ADVERTISEMENT

ഹൂസ്റ്റണ്‍ ∙ വാക്‌സിനേഷന്‍ കൊണ്ട് ഒരു ഗുണവുമില്ലേ? അമേരിക്കയില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ കണക്ക് പരിശോധിച്ചാല്‍ ഇത്തരമൊരു സംശയം ആര്‍ക്കും തോന്നും. ഔദ്യോഗിക കണക്കു പ്രകാരം യുഎസില്‍ ഓഗസ്റ്റില്‍ സംഭവിച്ച കോവിഡ് മരണങ്ങളില്‍ 58 ശതമാനവും രണ്ടു ഡോസ് വാക്‌സീന്‍ എടുത്തവരോ ബൂസ്റ്റര്‍ ഡോസ് എടുത്തവരോ ആണെന്ന് കണ്ടെത്തി.

 

എന്നാല്‍ ഇക്കാര്യത്തില്‍ വലിയ ആശങ്ക വേണ്ടെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. കാരണം ജനസംഖ്യയുടെ ഒരു വലിയ ഭാഗവും കുറഞ്ഞത് രണ്ട് ഡോസ് എങ്കിലും സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മരിക്കുന്ന വാക്‌സിനേറ്റഡ് ആളുകളുടെ എണ്ണവും കൂടുമെന്ന് ഇവര്‍ പറയുന്നു. പക്ഷേ വാക്‌സീന്‍ എടുത്തിട്ടും കോവിഡ് ബാധിച്ച് ജനങ്ങള്‍ മരിക്കുന്നു എന്നത് ആശങ്കാജനകമാണെന്ന് ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. 

 

എന്നാല്‍ പ്രായമായവരും രോഗപ്രതിരോധശേഷി കുറഞ്ഞവരും ആണ് കോവിഡ് മരണങ്ങളില്‍ കൂടുതലായിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കോവിഡ് വൈറസുകള്‍ക്ക് ജനിതക വ്യതിയാനം സംഭവിച്ചതിനാല്‍ വാക്സീനുകളുടെ ഫലപ്രാപ്തി കുറയുന്നു എന്നതും സത്യമാണ്. അതുകൊണ്ടുതന്നെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് കൃത്യമായി ബൂസ്റ്ററുകള്‍ ഡോസുകള്‍ ആവശ്യമാണ്.

 

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍, കൊവിഡ് മരണങ്ങളില്‍ 23 ശതമാനം മാത്രമായിരുന്നു വാക്‌സിനേഷന്‍ എടുത്തവര്‍. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇത് 42 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ആഴ്ചയില്‍ 8,000 ത്തോളം പേര്‍ കോവിഡ് ബാധിച്ച് മരിക്കുന്നിടത്ത് ഇപ്പോള്‍ ഓരോ ആഴ്ചയും ഏകദേശം 2,000 അമേരിക്കക്കാര്‍ മാത്രമാണ് കോവിഡ് ബാധിച്ച് മരിക്കുന്നതെന്നും ഔദ്യോഗിക കണക്കുകള്‍ കാണിക്കുന്നു.

 

2021 ജനുവരിയില്‍ പാന്‍ഡെമിക്കിന്റെ ഏറ്റവും ഉയര്‍ന്ന ഘട്ടത്തില്‍, ഓരോ ഏഴ് ദിവസത്തിലും 20,000-ത്തിലധികം ആളുകള്‍ വൈറസിന് കീഴടങ്ങിയിരുന്നു. വളരെ വിജയകരമായ ഒരു വാക്‌സീന്‍ ക്യാംപയ്ൻ കോവിഡിന്റെ തീവ്രത കുറയ്ക്കാന്‍ സഹായിച്ചു, ഒപ്പം ഒമിക്രോണ്‍ വെരിയന്റിന്റെ വരവ് അതിജീവിക്കാനും ജനങ്ങള്‍ക്കും കഴിഞ്ഞു. 

 

69 ശതമാനം അമേരിക്കക്കാര്‍ക്കും കുറഞ്ഞത് രണ്ട് ഡോസ് വാക്‌സീന്‍ നല്‍കിയിട്ടുണ്ട്. അതായത് 230 ദശലക്ഷം പേരോളം വാക്‌സിനേറ്റഡാണ്. എന്നാല്‍ ഒമിക്രോണിനെ പ്രത്യേകമായി ലക്ഷ്യമിടുന്ന പുതിയ, ബൈവാലന്റ് ബൂസ്റ്ററുകള്‍ സ്വീകരിക്കാന്‍ പൊതുവേ ആളുകള്‍ക്ക് വിമുഖതയാണ്.  ബൈവാലന്റ് ബൂസ്റ്റര്‍ സ്വീകരിക്കുകയും അണുബാധയ്ക്ക് ചികിത്സിക്കുകയും ചെയ്താല്‍ 'അടിസ്ഥാനപരമായി അമേരിക്കയിലെ എല്ലാ കോവിഡ് മരണങ്ങളും' തടയാനാകുമെന്ന് വൈറ്റ് ഹൗസ് കൊറോണ വൈറസ് പ്രതികരണ കോഓര്‍ഡിനേറ്റര്‍ ഡോ. ആശിഷ് ഝാ ചൊവ്വാഴ്ച അവകാശപ്പെട്ടു. 

