ADVERTISEMENT

ഹൂസ്റ്റണ്‍ ∙ നിബിഡമായ വനത്തിനു നടുവില്‍ ദുരൂഹതകള്‍ ഉറങ്ങുന്ന ഒറ്റപ്പെട്ട ഒരു ഫാം ഹൗസ്. ഇവിടേക്ക് കഷ്ടിച്ച് ഒരു കാറിനു മാത്രം സഞ്ചരിക്കാവുന്ന ചെമ്മണ്‍ പാത. രാത്രിയുടെ അന്ത്യയാമങ്ങളില്‍ അവിടെ നിന്ന് ഉയരുന്ന ചില അപശബ്ദങ്ങള്‍... ഏതെങ്കിലും ഹൊറര്‍ സിനിമയുടെ കഥ വര്‍ണിക്കുകയാണെന്ന് കരുതിയാല്‍ തെറ്റി. യുഎസിലെ അയോവയിലാണ് സിനിമയെ വെല്ലുന്ന കൊടുംക്രൂരതയുടെ തിരക്കഥ ചുരുളഴിയുന്നത്. അയോവയിലെ ഫാം ഹൗസില്‍ കര്‍ഷകന്‍ എഴുപതോളം സ്ത്രീകളെ കൊന്ന് മൃതദേഹം കിണറ്റില്‍ തള്ളിയെന്നു വെളിപ്പെടുത്തിയിരിക്കുന്നത് അയാളുടെ മകള്‍ തന്നെയാണ്. 

 

എന്തായാലും സംഭവത്തെക്കുറിച്ച് ഫെഡറല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അയോവയിലെ ഇയാളുടെ വസ്തുവില്‍ മണ്ണ് പരിശോധിക്കുന്ന നടപടിയുമായി മുന്നോട്ടു പോവുകയാണ്. മണ്ണില്‍ മൃതദേഹങ്ങളുടെ സാന്നിധ്യം ഉണ്ടോ എന്ന പരിശോധിക്കാനാണ് നീക്കം. ഉണ്ടെങ്കില്‍ കൂടുതല്‍ അന്വേഷണത്തിലേക്ക് കടക്കുകയും ചെയ്യും. 53 കാരിയായ ലൂസി സ്റ്റുഡി മക്കിഡി അവകാശപ്പെടുന്നത് തന്റെ പിതാവ് ഡൊണാള്‍ഡ് ഡീന്‍ സ്റ്റുഡി ഒരു സീരിയല്‍ കില്ലറായിരുന്നു എന്നാണ്. താന്‍ കൊലപ്പെടുത്തിയ സ്ത്രീകളുടെ മൃതദേഹം 100 അടി കിണറ്റിലേക്ക് വലിച്ചെറിയാന്‍ തന്നെയും സഹോദരങ്ങളെയും നിര്‍ബന്ധിക്കുകയും ചെയ്തു എന്നും ഇവര്‍ വെളിപ്പെടുത്തിയത് നാടിനെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. 

2013 മാര്‍ച്ചില്‍ 75-ാം വയസ്സില്‍ ഡൊണാള്‍ഡ് സ്റ്റുഡി മരിച്ചു. 'പതിവായി മദ്യപിച്ചിരുന്ന' ഇയാള്‍ ട്രെയിലറിനുള്ളില്‍ സ്ത്രീകളുടെ തലയില്‍ അടിച്ചോ ചവിട്ടിയോ കൊലപ്പെടുത്തുന്നതായിരുന്നു പിതാവിന്റെ ഇഷ്ടവിനോദം എന്നാണ് ഇവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ സീരിയല്‍ കില്ലര്‍മാരില്‍ ഒരാളായി സ്റ്റഡിയെ മാറ്റുന്ന മകളുടെ അവകാശവാദങ്ങള്‍ അന്വേഷകര്‍ മുഖവിലയ്‌ക്കെടുത്തിട്ടുണ്ട്. 

