ADVERTISEMENT

മിസിസാഗ ∙ ലിബറൽ സർക്കാരിന്റെ ദുർച്ചെലവും നിരുത്തരവാദപരമായ രാഷ്ട്രീയ സമീപനങ്ങളുമാണ് നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പണപ്പെരുപ്പത്തിനും അതുവഴി ജീവിതച്ചെലവ് ക്രമാതീതമായി കൂടുന്നതിനും വഴിയൊരുക്കുന്നതെന്ന് പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയുടെ പുതിയ നേതാവ് പിയേർ പൊളിയേവ്. റഷ്യയിൽനിന്നും യുക്രെയ്നിൽനിന്നും ഇന്ധനവും ഭക്ഷ്യവസ്തുക്കളും കാര്യമായി ഇറക്കുമതി ചെയ്യുന്നില്ലെന്നിരിക്കെ റഷ്യ- യുക്രെയ്ൻ യുദ്ധമാണ് വിലവർധനയ്ക്ക് കാരണമെന്ന ജസ്റ്റിൻ ട്രൂഡോയുടെ വാദത്തെ പരിഹസിച്ച പിയേർ, നികുതികൾ വെട്ടിക്കുറയ്ക്കുന്നതിലൂടെ മാത്രമെ സാധാരണക്കാർക്ക് ആശ്വാസം നൽകാനാവൂ എന്നും ചൂണ്ടിക്കാട്ടി. കൂടുതൽ ഭവനങ്ങൾ നിർമിക്കാനും ഭക്ഷ്യോൽപാദനവും ഇന്ധന ഉൽപാദനവും വർധിപ്പിക്കാനും ആവശ്യപ്പെട്ട പിയേർ, ചെലവഴിക്കുന്ന ഓരോ ഡോളറിനും തുല്യമായ വരുമാനസ്രോതസ് കണ്ടെത്തണമെന്നും നിർദേശിച്ചു. 

പിയേർ പൊളിയേവ് വാർത്താ സമ്മേളനത്തിനിടെ. ചിത്രം: വിനോദ് ജോൺ.
പിയേർ പൊളിയേവ് വാർത്താ സമ്മേളനത്തിനിടെ. ചിത്രം: വിനോദ് ജോൺ.

 

കാനഡയിൽ നടന്ന ഖലിസ്ഥാൻ അഭിപ്രായവോട്ടെടുപ്പിനോടുള്ള നിലപാട് ചോദിച്ചപ്പോൾ അഖണ്ഡഭാരതത്തിനൊപ്പമാണ് പാർട്ടിയെന്നും എന്നാൽ, സ്വതന്ത്രമായ രാഷ്ട്രമെന്ന നിലയിൽ ഇവിടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് അവകാശമുണ്ടെന്നും പിയേർ പൊളിയേവ്  മാധ്യമപ്രവർത്തകരുടെ പ്രതികരിച്ചു. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ഇടപെടില്ല, ഇറാനിലെ റവല്യൂഷനറി ഗാർഡ് കോർപ്സിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്നും അഭിപ്രായപ്പെട്ടു. കൺസർവേറ്റീവ് പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ പത്രസമ്മേളനമായിരുന്നു ഇത്. 

 

പിയേർ പൊളിയേവ് വാർത്താ സമ്മേളനത്തിനിടെ. ചിത്രം: വിനോദ് ജോൺ.
പിയേർ പൊളിയേവ് വാർത്താ സമ്മേളനത്തിനിടെ. ചിത്രം: വിനോദ് ജോൺ.

