ്ട്.

മങ്കയുടെ നേതൃത്വത്തിൽ കേരളത്തിൽ നടന്ന മറ്റൊരു പ്രധാന പദ്ധതിയായിരുന്നു, പ്രഫ. ഗോപിനാഥ് മുതുകാട് നേതൃത്വം നൽകുന്ന വെറൈറ്റി ആർട്സ് എന്ന സ്ഥാപനത്തിൽ പോകാനും അവിടെയുള്ള ഭിന്നശേഷിക്കാരായ മൂന്നു കുട്ടികളെ സ്പോൺസർ ചെയ്യാനും സാധിച്ചത്. മങ്കയിലെ എന്റെ സഹപ്രവർത്തകരാണ് ഈ പദ്ധതിക്ക് നേതൃത്വം വഹിച്ചത്. ഇതിനു പുറമേ, നവംബറിൽ പ്രഫ. മുതുകാടിനൊപ്പം കലിഫോർണിയയിൽ മറ്റൊരു പദ്ധതിയും പ്ലാൻ ചെയ്തിട്ടുണ്ട്.

reni-paulose

∙ വനിതാ നേതാവ്, പ്രതീക്ഷ

സംഘടനകളുടെ നേതൃത്വത്തിൽ പ്രത്യേകിച്ച് പ്രവാസി സംഘടനകള്‍ക്ക് നേതൃത്വം നൽകുന്ന സ്ത്രീകൾ വളരെ കുറവാണ്. അതിനാൽ തന്നെ എന്റെ ഈ സ്ഥാനത്തിന് വളരെ പ്രധാന്യമുണ്ടെന്ന് വിശ്വസിക്കുന്നു. സ്ത്രീകൾക്ക് സമൂഹത്തിലേക്ക് ഉയർന്നുവരാൻ അവസരം നൽകേണ്ടേത് പുരുഷൻമാരാണ്. ഇരുവരും തുല്യരാണെന്ന തോന്നലാണ് ആദ്യം വേണ്ടത്. പുതിയ കാലത്ത് ധാരാളം മാറ്റങ്ങൾ ഉണ്ടെങ്കിലും അതിപ്പോഴും പൂർണരീതിയിൽ ആയിട്ടില്ല.

സ്ത്രീകളുടെ ശാക്തീകരണമെന്ന രീതിയിൽ ഞങ്ങൾ മങ്കയിൽ ഒരു വനിതാ ഗ്രൂപ്പ് ഉണ്ടാക്കി. സ്ത്രീകളുടെ ആശയങ്ങളും നിർദേശങ്ങളും അവിടെ പങ്കുവയ്ക്കാൻ സാധിക്കും. ഓരോ സ്ത്രീയും താനാരെന്നും അവരവരുടെ വ്യക്തിത്വത്തെ മനസിലാക്കുവാനും അവരുടെ കഴിവുകൾ സമൂഹത്തിൽ നിലനിർത്തുവാനും ഉള്ള ആഹ്വാനം ആയിരുന്നു അത്. വനിതാ ശാക്തീകരണവുമായി ബന്ധപ്പെട്ട പ്രവർത്തികൾ തുടരും.

മറ്റൊരു കാര്യം നമ്മുടെ കമ്യൂണിറ്റിയിലുള്ള മുതിർന്ന ആളുകളെ സംബന്ധിച്ചാണ്. സീനിയർ സിറ്റിസൺസിന്റെ ഒരു യോഗം വിളിക്കാൻ മങ്കയ്ക്ക് പദ്ധതിയുണ്ട്. അവരെ ക്ഷണിച്ചുവരുത്തുകയും അവരുടെ താൽപര്യങ്ങൾ എന്താണെന്ന് മനസിലാക്കി അതിന് അനുസരിച്ചുള്ള പദ്ധതികൾ നടപ്പിലാക്കാനും ആഗ്രഹിക്കുന്നു.

∙ നേരിട്ട വെല്ലുവിളികൾ

വളരെയധികം വെല്ലുവിളികൾ നേരിട്ടാണ് ഞാനിപ്പോൾ ഈ സ്ഥാനത്ത് എത്തിയത്. വളരെ വർഷങ്ങളായി പ്രവാസി സംഘടനകളിൽ സജീവമായിരുന്നുവെങ്കിലും 6–7 വർഷം ഇതിൽ നിന്നെല്ലാം മാറി നിൽക്കേണ്ടിവന്നിരുന്നു. അതിനു ശേഷം വീണ്ടും സജീവ പ്രവർത്തനം തുടങ്ങിയപ്പോൾ പലർക്കും എന്നെ അറിയില്ല. പ്രത്യേകിച്ച് പുതിയ തലമുറയ്ക്ക്. അത് ആരുടെയും കുറ്റമല്ല. ജനറേഷൻ ഗ്യാപ്പ് വന്നതാണ്. പക്ഷേ, എനിക്ക് സംഘടനയിൽ സജീവമായി നിൽക്കേണ്ടിയിരുന്നു. കഠിനപ്രയ്തനത്തിലൂടെയാണ് വീണ്ടും സജീവമായത്. അങ്ങനെ തിരഞ്ഞെടുപ്പിൽ മൽസരിച്ചു. മങ്കയുടെ ലൈഫ് മെംമ്പേഴ്സിനെ എന്നെ നന്നായി അറിയുന്നതിനാൽ മൂന്നിൽ രണ്ടു ശതമാനം വോട്ടുനേടിയെനിക്ക് ജയിക്കാൻ സാധിച്ചു. അതിനു ശേഷം എല്ലാവരും നല്ല സഹകരണമാണ്. ഞങ്ങൾ ഇപ്പോൾ ഒത്തൊരുമിച്ച് സംഘടനയുടെ വളർച്ചയ്ക്കായി പ്രവർത്തിക്കുന്നു.

