ADVERTISEMENT

ഫിലഡൽഫിയ ∙ സാമൂഹ്യ തിന്മകൾക്കെതിരെ മതങ്ങളുടെ ഐക്യത്തിനായുള്ള ആഹ്വാനത്തോടെ മലങ്കര ഓർത്തഡോക്‌സ് സഭയുടെ കാതോലിക്കാ ബാവ  പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ തന്റെ പ്രഥമ അമേരിക്കൻ അപ്പസ്തോലിക സന്ദർശനം പൂർത്തിയാക്കി ഒക്ടോബർ രണ്ടിനു മടങ്ങി. സെപ്തംബർ 29-ന് ഫിലഡൽഫിയ സെന്റ് തോമസ് ഓർത്തഡോക്‌സ് ദേവാലയത്തിൽ നൽകിയ സ്വീകരണത്തിൽ ആഗോള സാഹോദര്യത്തിന്റെ ദർശനം ഉണ്ടാകേണ്ടതിന്റെ ആവശ്യകത ബാവ ഓർമിപ്പിച്ചു.

അനീതിയും അസമത്വവും ദാരിദ്ര്യവും വംശീയതയും ഇന്നും നമ്മുടെ സമൂഹത്തെ വലയ്ക്കുന്നു. ലോകത്തിൽ നിന്നു അന്ധകാരം തുടച്ചു നീക്കാൻ മതങ്ങൾ ഒന്നിക്കണം. ഓരോ മതത്തിനും അവരവരുടെ വിശ്വാസം അവരുടേതായ രീതിയിൽ പ്രകടിപ്പിക്കാൻ അവകാശമുണ്ട്. എല്ലാ മതങ്ങളും സ്നേഹവും കാരുണ്യവുമാണ് പഠിപ്പിക്കുന്നത്. എല്ലാ മതങ്ങളിലെയും നന്മകളെ നാം അംഗീകരിക്കണം. ദൈവത്തിൽ വിശ്വസിക്കുന്നവർ ഒരുമിച്ച് തിന്മയ്‌ക്കെതിരെ പോരാടുവാൻ ബാവ ആഹ്വാനം ചെയ്തു. സെപ്തംബർ 25 നു ന്യൂയോർക്കിലെ ലെവി ടൌൺ സെന്റ് തോമസ് ദേവാലയത്തിൽ ഭദ്രാസനതലത്തിൽ പരിശുദ്ധ പിതാവിന് ഊഷ്മളമായ സ്വീകരണം നൽകിയിരുന്നു.

St--Tikhon-bava

ആധ്യാത്മിക സംഘടനാ ഭാരവാഹികളുമായുള്ള കൂടിക്കാഴ്ച, എക്യുമെനിക്കൽ സഭാ നേതാക്കളുമായുള്ള കൂടിക്കാഴ്ച, ന്യൂയോർക്കിലെ സെന്റ് വ്ലാഡിമിർ ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി സന്ദർശനം, പെൻസിൽവാനിയയിലെ സൗത്ത് കാനാനിലുള്ള സെന്റ് ടിഖോൺ ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി സന്ദർശനം, പെൻസിൽവാനിയയിലെ ഡാൾട്ടണിലുള്ള ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്റർ സന്ദർശനം തുടങ്ങിയവ പരിശുദ്ധ പിതാവിന്റെ കാര്യ പരിപാടികളുടെ ഭാഗമായിരുന്നു.

Doctorate

സെന്റ് വ്ലാഡിമിർ തിയോളൊജിക്കൽ സെമിനാരി പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് ഡോക്ടറേറ്റ് നൽകി ആദരിച്ചു. പെൻസിൽവേനിയയിലെ ഹണ്ടിങ്ടൺ വാലിയിൽ, സെന്റ് മേരീസ് കത്തീഡ്രലിന്റെ കൂദാശയ്ക്ക് പരിശുദ്ധ പിതാവ് നേതൃത്വം നൽകി. ന്യൂയോർക്കിലെ ബ്രോങ്ക്‌സിലുള്ള സെന്റ് മേരീസ് ദേവാലയത്തിന്റെയും ന്യൂയോർക്കിലെ യോങ്കേഴ്‌സിലെ സെന്റ് തോമസ് ദേവാലയത്തിന്റെയും ജൂബിലി ആഘോഷങ്ങളിലും പരിശുദ്ധ കാതോലിക്കാ ബാവാ പങ്കെടുത്തു. ചെറി ലെയ്‌നിലെ സെന്റ് ഗ്രിഗോറിയോസ് പള്ളി, ഫിലാഡൽഫിയയിലെ സെന്റ് തോമസ് ചർച്ച്, ന്യൂജഴ്‌സിയിലെ മിഡ്‌ലാൻഡ് പാർക്കിലെ സെന്റ് സ്റ്റീഫൻസ് ചർച്ച് എന്നിവയുൾപ്പെടെ നിരവധി ഇടവകകൾ അദ്ദേഹം സന്ദർശിച്ചു. 

Airport-B

ഭദ്രാസനത്തിലെ വൈദിക സമ്മേളനത്തിലും മർത്തമറിയം സമാജം പ്രാർഥനാ കൂട്ടായ്മയിലും പരിശുദ്ധ പിതാവ് പങ്കെടുത്തു പ്രബോധനം നൽകി. നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ തന്റെ പത്തു ദിവസത്തെ സന്ദർശന വേളയിൽ നിരവധി വ്യക്തികളുമായും ചെറുസംഘങ്ങളുമായും കൂടിക്കാഴ്ച നടത്താൻ പരിശുദ്ധ പിതാവു സമയം കണ്ടെത്തി. സഭയുടെ വികസന പ്രവർത്തനങ്ങൾക്കും മിഷൻ പ്രവർത്തനങ്ങൾക്കും സഭാമക്കൾ നൽകുന്ന സഹകരണത്തിനു പരിശുദ്ധ പിതാവ് നന്ദി അറിയിച്ചു.

Ecumenical-leaders

ഒക്‌ടോബർ രണ്ടിനു ഞായറാഴ്‌ച ന്യൂയോർക്ക് ജോൺ എഫ് കെന്നഡി വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിനു യാത്രയയപ്പ് നൽകി. അഭിവന്ദ്യ സഖറിയാ മാർ നിക്കളാവോസ് മെത്രാപ്പോലീത്ത, ഭദ്രാസന സെക്രട്ടറി ഫാ. ഡോ. വർഗീസ് എം. ഡാനിയേൽ, ഭദ്രാസന ചാൻസലർ ഫാ. തോമസ് പോൾ, ഫാ. എബി ജോർജ്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ കെ.ജി.ഉമ്മൻ, ബിനു സാമുവൽ കൊപ്പാറ തുടങ്ങിയവർ പരിശുദ്ധ പിതാവിനെ യാത്രയാക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. കൂടുതൽ വിവരങ്ങൾക്ക് ഭദ്രാസന സെക്രട്ടറി ഫാ. ഡോ. വർഗീസ് എം.ഡാനിയേലുമായി ബന്ധപ്പെടുക. E-mail: dsfrvmd@gmail.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com