ADVERTISEMENT

ടെക്‌സസ് ∙ കൈയ്യിലൊരു വാക്കിന്‍ സ്റ്റിക്കും ഹൃദയത്തില്‍ സംഗീതവും ബഹുഭാഷകളോടും സാഹിത്യത്തോടുമുള്ള സ്‌നേഹവുമായി ലോകം മുഴുവന്‍ സഞ്ചരിച്ച് കാലത്തിന്റെ പിറകിലേക്കു മറഞ്ഞ മഹാപ്രതിഭയായിരുന്നു പ്രഫസര്‍ റോഡ്‌നി മോഗ്. ഏഴാം വയസ്സില്‍ അന്ധനായിതീർന്ന  മോഗ് എല്ലാ അര്‍ഥത്തിലും അമേരിക്കക്കാരനായ ഒരു മലയാളിയായിരുന്നു. അമേരിക്കയിലെ വിസ്കോൻസെൻ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഭാഷാശാസ്ത്രത്തില്‍ ഡോക്റ്ററേറ്റ് നേടിയ മോഗ് സുഹൃത്തുക്കളില്‍ നിന്നും മലയാളത്തെക്കുറിച്ചറിഞ്ഞ് 1966ല്‍ തിരുവനന്തപുരത്തെത്തി ഡോ. പ്രബോധചന്ദ്രന്‍ നായരടെ കീഴില്‍ മലയാളവും വ്യാകരണം അഭ്യസിച്ചു. പത്തോളം തവണ തിരുവനന്തപുരം കാര്യവട്ടത്തെ ക്യാംപസില്‍ അദേഹം സന്ദര്‍ശിച്ചിട്ടുണ്ട്.

1981 ല്‍ ടെക്‌സസിലെ ഓസ്റ്റിന്‍ യൂണിവേഴ്‌സിറ്റിയില്‍ മലയാളം ക്ലാസ് ആരംഭിച്ച മോഗ് അമേരിക്കയില്‍ വളരുന്ന കേരളത്തിന്റെ രണ്ടാം തലമുറയെ മലയാളം പരിചയപ്പെടുത്തുവാന്‍ ലക്ഷ്യമിട്ടു ഒരുക്കിയ മലയാളപാഠാവലി ഇന്നും സ്മരണാര്‍ഹമാണ്. നൂറുകണക്കിനു വിദ്യാർഥികള്‍ക്കു മലയാളഭാഷയുടെ രുചിയും ഗുണവും ആശയവും പകര്‍ന്നു നല്‍കിയ പ്രഫ. മോഗ് ഒരർഥത്തില്‍ നോര്‍ത്ത് അമേരിക്കയിലെ മലയാള ഭാഷയുടെ പിതാവ് എന്ന വിളിക്ക് തികച്ചും അര്‍ഹനാണ്.

prof-moag-and-yesudas-2

കെന്റക്കി ബ്‌ളൂഗ്രാസ് സംഗീത ശാഖയുടെ ഉപാസകനായിരുന്ന മോഗ് ഭാരതീയ സംഗീതത്തെ എന്നും ഇഷ്ടപ്പെട്ടിരുന്നു.  മുഹമ്മദ് റാഫി മുതല്‍ മലയാളത്തിന്റെ സ്വന്തം ഗാനഗന്ധർവനായ ദാസേട്ടന്റെ ഗാനങ്ങളുടെ വരെ കടുത്ത ആരാധകനായിരുന്നു അദേഹം.

