ADVERTISEMENT

ആഗോള വിനോദ സഞ്ചാരികളുടെ പറുദീസയായ മെക്‌സിക്കോയിലെ കാന്‍കൂണിലുള്ള മൂണ്‍ പാലസ് റിസോര്‍ട്ടില്‍ ഫോമായുടെ ചരിത്രത്തിലെ ഏറ്റവും ജനപങ്കാളിത്തമുള്ളതും വര്‍ണാഭവുമായ ഫാമിലി കണ്‍വന്‍ഷന് തിരിതെളിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഫോമായുടെ അതിഥികളും അഭ്യുദയകാംക്ഷികളും കുടുംബാംഗങ്ങളുമൊക്കെ ഈ ഡെസ്റ്റിനേഷന്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാനുള്ള അമിതാവേശത്തിലാണ്. ഏവര്‍ക്കും ഓർമപുസ്തകത്തില്‍ എഴുതിവയ്ക്കാന്‍ പറ്റുന്ന അവിസ്മരണീയമായ ഒരു വെക്കേഷന്‍ സമ്മാനിക്കുന്ന കാന്‍കൂണ്‍ കണ്‍വന്‍ഷന്റെ പശ്ചാത്തലത്തില്‍ മനസു തുറക്കുകയാണ്, തന്റെ നിതാന്ത പരിശ്രമത്തിലൂടെ ഫോമായെ മില്യൻ ഡോളറില്‍ അധികം ആസ്തിയുള്ള പ്രസ്ഥാനമാക്കി ഉയര്‍ത്തിയ  ട്രഷറര്‍ തോമസ് ടി. ഉമ്മന്‍.

thomas-t-oommen-2

അമേരിക്കന്‍ മലയാളി സമൂഹത്തിലെ മുതിര്‍ന്ന നേതാവായ തോമസ് ടി. ഉമ്മനെക്കുറിച്ച്...

ഫോമായുടെ സാമ്പത്തിക അച്ചടക്കവും, സുതാര്യതയും കൈമുതലാക്കിയ, പ്രമുഖ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ വ്യക്തിത്വമായ തോമസ് ടി. ഉമ്മൻ മനുഷ്യാവകാശ ധ്വംസനങ്ങൾക്ക് എതിരെ  വൻ ജനാവലിയെ അണിനിരത്തി വലിയ  പ്രക്ഷോപം സംഘടിപ്പിച്ച  കരുത്തനായ സംഘാടകൻ ആണ്.

നാട്ടിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു. 1975ല്‍ അമേരിക്കയിലെത്തിയശേഷം ലോങ് ഐലൻഡ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (ലിംക) രൂപീകരിച്ചുകൊണ്ടാണ് കര്‍മഭൂമിയിലെ തന്റെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് ഇദ്ദേഹം തുടക്കമിട്ടത്. ലിംകയുടെ സ്ഥാപക പ്രസിഡന്റായി രണ്ടു വര്‍ഷം വിജയകരമായ പരിപാടികളിലൂന്നി പ്രവര്‍ത്തിച്ചു. മലയാളമറിയാത്ത കുട്ടികള്‍ക്ക് പബ്ലിക് ലൈബ്രറിയില്‍ മാതൃഭാഷ പഠിപ്പിക്കുന്ന മഹത് സംരംഭത്തിനും അദ്ദേഹം മുന്നിട്ടിറങ്ങി. 

thomas-t-oommen-7

ഇന്ത്യന്‍ ക്രിസ്ത്യന്‍ ഫോറത്തിന്റെ പ്രസിഡന്റ് പദം ഉള്‍പ്പെടെ നിരവധി സംഘടനകളുടെ അമരക്കാരനായി. ന്യൂയോര്‍ക്ക് സ്റ്റേറ്റിന്റെ ബിസിനസ് ഓഫിസറായി 40 കൊല്ലം സേവനമനുഷ്ഠിച്ച തോമസ് ടി ഉമ്മന്‍, ജോലിയില്‍ നിന്ന് വിരമിച്ച ശേഷം സ്റ്റേറ്റിന്റെ കോണ്‍ട്രാക്ടുകളുടെ അഡ്മിനിസ്‌ട്രേറ്റീവ് കണ്‍സള്‍ട്ടന്റായി.

