ADVERTISEMENT

പുതിയ ജീവിതം സ്വപ്നം കണ്ടു ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു കുടിയേറുകയാണ് മലയാളികൾ ഉൾപ്പെടെയുള്ളവർ. കാനഡ അത്തരത്തിലുള്ള സ്ഥലങ്ങളിൽ ഒന്നാണ്. എന്നാൽ അവിടെ സംഭവിക്കുന്നത് എന്താണ്? പുറത്തുനിന്നും കാണുന്ന തിളക്കം ഉള്ളതാണോ? റിയൽ എസ്റ്ററ്റ് മേഖലയിൽ കാനഡയിൽ പ്രത്യേകിച്ച് പ്രധാന നഗരങ്ങളിൽ ഒന്നായ വാൻകൂവറിലെ അവസ്ഥയെ വിലയിരുത്തുകയാണ് തൃശൂർ സ്വദേശിയും കാനഡയിൽ ജീവിക്കുകയും ചെയ്യുന്ന ഡിബിൻ റോസ് ജേക്കബ്.

നഗരം

വാൻകൂവർ, കാനഡ.

ഓഗസ്റ്റ് 2019, വേനൽ.

ഗ്രാൻവിൽ സ്ട്രീറ്റിൽ ട്രെയിനിറങ്ങി ബുറാർഡ് സ്ട്രീറ്റിലേക്ക് നടക്കുമ്പോൾ ശ്രദ്ധയാകർഷിച്ചത് നഗരത്തിന്റെ മറ്റൊരു മുഖം. പൂക്കളും പൂക്കൂടകളും ചെടികളും സമ്മേളിക്കുന്ന അതിമനോഹരമായ പരിസരം. നാലുമണി കഴിഞ്ഞു, വെയിലിന് ചൂട്. വഴിയരുകിലെ കോഫി ഷോപ്പിലും പബ്ബിലും തിരക്ക് കൂടുന്നു. ഫോർമൽ വേഷം ധരിച്ചവർ തെരുവിൽ തിടുക്കത്തിൽ നീങ്ങുന്നു. ചൂടിലും ഉലയാതെ നിൽക്കുന്ന പൂക്കൾ ഉള്ളം തണുപ്പിക്കുന്നു. കണ്ടു കണ്ടങ്ങനെ തെരുവുകൾ താണ്ടുന്നു. മരങ്ങൾ അതിരിട്ട നഗര എടുപ്പുകൾ, നിരത്തിൽ ആഢംബര കാറുകൾ. കടൽക്കാറ്റ്, നീലാകാശം.

canada-real-estate-4

കെണി

വാൻകൂവർ നഗരജീവിത്തിലെ ജീവിതച്ചിലവ് കൂട്ടുന്നത് മികച്ച കാലാവസ്ഥയും ഉന്നത നിലവാരവും മാത്രമല്ല. മെക്സിക്കൻ- കൊളംബിയൻ-ചൈനീസ് ഡ്രഗ് കാർട്ടലുകൾക്ക് പ്രിയങ്കരമാണ് ഈ നഗരം. സംഘടിത കുറ്റകൃത്യവും മയക്കുമരുന്ന് ശ്രൃംഖലയും നഗര സൗന്ദര്യത്തിനു പിന്നിൽ നിഴലായുണ്ട്. അതിനർഥം തെരുവുകളിൽ ചോരപ്പുഴ ഒഴുകുന്നുവെന്നോ, ജനങ്ങൾ ആത്മവീര്യം തകർന്നവരാണെന്നോ അല്ല. ഡ്രഗ് കാർട്ടലുകൾ കടത്തുന്ന പണം പാർക്ക് ചെയ്യാനുള്ള ഇടമാണ് നഗരം. വൻവിലക്ക് ഭൂമിയും കെട്ടിടങ്ങളും വാങ്ങി, റിയൽ എസ്റ്റേറ്റിൽ അസ്വാഭാവികമായ ഒരു ബൂം ഉണ്ടാക്കുന്നു. ബില്യണുകൾ ഇങ്ങോട്ട് പ്രവഹിക്കുന്നു. പസഫിക്കിന് അപ്പുറത്തെ ചൈനയിലെ പുതു പണക്കാരുടെ വെള്ളപ്പണവുമുണ്ട്, എങ്കിലും ബ്ലഡ് മണിയാണ് കൂടുതൽ. കൊളംബിയയിലും മെക്സിക്കോയിലും വിളയുന്ന ഡ്രഗ്, ഉൽപന്നമാകുന്നത് ചൈനയിലെ ഫാക്ടറികളിൽ. നികുതി വെട്ടിച്ച് അത് നിക്ഷേപിക്കുന്നത് വാൻകൂവറിലെ റിയൽ എസ്റ്റേറ്റിലും റിസോർട്ടുകളിലും ആഡംബര കാറുകളിലും യോട്ടുകളിലും ചൂതാട്ട കേന്ദ്രങ്ങളിലും.