അധ്വാനിക്കുന്ന ജനങ്ങളുടെ താൽപര്യങ്ങൾക്കു വിരുദ്ധമായാണ് ലിബറൽ-എൻഡിപി സഖ്യത്തിന്റെ നയങ്ങളും തീരുമാനങ്ങളും. ശൈത്യകാലത്ത് സാധാരണക്കാർക്ക് ആശ്വാസം ലഭിക്കുകയെന്ന ഉദ്ദേശ്യത്തോടെ വീടുകളെ കാർബൺ നികുതിയിൽനിന്ന് ഒഴിവാക്കണമെന്ന തന്റെ നിർദേശത്തെ എതിർത്തത് ഇതിനുദാഹരണമാണെന്നു അദ്ദേഹം പറഞ്ഞു. ശിക്ഷാതടവുകാരെ സംരക്ഷിക്കുന്ന നയം തുടരുന്നതിനാലാണ് കുറ്റകൃത്യങ്ങൾ പെരുകുന്നത്. കുടിയേറ്റ നടപടിക്രമങ്ങൾ വൈകുന്നത് തൊഴിൽ മേഖലകളെ ബാധിക്കുന്നു. ആരോഗ്യമേഖലയിലെ വിദഗ്ധരുടെ ക്ഷാമത്തിനും പരിഹാരമുണ്ടാകണം. രാജ്യാന്തര വിദ്യാർഥികൾക്കിടയിൽ ആത്മഹത്യയും മറ്റും പെരുകുന്നു. മാസംതോറും ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്ന പതിനഞ്ചു ലക്ഷം പേരിൽ ഏറെയും വിദ്യാർഥികളാണ്. ഫീസ് അടയ്ക്കുന്നതിനും ജീവിതച്ചെലവ് കണ്ടെത്തുന്നതിനും മറ്റുമായി ഇവർ അത്യധ്വാനം ചെയ്യുകയാണ്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായി പുതിയ കുടിയേറ്റക്കാർക്ക് ഇവിടേക്ക് വരുന്നതിനു മുൻപുതന്നെ തൊഴിൽപരമായ വൈദഗ്ധ്യവും അംഗീകാരവും നേടാൻ താൻ അധികാരത്തിൽവന്നാൽ നടപടിയെടുക്കുമെന്ന് ആവർത്തിച്ച പിയേർ, വിവിധ രാജ്യങ്ങളിൽനിന്ന് ഇവിടെ എത്തിയവരുടെ തൊഴിൽ വൈദഗ്ധ്യം അംഗീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾക്ക് അവസരമൊരുക്കുമെന്നും വ്യക്തമാക്കി. രാജ്യാന്തര വിദ്യാർഥികൾക്കും പെർമനന്റ് റസിഡൻസിയും പൗരത്വവും ലഭിക്കുന്നതിലെ നൂലാമാലകൾ ഒഴിവാക്കും.

 

സർക്കാർ ഓഫിസുകൾ പുനക്രമീകരിച്ച് അധികമായി വരുന്നവ ഭവനപദ്ധതികൾക്കായി വിനിയോഗിക്കും. പലിശ കൂടില്ലെന്ന വിശ്വാസത്തിലാണ് പലരും വായ്പയെടുത്ത് വീടുകൾ വാങ്ങിയത്. അടിക്കടി ഭവനവായ്പാ പലിശ കൂട്ടുന്നത് പലർക്കും താങ്ങാനാവുന്നില്ല. പ്രകൃതിവാതകത്തിന്റെയും പെട്രോളിയം ഉൽപന്നങ്ങളുടെയും കാര്യത്തിൽ രാജ്യത്തെ വിഭവങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും തടിവ്യവസായ മേഖലയിലെ കയറ്റുമതി തീരുവയുടെയും മറ്റും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മുൻകയ്യെടുക്കും.  

 

ഡപ്യൂട്ടി ലീഡർ മെലിസ ലാന്റ്സ്മാൻ, കൺസർവേറ്റീവ് പാർട്ടി അടുത്തിടെ പ്രഖ്യാപിച്ച നിഴൽമന്ത്രിസഭയിൽ ധനകാര്യം കൈകാര്യം ചെയ്യുന്ന ജസ് രാജ് ഹലൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഏറെ പ്രതീക്ഷയോടെ കാനഡയിലേക്കു വരുന്നവരിൽ ഏറെയും നിരാശയോടെയാണ് ഇപ്പോൾ കാനഡയിൽ കഴിയുന്നതെന്നും പലരും നിവൃത്തിയില്ലാതെ മടങ്ങിപ്പോകുകയാണെന്നും ജസ് രാജ് പറഞ്ഞു. കടബാധ്യതകളും തൊഴിലില്ലായ്മയും പലരെയും മാനസികസംഘർഷത്തിന് അടിമകളാക്കുന്നു. താഴേക്കിടയിൽനിന്ന് ഉയർന്നുവന്ന പിയേർ പൊളിയേവിന്റെ നേതൃത്വത്തിലുള്ള സർക്കാർ വന്നാൽ ഈ സാഹചര്യത്തിന് മാറ്റമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടി.

English Summary : Pierre Poilievre blames irresponsible political approaches by liberal government for inflation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com