ഫോമായുടെ പൊളിറ്റിക്കല്‍ ഫോറം നാഷനല്‍ ചെയര്‍മാന്‍ പദം അലങ്കരിച്ച തോമസ് ടി. ഉമ്മന്റെ രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യവും സംഘാടക ശേഷിയും സാമൂഹഹിക ബോധവും ഫോമായ്ക്ക് എന്നും മുതല്‍ക്കൂട്ടായിട്ടുണ്ട്. ഒസിഐ കാര്‍ഡ്, പാസ്‌പോര്‍ട്ട് സറണ്ടര്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യാ ഗവണ്‍മെന്റുമായി ഇടപെട്ട് അനുകൂല തീരുമാനങ്ങള്‍ എടുപ്പിച്ചു. 2018-2020 കാലയളവില്‍ ഫോമാ നാഷനല്‍ അഡൈ്വസറി കൗണ്‍സില്‍ ചെയര്‍മാന്‍ എന്ന നിലയില്‍ വിലപ്പെട്ട നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും നല്‍കി.

thomas-t-oommen-8

തിരുവല്ല നഗരത്തിലെ പുരാതനമായ തോട്ടത്തില്‍ കുടുംബാംഗമായ തോമസ് ടി. ഉമ്മന്‍ 1964 കാലഘട്ടത്തില്‍ അഖില കേരള ബാലജനസഖ്യം തിരുവല്ല യൂണിയന്റെ പ്രസിഡന്റായിരുന്നു. സോഷ്യല്‍ സര്‍വീസ് ലീഗിലും സജീവമായി പ്രവര്‍ത്തിച്ചു. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ്  യൂണിയന്‍  സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പഠനകാലത്ത് കെ.എസ്.യുവിലും യൂത്ത് കോണ്‍ഗ്രസിലും ഊര്‍ജ്വസ്വലമായ സാന്നിധ്യമറിയിച്ച ഇദ്ദേഹം നാട്ടില്‍ ട്രേഡ് യൂണിയന്‍ രംഗത്തും തൊഴില്‍ സൗഹൃദത്തിന്റെ നേതൃപാടവം കാഴ്ചവച്ച ജനപ്രിയ നേതാവാണ്.

thomas-t-oommen-5

തിരുവല്ല, കവിയൂര്‍ സ്വദേശിനിയായ സാറാമ്മയെന്ന ലിസിയാണ് ഭാര്യ. സ്പീച്ച് പതോളജിസ്റ്റും അധ്യാപികയുമായ ലീനയാണ് മകള്‍. മിലിറ്ററി സര്‍വീസില്‍ നിന്നും വിരമിച്ച് ബാങ്കിങ് ഫൈനാന്‍സ് രംഗത്ത് സൈബര്‍ സെക്യൂരിറ്റി ചീഫായി ജോലി ചെയ്യുന്ന ജസ്റ്റിന്‍ ടി. ഉമ്മന്‍ മകനാണ്. ഫ്ലോറിഡയിലെ പേരെടുത്ത അറ്റോര്‍ണി സഞ്ജയ് കുര്യന്‍, സൈക്കോളജിസ്റ്റായ റ്റാമി എന്നിവര്‍ മരുക്കളാണ്. ആറ് പേരക്കുട്ടികളുണ്ട്.