ഫാ. ജോണ്‍ പിച്ചാപ്പിള്ളി രചിച്ച് ദാസേട്ടന്‍ പാടിയ സ്വസ്തി എന്ന ആല്‍ബത്തിന്റെ ഉദ്ഘാടനത്തിനായി അദേഹം ഡാലസിലെത്തിയപ്പോള്‍ ഞങ്ങള്‍ ദാസേട്ടന്റെ വീട്ടില്‍ ഒത്തുകൂടിയ നിമിഷങ്ങള്‍ ഓർമ വരുന്നു. ചൈനീസ് ഉള്‍പ്പടെയുള്ള പശ്ചാത്യ പൗരസ്ത്യ ഗാനശാഖകളുടെ സമ്പ്രദായങ്ങളെയും ആലാപനശൈലികളെയും സ്വരസ്ഥാനങ്ങളുടെ വ്യത്യാസങ്ങളക്കുറിച്ചുമെല്ലാം ദാസേട്ടനും മോഗുമായി നടന്ന ചര്‍ച്ചകള്‍ സംഗീത വിദ്യാർഥികള്‍ അറിഞ്ഞിരിക്കേണ്ടതാണ്. ആ രാത്രയില്‍ മൈക്കും അകമ്പടി ഗാനസേവകരുമില്ലാതെ ദാസേട്ടന്‍ പാടിയ പഴയ ഗാനങ്ങള്‍ ആസ്വദിച്ച അദേഹം യേശുദാസ് ആകാശത്തോളം ഉയര്‍ന്ന ഗായകനാണെന്ന് അതിശയപൂര്‍വ്വം പറഞ്ഞു. ഹിന്ദിയിലും  തമിഴിലും മലയാളത്തിലുമെല്ലാം അദേഹം ദാസേട്ടനുമായി സംസാരിച്ച രംഗവും ഓര്‍മയിലുണ്ട്.

മലയാളവേദിയുടെ അവാര്‍ഡുദാന ചടങ്ങിനായി മനോരമ അസോഷ്യേറ്റ് എഡിറ്റര്‍ ജോസ് പനച്ചിപ്പുറവും ദീപിക കാരിക്കേച്ചറിസ്റ്റ് അന്തരിച്ച തോമസ് ആന്റണിയും ഡാലസിലെത്തിയപ്പോള്‍ ഞങ്ങള്‍ മോഗിനെ അദേഹത്തിന്റെ വീട്ടിലെത്തി കണ്ടു. മലയാളത്തില്‍ മാത്രം മലയാളികളോടു സംസാരിക്കുന്ന അദ്ദേഹത്തെക്കുറിച്ച് മലയാളികള്‍ അജ്ഞരായിരുന്ന ആ കാലത്ത് ജോസ് പനച്ചിപ്പുറത്തിന്റെ ആവശ്യ പ്രകാരം മലയാള മനോരമ സണ്‍ഡേ സപ്ലിമെന്റില്‍ മോഗിനെക്കുറിച്ചഴുതുവാന്‍ എനിക്ക് അവസരം ലഭിച്ചു. അന്ന് മനോരമയ്ക്കായി ചിത്രങ്ങള്‍ എടുത്തത് തോമസ് ആന്റണിയായിരുന്നു.

മഹാകവി കുമാരനാശാന്‍ മുതലുള്ള കവികളെ ആദരിച്ചിരുന്ന മോഗ് ആശാന്റെ വീണപൂവിലെ വരികള്‍ പലപ്പോഴും ഭാഷയുടെ അക്ഷരസ്ഫുടതയില്ലാതെ ചൊല്ലിയിരുന്നു. പ്രവാസത്തിലെ മലയാള എഴുത്തുകാരെ പ്രോത്‌സാഹിപ്പിച്ചിരുന്ന മോഗ് തുടങ്ങി വച്ച മലയാളം ക്ലാസ് ഓസ്റ്റിന്‍ യൂണിവേഴ്‌സിറ്റിയിലെ ഏഷ്യന്‍ ലിഗ്വസ്റ്റിക്‌സ് വകുപ്പിന്റെ ഭാഗമായി ഇന്നും തുടരുന്നു.

മലയാളം വിസ്മരിക്കുന്ന മലയാളമാതാപിതാക്കളുടെ കുട്ടികള്‍ക്കു കേരളത്തിലുള്ള വല്ല്യമ്മമാരോടും വല്ല്യച്ചന്മാരോടും സംസാരിക്കാനുള്ള കഴിവു നല്‍കുക എന്ന ലക്ഷ്യമിട്ടായിരുന്നു മലയാളം ക്ലാസിന്റെ തുക്കം. എനിക്ക് അമ്മയോടിഷ്ടം എന്ന അദേഹം രചിച്ച കവിതയോടെ ആയിരുന്നു അദേഹത്തിന്റെ മലയാളം ക്ലാസ് ആരംഭിച്ചിരുന്നത്.

