ജോബിൻ പണിക്കർക്ക് എമ്മി അവാർഡ്

Mail This Article
ന്യൂയോർക്ക് ∙ മലയാളിയായ എബിസി ന്യൂസ് റിപ്പോർട്ടർ ജോബിൻ പണിക്കർ 2022 ലെ രണ്ട് എമ്മി അവാർഡ് നേടി. പതിനാറു വർഷത്തെ ജോലിക്കിടയിൽ 15 എമ്മി അവാർഡ് ഉൾപ്പെടെ 19 അവാർഡുകൾ ലഭിച്ചിട്ടുള്ള പണിക്കർ ടെക്സസിലെ കോളിൻ കൗണ്ടിയിലെ വാർത്തകളാണ് സ്‌പെഷ്യലൈസ് ചെയ്തിട്ടുള്ളത്. പരിസ്ഥിതി, ശാസ്ത്രം, ക്രൈം എന്നീ വിഭാഗങ്ങളിലാണ് പണിക്കർക്ക് അവാർഡ് ലഭിച്ചത്. കലിഫോണിയയിലെ ഫ്രെൻസോയിൽ കെ എസ് ഇ ഇ-24ൽ ജോലിക്കു തുടക്കമിട്ട പണിക്കർ 2012ൽ ഡബ്ലിയുഎഫ്എഎ യിൽ ചേർന്നു. 2010നു ശേഷം 7 ടെലിവിഷൻ അവാർഡുകൾ നേടി. നാല് എഡ്വേഡ് ആർ. മുറോ അവാർഡുകളും അതിൽ പെടുന്നു.
പണിക്കരുടെ റിപ്പോർട്ടുകൾക്കു എപി അവാർഡുകളും ലഭിച്ചിട്ടുണ്ട്. സൊസൈറ്റി ഓഫ് പ്രഫഷനൽ ജർണലിസ്റ്റ്സ് രണ്ടു തവണ അദ്ദേഹത്തിന് അവാർഡ് നൽകി.
ലൊസാഞ്ചലസ് മലങ്കര ഓർത്തഡോക്‌സ് പള്ളി വികാരി കൊല്ലം കുണ്ടറ മേച്ചേരിയിൽ ഫാദർ യോഹന്നാൻ കോശി പണിക്കരുടെയും ലില്ലി പണിക്കരുടെയും മകനാണ്. ഗൊൺസാഗ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിസിനസ് അഡ്മിനിട്രേഷൻ, ബ്രോഡ്കാസ്റ്റ് ജർണലിസം എന്നീ വിഷയങ്ങളിൽ ബിരുദമെടുത്തിട്ടുണ്ട്. സിറാക്യൂസ് വാഴ്‌സിറ്റിയുടെ ന്യൂഹൗസ് സ്കൂളിൽ നിന്ന് മാസ്റ്റേഴ്സും നേടി.