വിസ്മയങ്ങളുടെ വിളനിലമായ കാന്‍കൂണില്‍ ഫോമായുടെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന മലയാളി മാമാങ്കം പൂമുഖ വാതില്‍ക്കല്‍ എത്തിനില്‍ക്കെ തോമസ് ടി. ഉമ്മനുമായി നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍...

thomas-t-oommen-4

ഫോമായുടെ ഏഴാമത് കണ്‍വന്‍ഷന്‍ കാന്‍കൂണില്‍ നടത്തുന്നത് സംബന്ധിച്ച്

ഫോമായുടെ ഇതുവരെയുള്ള കണ്‍വന്‍ഷനുകള്‍ എല്ലാം കാനഡയുടെയും അമേരിക്കയുടെയും മണ്ണില്‍ നിന്ന് പുറത്തുപോയിട്ടില്ല. ഒരു പ്രാവശ്യം ക്രൂയിസ് കണ്‍വന്‍ഷന്‍ നടത്തി. അതും അമേരിക്ക ബെയ്‌സ്ഡ് ആയിരുന്നു. ആദ്യമായിട്ടാണ് അമേരിക്കയ്ക്കും കാനഡയ്ക്കും പുറത്ത് മെക്‌സിക്കോയില്‍ ഒരു കണ്‍വന്‍ഷന്‍ നടത്തുന്നത്. മെക്‌സിക്കോയും നോര്‍ത്ത് അമേരിക്കയുടെ ഭാഗമാണ്. കാന്‍കൂണില്‍ കണ്‍വന്‍ഷന്‍ നടത്തുന്നത് സംബന്ധിച്ച് എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ പല ചിന്തകളും ഉരുത്തിരിഞ്ഞിരുന്നു. എന്നാല്‍ അംഗസംഘടനകളെ വിശ്വാസത്തിലെടുത്ത് എക്‌സിക്യൂട്ടീവ് കമ്മറ്റി ഒറ്റക്കെട്ടായി നിന്ന സാഹചര്യത്തില്‍ കാന്‍കൂണ്‍ കണ്‍വന്‍ഷന്‍ വമ്പിച്ച വിജയമായിരിക്കും എന്ന കാര്യത്തില്‍ എനിക്ക് ഒരു സംശയവുമില്ല. 

മെക്‌സിക്കോ എന്ന രാജ്യത്ത് കണ്‍വന്‍ഷന്‍ നടത്തുന്നതുകൊണ്ട് സാമ്പത്തിക ലാഭം ഉണ്ടെന്ന് കരുതാമോ...

സാമ്പത്തിക ലാഭം എന്ന് പറയാനൊക്കില്ല. പക്ഷേ, സൗകര്യങ്ങളെ സംബന്ധിച്ച് ഏറെ വ്യത്യാസമുണ്ട്. അമേരിക്കയില്‍ കണ്‍വന്‍ഷന്‍ നടത്തുമ്പോള്‍ റിഫ്രഷ്‌മെന്റ്, ഫുഡ് തുടങ്ങിയ കാര്യങ്ങളില്‍ ഹോട്ടല്‍ അധികൃതരോട് പ്രത്യേകമായി വിലപേശണം. എന്നാല്‍ മൂണ്‍പാലസില്‍ ഓള്‍ ഇന്‍ക്ലൂസ്സീവ് ആണ്. താമസം മാത്രമല്ല, ഭക്ഷണവും ബിവറേജസും എല്ലാം ഉള്‍പ്പെടുന്ന അണ്‍ലിമിറ്റഡ് പാക്കേജാണിത്. 

thomas-t-oommen-1

മൂണ്‍പാലസിന്റെ സവിശേഷതകള്‍ എന്തൊക്കെയാണ്...