∙ കുടിയേറ്റം, ജോലി, അവസരങ്ങൾ

ധാരാളം മലയാളികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറുന്നുണ്ട്. പ്രത്യേകിച്ച് കാനഡ, ഓസ്ട്രേലിയ, യുഎസ്, യൂറോപ്പ് തുടങ്ങിയ സ്ഥലങ്ങളിലേക്ക്. ഞാൻ ഇപ്പോൾ ഏതാണ്ട് 37 വർഷത്തോളമായി ഇന്ത്യയ്ക്ക് പുറത്ത് ജീവിക്കാൻ തുടങ്ങിയിട്ട്. ആരോഗ്യ രംഗത്താണ് എന്റെ സേവനങ്ങൾ. ഇത്തരത്തിൽ കുടിയേറാൻ ആഗ്രഹിക്കുന്നവരോട് എനിക്ക് പറയാനുള്ളത്, കൃത്യമായ തയാറെടുപ്പുകൾ നടത്തിയ ശേഷം മാത്രമേ ഇതിനു ശ്രമിക്കാവൂ എന്നാണ്. ഏത് കോഴ്സാണ് തിരഞ്ഞെടുക്കുന്നത് എന്നതിനെ കുറിച്ച് കൃത്യമായ ധാരണ വേണം. പിന്നെ, നമ്മൾക്ക് പരിചയമില്ലാത്ത ഒരു പുതിയ സ്ഥലം, ഭാഷ, സംസ്കാരം എല്ലാമാണ് മുന്നിൽ. അതിലുള്ള നന്മയും തിന്മയും അറിയണം. ആരോഗ്യ രംഗത്ത് വളരെ വലിയ അവസരങ്ങളാണുള്ളത്. നല്ല രീതിയിൽ അവ ഉപയോഗിക്കണം. ധാരാളം പേർ വിദ്യാഭ്യാസത്തിനായി വന്ന് പിന്നീട് ഇത്തരം രാജ്യങ്ങളിൽ സ്ഥിരമാകുന്നുമുണ്ട്. അടിസ്ഥാനപരമായി കാര്യങ്ങൾ മനസിലാക്കിവേണം ഏതൊരു പുതിയ രാജ്യത്തേക്കും മാറാൻ.

reni-paulose-2

∙ കേരളം vs യുഎസ്എ

കേരളത്തിൽ ജനിച്ചു വളർന്ന ഞാൻ 19–ാം വയസ്സിലാണ് കാനഡയിൽ എത്തിയത്. വ്യക്തിപരമായി എന്നെ രൂപപ്പെടുത്തിയത് ആ രാജ്യമാണ്. പക്ഷേ, വേരുകൾ ഇവിടെ കേരളത്തിൽ തന്നെയാണ്. അതിനാൽ തന്നെ നാടുമായി എപ്പോഴും അടുത്ത ബന്ധമുണ്ട്. വളരെ പ്രിയപ്പെട്ടതുമാണ്. എന്നാൽ, മറ്റൊരു രാജ്യത്ത് ജീവിച്ച് ഇവിടെ വരുമ്പോൾ പല കാര്യങ്ങളും ഇനിയും മെച്ചപ്പെടാനുണ്ടെന്ന് തോന്നാറുണ്ട്. ആരോഗ്യരംഗം, പൊലീസ് സ്റ്റേഷനുകൾ, സർക്കാർ ഉദ്യോഗസ്ഥരുടെ മനോഭാവം അങ്ങനെ പലതിലും ഇനിയും മാറ്റം വരേണ്ടതുണ്ട്. ഇവിടെ, ഒരു കാര്യം നടക്കണമെങ്കിൽ വളരെ സയമെടുക്കും. എന്നാൽ, പഴയതിൽ നിന്നും ധാരാളം മാറ്റം വന്നിട്ടും ഉണ്ട്. സ്ത്രീകളുടെ ജീവിത നിലവാരമാണ് മറ്റൊരു കാര്യം. ഇവിടെ ഇനിയും സ്ത്രീകളുടെ ജീവിതം ഉയരാനുണ്ട്. ഒരു ചെറിയ അനുഭവം പങ്കുവച്ച് അവസാനിപ്പിക്കാം.

കേരളത്തിൽ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് എനിക്കൊരു സുഹൃത്തുണ്ടായിരുന്നു. ഞാനും അവളും തമ്മിലായിരുന്നു എപ്പോഴും മൽസരം. അന്ന് വളരെ നല്ല മാർക്കുവാങ്ങി ജയിച്ചു. ഞാൻ പിന്നീട് കാനഡയ്ക്കു പോയി. അവൾ ഇവിടെ നാട്ടിലും. അടുത്തിടെ അവളെ കാണുകയുണ്ടായി. പഠനത്തിനുശേഷം വിവാഹിതായി അവള്‍ അടുക്കളയിൽ ഒതുങ്ങിപ്പോയി. ഇതിനിടെ അവളുടെ ഭർത്താവ് മരിക്കുകയും ചെയ്തു. ജീവിക്കാൻ വളരെ കഷ്ടപാടാണ്. വളരെ സങ്കടം തോന്നിയ ഒരു കാര്യമായിരുന്നു അത്. 

പെൺകുട്ടികൾ നല്ല വിദ്യാഭ്യാസം നേടണം. എന്നിട്ട് സ്വന്തം കാലിൽ നിന്നതിനു ശേഷമേ മറ്റുകാര്യങ്ങളിലേക്ക് പോകാൻ പാടുള്ളൂ എന്നാണ് എന്റെ അഭിപ്രായം. അങ്ങനെയാണെങ്കിൽ തന്നെ സമൂഹത്തിൽ വലിയ മാറ്റം ഉണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}