ഉയർന്നു കാണുന്ന പല ഓഫീസ് ടവറുകളിലും, അപാർട്മെന്റുകളിലും വീടുകളിലും മനുഷ്യർ ഉണ്ടാകണമെന്നില്ല, അത് കറുത്ത നിക്ഷേപമാണ്. വില കോടികൾ വരും. നഗരവാസികൾ ചെലവ് താങ്ങാനാകാതെ സബർബൻ പട്ടണങ്ങളിലേക്ക് നീങ്ങി. അപ്പോൾ ഭൂവില അവിടെയും കൂടി. അവിടുത്തെ മനുഷ്യർ കൂടുതൽ ദൂരത്തേക്ക്. പോകുന്ന വഴിക്കെല്ലാം വീടിന്റെ വിലയും വാടകയും കൂടി, ചെയിൻ റിയാക്ഷൻ പോലെയായി. കഴിവുള്ള ചെറുപ്പക്കാർ പലരും ജോലി തേടി മറ്റു നഗരങ്ങളിലേക്ക് പോയി. പലരും ഈ പ്രൊവിൻസ് തന്നെ വിട്ടു പോയി. ഗവൺമെന്റ് ഈ ഭീഷണിയെ തുടക്കത്തിൽ അവഗണിച്ചു. വിദേശ നിക്ഷേപത്തിന്റെ തിളക്കത്തിനു പിന്നിലെ ചോര കണ്ടില്ല. ഇപ്പോൾ നടപടിയുണ്ട്. രഹസ്യം ഇപ്പോൾ പരസ്യമായി. പക്ഷേ, ദോഷമേറെ വന്നു കഴിഞ്ഞു.

canada-real-estate-5

പലായനം

ഇന്നു രാവിലെ ഒരു മലയാളി സുഹൃത്തും കുടുംബവും വാൻകൂവർ വിട്ട്, ഇരുന്നൂറ് കിലോ മീറ്റർ അകലെയുള്ള തീരദേശ പട്ടണമായ പവൽ റിവറിലേക്ക് പോയി. അവിടെ വീട് വാങ്ങിയിട്ടുണ്ട്. ഇടത്തരക്കാരായ കുടിയേറ്റക്കാരുടെ ഭവന സ്വപ്നം വാൻകൂവറിൽ സാധ്യമല്ലെന്ന ബോധ്യമാണ് അവരെ നയിച്ചത്. വാങ്ങിയാലും കനത്ത മോർട്ഗേജ് ചങ്ങല തീർക്കും. ഒരു വീടുമായി മാത്രം ബന്ധിപ്പിച്ച് തീർന്നു പോകാനുള്ളതല്ല ജീവിതം. വേറെയും പലതുണ്ട് ചെയ്യാൻ.

ദൂരെ പോകുമ്പോൾ നഗരത്തിന്റെ സൗകര്യങ്ങൾ നഷ്ടപ്പെടും. പക്ഷേ, പോകുന്നവർ വിലയുള്ള മറ്റെന്തെങ്കിലും കണ്ടെത്താതിരിക്കില്ല- ശാന്തത, സമാധാനം.