ഇത് ലോകത്തിലെ ഏറ്റവും മികച്ച റിസോര്‍ട്ടുകളിലൊന്നാണ്. അതെനിക്ക് നേരിട്ട് ബോധ്യപ്പെട്ട കാര്യമാണ്. ഇവിടെ ലോകത്തെ എല്ലാത്തരം ഭക്ഷണങ്ങള്‍ വിളമ്പുന്ന 14 റെസ്റ്റോറന്റുകളുണ്ട്. ആഗ്ര എന്ന ഇന്ത്യന്‍ റസ്റ്റോറന്റില്‍ മസാലദോശ, നെയ്‌റോസ്റ്റ്, മീന്‍ മപ്പാസ് തുടങ്ങിയ രുചിയേറിയ വിഭവങ്ങള്‍ ലഭിക്കും. പല ഹോട്ടല്‍ സമുച്ചയങ്ങളാണ് ഇവിടെയുള്ളത്. നിരവധി ഹാളുകള്‍ ഉണ്ട്. ആയിരക്കണക്കിന് ആളുകള്‍ക്കിരിക്കാന്‍ പറ്റുന്ന ഓഡിറ്റോറിയങ്ങള്‍ ഉണ്ട്. മൂവായിരത്തിലധികം ജീവനക്കാരുള്ള മൂണ്‍പാലസില്‍ 24 മണിക്കൂറും ലോകോത്തര നിലവാരമുള്ള സര്‍വീസ് ലഭിക്കും. ധാരാളം അമേരിക്കന്‍, യൂറോപ്പ്യന്‍ ടൂറിസ്റ്റുകള്‍ നിരന്തരം സന്ദര്‍ശിക്കുന്ന റിസോര്‍ട്ടാണിത്. പാന്‍ഡെമിക്കിന്റെ ഭീതി അകന്നതോടെ കണ്‍വന്‍ഷന് ഇതായിരിക്കും അനുയോജ്യമെന്ന് എക്‌സിക്യൂട്ടീവ് കമ്മറ്റിക്കും വ്യക്തിപരമായി എനിക്കും തോന്നി. 

ഫോമായുടെ ചരിത്രത്തില്‍ കാന്‍കൂണ്‍ കണ്‍വന്‍ഷന്റെ സ്ഥാനം...

ഇതുവരെ നടന്നിട്ടുള്ള കണ്‍വന്‍ഷനുകളെ സംബന്ധിച്ചിടത്തോളം എക്‌സിക്യൂട്ടീവ് കമ്മറ്റിക്ക് പലപ്പോഴും ആശങ്കപ്പെടേണ്ടതായി വന്നിട്ടുണ്ട്. അതായത് കണ്‍വന്‍ഷന് എത്രപേര്‍ വരും, എത്ര മുറികള്‍ ബുക്ക് ചെയ്യണം എന്നതു സംബന്ധിച്ച് ആശയക്കുഴപ്പം നിലനിന്നിരുന്നു. ഓരോ റീജിയനുകളിലും പോയി ആള്‍ക്കാരെ ബോധ്യപ്പെടുത്തി കാന്‍വാസ് ചെയ്ത് രജിസ്റ്റര്‍ ചെയ്യിപ്പിക്കുന്ന രീതിയാണ് ഇത്രയും നാള്‍ ഉണ്ടായിരുന്നത്. പക്ഷേ, നമ്മള്‍ കണ്‍വന്‍ഷന്‍ അനൗണ്‍സ് ചെയ്തപ്പോള്‍, തുടക്കത്തില്‍ റജിസ്‌ട്രേഷന്‍ പതുക്കെയായിരുന്നു. കോവിഡ് കാലത്തെ യാത്ര സംബന്ധിച്ച ജനങ്ങളുടെ ആശങ്കകളായിരുന്നു അതിന് കാരണം. എന്നാല്‍ 2022 മെയ് മാസം കഴിഞ്ഞതോടു കൂടി റജിസ്‌ട്രേഷന്റെ വലിയ പ്രവാഹം തന്നെയുണ്ടായി. 300 ഫാമിലി റൂമുകളാണ് നമ്മള്‍ ആവശ്യപ്പെട്ടത്. അത് പെട്ടെന്നു തന്നെ സോള്‍ഡ് ഔട്ടായി. പിന്നെ കൂടുതല്‍ റൂമുകള്‍ എടുത്തു. ഇപ്പോള്‍ അഞ്ഞൂറോളം കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് ആരും ക്യാന്‍വാസ് ചെയ്തിട്ടല്ല. എല്ലാവരും സ്വമനസ്സാലെ മുന്നോട്ടു വരികയായിരുന്നു. 

