ആർക്കാണ് യുഎസിൽ വോട്ടു ചെയ്യാൻ കഴിയുക ?

us-flag
SHARE

ന്യൂയോർക്ക് ∙ യുഎസിൽ പൗരത്വം ഉള്ളവർക്ക് മാത്രമേ വോട്ടു ചെയ്യാൻ കഴിയൂവെന്ന് മിക്കവാറും എല്ലാവരും പറഞ്ഞു കേൾക്കാറുണ്ട്. ഓരോ പൗരന്റെയും അടിസ്ഥാന കർത്തവ്യമാണ് വോട്ടു ചെയ്ത് ജനാധിപത്യം നിലനിർത്തുക എന്നും ഉദ്ബോധിപ്പിക്കാറുണ്ട്. അമേരിക്കൻ പൗരന്മാരുടെ ഇത്തരത്തിലുള്ള സജീവമായ പങ്കാളിത്തം ഇല്ലാതെ നമ്മുടെ പൊതുസംവിധാനത്തിൽ നമുക്കുള്ള വിശ്വാസവും നമ്മുടെ ഗവൺമെന്റ് നിയമപരമാണെന്ന അംഗീകാരവും ഉണ്ടാവുകയില്ല.

1996 ന് ശേഷം ഫെഡറൽ ഇലക്ഷനുകളിൽ വോട്ടു ചെയ്യാൻ അമേരിക്കൻ പൗരത്വം നിർബന്ധമാണ്. എന്നാൽ, 2022 വരെയുള്ള പ്രാദേശിക നിയമങ്ങൾ പരിശോധിച്ചാൽ രസാവഹമായ വ്യതിയാനങ്ങൾ കാണാം. യുഎസിലെ 16 മുനിസിപ്പാലിറ്റികളിൽ ഏതാനും ചില, അല്ലെങ്കിൽ എല്ലാ തിരഞ്ഞെടുപ്പുകളിലും പൗരത്വം ഇല്ലാത്തവർക്കും വോട്ടു ചെയ്യാം. രണ്ടെണ്ണം കലിഫോർണിയയിൽ, 11 എണ്ണം മേരിലാൻഡിൽ, ഒരെണ്ണം ന്യൂയോർക്കിൽ, രണ്ടെണ്ണം വെർമോണ്ടിൽ എന്നിങ്ങനെയാണ് സംസ്ഥാനങ്ങൾ തിരിച്ചുള്ള കണക്ക്.

നാലു സംസ്ഥാന ഭരണഘടനകൾ മാത്രമേ വ്യക്തമായി സംസ്ഥാന, പ്രാദേശിക തിരഞ്ഞെടുപ്പുകൾക്ക് വോട്ടു ചെയ്യാൻ പൗരത്വം ഉണ്ടായിരിക്കണമെന്ന് പറയുന്നുള്ളൂ. രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള ചില ജൂറിസ്ഡിക്‌ഷനുകളിൽ നോൺ ഫെഡറൽ ഇലക്‌ഷനുകളിൽ വോട്ടു ചെയ്യുവാൻ പൗരത്വം ഇല്ലാത്തവരെ അനുവദിക്കുന്ന പാരമ്പര്യമോ നിയമങ്ങളോ ഉണ്ട്.

മേരിലാൻഡിൽ നഗരങ്ങളോ ടൗൺഷിപ്പുകളോ നടത്തുന്ന പ്രാദേശിക തിരഞ്ഞെടപ്പുകളിൽ പൗരന്മാർ അല്ലാത്തവർക്കും വോട്ടു ചെയ്യാൻ അനുവദിക്കുന്നുണ്ട്. ന്യൂയോർക്ക് നഗരത്തിലെ സ്കൂൾ ബോർഡ് തിരഞ്ഞെടുപ്പിൽ പൗരത്വം ഇല്ലാത്തവർക്കും വോട്ടു ചെയ്യാമായിരുന്നു. കോടതി ഇത് റദ്ദു ചെയ്തു. ഇതിനെതിരെ നഗരസഭ അപ്പീൽ നൽകിയിരിക്കുകയാണ്.

വെർമോണ്ടിലെ മോണ്ട് പെലിയർ, വിന്തുസ്കി നഗരങ്ങൾ പൗരത്വം ഇല്ലാത്തവരും മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നത് അനുവദിച്ചു. ഇത് നിയമ സഭയും അംഗീകരിച്ചത് ഗവർണർ വീറ്റോ ചെയ്തു. സൻഫ്രാൻസിസ്കോ വോട്ടർമാർ 2016 ൽ അംഗീകരിച്ചതനുസരിച്ച് 2018, 2020, 2022 തിരഞ്ഞെടുപ്പുകളിൽ സ്കൂൾ ബോർഡുകളിലേയ്ക്കു പൗരത്വം ഇല്ലാത്തവരും വോട്ടു ചെയ്തു.

ഈ സംഭവങ്ങൾ ഒരു വഴിത്തിരിവിനു തുടക്കം കുറിക്കുമെന്ന് ചിലർ കരുതുന്നു. പൗരത്വം ആവശ്യമാണ് എന്ന നിബന്ധനയ്ക്കു ഭേദഗതി സംഭവിച്ചേക്കാം. എന്നാൽ ഇത് പുതിയതായി പൗരത്വം നേടുന്ന വ്യക്തിയെ അപമാനിക്കലുമാവാം. പൗരത്വം ഇല്ലാതെ വോട്ടവകാശം നേടുന്നതിന് എത്രയെല്ലാം കാരണങ്ങൾ നിരത്തിയാലും പൗരത്വം നേടാൻ ശ്രമിക്കാതിരിക്കുന്നത് ക്ഷന്തവ്യമല്ല. വോട്ട് ചെയ്യാൻ പൗരത്വമോ മറ്റു ചില കാരണങ്ങളോ മതി എന്ന അവസ്ഥ സംജാതമായാൽ തങ്ങൾ പൗരത്വം നേടുക തന്നെ തിരഞ്ഞെടുക്കും എന്ന് ഭൂരിപക്ഷവും പറയുന്നു.

ടെക്സസിൽ 1995 ൽ സംസ്ഥാന, പ്രാദേശിക തിരഞ്ഞെടുപ്പുകൾക്ക് പൗരത്വം ഇല്ലാത്തവർക്കും വോട്ടു ചെയ്യാം എന്ന നിർദേശം നിയമസഭയിൽ ചർച്ചയ്ക്കു വന്നെങ്കിലും പാസ്സായില്ല. ജോർജിയ പോലെ വേണ്ടി വന്നാൽ പൗരത്വ നിർബന്ധം ഉപേക്ഷിക്കുന്ന മുന്നേറ്റതിന് ആദ്യം പിന്തുണ നൽകുകയും പിന്നീട് പിൻവലിയുകയും ചെയ്യുക ടെക്സസിന്റെ കാര്യത്തിലും സംഭവിക്കാം. അമേരിക്കൻ തിരഞ്ഞെടുപ്പുകളിൽ വിധി എഴുതുവാനുള്ള അധികാരം അമേരിക്കൻ പൗരന്മാർക്ക് മാത്രമായിരിക്കണം എന്നാണ് ഇതുവരെ ഭൂരിപക്ഷ അമേരിക്കക്കാരുടെയും അഭിപ്രായം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇന്നസെന്റ് ചെയ്യുന്നില്ലെന്ന് പറഞ്ഞ 'ലാസർ ഇളയപ്പൻ' | Friends Malayalam | Siddique Jayaram | Meena

MORE VIDEOS
FROM ONMANORAMA