വിദൂരം

ജീവിത ശൈലിയുമായി ബന്ധപ്പെട്ട് ദൂരേക്കു പോകുന്ന മികച്ച ജോലിക്കാരെ നഷ്ടപ്പെടാതിരിക്കാൻ, റിമോട്ട് വർക്കിംഗ് കമ്പനികളിൽ പ്രചാരം നേടുന്നു. എല്ലാത്തരം ജോലികൾക്കും ഇത് ചേരില്ല. കൺസൾട്ടിംഗ്, കോഡിംഗ്, മാർക്കറ്റിംഗ്, ഡിസൈനിംഗ്, റൈറ്റിംഗ്, അഡ്വർടൈസിംഗ്, അക്കൗണ്ടിംഗ്, ടെക്നിക്കൽ സപ്പോർട്ട് എന്നിവക്ക് അനുയോജ്യം. ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള വർക്ക് ഫോഴ്‌സ് കൂട്ടായ യത്നം കൊണ്ട് പൂർത്തിയാക്കുന്ന പ്രൊജക്ടുകൾ ഇപ്പോൾ സാധാരണമാണ്. ഔട്ട് സോഴ്സിംഗ് എന്നാൽ പണം ലാഭിച്ച് ഗുണമില്ലാത്ത ഔട്ട് പുട്ട് നൽകൽ ആകേണ്ടതില്ല. അതിർത്തിക്കും ദൂരത്തിനും അതീതമായി മികച്ച ടാലന്റ് ലഭ്യമാക്കണം. ആധുനിക സാങ്കേതിക വിദ്യ വഴി ആശയവിനിമയം കൃത്യമാകണം.

കമ്യൂട്ടിംഗ് ഒഴിവാക്കുമ്പോൾ സമയലാഭവും ഊർജ്ജലാഭവുമുണ്ട്. കാർബൺ ഫുട്ട് പ്രിന്റ്‌ കുറയ്ക്കുകയുമാകാം. നഗരത്തിലെ ഓഫീസുകളോടു ബന്ധിപ്പിച്ച സബർബൻ വർക്കർ പതുക്കെയെങ്കിലും പഴഞ്ചനായി മാറും. ട്രഡീഷണൽ ഓഫീസ് സ്പെയ്സ് മാറിത്തുടങ്ങി. ആവശ്യത്തിനു മാത്രമല്ല വാടകക്കാൻ ഉപയോഗിക്കാവുന്ന, ഷെയർഡ് ഓഫീസ് മുറികൾ നഗരങ്ങളിൽ വന്നു കഴിഞ്ഞു. കോർണർ ഓഫീസ്, ലക്ഷ്വറി കാർ ത്രീപീസ് സ്യൂട്ട്- ആഡംബര ചിഹ്നങ്ങൾ പൂർണമായി ഇല്ലാതാകില്ല. പക്ഷേ, അഭിരുചികൾ വ്യത്യസ്തമായ ഒരു തലമുറ വളരുന്നു. നഗരത്തിന്റെ കെട്ടു പൊട്ടിച്ച് ദൂരെ പോയി അവരവരുടെ സൗകര്യത്തിന് ജോലി ചെയ്ത്, ഹോബികൾ പരിപോഷിപ്പിച്ച്, കുടുംബത്തിന് കൂടുതൽ സമയം കൊടുത്ത്, യാത്ര ചെയ്ത്, വീക്കെന്റോ റിട്ടയർമെന്റോ ആവശ്യമില്ലാതെ സ്വയം നിർമിക്കുന്ന ഒരു ലോകമാണ് ഇനി ആഢംബരം.