ഈ കണ്‍വന്‍ഷന്റെ എടുത്തു പറയത്തക്ക പ്രത്യേകതകള്‍ എന്തൊക്കെ...

കണ്‍വന്‍ഷന്‍ എന്നു പറയുന്നത് ഒരു കലാശക്കൊട്ടാണ്. ലോകത്തിലെ തന്നെ ഏറ്റവും പ്രമുഖവും ഏറ്റവും ശക്തവും അംഗസംഘടനകളുടെ പങ്കാളിത്തം കൊണ്ട് ഏറ്റവും വലുതുമായ ഫെഡറേഷനാണ് ഫോമാ. ഒരു ശക്തിപ്രകടനം തന്നെയാണ് ഈ കുടുംബക്കൂട്ടായ്മ. കാരണം എല്ലാ മേഖലയിലുമുള്ളവര്‍ അവധിയെടുത്ത് കുടുംബത്തോടെയാണ് കാന്‍കൂണിലെത്തുന്നത്.  ഫോമായുടെ പ്രവര്‍ത്തനത്തിന്റെ വിജയമാണ് ജനങ്ങളെ കണ്‍വന്‍ഷനിലെത്താന്‍ പ്രേരിപ്പിക്കുന്നത്. മികച്ച പ്രവര്‍ത്തന അജണ്ടകളോടെ മുന്നേറുന്ന ഫോമാ മറ്റൊരു ലെവലിലേക്ക് വളര്‍ന്നു കഴിഞ്ഞു. ആ വളര്‍ച്ചയുടെ തുടര്‍ച്ചയ്ക്ക് സഹായകരമായ ജനകീയ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ രണ്ടുവര്‍ഷം നടത്തിയത്. അതിന്റെ ഫലമായിട്ടാണ് ബഹുജന പങ്കാളിത്തം ഇത്രയും ഉണ്ടായിരിക്കുന്നത്. 

മെയ് മാസത്തില്‍ നടന്ന കേരള കണ്‍വന്‍ഷനെക്കുറിച്ച്...

എറണാകുളം, കൊല്ലം, തിരുവനന്തപുരം എന്നീ നഗരങ്ങളില്‍ നടന്ന കണ്‍വന്‍ഷന്‍ വന്‍ വിജയമായിരുന്നു. ഇതിലൂടെ നിരവധി പേര്‍ക്ക് സഹായകരമാകുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചു. രണ്ടാമത്തെ പ്രളയം ഉണ്ടായപ്പോള്‍ ഫോമാ ഭാരവാഹികള്‍ നാട്ടിലെത്തുകയും ജനപ്രതിനിധികളും കളക്ടര്‍മാരും ഓഫിസര്‍മാരുമായൊക്കെ ചേര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായങ്ങള്‍ ലഭ്യമാക്കി. സര്‍ക്കാര്‍ ആശുപത്രികളില്‍ വെന്റിലേറ്ററുകള്‍ നല്‍കി.  തീരദേശത്തെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ഐപാഡ്, മൊബൈല്‍ ഫോണ്‍ എന്നിവ കൊടുത്തു. അങ്ങനെ വിവിധ മേഖലകളില്‍ ജനങ്ങളെ സഹായിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായി ഫോമാ മാറിക്കഴിഞ്ഞ സാഹചര്യത്തില്‍ കാന്‍കൂണ്‍ കണ്‍വന്‍ഷന്റെ വിജയം എന്നത് അതിന്റെ സ്വാഭാവിക ഫലമാണ്.

ട്രഷറര്‍ എന്ന നിലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന നേട്ടങ്ങളെ എങ്ങനെ വിലയിരുത്തുന്നു...

