ADVERTISEMENT

ഹൂസ്റ്റണ്‍∙ തൊടുന്നതെല്ലാം പിഴയ്ക്കുന്നു എന്ന മട്ടിലാണ് ഇപ്പോള്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവസ്ഥ. ചുവപ്പു തരംഗം ആകെ പൊളിഞ്ഞു പാളീസായെങ്കിലും കഷ്ടിച്ചു രക്ഷപ്പെട്ടല്ലോ എന്ന് ആശ്വാസിച്ച് ഇരിക്കുകയായിരുന്നു. പാര്‍ട്ടിയിലാണെങ്കില്‍ ദിനംപ്രതി ശത്രുക്കളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. 2024ല്‍ ഗോദയില്‍ ഇറങ്ങും എന്നു പ്രഖ്യാപിച്ച് അതിനുള്ള പണി തുടങ്ങിയതായിരുന്നു. അപ്പോഴാണ് ദേ അടുത്ത വിവാദം ടാക്‌സിയും പിടിച്ചു വന്നിരിക്കുന്നത്. 

 

എസ്റ്റേറ്റ് വസതിയില്‍ നടത്തിയ ഒരു വിരുന്നാണ് ഇപ്പോള്‍ പൊല്ലാപ്പായിരിക്കുന്നത്. മാര്‍-എ-ലാഗോ എസ്റ്റേറ്റില്‍ റാപ്പര്‍ കാന്‍യെ വെസ്റ്റിനൊപ്പം വന്ന വിരുന്നുകാരനാണു പണിയുണ്ടാക്കിയത്. വെളുത്ത മേധാവിത്വവാദി നിക്ക് ഫ്യൂന്റസായിരുന്നു ആ സുഹൃത്ത്. വിരുന്നിന് വന്നതല്ലേ എന്നോര്‍ത്ത് അത്താഴം വിളമ്പി ഒപ്പമിരുന്നു കഴിക്കുകയും ചെയ്തു. സംഗതി നാലാള്‍ അറിഞ്ഞപ്പോള്‍ പൊല്ലാപ്പുമായി. സ്വന്തം പാര്‍ട്ടിക്കാര്‍ വരെ കുറ്റം പറഞ്ഞതോടെ ട്രംപിന് കാര്യത്തിന്റെ കിടപ്പ് പിടികിട്ടി. 

 

ഒടുവില്‍ രണ്ടും കല്‍പ്പിച്ച് 'പടച്ചോനേ കാത്തോളീ' എന്ന മട്ടില്‍ ഒറ്റ അടിയായിരുന്നു. ഫ്യൂന്റസ് ആരാണെന്നു തനിക്കറിയില്ലെന്നാണു ട്രംപ് പറഞ്ഞത്. കൂടെ ഒന്നു കൂടി പറഞ്ഞു, റാപ്പര്‍ ചതിച്ചതാണാശാനേ.. എന്ന മട്ടിലൊരു കാച്ചി. താന്‍ അത്താഴത്തിന് ക്ഷണിച്ചത് വെസ്റ്റിനെ മാത്രമാണെന്നും, 'എന്നെ വിളിച്ചു, നീയും പോര്' എന്നു പറഞ്ഞു ഫ്യൂന്റസിനെ ഒപ്പം കൂട്ടിയതാണെന്നും പറഞ്ഞായിരുന്നു ന്യായീകരണം. 

 

തനിക്ക് ഈ വര്‍ഗീയവാദികളെ കാണുന്നതു  പോലും ഇഷ്ടമല്ല എന്നും ട്രംപ് പറയുന്നു. പാര്‍ട്ടിക്കാര്‍ കാര്യം പറഞ്ഞപ്പോഴാണ് ഫ്യൂന്റസ് ആരാണെന്ന് മനസിലായതെന്നു പോലും അദ്ദേഹം ന്യായീകരിക്കുന്നു. 'ഞാന്‍ ആ മനുഷ്യനെക്കുറിച്ച് കേട്ടിട്ടില്ല. അവന്റെ കാഴ്ചപ്പാടുകള്‍ എന്താണെന്ന് എനിക്കറിയില്ല, ഞങ്ങളുടെ അത്താഴത്തിന് അവ പ്രകടിപ്പിച്ചില്ല. അല്ലെങ്കില്‍ അതു സ്വീകരിക്കില്ലായിരുന്നു,' -  ട്രംപ് പറഞ്ഞു.

 

ഇപ്പോള്‍ യെ എന്നറിയപ്പെടുന്ന വെസ്റ്റ് മീറ്റിങ്ങിനു ശേഷം പോസ്റ്റ് ചെയ്ത ഒരു വിഡിയോയില്‍ 'താന്‍ 2024 ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും മുന്‍ പ്രസിഡന്റും താനും മത്സര പങ്കാളികള്‍ ആണെന്നും പറയുന്നു. സംഗതി കേട്ട ട്രംപ് നിലവിളിച്ചു പോയെന്നാണ് വെസ്റ്റ് വിഡിയോയില്‍ പറയുന്നു. രണ്ടാഴ്ച മുമ്പ് സ്വന്തം വൈറ്റ് ഹൗസ് ബിഡ് പ്രഖ്യാപിച്ച മുന്‍ പ്രസിഡന്റിന് ഇതു സഹിക്കാവുന്നതിലും അപ്പുറത്താണ് എന്നത് സ്വാഭാവികമാണ്. വേലിയില്‍ കിടന്ന വെസ്റ്റിനെ എടുത്ത് 'വെസ്റ്റി'ലോ '്ബ്രീഫി'ലോ വച്ചു എന്ന മട്ടിലായി കാര്യങ്ങള്‍. 