canada-real-estate-2

സൃഷ്ടി

ഞാൻ തൽക്കാലം ഓടിപ്പോകുന്നില്ല. വെല്ലുവിളികളെ എങ്ങനെ അവസരമാക്കി മാറ്റാം എന്നാണ് ചിന്ത. റിയൽ എസ്റ്റേറ്റിൽ ഒരു പിൻചലനം കണ്ടു തുടങ്ങി. മാറ്റം പ്രതീക്ഷ നൽകുന്നു. ഊതിവീർപ്പിച്ച കുമിളകൾ പൊട്ടും. മാറ്റങ്ങളെ നിരീക്ഷിക്കുന്നു. കാനഡയിൽ ഏറ്റവും മോശമായത് അതിജീവിച്ച് കഴിഞ്ഞു. സമ്പദ് വ്യവസ്ഥയുടെ ഉലച്ചിലിന്റെ കരുവാകാൻ താൽപര്യമില്ലാത്തതിനാൽ ഭാവി സ്വയം സൃഷ്ടിക്കാനാണ് ശ്രമം. സ്വന്തം സംരംഭം. സ്വന്തം വഴി. സ്വന്തം ഉത്തരവാദിത്വം. ഇനിമുതൽ ഞാൻ, എന്റെ യജമാനൻ.

അനന്തരം, 2022

റിയൽ എസ്റ്റേറ്റ് കുമിള പൊട്ടിയില്ല, അതിന്റെ വലുപ്പം കൂടി. കോവിഡ് വർഷത്തിൽ എല്ലാവരേയും ഞെട്ടിച്ച് മുപ്പത് ശതമാനം വർധന. ചലനാത്മകമായ ഒരേയൊരു മാർക്കറ്റ്. ഡ്രഗ് കാർട്ടലുകളേയും സമ്പന്നരായ കുടിയേറ്റക്കാരേയും ഇനി പഴിചാരുന്നതിൽ അർഥമില്ല. യുകെ, അയർലൻഡ്, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, അമേരിക്ക, കാനഡ തുടങ്ങിയ വികസിത രാജ്യങ്ങളിൽ ഭവന വിപണി ചൂടുപിടിച്ച്, മധ്യവർഗത്തിന് അപ്രാപ്യമായ സ്ഥിതിയിലെത്തി, വില  ഉടനെയൊന്നും താഴില്ല. ഗവണ്മെന്റുകൾ നൂതനമായ ഭവന പദ്ധതി കൊണ്ടു വന്ന് എല്ലാ തരം പൗരന്മാരേയും തൃപ്തിപ്പെടുത്തണം. പാർപ്പിടത്തെ പണം വിളയുന്ന മരമായി മാത്രം കാണുന്നത് മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങളുടെ നിഷേധമാണ്. ബുള്ളിഷ് മാർക്കറ്റിൽ ബാങ്കുകളും ഭവന ഉടമകളും താൽക്കാലിക ലാഭമുണ്ടാക്കും. പക്ഷേ  ക്രമേണ സമ്പദ് വ്യവസ്ഥ തകരും. അതെല്ലാവരേയും ബാധിക്കും.

പലായനം തുടരുന്നു. ഡൗൺടൗണിൽ നിന്ന് നൂറു കിലോമീറ്റർ അകലെ ആർക്കും വേണ്ടാതെ കിടന്ന വീടുകൾക്ക് ഇപ്പോൾ ഒരു മില്യൺ ഡോളറാണ് വില. മനുഷ്യർ പാർപ്പിടം തേടി പോകുന്നു, സൗഹൃദങ്ങൾ അവസാനിക്കുന്നു, സമൂഹങ്ങൾ വിഭജിക്കപ്പെടുന്നു. പ്രൊവിൻസ് വിടുന്നവരും നിരവധി. രാജ്യാന്തര കുടിയേറ്റം ഇപ്പോഴും തുടരുന്നു, മറ്റു പ്രൊവിൻസിൽ നിന്നും ആളുകൾ വരുന്നു. റസിഡൻഷ്യൽ കൺസ്ട്രക്ഷൻ ദ്രുതഗതിയിൽ. 