2013 മാര്‍ച്ചില്‍ 75 വയസ്സുള്ള ഡൊണാള്‍ഡ് സ്റ്റുഡിയുടെ ഉടമസ്ഥതയിലുള്ള അയോവയിലെ കൃഷിഭൂമിയില്‍ 70 സ്ത്രീകളെയെങ്കിലും കൊലപ്പെടുത്തിയതായി മകള്‍ ലൂസി അവകാശപ്പെടുന്നു. പ്രാദേശിക, സംസ്ഥാന, ഫെഡറല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മനുഷ്യാവശിഷ്ടങ്ങള്‍ പരിശോധിക്കുന്നതിനായി മണ്ണിന്റെ സാമ്പിളുകള്‍ ശേഖരിക്കുന്നതിനായി ലൂസി സ്റ്റഡി അവകാശപ്പെടുന്ന പ്രദേശത്തേക്ക് പോയി.

കുറഞ്ഞത് 15 വാഹനങ്ങളെങ്കിലും പ്രദേശത്തേക്ക് വരുന്നതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് നാട്ടുകാര്‍ പറഞ്ഞു. പിന്നീട് പ്രദേശത്തേക്കുള്ള ഗതാഗതം തടഞ്ഞു. ഭാരമേറിയ ഉപകരണങ്ങളുമായാണ് സംഘം എത്തിയത്. മൃതദേഹങ്ങള്‍ കുഴിച്ചിട്ടതായി ലൂസി അവകാശപ്പെടുന്ന ഭൂമിയിലെ ആഴം കുറഞ്ഞ ശവക്കുഴികള്‍ കുഴിച്ച് പരിശോധിക്കുന്നതിനാണ് നീക്കം. 

45 വര്‍ഷത്തോളമെങ്കിലും അന്വേഷണം പിന്നോട്ട് പോകണമെന്ന് ലൂസി പറയുന്നു. 'അധികൃതര്‍ ശരിയായ സ്ഥലങ്ങളില്‍ കുഴിച്ച് എല്ലാ മൃതദേഹങ്ങളും കണ്ടെത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.' ഫ്രീമോണ്ട് കൗണ്ടി ഷെരീഫിന്റെ ഓഫീസ്, അയോവ ഡിവിഷന്‍ ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍, എഫ്ബിഐ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. എഫ്ബിഐയും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്റെ അയോവ ഡിവിഷനും അന്വേഷണത്തില്‍ ലോക്കല്‍ പോലീസ് സേനയെ സഹായിക്കുന്നുണ്ട്.

2007-ല്‍ തന്റെ പിതാവിന്റെ ചരിത്രത്തെക്കുറിച്ച് ലൂസി സ്റ്റഡി തങ്ങളോട് പറഞ്ഞിരുന്നതായി ഡെപ്യൂട്ടി ഷെരീഫ് ടിം ബോത്ത്വെല്‍ പറഞ്ഞു. ഇത് വസ്തുവിന്റെ ഒരു ഭാഗം കുഴിച്ചെടുക്കാന്‍ അവരെ പ്രേരിപ്പിച്ചു. ഈ പ്രക്രിയയ്ക്ക് കൗണ്ടിക്ക് 300,000-ലധികം ഡോളര്‍ ചിലവായി. എന്നാല്‍ സ്റ്റഡി പ്രോപ്പര്‍ട്ടിക്ക് പിന്നിലെ ഭൂമി പരിശോധിച്ചതിനു ശേഷം ഡെപ്യൂട്ടികള്‍ ഇപ്പോള്‍ രണ്ടാമത്തെ ഖനനത്തിന് പദ്ധതിയിടുകയാണ്. കെഡാവര്‍ നായ്ക്കള്‍ വസ്തുവില്‍ കുറഞ്ഞത് നാല് സ്ഥലങ്ങളെങ്കിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കിണറിന് ചുറ്റുമുള്ള പ്രദേശത്ത് ഒന്നിലധികം 'ഹിറ്റുകള്‍' ലഭിച്ചു. സ്റ്റഡിയുടെ വെളിപ്പെടുത്തലുകളില്‍ പൊരുത്തക്കേടുകള്‍ ഉള്ളതായി ആരോപണമുണ്ട്. 

