ADVERTISEMENT

ന്യൂയോർക്ക് ∙ അമേരിക്കയിലെ ആദ്യ ദേവാലയങ്ങളിലൊന്നായ ബ്രോങ്ക്സ് സെന്റ്‌ മേരീസ്‌ (360 BEDFORD PARK BLVD, BRONX, NY 10458 ) സുവർണ ജൂബിലി നിറവിൽ. സെപ്റ്റംബർ 24നും (ശനിയാഴ്ച) 25നുമായി (ഞായറാഴ്ച്ച) നടക്കുന്ന ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കാൻ എല്ലാവരെയും സ്വഗതം ചെയ്യുന്നതായി ഇടവക വികാരി റവ. ഡോ. വര്‍ഗീസ്‌ എം ഡാനിയൽ അറിയിച്ചു. 

വിദേശ മണ്ണില്‍ മലങ്കരസഭാ പൈതൃകവും അന്തസത്തയും കൈവിടാതെ സഭയുടെ നിരവധി പ്രസ്ഥാനങ്ങള്‍ക്കും ആതുര പ്രവര്‍ത്തനങ്ങള്‍ക്കും കൈതാങ്ങാകുവാൻ അമ്പതാണ്ടിനുള്ളിൽ ഈ ഇടവകയ്‌ക്ക്‌ സാധിച്ചു. ആധ്യാത്മിക ചൈതന്യമുള്ള ഒരു യുവതലമുറ വളർത്തിക്കൊണ്ടുവരാൻ ഈ ഇടവകയിലൂടെ സാധിച്ചു. ദിമെത്രയോസ്‌ തിരുമേനി, ഫാ. നൈനാന്‍ ടി. ഈശോ, ഫാ. പോള്‍ ചെറിയാന്‍ എന്നിവര്‍ ഈ ഇടവകയിലൂടെ വളർന്നു വന്നവരാണ്‌. ദീര്‍ഘകാലം ഇടവകയെ നയിച്ച ഫാ. എ.കെ. ചെറിയാന്‍, നിലവിലെ വികാരി ഫാ. ഡോ. വര്‍ഗീസ്‌ എം.ഡാനിയൽ എന്നിവരുടെ ശ്രേഷ്‌ഠമായ നേതൃത്വം ഈ ഇടവകയെ സമ്പന്നമാക്കുന്നതിൽ പ്രധാന പങ്കുവ വഹിച്ചു.

വചനം പറയുന്നത് പോലെ (ലേവ്യ, 25) ജൂബിലി വര്‍ഷത്തില്‍ നിര്‍ദ്ധനർക്ക് ആശ്വാസമാകാനായി 50 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാൻ ഇടവക ലക്ഷ്യമിടുന്നു. പരിശുദ്ധ ബാവ തിരുമേനിയുടെ 'സഹോദരന്‍' പദ്ധതിയുടെ ആഹ്വാനം ഉള്‍ക്കൊണ്ടുകൊണ്ട് നിരണം ഭദ്രാസനത്തില്‍ ആദ്യ ഭവനത്തിനു ശിലയിട്ട് പണി തുടങ്ങി.

സെപ്‌റ്റംബര്‍ 24ന് ന്യൂയോര്‍ക്ക്‌ പൊലീസ്‌ ബാന്റിന്റെ അകമ്പടിയോടെ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ മാത്യൂസ്‌ തൃതീയന്‍ കാതോലിക്കാ ബാവായെയും, ഇടവക മെത്രാപ്പോലീത്ത ഡോ. സഖറിയ മാര്‍ നിക്കോളവോസ്‌, ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രയോസ്‌ എന്നീ തിരുമേനിമാരേയും സ്വീകരിക്കും. തുടര്‍ന്ന് പൊതുസമ്മേളനം പരിശുദ്ധ പിതാവ്‌ ഉദ്‌ഘാടനം ചെയ്യും. 25-ാം തീയതി പരിശുദ്ധ ബാവ തിരുമേനി മറ്റു തിരുമേനിമാരുടെ സഹകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന അർപ്പിച്ച് ശ്ലൈഹിക വാഴ്‌വ്‌ നല്‍കും. തുടര്‍ന്ന്‌ മുന്‍ വികാരിമാരെ ആദരിക്കും.

സെപ്റ്റംബർ 24 ശനിയാഴ്ച വൈകിട്ട് മൂന്നു മണിക്ക് പ്രൊസഷൻ, 4.30നു സന്ധ്യാ പ്രാർഥന, 5.15നു പൊതു സമ്മേളനം, ഏഴു മണിക്ക് ഡിന്നർ. 25ന് ഞായറാഴ്ച്ച എട്ടു മണിക്ക് പ്രഭാത പ്രാർഥന, തുടർന്ന് വി. കുർബാന, 12 ന് ശ്ലൈഹീക ആശീർവാദം, 12.30ന്  ലഞ്ച് എന്നിങ്ങനെയാണ് പരിപാടികളുടെ ക്രമീകരണം.

ദേവാലയത്തിന് മുന്നിൽ ഡബിൾ പാർക്കിങ് സൗകര്യം ലഭ്യമാണ്. ACADEMY OF MOUNT ST.URSULA (360 BEDFORD PARK BLVD, BRONX, NY 10458 )യിലും പാർക്കിംഗ് സൗകര്യം ഉണ്ടാവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com