ADVERTISEMENT

ഫ്രിസ്കോ, ടെക്സസ് ∙ ‘യു ബിൽഡ്, ദേ വിൽ കം’ എന്ന ആപ്തവാക്യത്തിൽ മുന്നോട്ടു പോകുന്ന യുഎസ് വ്യവസായികൾ ഇപ്പോൾ ഖനികളായി കണ്ടെത്തിയിരിക്കുന്നത് നോർത്ത് ടെക്സസ് നഗരങ്ങളാണ്. അടിസ്ഥാന സൗകര്യങ്ങളുടെ ദൗർലഭ്യമോ, നിറഞ്ഞു കവിയുന്ന പാർക്കിംഗ് ലോട്ടുകൾ പോലെയുള്ള റോഡുകളോ, ഓവർലോഡ് സൃഷ്ടിക്കുന്ന വൈദ്യുതി ഔട്ടേജുകളോ വാർത്താവിനിമയ സ്തംഭനമോ അവർ കാര്യമാക്കുന്നില്ല. പുതിയ സാമ്പത്തിക സ്രോതസുകളിൽ നിന്ന് എത്രയും വേഗം നേടിയെടുക്കാവുന്ന സാമ്പത്തിക ലാഭം പങ്കിടുക എന്ന ലക്ഷ്യം മാത്രമാണ് അവരെ നയിക്കുന്നത്.

ഡാലസിനടുത്തെ ചെറിയ നഗരം ഫ്രിസ്കോ അനുദിനം വളർന്നു കൊണ്ടിരിക്കുകയാണ്. നാലു വർഷം മുൻപ് ഡോളർ 10 ബില്യൺ ഫീൽഡ് കമ്മ്യൂണിറ്റി ഇവിടെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഘട്ടമായി വ്യവസായ ഭീമന്മാർ പുതിയ പദ്ധതികൾ ഈയാഴ്ച ആരംഭിച്ചു. പ്രധാന പദ്ധതി യൂണിവേഴ്സൽ പാർക്ക്സ് ആന്റ് റിസോർട്ട്സ് തീം പാർക്കാണ് ഡിസ്നി വേൾഡ് സ്ഥാപനങ്ങൾക്ക് ഒരു വെല്ലുവിളിയായി ചിലർ പദ്ധതിയെ കാണുന്നു.

പദ്ധതിയുടെ ഭാഗമായി ലാൻഡൻ ഹോംസ് ഫീൽഡ്സ് ബ്രൂക്ക് സൈഡ് ഫീൽഡ്സ് പാർക്ക്‌വേയ്ക്കും ലെഗസി ഡ്രൈവിനും സമീപം 363 ഭവനലോട്ടുകൾക്കായി 104 ഏക്കറുകൾ വാങ്ങി. ലാണ്ടൻ ഹോംസിന് ഈസ്റ്റ് വില്ലേജിൽ 870 ഭവന ലോട്ടുകൾക്കായി 174 ഏക്കർ ഉണ്ട്. 267 ഏക്കർ കമ്മ്യൂണിറ്റിയിൽ മൾട്ടി മില്യൻ ഡോളർ ഭവനങ്ങൾ നിർമ്മിക്കുന്നു. ഫീൽഡ്സ് വെസ്റ്റിൽ 160 ഏക്കറിൽ 2 ബില്യൺ ഡോളറിന്റെ മിക്സ്ഡ് യൂസ് ഡെവലപ്മെന്റ് വരുന്നു. ഇത് ലെഗസി വെസ്റ്റ് ഡെവലപ്മെന്റിന്റെ മൂന്നിരട്ടി ആയിരിക്കും. 175 ഏക്കർ സ്ഥലത്ത് ഓഫീസുകളും റീട്ടെയിലും ഹൈ ഡെൻസിറ്റി ഹൗസിംഗും ഉണ്ടാകും. അരിസോണ കമ്പനി ടെയ്‍ലർ മോറിസൺ അഞ്ഞൂറോളം വീടുകൾ ഇവിടെ പടുത്തുയർത്തും.