അതേസമയം അവളുടെ മൂത്ത സഹോദരി സൂസന്‍ പിതാവിനെതിരായ ആരോപണങ്ങള്‍ നിഷേധിച്ചു. 'എനിക്ക് ലൂസിയെക്കാള്‍ രണ്ട് വയസ്സ് കൂടുതലാണ്. അച്ഛന്‍ കൊലപ്പെടുത്തിയാല്‍ ഞാന്‍ അറിയുമെന്ന് ഞാന്‍ കരുതുന്നു.- സൂസന്‍ ന്യൂസ് വീക്കിനോട് പറഞ്ഞു. 'എന്റെ അച്ഛന്‍ ഒരു സീരിയല്‍ കില്ലര്‍ ആണെങ്കില്‍ എനിക്കറിയാം. അദ്ദേഹം അങ്ങനെ ആയിരുന്നില്ല, എന്റെ പിതാവിന്റെ ചീത്തപ്പേര് മാറ്റണമെന്ന് പേര് ഞാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം കര്‍ക്കശക്കാരനായിരുന്നു, എന്നാല്‍ തന്റെ കുട്ടികളെ സ്‌നേഹിക്കുന്ന ഒരു സംരക്ഷക രക്ഷിതാവായിരുന്നു. കര്‍ക്കശക്കാരായ അച്ഛന്‍മാര്‍ സീരിയല്‍ കില്ലര്‍മാരായി മാറുന്നില്ല.- അവര്‍ പറയുന്നു. 

മരിച്ചുപോയ അവരുടെ സഹോദരിയുടെ അവശിഷ്ടങ്ങളാണ് കെഡാവര്‍ നായ്ക്കള്‍ കണ്ടെത്തിയതെന്നാണ് ഇവരുടെ വാദം. അതേസമയം ലൂസിയുടെ വിശ്വാസ്യതയില്‍ സംശയമുണ്ടെന്നും അവര്‍ പിതാവിന്റെ 16,000 ഡോളര്‍ മോഷ്ടിച്ചതായി സമ്മതിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി ബോത്ത്വെല്‍ പറഞ്ഞു. അവര്‍ പറഞ്ഞ കിണര്‍ ഉദ്യോഗസ്ഥനു കണ്ടെത്താന്‍ കഴിഞ്ഞിട്ടുമില്ല. എന്നാല്‍ കഴിഞ്ഞ ആഴ്ചകളില്‍ എഫ്ബിഐ അന്വേഷണത്തില്‍ നിന്ന് പിന്മാറിയതായി ഷെരീഫ് കെവിന്‍ ഐസ്ട്രോപ്പ് പറഞ്ഞു: 'ഞാന്‍ കേസ് മരിക്കാന്‍ അനുവദിക്കില്ല.  അത് സംഭവിക്കാന്‍ അനുവദിക്കില്ല.- അദ്ദേഹം പറഞ്ഞു

 

'നമുക്ക് ലൂസിക്കൊപ്പം പോകണം. അവര്‍ അത് ശരിയല്ലെന്ന് പറഞ്ഞാലും അവള്‍ക്ക് ഭ്രാന്താണെന്ന് പറഞ്ഞാലും. അവര്‍ക്ക് എന്ത് പറയാന്‍ കഴിയും, നമ്മള്‍ അത് പരിശോധിക്കേണ്ടതുണ്ട്. ഞങ്ങള്‍ക്ക് വേറെ വഴിയില്ല.'- ഉദ്യോഗസ്ഥന്‍ പറയുന്നു. തന്റെ പിതാവിന്റെ ഭൂമിയില്‍ 15 മൃതദേഹങ്ങള്‍ വരെ അടക്കം ചെയ്യാമെന്ന കഥകള്‍ താന്‍ കേട്ടിട്ടുണ്ടെന്ന് ലൂസി സ്റ്റുഡി പറയുന്നു. 

