ADVERTISEMENT

സാൻഫ്രാൻസിസ്കോ ∙ ഹൃസ്വസന്ദർശനത്തിനായി കലിഫോർണിയയിലെ സാൻഫ്രാൻസിസ്കോ ബേ ഏരിയയിൽ എത്തിയ പ്രശസ്ത മലയാള സിനിമാ സംവിധായകൻ വിനയന് സർഗവേദിയുടെ ആഭിമുഖ്യത്തിൽ മലയാളി സമൂഹം സ്വീകരണം നൽകി. മലയാള സിനിമയ്ക്ക് വിനയൻ നൽകിയ മഹത്തായ സംഭാവനകളെയാണ് ഇതുവഴി അമേരിക്കൻ മലയാളികൾ ആദരിച്ചത്. വിനയൻ എന്ന സംവിധായകനെയും മലയാള സിനിമയ്ക്ക് അദ്ദേഹം നൽകിയ 40 ൽ പരം ചിത്രങ്ങളെയും തങ്ങൾ എത്രമാത്രം വിലമതിക്കുന്നു എന്ന് കാണിക്കുന്നതായിരുന്നു അദ്ദേഹത്തെ ആദരിക്കുന്ന ചടങ്ങിനെത്തിയ മലയാളി സമൂഹത്തിന്റെ സാന്നിധ്യം.

നവംബർ 27നു മിൽപിറ്റാസിലെ റെഡ് ചില്ലീസ് റസ്റ്ററന്റിൽ വച്ചായിരുന്നു സർഗ്ഗവേദിയുടെ സ്വീകരണച്ചടങ്ങ്. ബേ ഏരിയയിലെ ധാരാളം മലയാളികളും കലാകാരന്മാരും വിവിധ മലയാളി സംഘടനകളുടെ ഭാരവാഹികളും ഈ ചടങ്ങിൽ പങ്കെടുത്തു. സർഗവേദി പ്രസിഡന്റ് ജോൺ കൊടിയൻ സ്വാഗതം ആശംസിച്ചു. അമേരിക്കയിൽ എത്തുന്ന മലയാളി സാഹിത്യകാരന്മാരേയും കലാകാരന്മാരേയും ആദരിക്കുക, അവിടെയുള്ള മലയാളി സമൂഹത്തിന് അവരെ ശ്രവിക്കുവാനും അവരുമായി പരിചയപ്പെടുവാനും ആശയവിനിമയത്തിനും വേദിയൊരുക്കുക എന്നിവ സർഗവേദിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളാണെന്നും 40 ൽ പരം മലയാള ചലച്ചിത്രങ്ങളുടെ ശിൽപിയായ വിനയനെ ആദരിക്കുവാൻ അവസരം ലഭിച്ചത് അവിടെയുള്ള മലയാളികളുടെ ഭാഗ്യമാണെന്നും അദ്ദേഹം സ്വാഗത പ്രസംഗത്തിൽ പറഞ്ഞു.

reception-for-director-vinayan3

സർഗവേദി എക്സിക്യൂട്ടീവ് അംഗമായ രാജി മേനോൻ എംസി ആയി യോഗത്തെ നിയന്ത്രിച്ചു. വിനയൻ തന്റെ നാടകമേഖലയിലെയും സിനിമാ ജീവിതത്തിലെയും രസകരവും തീഷ്ണവുമായ അനുഭവങ്ങൾ യോഗത്തിൽ പങ്കുവച്ചു. അദ്ദേഹം തന്റെ ഓരോ സിനിമയും എങ്ങിനെയാണ് പിറവിയെടുത്തതെന്നും അതിന്റെ പിന്നിലെ കാരണങ്ങളും സിനിമാ ജീവിതത്തിലെ പ്രതിസന്ധികളും അപ്രതീക്ഷിതമായ വിജയങ്ങളും സിനിമയ്ക്കുവേണ്ടി താൻ തിരഞ്ഞെടുത്ത അസ്വഭാവികമായ ആശയങ്ങളും വളരെ രസകരമായ രീതിയിൽ അവതരിപ്പിച്ചു. പ്രതിസന്ധികളെ ആത്മധൈര്യത്തോടെ നേരിട്ടതാണ് തന്റെ വിജയത്തിന്റെ പിന്നിലെ രഹസ്യമെന്നും ഓരോരുത്തരുടേയും ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളെ അതേ രീതിയിൽ നേരിട്ടാൽ എല്ലാവർക്കും വിജയിക്കുവാനാകുമെന്നും ഓർമ്മിപ്പിച്ചു. 