ഫോമായെ മില്യൻ ഡോളറില്‍ അധികം വരുമാനമുള്ള പ്രസ്ഥാനമാക്കി മാറ്റാന്‍ കഴിഞ്ഞുവെന്നതാണ് അഭിമാനാര്‍ഹമായ നേട്ടം. ഈ ഭരണസമിതിയുടെ ആദ്യത്തെ ജനറല്‍ ബോഡിയില്‍ 1.92 മില്ല്യന്‍ ഡോളറിന്റെ ബജറ്റായിരുന്നു അവതരിപ്പിച്ചത്. ഇത്രയും വലിയ ഒരു ബജറ്റ് ഫോമായുടെ ചരിത്രത്തില്‍ ആദ്യത്തേതായിരുന്നു. കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച മുന്‍കാല ട്രഷറര്‍മാര്‍ വെട്ടിത്തെളിച്ച പാതയിലൂടെ സഞ്ചരിച്ച് ഫോമായെ പുതിയൊരു തലത്തിലേക്ക് എത്തിക്കാനാണ് ഞാന്‍ ശ്രമിച്ചത്. നമ്മുടെ കര്‍മ്മപരിപാടികള്‍ അക്കമിട്ട് വിശദീകരിക്കുന്നതായിരിക്കണം ബജറ്റ് എന്നുള്ളതാണ് എന്റെ കാഴ്ചപ്പാട്. ആ ബജറ്റ് ജനങ്ങള്‍ കാണണം. അപ്പോള്‍ അവര്‍ക്ക് മനസ്സിലാകും ഇതൊരു വലിയ സംഘടനയാണെന്നും ഇതിന്റെ പ്രതീക്ഷയും ഉദ്ദേശലക്ഷ്യങ്ങളുമെല്ലാം ഉന്നതമാണെന്ന്. 

ബജറ്റ് നിര്‍ദ്ദേശങ്ങള്‍ എല്ലാം പ്രാവര്‍ത്തികമാക്കുവാന്‍ സാധിച്ചിട്ടുണ്ടോ...

കോവിഡിന്റെ ദുരിതസമയത്ത് ഈ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ എല്ലാം പ്രാവര്‍ത്തികമാക്കാനാകുമോ എന്ന് വ്യക്തമല്ലായിരുന്നു. അനിശ്ചിതാവസ്ഥയായിരുന്നു എല്ലായിടത്തും. ഇത്തരമൊരു അവസ്ഥയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എന്നെ പ്രേരിപ്പിച്ചത് എല്ലാവരുടെയും അകമഴിഞ്ഞ പിന്തുണയാണ്. ഫോമാ പ്രവര്‍ത്തകരുടെ ആവേശമായിരുന്നു എന്റെ ഊര്‍ജ്ജം.  പണം പെട്ടെന്നു തന്നെ നമ്മുടെ അക്കൗണ്ടില്‍ എത്തിക്കുവാന്‍ കഴിഞ്ഞു. എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായം എന്നിലെ ആത്മവിശ്വാസം വർധിപ്പിച്ചു. അങ്ങനെ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ വിജയകരമായി നടപ്പാക്കാന്‍ സാധിച്ചു. 

ഫോമാ ട്രഷററുടെ ജോലി എന്താണ്...

അത് ഒരു ഒന്നൊന്നര ജോലിയാണ്. അതായത് ഫുള്‍ടൈം ജോലി. അക്കൗണ്ടിങ്ങ്, ഓഡിറ്റിങ്ങ് എല്ലാം വളരെ സ്ട്രിക്ടായി ചെയ്യണം. ഗവണ്‍മെന്റ് റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍സ് പ്രകാരം കംപ്ലൈ ചെയ്യേണ്ട കാര്യങ്ങള്‍ യഥോചിതം നിര്‍വഹിക്കണം. യഥാസമയം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങളിലൊക്കെ ഞാന്‍ വളരെ കണിശക്കാരന്‍ തന്നെയാണ്. 

thomas-t-oommen-6

മെക്‌സിക്കോയില്‍ കൂടുതല്‍ അംഗസംഘടനകളെ പ്രതീക്ഷിക്കാമോ...