 

എന്നാൽ, ലൂസിയുടെ അവകാശവാദങ്ങള്‍ അവര്‍ ന്യൂസ് വീക്കിനോട് പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായിരുന്നു, തന്റെ പിതാവും മറ്റു രണ്ടു പേരും വാഹനത്തിന്റെ ഡിക്കിയില്‍ നിന്ന് മൃതദേഹം കൊണ്ടുപോകുന്നത് താന്‍ കണ്ടതായാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. 1970-കളിലും 80-കളിലും 15 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചതായും അവള്‍ ആരോപിക്കുന്നു. പിറ്റേന്ന് രാവിലെ പെണ്‍കുട്ടിയെ കാണാതായതായും അവള്‍ പറയുന്നു. 70 പേരോളം പിതാവിന്റെ ഇരകള്‍ ആയെന്നും പിതാവ് സ്വര്‍ണ്ണ പല്ലുകള്‍ ട്രോഫിയായി സൂക്ഷിച്ചിട്ടുണ്ടെന്നും അവര്‍ ന്യൂസ് വീക്കിനോട് പറഞ്ഞു.

 

സ്ത്രീകള്‍ക്കെല്ലാം ഇരുണ്ട മുടിയുണ്ടെന്നും വെളുത്തവരാണെന്നും 15 വയസ്സുള്ള ഒരാള്‍ ഒഴികേ മിക്കവരും 20-നും 30-നും ഇടയില്‍ പ്രായമുള്ളവരുമാണെന്ന് ലൂസി സ്റ്റുഡി അവകാശപ്പെടുന്നു. നെബ്രാസ്‌കയിലെ ഒമാഹയില്‍ നിന്ന് ലൈംഗികത്തൊഴിലാളികളെന്ന് കരുതുന്ന സ്ത്രീകളെ പ്രലോഭിച്ച് തന്റെ അഞ്ച് ഏക്കര്‍ ഭൂമിയിലേക്ക് എത്തിച്ചാണ് ഇയാള്‍ കൊലപ്പെടുത്തിയിരുന്നതെന്നാണ് കരുതുന്നത്. കൈകളില്‍ 'സ്നേഹവും' 'വെറുപ്പും' പച്ചകുത്തിയ ഡൊണാള്‍ഡ് സ്റ്റുഡിക്ക് ക്രിമിനല്‍ ചരിത്രമുണ്ടെന്ന് വ്യക്തമാണ്. 1950-കളില്‍ മിസൗറിയില്‍ ചെറിയ മോഷണത്തിന് ജയിലില്‍ അടയ്ക്കപ്പെട്ടിരുന്നു. കിണറ്റിലേക്ക് മൃതദേഹം വലിച്ചെറിഞ്ഞതിന് ശേഷം അതിനു മുകളില്‍ അഴുക്കും രാസവസ്തുക്കളും കുന്നു കൂട്ടാന്‍ തന്റെ മക്കളെ ഇയാള്‍ നിര്‍ബന്ധിച്ചതായും പറയപ്പെടുന്നു. 

ഡൊണാള്‍ഡ് സ്റ്റുഡിയുടെ രണ്ടു ഭാര്യമാര്‍ ആത്മഹത്യ ചെയ്തു എന്ന് പൊലീസ് പറയുന്നു. ഒരാള്‍ തൂങ്ങി മരിക്കുകയും മറ്റൊരാള്‍ സ്വയം വെടിവെക്കുകയും ചെയ്തുവെന്ന് പൊലീസ് റിപ്പോര്‍ട്ടുകളും സ്ഥിരീകരിക്കുന്നു. ബന്ധുക്കളെ കൊല്ലുമെന്ന്  ഭീഷണിപ്പെടുത്തുന്നതുള്‍പ്പെടെയുള്ള ഇയാള്‍ക്തെതിരേ നിരവധി കേസ് ഹിസ്റ്ററിയുണ്ടെന്ന് മകള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം ഗ്രീന്‍ ഹോളോ റോഡിലെ പ്രോപ്പര്‍ട്ടി ഔദ്യോഗിക കുറ്റകൃത്യ സ്ഥലമായി പ്രഖ്യാപിച്ചിട്ടില്ല. ഉദ്യോഗസ്ഥര്‍ ഇതുവരെ അവശിഷ്ടങ്ങളൊന്നും കണ്ടെത്തിയിട്ടില്ലാത്തതിനാലാണ് ഇത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com