 

അതിനിടെ വാക്സിനേഷന്‍ വര്‍ധിപ്പിക്കാനുള്ള തീവ്രശ്രമത്തില്‍ പുതിയ ബൈവാലന്റ് കോവിഡ് ബൂസ്റ്റര്‍ സ്വീകരിക്കുന്ന അമേരിക്കക്കാര്‍ക്ക് വൈറ്റ് ഹൗസ് പലചരക്ക് സാധനങ്ങള്‍ക്ക് കിഴിവ് വാഗ്ദാനം ചെയ്തത് കൗതുകമായി.  CVS, Safeway, Winn-Dixie, അല്ലെങ്കില്‍ Rite Aid എന്നിവയില്‍ Omicron-നിര്‍ദ്ദിഷ്ട ഷോട്ട് ലഭിക്കുന്ന ആളുകള്‍ക്ക് ഈ ശൈത്യകാലത്ത് അവരുടെ വാങ്ങലുകള്‍ക്ക് 20 ഡോളര്‍ വരെയാണ് കിഴിവ് ലഭിക്കും.

 

ഈ വര്‍ഷത്തെ താങ്ക്‌സ്ഗിവിങ് ഡിന്നറിന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 ശതമാനം കൂടുതല്‍ ചിലവ് വരുമെന്ന് അടുത്തിടെ അമേരിക്കന്‍ ഫാം ബ്യൂറോ റിപ്പോര്‍ട്ട് കണ്ടെത്തിയിരുന്നു. അതുകൊണ്ടുതന്നെ ഈ വാഗ്ദാനം പരക്കെ സ്വീകരിക്കപ്പെടുമെന്ന് കരുതുന്നു. ഈ ശൈത്യകാലത്ത് കോവിഡ് കേസുകളും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർധിക്കുന്നതിന് മുന്നോടിയായാണ് പുതിയ ബൂസ്റ്റര്‍ ഇന്‍സെന്റീവ് വരുന്നത്. 

 

10 വര്‍ഷത്തിനിടയിലെ ഏറ്റവും മോശമായ രീതിയിൽ ഇന്‍ഫ്ലുവന്‍സ പൊട്ടിപ്പുറപ്പെടുന്നതും സാധാരണ ജലദോഷം വൈറസ് RSV മൂലമുണ്ടാകുന്ന രോഗികളുടെ എണ്ണം വര്‍ധിച്ചതും മൂലം ആരോഗ്യ പ്രവര്‍ത്തകര്‍ വലയുകയാണ്. ലോക് ഡൗണ്‍ മൂലം ജനങ്ങളുടെ പ്രതിരോധശേഷിയിലുണ്ടായ കുറവാണ് ഇപ്പോഴത്തെ ഈ അവസ്ഥയ്ക്ക് കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ബൂസ്റ്റര്‍ ഷോട്ടിന് യോഗ്യരായ അമേരിക്കക്കാരില്‍ 11 ശതമാനം മാത്രമാണ് ഇതിനായി എത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ബൂസ്റ്റര്‍ ഡ്രൈവ് മന്ദഗതിയിലുമാണ്. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) അഞ്ച് വയസ്സിന് മുകളിലുള്ളവര്‍ക്ക് ബൈവാലന്റ് ബൂസ്റ്റര്‍ ലഭിക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. 

 

ഇതാകട്ടെ ഡെന്മാര്‍ക്കിലും നോര്‍വേയിലും നിന്ന് വ്യത്യസ്തമാണ്. മുതിർന്നവർ അല്ലാത്തവര്‍ക്ക് അവര്‍ കുത്തിവയ്പ്പ് നല്‍കുന്നില്ല. അതേസമയം 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമേ സ്വീഡന്‍ ഷോട്ടുകള്‍ നല്‍കുന്നുള്ളൂ. അതേസമയം 90 ശതമാനം പേരിലും കോവിഡ് വാക്‌സിനുകള്‍ മരണത്തില്‍ നിന്ന് പ്രതിരോധം നല്‍കുന്നുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ട സര്‍വേ അനാലിസിസ് പറയുന്നത്. വൈറസുകള്‍ക്ക് ജനിതക മാറ്റം വരുന്ന വേഗം കുറഞ്ഞത് ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തുന്നത്. ഈ വര്‍ഷമാദ്യം, മോഡോണയും ഫൈസറും ഒമൈക്രോണിനെ പ്രത്യേകമായി ടാര്‍ഗെറ്റു ചെയ്യുന്ന ബൈവാലന്റ് ബൂസ്റ്ററുകള്‍ പുറത്തിറക്കിയിരുന്നു. ഇതും ഫലപ്രദമായതായാണ് വിലയിരുത്തല്‍. 

 

ശൈത്യകാലത്തിനും അവധിക്കാലത്തിനും മുൻപായി ആളുകളെ വാക്‌സിനേറ്റ് ചെയ്യുന്ന ആറാഴ്ചത്തെ ഡ്രൈവ് പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. 

475 മില്യൻ ഡോളര്‍ ക്യാംപെയ്ൻ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളെയും മറ്റ് ഓര്‍ഗനൈസേഷനുകളെയും പ്രായമായവരെയും പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും സംരക്ഷണം ഉറപ്പാക്കാന്‍ സഹായിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com