കോവിഡും ഹൗസിംഗ് മാർക്കറ്റും രാജ്യത്തെ പുനർനിർവചിക്കുന്നു. റിഫിനാൻസിംഗ്, മൂലധനം, കാലാവസ്ഥ- പലായനത്തിലേക്ക് നയിക്കുന്ന ഉപഘടകങ്ങൾ ഇപ്പോൾ കൃത്യമായ ഗണനയ്ക്ക് അപ്പുറം. ഹൗസിംഗ് മോർട്ഗിജ് ഗെയിമിൽ തലവയ്ക്കണോയെന്ന് തീരുമാനിച്ചില്ല. എന്തായാലും രണ്ടു കൊല്ലത്തേക്ക് അനങ്ങുന്നില്ല. ബാങ്കുകൾ പലിശ കുറച്ചതും വില കുത്തനെ കയറുന്നതും കുറേയധികം ഇടത്തരക്കാരെ വീടു വാങ്ങാൻ നിർബന്ധിതരാക്കി (panic buying). അവരിൽ പലരും വരവിൽ കവിഞ്ഞ ബാധ്യതയാണ് എടുത്തു വച്ചിരിക്കുന്നത്.

ഒരു മില്യൺ ഡോളറിന്റെ വീടു വാങ്ങി, 'കാനഡയിൽ എനിക്ക് ആറുകോടിയുടെ വീടുണ്ട്' എന്നു പറയുന്ന പൊങ്ങച്ചം തൊണ്ടയിൽ കുരുങ്ങും. അതിൽ അഞ്ചരക്കോടി കടം, മുപ്പത് വർഷം നടുവൊടിഞ്ഞ് പണിയെടുത്ത് വീട്ടേണ്ടത്. ലാഭകരമായ ബിസിനസിലൂടെ പെട്ടെന്ന് വീട്ടുന്നവരുണ്ടാകാം, പക്ഷേ, ബാങ്കിംഗ്/ ഹൗസിംഗ് ഗെയിമിന്റെ ഇരകളാണ് ഏറിയ പങ്കും. വിപണിയുടെ ഒടുങ്ങാത്ത ദുരയാണ് തല ചായ്ക്കാൻ സ്വന്തമായ ഒരിടം കിട്ടാക്കനിയാകുന്ന സ്ഥിതി വരുത്തി വച്ചത്. പലർക്കും മറ്റൊരു മാർഗമില്ല. വീട് ഒരു സ്വപ്നം, വലുതാവുന്ന കുടുംബത്തിന് ആവശ്യം, മനുഷ്യരുടെ മുൻഗണനകൾ വ്യത്യസ്തം. വൻവിലയുള്ള വീടു വാങ്ങി അനന്തര ജീവിതം അതിനു വേണ്ടി ഹോമിക്കുന്നതിൽ ഞാൻ അർഥം കാണുന്നില്ല. ഈ നഗരത്തിന്റെ സൗഭാഗ്യങ്ങൾ ഉപേക്ഷിച്ച് ദൂരേക്ക്‌ പോകുന്നുമില്ല.

canada-real-estate-3

'നാം ജോലിയെ എന്തുമാത്രം വെറുക്കുന്നു എന്ന് കോവിഡ് മഹാവ്യാധി ബോധ്യപ്പെടുത്തി'- ടൈം മാഗസിൻ പറയുന്നു. 'എന്നാൽ ജോലി ചെയ്യുന്ന രീതിയെ പുനർ നിർവ്വചിക്കാനുള്ള അവസരവും അതു നമുക്ക് നൽകി.'- ലേഖനം തുടരുന്നു. രണ്ടു വർഷത്തിനകം തൊഴിൽ സംസ്കാരവും തൊഴിൽ ചെയ്യുന്ന രീതിയും മാറി. പഴയ രീതിയിലെ അപര്യാപ്തതകൾ കൂടുതൽ വെളിവായി. പക്ഷേ, റിമോട്ട് വർക്ക് ഒരു മാന്ത്രിക വടിയല്ല. എപ്പോഴും ഓൺലൈനായ മാസ ശമ്പളമുള്ള ജോലിക്കാർക്ക് കൂടുതൽ പണി കിട്ടി. ജോലി-ജീവിത സന്തുലനം ഇനി സ്വപ്നം മാത്രം. ചെറിയ കുട്ടികൾ ഉള്ളവരുടെ സമനില തെറ്റുന്ന അവസ്ഥയായി. അവർ പഴയ ഓഫീസിനെ കിനാവ് കണ്ടു. രാവിലേയും വൈകിട്ടും യാത്ര ചെയ്തു, സഹപ്രവർത്തകരുമായി സംവദിച്ച്, ഒരുമിച്ചു ഭക്ഷിച്ചു പാനം ചെയ്ത് തഴയ്ക്കുന്ന ജീവിതം. മനുഷ്യരുമായി ആശയവിനിമയം, സംവാദം. 

