വാഷിങ്ടൻ ∙ റജിസ്റ്റേർഡ് വോട്ടർമാർക്കിടയിൽ പ്രസിഡന്റ് ജോ ബൈഡന്റെ അംഗീകാരത്തെകുറിച്ച് നടത്തുന്ന സർവേ ഫലങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ്. 2022 ഡിസംബറിൽ ഇത് 47% ആയിരുന്നു. 2023 ജനുവരിയിൽ തുടരെ തുടരെ ക്ലാസിഫൈഡ് ഡോക്യുമെന്റുകൾ കണ്ടെത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ 44% വോട്ടർമാർ മാത്രമേ ബൈഡനെ അംഗീകരിക്കുന്നുള്ളു എന്നു മാർക്വറ്റ് യൂണിവേഴ്സിറ്റി ലോ സ്കൂൾ പോൾ കണ്ടെത്തി. ഡിസംബറിൽ 48% റിപ്പോർട്ട് ചെയ്ത സിഎൻഎൻ/ എസ്എസ്ആർഎസ് ഇപ്പോൾ 46% പറയുന്നു. രണ്ടാഴച മുൻപത്തേക്കാൾ 2.5% ഇപ്പോൾ കുറവാണെന്നു പൊതുവെ സർവേ സംഘാടകർ സമ്മതിക്കുന്നു.
മലയാളം ടെലിവിഷൻ വാർത്താചാനലുകൾ റിപ്പോർട്ട് ചെയ്യുന്നത് ബൈഡൻ എല്ലാ രഹസ്യരേഖകളും കൈമാറിക്കഴിഞ്ഞു എന്നാണ്. എന്നാൽ യുഎസ് മുഖ്യധാര മാധ്യമങ്ങൾ ഓരോ ദിവസവും അന്വേഷണ സംഘം കണ്ടെത്തുന്ന ക്ലാസിഫൈഡ് ഫയലുകളുടെ വിവരങ്ങൾ ബ്രേക്കിംഗ് ന്യൂസ് ആയി അവതരിപ്പിക്കുന്നു.
ഹണ്ടർ ബൈഡനെ കുറിച്ച് യുഎസ് ഹൗസ് ഓവർസൈറ്റ് കമ്മിറ്റി അടുത്ത ആഴ്ച അന്വേഷണം ആരംഭിക്കുമെന്ന് കമ്മിറ്റി ചെയർമാൻ, കെന്റക്കിയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധി ജെയിംസ് കോമർ നാഷണൽ പ്രസ് ക്ലബ്ബിനെ അറിയിച്ചു. അധികാര കച്ചവടം, പിതാവിന്റെ (അന്ന് വിപി ആയിരുന്നു) പേരുപയോഗിച്ച് വിദേശ കമ്പനികളിൽ നിന്ന് മില്യണുകളുടെ ലാഭം നേടൽ എന്നീ ആരോപണങ്ങളെകുറിച്ചാണ് അന്വേഷണം. രാജ്യത്തിന്റെ ശത്രുക്കളിൽ നിന്നു മില്യൻ കണക്കിന് ഡോളർ സമ്പാദിച്ചതിന്റെ തെളിവുകൾ കമ്മിറ്റി വെളിപ്പെടുത്തുമെന്ന് കോമർ പറഞ്ഞു.
അന്വേഷണത്തിന്റെ ആരംഭം മുൻ ട്വിറ്റർ അധികാരികളുടെ മൊഴിരേഖപ്പെടുത്തിയാണ് നടക്കുക. ട്വിറ്റർ 2020 ൽ ന്യൂയോർക്ക് പോസ്റ്റിന്റെ ഹണ്ടർ ബൈഡന്റെ ലാപ് ടോപിനെ കുറിച്ചുള്ള എക്സ്ക്ലൂസീവ് സ്റ്റോറി പ്രസിദ്ധപ്പെടുത്തുന്നതിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
മറ്റൊരു റിപ്പോർട്ടിൽ ന്യൂയോർക്ക് പോസ്റ്റ് ആരോപിക്കുന്നത് ബൈഡന്റെ ഡെലവെയർ വീടും ക്ലാസിഫൈഡ് രേഖകളും ഹണ്ടർ തന്റെ സ്വന്തം ഹോം ഓഫിസാക്കി മാറ്റി എന്നാണ്.
ന്യൂയോർക്ക് പോസ്റ്റ് രാജ്യത്തെ നാലാമത്തെ വലിയ ന്യൂസ് പേപ്പറാണ്. അവർ വിശ്വാസ്യതയുള്ള ഒരു ന്യൂസ് ഓർഗനൈസേഷനാണ്, കോമർ പറഞ്ഞു.എന്ത് കൺസൽട്ടിംഗാണ് ഹണ്ടറും റഷ്യൻ ഒളിഗാർക്കുമായി നടന്നത്(ഹണ്ടർ അൽകോയ ഇമെയിലുകൾ) ? ചൈനയോ മറ്റേതെങ്കിലും രാജ്യമോ നിങ്ങൾക്ക് മില്യൻ കണക്കിന് ഡോളർ നൽകിയാൽ പകരം എന്തായിരിക്കും ആവശ്യപ്പെടുക ?, കോമർ ചോദിച്ചു.
ഓവർ സൈറ്റ് കമ്മിറ്റി ട്രഷറി സെക്രട്ടറി ജാനെറ്റ് യെല്ലന് മേൽ സംശയാസ്പദമായ 150 ആക്ടിവിറ്റി റിപ്പോർട്ടുകളുടെ കോപ്പികൾ നൽകാൻ സമ്മർദ്ദം ചെലുത്തിയിരിക്കുകയാണ്. വിദേശ ഇടപാടുകളും ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫറുകളും സംബന്ധിച്ച റിപ്പോർട്ടുകളാണ് ഇവ.