ഫീൽഡ്സ് ഒരു വലിയ ഭീമൻ പദ്ധതിയാണ്. പ്രെസ്റ്റൺ റോഡിനും യുഎസ് ഹൈവേ 380 നും ഇടയിൽ 14,000 വീടുകളും അപാർട്ട്മെന്റുകളും കമേഴ്സിയൽ കോംപ്ലക്സുകളും ഉണ്ടാവും. 2018 ൽ ഹണ്ട് റിയാലിറ്റി ആന്റ് കരഹാൻ കമ്പനീസ് ഡാലസ് വ്യവസായി ബെർട്ട് ഫീൽഡ്സിന്റെ എസ്റ്റേറ്റിൽ നിന്നാണ് ഈ ഭൂമി വാങ്ങിയത്. പിജിഎ ഓഫ് അമേരിക്ക ഫ്ലോറിഡയിൽ നിന്ന് ഇവിടേയ്ക്കു മാറാൻ പദ്ധതി ഇട്ടിരുന്നു. രണ്ട് ഗോൾഫ് കോഴ്സുകൾ ഇവിടെ വരുമെന്ന് പിജിഎ പറയുന്നു. ഓംനി പിജിഎ റിസോർട്ട് പിജിഎ കാമ്പസിന് എതിർവശമാണ്. ഹണ്ട് റിയാലിറ്റിയുടെ സിഇഒയും പ്രസിഡന്റുമായ ക്രിസ് ക്ലൈ നർട്ട് പദ്ധതി വിചാരിച്ചതിലും വേഗത്തിൽ മുന്നേറുന്നതായി പറഞ്ഞു. ഇപ്പോൾ ഭവനലോട്ടുകൾക്ക് ദൗർലഭ്യം അനുഭവപ്പെടുന്നു.

യൂണിവേഴ്സൽ കമ്പനിയുടെ എക്സിക്യുട്ടീവുമാർ ഫ്രിസ്കോ ടോൾ‌വേയ്ക്കു സമീപത്തുകൂടി പ്രോപ്പർട്ടി ഹണ്ടിംഗ് നടത്തുമ്പോഴാണ് ഫീൽഡ്സ് ശ്രദ്ധിച്ചതെന്ന് പറയുന്നു. ഫ്രിസ്കോ മേയർ ജെഫ് ചെനിയുമായി ബന്ധപ്പെട്ട് ഡീൽ ഉണ്ടാക്കുകയായിരുന്നു. തുടർന്ന് യൂണിവേഴ്സൽ തീം പാർക്കിന്റെ പ്രഖ്യാപനം നടത്തി.

കഴിഞ്ഞ ആഴ്ച നഗരവാസികൾ ഒരു യോഗത്തിൽ പ്രോജക്ടിനെകുറിച്ചുള്ള തങ്ങളുടെ ഉത്കണ്ഠ രേഖപ്പെടുത്തി. ഇത് 97 ഏക്കറിലുള്ള ഒരു സ്ഥാപനമായിരിക്കും. 14.6 ഏക്കർ സ്ഥലത്തുള്ള എച്ച്ഇബി സ്റ്റോർ സൃഷ്ടിക്കുന്ന ട്രാഫിക് പ്രശ്നങ്ങളെക്കാൾ കുറവായിരിക്കും ഇത് സൃഷ്ടിക്കുക, എന്നായിരുന്നു മേയറുടെ മറുപടി.

ടെക്സസിലെ ആർലിംഗ്ടണും ഫ്ലോറിഡയിലെ ഒർലാൻഡോയും വികസിച്ചപ്പോൾ ഉണ്ടായ പ്രശ്നം ഓർക്കണമെന്ന് ചിലർ പറഞ്ഞു. പാർക്ക് പ്രധാനമായും മൂന്നു വയസു മുതൽ 9 വയസു വരെയുള്ള കുട്ടികൾക്കുവേണ്ടി ആണെന്ന് പറയുകയും പാർക്കിന്റെ പ്രവർത്തന സമയം കുട്ടികൾ ആയിരിക്കുന്നതും വിരോധാഭാസമാണെന്ന് ഒരു മാതാവ് പറഞ്ഞു. ഫ്രിസ്കോയിൽ ഒരു പുതിയ ഷോപ്പിംഗ് സെന്റർ ആരംഭിച്ചു. യൂണിവേഴ്സൽ തീം പാർക്കിനടുത്ത് പ്രോസ്പറിൽ 268 ഏക്കർ സ്ഥലത്ത് പുതിയ സംരംഭം ആരംഭിക്കുന്നു. വെഞ്ചർ ക്യാപിറ്റൽ 5 നോർത്ത് ടെക്സസ് സ്ഥാപനങ്ങൾ ആരംഭിക്കുവാൻ ധനസഹായം നൽകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com