മണിക്കൂറിന് കൂലിക്കാരായ തൊഴിലാളികൾ നേരിട്ട ചൂഷണം വെളിവായി. അവർ പലരും ജോലിക്കു പോകാതായി. പല ജോലിക്കും ആളെ കിട്ടാതായി. അവരുടെ വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്താൻ തൊഴിലുടമകൾ നിർബന്ധിതരായി. 'ദ് ഗ്രേറ്റ്‌ റെസിഗ്നേഷൻ' എന്നു പേരിട്ട മറ്റൊരു വലിയ കൊഴിഞ്ഞു പോക്ക് നടന്നു. സന്തോഷത്തിന്റെ മുഖംമൂടിയിട്ട് ഇഷ്ടമില്ലാത്ത ജോലി ചെയ്തു പതം വന്ന കുറെപ്പേർ അത് വേണ്ടെന്നു വച്ചു, പലരും സ്വന്തം സംരംഭം തുടങ്ങി. മറ്റുള്ളവർ ഇനിയെന്ത് പ്രധാനമെന്ന കണക്കെടുപ്പ് നടത്തി- ജോലി ചെയ്യാൻ വേണ്ടി ജീവിക്കണോ അതോ ജീവിക്കാൻ വേണ്ടി ജോലി ചെയ്യണോ? പഴയതും പുതിയതുമായ തൊഴിൽ രീതികൾക്ക് പ്രശ്നങ്ങളുണ്ട്. രണ്ടിന്റെയും നല്ല ഗുണങ്ങൾ സ്വീകരിക്കാം.

സർഗാത്മക വ്യക്തി എന്ന നിലയിൽ രണ്ടു വർഷത്തെ ദിനരാത്രങ്ങൾ സമ്മിശ്ര വികാരങ്ങളാൽ നിറഞ്ഞു. രചന പോലെ സൃഷ്ടിപരമാണ് ബിസിനസ് പടുത്തുയർത്തലും. വിപണിയിലെ കുഴമറിച്ചിലും ക്രമം തേടലും ഒരു യോഗിയെ പോലെ നോക്കിക്കണ്ടു, ഭോഗിയെ പോലെ മുഴുകി. പഴയ തൊഴിൽ വിട്ട് കച്ചവടം തുടങ്ങിയവരും 'പാഷൻ' പിന്തുടരുന്നവരും പറഞ്ഞു തരും: ഇത് എളുപ്പമല്ല. വിജയം മാന്ത്രികമായി സംഭവിക്കില്ല. കളത്തിൽ ഇറങ്ങുമ്പോൾ വിവരമറിയും. പക്ഷേ, തീവ്രമായ ആഗ്രഹമുണ്ടെങ്കിൽ ചാടാൻ മടിക്കണ്ട. ഹൃദയത്തെ പിന്തുടരുക, എന്നാൽ എന്തും നേരിടാൻ തയ്യാറാകുക. യാന്ത്രിക ജോലി തുടർന്നും ചെയ്യാൻ താൽപര്യം ഇല്ലാത്തതിനാൽ ഇപ്പോൾ പണിയുന്നത് കൂടുതൽ മെച്ചമായി പണിയാനാണ് തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com