യോഗത്തിൽ പങ്കെടുത്ത മലയാളികളുടെ ചോദ്യങ്ങൾക്കും വിനയന്റെ സിനിമയെപ്പറ്റിയുള്ള സംശയങ്ങൾക്കും അദ്ദേഹം നൽകിയ ഉത്തരങ്ങളും വിശദീകരണങ്ങളും മലയാള സിനിമയേയും കലയേയും സ്നേഹിക്കുന്ന എല്ലാവരിലും മതിപ്പുളവാക്കി. തുടർന്ന്, സർഗവേദി വിനയനെ മലയാള സിനിമയ്ക്കു നൽകിയ സംഭാവനകളുടെ പേരിൽ അവാർഡ് നൽകി ആദരിച്ചു. പ്രസിഡന്റ് ജോൺ കൊടിയൻ, സെക്രട്ടറി ടോം ആന്റണി, ട്രഷറർ വിനോദ് മേനോൻ, എക്സിക്യൂട്ടീവ് അംഗം രാജി മേനോൻ എന്നിവർ ഒരുമിച്ചാണ് വിനയന് അവാർഡ് നൽകിയത്.

tampy-book

ഏവരുടെയും ആദരങ്ങൾ ഏറ്റുവാങ്ങിയശേഷം സർഗ്ഗവേദി അംഗവും നടനും എഴുത്തുകാരനുമായ തമ്പി ആന്റണിയുടെ ‘ഏകാന്തതയുടെ നിമിഷങ്ങൾ’ എന്ന ഏറ്റവും പുതിയ നോവൽ വിനയൻ പ്രകാശനം ചെയ്തു. രാജി മേനോന് പുസ്തകം കൈമാറിക്കൊണ്ടാണ് തമ്പിയുടെ നോവൽ വിനയൻ പ്രകാശനം ചെയ്തത്. മാതൃഭൂമി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച തമ്പി ആന്റണിയുടെ ഈ പുതിയ നോവൽ പതിവ് നായികാസങ്കൽപങ്ങളിൽ നിന്നു വ്യത്യസ്തയായ ഒരു പെൺകുട്ടിയുടെ കഥയാണു പറയുന്നത്.

യോഗത്തിനെത്തിയ മറ്റു മലയാളി സംഘടനകളും അദ്ദേഹത്തിന്റെ സംഭാവനകളെ പ്രശംസിക്കുകയും അവരുടേതായ രീതിയിൽ ആദരിക്കുകയും ചെയ്തു. മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കലിഫോർണിയ (മങ്ക) യ്ക്ക് വേണ്ടി പ്രസിഡന്റ് റെനി പൗലോസും ബോർഡ് അംഗങ്ങളും, ബേ മലയാളിയ്ക്ക് വേണ്ടി വൈസ് പ്രസിഡന്റ് ജോൺ കൊടിയനും സജൻ മൂലപ്ലാക്കലും, ലയൺസ് ക്ലബിനുവേണ്ടി ജയിംസ് വർഗീസും, മ്യൂസിക് ഇന്ത്യ ഫൗണ്ടേഷനുവേണ്ടി (എംഐഎഫ്) രവിശങ്കറും, മലയാളി അസോസിയേഷൻ ഓഫ് മൗണ്ടൻ ഹൗസ് (MOHAM) നു വേണ്ടി പ്രസിഡന്റ് ഗോപകുമാർ പിള്ളയും വിജി ഗോപനും സംവിധായകൻ വിനയനെ ആദരിച്ചു.

reception-for-director-vinayan2

സർഗവേദി സെക്രട്ടറി ടോം ആന്റണി ഡയറക്ടർ വിനയനും യോഗത്തിൽ പങ്കെടുത്തവർക്കും നന്ദി പ്രകാശിപ്പിച്ചു. ബേ ഏരിയയിലെ മലയാളി സമൂഹത്തിന് വിനയനെ അടുത്ത് പരിചയപ്പെടുവാനും മനസ്സ് തുറന്ന് സംസാരിക്കുവാനും ഒരുമിച്ച് ഫോട്ടോ എടുക്കുവാനും അസരമൊരുക്കിയതിൽ സർഗവേദിക്ക് അഭിമാനിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com