ഇതൊരു തുടക്കമാണ്. മെക്‌സിക്കോയുടെ അതിര്‍ത്തിയില്‍ അമേരിക്കയിലുള്ള മക്കെല്ലന്‍ എന്ന പ്രദേശത്ത് ഫോമായ്ക്ക് ശക്തരായ പ്രവര്‍ത്തകരുണ്ട്. മെക്‌സിക്കോ സിറ്റിയില്‍ തന്നെ മലയാളികള്‍ ഉണ്ട്. അവിടെ പല പ്രദേശങ്ങളിലുമുള്ള മലയാളികളുമായി ബന്ധപ്പെടാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. ഭാവിയില്‍ മെക്‌സിക്കോയില്‍ അംഗസംഘടനകള്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷ. 

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അംഗസംഘടനകളുടെ വർധനവ് എത്രത്തോളമുണ്ടായി...

ഏതാണ്ട് ഒൻപത് സംഘടനകള്‍ ഫോമായില്‍ എത്തി. കൂടുതല്‍ സംഘടനകള്‍ ഫോമായില്‍ ചേരാന്‍ കാത്തുനില്‍പ്പുണ്ട്. നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന സംഘടനകളെ ഉള്‍പ്പെടുത്തും. സംഘടനകളുടെ പ്രവര്‍ത്തനരീതിയും പാരമ്പര്യവുമൊക്കെ വിലയിരുത്താന്‍ ഒരു കമ്മറ്റിയുണ്ട്. അവര്‍ കൃത്യമായ വിലയിരുത്തല്‍ നടത്തി എക്‌സിക്യൂട്ടീവ് കമ്മറ്റിയെ അറിയിക്കും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും അംഗസംഘടനകളെ ചേര്‍ക്കുന്നത്. എണ്ണം വർധിപ്പിക്കുവാന്‍ വേണ്ടി സംഘടനകളെ ചേര്‍ക്കുന്ന രീതി ഫോമായ്ക്ക് ഇല്ല. ജനകീയമായി പ്രവര്‍ത്തിക്കുന്ന അംഗീകാരമുള്ള, പാരമ്പര്യമുള്ള സംഘടനകള്‍ക്കാണ് ഫോമായില്‍ അംഗീകാരം കൊടുക്കുന്നത്. 

ഒരു ഭരണസമിതി ആവിഷ്‌ക്കരിച്ച ജനകീയ പദ്ധതികള്‍ക്ക് തുടര്‍ച്ച ആവശ്യമാണല്ലോ. അത്തരത്തില്‍ ഇനി വരുന്ന ഭരണസമിതിയെ സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള ആശങ്കയുണ്ടോ...

എന്നെ സംബന്ധിച്ച് അത്തരത്തിലുള്ള ആശങ്കകള്‍ ഇല്ല. നമ്മുടെ അടിത്തറ ശക്തമാണെങ്കില്‍ പിന്നെ ഭയപ്പെടേണ്ടതില്ല. ഫോമായ്ക്ക് അതിശക്തമായ അടിത്തറയുണ്ട്. പുതിയ ഭരണസമിതിയ്ക്ക് അവരുടേതായ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ ഉണ്ടാവും. സ്ഥാനം ഒഴിയുന്ന കമ്മറ്റി തുടങ്ങിവച്ച ജനകീയ പ്രവൃത്തികള്‍ അവര്‍ക്ക് തുടരാന്‍ പറ്റും എന്ന് ഞാന്‍ വിശ്വസിക്കുന്നു. 

ഫോമായ്ക്ക് കേരള സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന പിന്തുണ...

