കോവിഡ് കഴിഞ്ഞപ്പോള്‍ പ്രതിരോധശേഷി ദുര്‍ബലം; യുഎസിൽ രോഗബാധിതരായ കുട്ടികൾ കൂടുന്നു

us-hospitals
SHARE

ഹൂസ്റ്റണ്‍∙ പെട്ടെന്നൊരു യുദ്ധം ഉണ്ടായാല്‍ അമേരിക്ക ചങ്കും വിരിച്ചു നിന്നു നേരിട്ടേക്കും. എന്നാല്‍ അത്യാവശ്യത്തിനു വേണ്ട മരുന്നിനു പെട്ടെന്നു ലഭ്യതക്കുറവ് വന്നാലോ? നട്ടം തിരിയുമെന്നുറപ്പ്. വെറുതേ പറയുന്നതല്ല. അടുത്തിടെ കുട്ടികള്‍ക്കായുള്ള അമോക്‌സിസിലിന്‍ ആന്റിബയോട്ടിക്കിന്റെ ക്ഷാമം അനുഭവിച്ച ആരും ഇങ്ങനെ തന്നെ പറയും. ഇപ്പോഴിതാ കൂനിന്‍മേല്‍ കുരു പോലെ ശിശുരോഗങ്ങളിലെ കുതിച്ചു ചാട്ടം നേരിടുകയാണ് അമേരിക്ക. 

ന്യൂയോര്‍ക്കിലെ കോഹെന്‍ ചില്‍ഡ്രന്‍സ് മെഡിക്കല്‍ സെന്ററിലെ പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ മേധാവി ഡോ. ജയിംസ് ഷ്നൈഡര്‍ ആണു ഞെട്ടിക്കുന്ന ഈ വിവരം പുറത്തു വിട്ടിരിക്കുന്നത്. പീഡിയാട്രിക് അസുഖങ്ങള്‍ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകളുടെ കുറവ് മൂലം ഇആര്‍ അഡ്മിഷനുകള്‍ വര്‍ധിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. 

പീഡിയാട്രിക് അസുഖങ്ങള്‍ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന പ്രധാന മരുന്നുകളുടെ അഭാവം മൂലം അഡ്മിഷനില്‍ പ്രകടമായ വർധനവ് ഉണ്ടായതായി പ്രധാനപ്പെട്ട കുട്ടികളുടെ ആശുപത്രിയിലെ പീഡിയാട്രിക്‌സ് മേധാവി ചൂണ്ടിക്കാട്ടുന്നു. വര്‍ഷങ്ങളായി കോവിഡ് ലോക്ക്ഡൗണുകളും നിയന്ത്രണങ്ങളും യുവാക്കളുടെ രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു. ഇത്തരം രോഗാണുക്കളുമായി സമ്പര്‍ക്കം ഇല്ലാതെ വന്നതോടെ പ്രതിരോധശേഷി കുറഞ്ഞതാണ് ഇപ്പോള്‍ ഉടലെടുത്തിരിക്കുന്ന പ്രശ്‌നങ്ങള്‍ക്കു കാരണം. – ഡോ. ജയിംസ് ഷ്നൈഡര്‍ പറഞ്ഞു.

പാന്‍ഡെമിക്കിനു ശേഷം സാധാരണ നിലയിലേക്കുള്ള മടങ്ങിവരവ് വൈറല്‍, ബാക്ടീരിയ അണുബാധകളുടെ പുനരുജ്ജീവനത്തിലേക്കു നയിക്കുന്നതായി ഷ്‌നൈഡറും മറ്റു ഡോക്ടര്‍മാരും പറഞ്ഞു, ഇതു പാന്‍ഡെമിക്കിനു മുൻപു രേഖപ്പെടുത്തിയ സംഖ്യകളെ മറികടക്കുന്നതാണെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.  ഈ പ്രതിഭാസം തന്റെ എമര്‍ജന്‍സി റൂമിലെ കുട്ടികളുടെ എണ്ണം ഏകദേശം ഇരട്ടിയാക്കിയെന്നു ഷ്‌നൈഡര്‍ ചൂണ്ടിക്കാട്ടുന്നു. 

കോവിഡിനു മുന്‍പ് വര്‍ഷത്തിലെ ഈ സമയത്ത് പ്രതിദിനം 170 കുട്ടികളാണ് സാധാരണയായി ER ല്‍ പ്രവേശിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴാകട്ടെ ഇത് ദിവസേന 260 നും 300 നും ഇടയില്‍ കുട്ടികളായി വര്‍ദ്ധിച്ചു. അമേരിക്കയിലെ യുവാക്കളെ പെട്ടെന്നു ബാധിക്കുന്ന ആർഎസ്‌വി, സീസണല്‍ ഇന്‍ഫ്‌ലുവന്‍സ, ഇപ്പോഴും നിലനില്‍ക്കുന്ന കൊറോണ വൈറസ് എന്നിവയെ  'ട്രിപ്പിള്‍ഡെമിക്', 'ട്രൈ-ഡെമിക്' എന്നീ പേരുകള്‍ നല്‍കിയാണ് ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്. 