റഷ്യന്‍, ജര്‍മന്‍, പോര്‍ച്ചുഗീസ്, സ്പാനിഷ്, ഹിന്ദി, മലയാളം തമിഴ് തുടങ്ങി പതിനഞ്ചോളം ഭാഷകള്‍ അദേഹം എളുപ്പത്തില്‍ കൈകാര്യം ചെയ്തിരുന്നു. അദേഹമാണ് ആദ്യമായി ഫിജി യൂണിവേഴ്‌സിറ്റിയില്‍ ഹിന്ദി വിഭാഗം ആരംഭിച്ചത്. അതിനായി അദേഹം ഹിന്ദിപഠനസഹായി എന്ന ഒരു പുസ്തകം തന്നെ രുപപ്പെടുത്തിയിട്ടുണ്ട്.

സംഗീതജ്ഞന്‍, സാഹിത്യകാരന്‍, ഭാഷാവിദഗ്ദ്ധന്‍, അധ്യാപകന്‍, റേഡിയോ അവതാരകന്‍, ചരിത്രകാരന്‍, യാത്രികന്‍ തുടങ്ങി പല നിലകളില്‍ അറിയപ്പട്ടിരുന്ന പ്രഫ. മോഗ് ഒരു സാംസ്‌ക്കാരിക, ജീവകാരുണ്യ പ്രവര്‍ത്തകനും കുടിയായിരുന്നു.

കെന്റക്കി ബ്ര്‌ളൂഗ്രാസ് സംഗീതത്തിന്റെ ടെക്‌സസ് ശൈലിയുടെ ഉപജ്ഞാതാവാണ് മോഗ്. മാന്‍ഡറിന്‍ മുതല്‍ കീബോര്‍ഡ് വരെ അപൂര്‍വ്വ സിദ്ധിയോടെ വായിച്ചിരുന്ന മോഗ് അദേഹത്തിന്റെ വീട് കേന്ദ്രമായി പ്രക്ഷേപണം ചെയ്തിരുന്ന കൂപ്പ് 97 എഫ് എം റേഡിയോ ചാനലില്‍ അവതാരകനായിരുന്നു. എണ്‍പത്തിയേഴാം വയസില്‍ മരിക്കുന്നതുവരെ കര്‍മ്മനിരതനായിരുന്നു അദേഹം. കണ്ണുകള്‍ക്കു വെളിച്ചമില്ലെങ്കിലും ഇത്രത്തോളം ആന്തരിക ദര്‍ശനവും വെളിച്ചവുമള്ള വ്യക്തികള്‍ അപൂര്‍വ്വമാണ്. 

കേരള സര്‍ക്കാരോ സാംസ്‌ക്കാരിക, വിദ്യാഭ്യാസവകുപ്പുകളോ, നോര്‍ക്ക ഉള്‍പ്പെടെയുള്ള പ്രവാസി ക്ഷേമ വകുപ്പുകളോ അദേഹത്തെ തിരിച്ചറിഞ്ഞില്ല. ജി. കാര്‍ത്തികേയന്‍ സാംസ്‌ക്കാരിക വകുപ്പു മന്ത്രിയായിരുന്നപ്പോള്‍ അദേഹത്തെ കേരളത്തില്‍ വരുത്തി ആദരിക്കുവാനുള്ള ശ്രമം നടന്നെങ്കിലും ഫലം കണ്ടുമില്ല.

ഹൃദയപൂവ്വം ഒന്നു പറഞ്ഞോട്ടെ. മലയാളവും അമേരിക്കന്‍ മലയാളിയുടെ പുതു തലമുറകളും അദേഹത്തോട് എന്നും കടപ്പെട്ടിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com