ഭരണകക്ഷിയുടേയും പ്രതിപക്ഷത്തിന്റെയും പിന്തുണ എപ്പോഴുമുണ്ട്. മന്ത്രിമാരും ഉദ്യോഗസ്ഥരുമൊക്കെയായി സംസാരിക്കാന്‍ ഞങ്ങള്‍ക്കെപ്പോഴും സാധിക്കുന്നു. ഒരു പ്രയാസകരമായ വിഷയം ഉണ്ട്. നമ്മള്‍ നാട്ടിലെത്തിക്കുന്ന ആശുപത്രി ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ യഥാസമയം എത്തിക്കുവാന്‍ സര്‍ക്കാരിന്റെ ലോജിസ്റ്റിക്‌സിന് സാധിക്കുന്നില്ല. അക്കാര്യത്തില്‍ ഫോമായ്ക്ക് പ്രതിഷേധം ഒന്നുമില്ല. പക്ഷേ, സങ്കടമുണ്ട്. കാരണം പ്രവാസ ഭൂമിയില്‍ ജീവിക്കുന്ന മലയാളികളുടെ അധ്വാനത്തിന്റെ ഒരംശമാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഫോമായ്ക്ക് നല്‍കുന്നത്. 

അമേരിക്കന്‍ മലയാളി സമൂഹത്തിലെ മുതിര്‍ന്ന പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പുതുതായി  ഈ രംഗത്ത് എത്തുന്നവര്‍ക്കുള്ള ഉപദേശം എന്താണ്...

മലയാളി പ്രസ്ഥാനങ്ങള്‍ തീര്‍ത്തും അപൂര്‍വമായിരുന്ന 1975 കാലഘട്ടത്തിലാണ് ഞാന്‍ അമേരിക്കയില്‍ എത്തുന്നത്. അന്ന് അമേരിക്കയില്‍ എത്തുന്ന തുടക്കക്കാര്‍ക്ക് എല്ലാവിധ സഹായങ്ങളും ഞങ്ങള്‍ ചെയ്തുകൊടുത്തിരുന്നു. സീനിയേഴ്‌സിനെ കെയര്‍ ചെയ്യേണ്ട സാഹചര്യം എക്കാലത്തും ഉണ്ട്. അത് അമേരിക്കയിലെ എല്ലാ മലയാളി പ്രസ്ഥാനങ്ങളും മനസ്സിലാക്കണം. ഇപ്പോഴത്തെ യുവജനങ്ങള്‍ എല്ലാം വളരെ സമർഥരാണ്. അവര്‍ മുതിര്‍ന്നവരുടെ പ്രവര്‍ത്തന അനുഭവങ്ങളും പരിചയസമ്പത്തും മനസ്സിലാക്കി താഴേത്തട്ടില്‍ നിന്ന് പടിപടിയായി ഉയര്‍ന്നു വന്ന് ഫോമായുടെ തലപ്പത്ത് എത്തണം എന്നാണ് ഞങ്ങളെപ്പോലെയുള്ള സീനിയേഴ്‌സിന്റെ ആഗ്രഹം. ഈ കമ്മിറ്റിയിലെ ഏറ്റവും സീനിയറായിട്ടുള്ള വ്യക്തിയാണ് ഞാന്‍. എന്നെ ചേട്ടാ എന്നും അച്ചായാ എന്നും ഒക്കെയാണ് എല്ലാവരും വിളിക്കുന്നത്. അത് കേള്‍ക്കുമ്പോള്‍ എനിക്ക് വളരെ സന്തോഷമാണ്.

ഒരു ചെറുപ്പക്കാരനെപ്പോലെ അവരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ എനിക്ക് സാധിച്ചു. എന്നെ ബഹുമാനിച്ചവരോട് നന്ദിയും കടപ്പാടും ഉണ്ട്. അപ്പോള്‍ നമുക്ക് കാന്‍കൂണില്‍ കാണാം...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com