പാന്‍ഡെമിക് സമയം കഴിയുമ്പോള്‍ ഈ വൈറസുകള്‍ മാരകമായ തിരിച്ചുവരവ് നടത്തുമെന്ന് 2020 മുതല്‍ പല മെഡിക്കല്‍ പ്രഫഷണലുകളും മുന്നറിയിപ്പ് നല്‍കിയിരുന്നു. കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് ഇവ ഏറെക്കുറേ നിര്‍ജീവാവസ്ഥയിലായിരുന്നു. ഇപ്പോള്‍ വര്‍ധിത വീര്യത്തോടെ ഇവ മടങ്ങിയെത്തുകയാണ്. വിദഗ്ധര്‍ ഈ രോഗങ്ങളില്‍ നിന്നുള്ള കൂടുതല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രത്യേകിച്ച് ഇപ്പോള്‍ ദുര്‍ബലമായ പ്രതിരോധശേഷി ഉള്ള കുട്ടികളില്‍ ആണ് ഇത് ഏറ്റവും രൂക്ഷമായി വന്നുകൊണ്ടിരിക്കുന്നത്. 

ഇപ്പോള്‍, കുട്ടികളിലെ വൈറല്‍ അണുബാധയ്ക്കുള്ള ചികിത്സ തേടി എത്തുന്നവരുടെ എണ്ണം തന്റെ കരിയറില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തലത്തിലാണെന്ന് ഡോ. ഷ്‌നൈഡര്‍ പറയുന്നു. രണ്ടു വര്‍ഷത്തിനു ശേഷമാണ് ഫ്‌ലൂ, ആര്‍എസ്‌വി തുടങ്ങിയ ശ്വാസകോശ സംബന്ധമായ വൈറസുകള്‍ ഇത്രയേറെ വര്‍ധിച്ചിരിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആശുപത്രികളില്‍ എത്തുന്ന കുട്ടികളായ രോഗികളുടെ എണ്ണം മുൻപത്തേക്കളും ഉയര്‍ന്ന നിരക്കില്‍ ആണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. 

'ഇതു പുതിയ രോഗമല്ല. സാധാരണ കാണുന്നതിനേക്കാള്‍ കൂടുതലാണ് ഇപ്പോഴുള്ളത്. ഈ കുതിച്ചുചാട്ടം അസാധാരണമാണ്. -  ഷ്‌നൈഡര്‍ വിശദീകരിച്ചു. കേസുകളില്‍ അടുത്തിടെ ചെറിയൊരു നിയന്ത്രണം വന്നിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ കോവിഡ് പോസിറ്റീവ് ആകുന്ന കുട്ടികളുടെ എണ്ണം പെരുകി. ഇതോടെ തങ്ങളുടെ പ്രയത്‌നങ്ങള്‍ ആകെ തകരാറിലായെന്നും അദ്ദേഹം പറഞ്ഞു. രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവ് ഉണ്ടായിട്ടും അതു മാനേജ് ചെയ്യുന്നതിനു വിശാലമായ നോര്‍ത്ത്വെല്‍ ഹെല്‍ത്ത് സിസ്റ്റത്തിന്റെ ഭാഗമായ ആശുപത്രിക്ക് ആവശ്യമുള്ള മരുന്നുകളുടെ വിതരണം സുരക്ഷിതമാക്കാന്‍ കഴിഞ്ഞുവെന്നും ഡോക്ടര്‍ പറഞ്ഞു.

എന്നിരുന്നാലും, നൂറുകണക്കിനു ഫാര്‍മസികളിലും രാജ്യത്തുടനീളമുള്ള ആശുപത്രികളിലും സ്ഥിതി വ്യത്യസ്തമാണ്. രോഗികളില്‍ ഭൂരിപക്ഷവും റെസ്പിറേറ്ററി സിന്‍സിറ്റിയല്‍ വൈറസ് അല്ലെങ്കില്‍ ആര്‍എസ്‌വി എന്നിവ ബാധിച്ച് ആശുപത്രികളിലെത്തുന്നു. ഇന്‍ഫ്‌ലുവന്‍സ ബാധിച്ചു ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണവും കുറവല്ല എന്നാണു റിപ്പോർട്ടുകൾ.

Manorama Online Manorama Online
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
FROM ONMANORAMA