ADVERTISEMENT

കലിഫോർണിയ ∙ കലിഫോർണിയയിലെ മെർസെഡ് കൗണ്ടിയിൽ തട്ടിക്കൊണ്ടു പോയ എട്ടുമാസം പ്രായമുള്ള കുഞ്ഞുൾപ്പെടെ നാലു ഇന്ത്യൻ വംശജരെയും മരിച്ച നിലയിൽ കണ്ടെത്തി. ജസ്ദീപ് സിങ് (36), ഭാര്യ ജസ്‍ലീൻ കൗർ (27) ഇവരുടെ എട്ടു മാസം പ്രായമുള്ള കുഞ്ഞ് അരോഹ് ധാരി, ഇവരുടെ ബന്ധുവായ അമൻദീപ് സിങ് (39) എന്നിവരുടെ മൃതദേഹമാണു മെർസെഡ് കൗണ്ടിയിൽ ഇന്ത്യാന റോഡിനു സമീപമുള്ള ഒരു തോട്ടത്തിൽ കണ്ടെത്തിയതെന്നു പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരുടെ ഫോൺ ഇതിനു സമീപത്തു നിന്നു ലഭിച്ചിരുന്നു. തോട്ടം ജീവനക്കാരനാണ് ആദ്യം മൃതദേഹങ്ങൾ കണ്ടത്. തിങ്കളാഴ്ച രാവിലെയാണ് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയത്.

‘‘ഭയപ്പെട്ടതു പോലെ ഏറ്റവും മോശം കാര്യം സംഭവിച്ചു. ഈ വിവേക ശൂന്യമായ പ്രവർത്തിയിൽ എന്റെ ദേഷ്യം വിവരിക്കാൻ വാക്കുകളില്ല. പ്രതിക്കു നരകത്തിൽ പ്രത്യേക സ്ഥാനം ലഭിക്കും’’– മെർസെ‍ഡ് കൗണ്ടി ഷെരീഫ് വെറൻ വാർനക് പറഞ്ഞു. മൃതദേഹങ്ങൾ കണ്ടെത്തിയ സ്ഥലം അന്വേഷണ ഉദ്യോഗസ്ഥർ വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മൃതദേഹങ്ങൾ കണ്ട തോട്ടം ജീവനക്കാരൻ മെർസെ‍ഡ് കൗണ്ടി ഷെരീഫിന്റെ ഓഫിസിലേക്കു വൈകിട്ട് അഞ്ചു മണിയോടെ വിളിച്ചു വിവരം അറിയിക്കുകയായിരുന്നു. മൃതദേഹങ്ങൾ കിടന്നിരുന്ന സ്ഥലം അറിയിക്കുകയും ഇതു വളരെ ദൂരെ ഒറ്റപ്പെട്ട ഒരു പ്രദേശമാണെന്നു വ്യക്തമാക്കുകയും ചെയ്തു.

Jesus-Manuel-Salgado
കസ്റ്റഡിയിലുള്ള പ്രതി.

തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയെന്നു സംശയിക്കുന്ന ജീസസ് മാനുവൽ സൽഗാഡോ (48) കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. പൊലീസിനെ കണ്ട് ആത്മഹത്യയ്ക്കു ശ്രമിച്ച ഇയാൾ ഗുരുതരാവസ്ഥയിലാണ്. അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇയാളുമായി സംസാരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.

സൗത്ത് ഹൈവേ 59 ൽ 800 ബ്ലോക്കിലെ ബിസിനസ് സ്ഥാപനത്തിൽ നിന്നാണ് കുടുംബത്തെ തട്ടിയെടുത്തത്. തട്ടിക്കൊണ്ടു പോകുന്നതിന്റെ വിഡിയോ കഴിഞ്ഞദിവസം പ്രചരിച്ചിരുന്നു.

അന്നു സംഭവിച്ചത്, കൃത്യം എന്തിന്?

ഇന്ത്യൻ വംശജരെ തട്ടിക്കൊണ്ടു പോകുന്നതിനു മുന്നോടിയായി ഇവരുടെ വാഹനം കത്തിയിരുന്നുവെന്നു റിപ്പോർട്ടുണ്ട്.. തിങ്കളാഴ്ച രാവിലെ 11.39നു ഒരു വാഹനത്തിനു തീപിടിച്ചുവെന്ന റിപ്പോർട്ടിനെ തുടർന്ന് ഫയർ ഡിപ്പാർട്ട്മെന്റ് വിന്റണിലെ ബുഹാച്ച് റോഡ്– ഓക്ഡൈയ്ൽ റോഡ് ജംങ്ഷനിലേക്ക് ഒരു വാഹനം ആയച്ചുവെന്നു മെർസെഡ് കൗണ്ടി ഷരീഫ് വാർത്താക്കുറിപ്പിൽ അറിയിച്ചു. 2020 ഡോഡ്ജ് റാം ട്രക്കാണ് കത്തിയതെന്നു തിരിച്ചറിഞ്ഞു. തുടർന്ന് ഇത് റജിസ്റ്റർ ചെയ്ത ഉടമയായ അമൻ ദീപുമായി ബന്ധപ്പെടാൻ ശ്രമിച്ചു.

12.35നു വാഹനത്തിന്റെ ഉടമയായ അമൻദീപ് സിങ്ങിനെ ബന്ധപ്പെടാൻ ആവശ്യപ്പെട്ട കലിഫോർണിയ പട്രോൾ സംഘം മെർസെഡ് പൊലീസിനെ സമീപിച്ചു. ഇവർ അമൻദീപുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് മറ്റൊരു ബന്ധുവിനെ ബന്ധപ്പെട്ടു. ഇവർ ജസ്ദീപ് സിങ്, ജസ്ലീൻ കൗർ, അമൻദീപ് എന്നിവരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ഇവരാണു നാലു പേരെയും കാണാനില്ലെന്ന വിവരം മെർസെഡ് ഷരീഫിനെ അറിയിച്ചതെന്നും വാർത്താ കുറിപ്പിൽ പറയുന്നു.

തട്ടിക്കൊണ്ടുപോയതായി പറയപ്പെടുന്ന സ്ഥലം റസ്റ്ററന്റുകളും ചില്ലറ വ്യാപാര സ്ഥാപനങ്ങളും ഉള്‍പ്പെടുന്ന പ്രദേശമാണ്. സംഭവത്തിനു പിന്നിലെ കാരണം വ്യക്തമല്ല.

English Summary: Indian-origin family kidnapped in California found dead

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com