 

ചൊവ്വാഴ്ച ഡൊണാള്‍ഡ് ട്രംപ് തന്റെ 'വെളുത്ത മേധാവിത്വ' അത്താഴത്തിന് അതിഥിയായ നിക്ക് ഫ്യൂന്റസിന്റെ വീക്ഷണങ്ങളില്‍ നിന്ന് സ്വയം അകന്നതായി പ്രഖ്യാപിച്ചു. തനിക്ക് അയാളെ അറിയില്ലെന്നും അങ്ങനെയാണെങ്കില്‍ അവ അംഗീകരിക്കില്ലായിരുന്നുവെന്നും അവകാശപ്പെട്ടതോടെ വിഷയം അവസാനിക്കും എന്നാണ് അദ്ദേഹത്തിന്റെ പിന്തുണക്കാര്‍ പ്രതീക്ഷിക്കുന്നത്. 

 

ആരാണ് ഫ്യൂന്റസ്

 

ഒരു വലതുപക്ഷ ചിന്തകനും പ്രകോപിപ്പിക്കുന്ന നിലപാടുകാരനുമാണ് ഫ്യൂന്റസ്. 2017 ല്‍ വിര്‍ജീനിയയില്‍ നടന്ന 'യൂണൈറ്റ് ദി റൈറ്റ്' റാലിയിലൂടെയാണ് ഇയാള്‍ ശ്രദ്ധേയനായത്. യാഥാസ്ഥിതിക ക്രിസ്ത്യന്‍ എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. യൂട്യൂബില്‍ ഇയാളുടെ ചാനല്‍ പ്രകോപന പ്രസംഗ പരമ്പരകളുടെ പേരില്‍ എന്നന്നേക്കുമായി ബ്ലോക്ക് ചെയ്യപ്പെടുകയുണ്ടായി. 

 

'വെള്ളക്കാര്‍ ആക്രമിക്കപ്പെടുന്നു' എന്നും യുഎസിലെ ന്യൂനപക്ഷങ്ങള്‍ 'ജീവിതത്തിന്റെ ഘടന' മാറ്റുകയാണെന്നുമുള്ള നിലപാടുകളാണ് ഇയാളുടേത്. 

തന്റെ 'അമേരിക്ക ഫസ്റ്റ്' പോഡ്കാസ്റ്റിന്റെ ഒരു എപ്പിസോഡിനിടെ, ആ മനുഷ്യന്‍ 'തമാശയോടെ' നാസി തടങ്കല്‍പ്പാളയങ്ങളില്‍ ചുട്ടുകൊല്ലപ്പെട്ട ജൂതന്മാരെ അടുപ്പിലെ കുക്കികളോട് ഉപമിച്ചത് വലിയ വിവാദത്തിന് വഴിമരുന്നിട്ടിരുന്നു.

 

മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 2020 ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് ശേഷം, ജനുവരി 6 ലെ യുഎസ് ക്യാപിറ്റലില്‍ നടന്ന കലാപത്തിലേക്ക് നയിച്ച നിരവധി 'മോഷണം നിര്‍ത്തുക' എന്ന പേരില്‍ ട്രംപ് അനൂകൂല റാലികള്‍ സംഘടിപ്പിക്കാന്‍ ഈ 24 കാരന്‍ സഹായിച്ചു എന്നും ആരോപണമുണട്്. 2021-ല്‍, ഔപചാരികമായ ഒരു പരാതിയില്‍ DOJ ഫ്യൂന്റസിനെ 'വൈറ്റ് സുപ്രിമാസിസ്റ്റ്' എന്ന് പരാമര്‍ശിച്ചിരുന്നു. 

 

'മാര്‍-എ-ലാഗോ ഡിബ്രീഫ്' എന്ന പേരിലാണ് ട്രംപിന്റെ കൂടിക്കാഴ്ച വൈറലായത്. യഹൂദന്മാരെയും മറ്റുള്ളവരെയും കുറിച്ചുള്ള തന്റെ വീക്ഷണങ്ങളുടെ പേരില്‍ തീവ്ര വലതുപക്ഷത്തിന്റെ മുന്‍നിര വക്താക്കളില്‍ ഒരാളുമായി അത്താഴ വിരുന്നില്‍ പങ്കെടുത്തതിനെതിരേ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. 

 

വെസ്റ്റിന്റെ യഹൂദ വിരോധ കമന്റുകള്‍ വന്‍ വിവാദം ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് അഡിഡാസ്, ഗ്യാപ്പ്, ബലെന്‍സിയാഗ തുടങ്ങിയ മുന്‍നിര സ്‌പോണ്‍സര്‍മാര്‍ അദ്ദേഹത്തെ കയ്യൊഴിഞ്ഞിരുന്നു. ഇന്‍സ്റ്റാഗ്രാമിലും ട്വിറ്ററിലും നടത്തിയ സെമിറ്റിക് വിരുദ്ധ പോസ്റ്റുകളില്‍ വ്യാപകമായ തിരിച്ചടികള്‍ ഉണ്ടാകുമെന്ന് ട്രംപിന് അടുപ്പക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 'ഇതൊരു പേടിസ്വപ്നമാണ്,' അത്താഴത്തിനു ശേഷം അജ്ഞാതമായി എന്‍ബിസി ന്യൂസിനോട് സംസാരിച്ച ഒരു ദീര്‍ഘകാല ട്രംപ് ഉപദേശകന്‍ പറഞ്ഞു. 2024-ല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള ട്രംപിന്റെ സാധ്യതകളെ കൂടിക്കാഴ്ച ബാധിക്കുമെന്ന് അവര്‍ ആശങ്കാകുലരാണെന്നും സൂചനയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com