ADVERTISEMENT

ഹൂസ്റ്റണ്‍ ∙ രഹസ്യ ഫയലുകള്‍ കണ്ടെത്തിയതിന്റെ പേരില്‍ മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പിടിച്ച പുലിവാല് കണ്ട് ചിരിച്ചവരില്‍ പ്രസിഡന്റ് ജോ ബൈഡനും ഉണ്ടാകം. എന്നാല്‍ ചിരി അടങ്ങും മുന്‍പേ  ബൈഡനും ക്ലാസിഫൈഡ് ഡോക്യുമെന്റുകളുടെ പേരില്‍ കുടുങ്ങിയതോടെ ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത് ഈ കെണി ആരെയാകും വീഴ്ത്തുക എന്നതാണ്. 

 

പ്രസിഡന്റ് ജോ ബൈഡനെ കുടുക്കിയ രഹസ്യ ഫയലുകളുടെ അശ്രദ്ധമായ കൈകാര്യം ചെയ്യല്‍ 2024 ലെ 'മത്സരത്തില്‍ നിന്ന്' ഡെമോക്രാറ്റ് നേതാവിനെ എന്നന്നേക്കുമായി പുറത്താക്കുമെന്ന് വിലയിരുത്തി ബില്‍ ക്ലിന്റന്റെ മുന്‍ ഉപദേഷ്ടാവ് രംഗത്തു വന്നത് ബൈഡന് തിരിച്ചടിയായി. 'ബൈഡനെ സംബന്ധിച്ചിടത്തോളം ഇത് അതിന്റെ സമ്പൂര്‍ണ്ണ അന്ത്യമായിരിക്കും' എന്നാണ് ക്ലിന്റനൊപ്പം പ്രവര്‍ത്തിച്ച ഡിക്ക് മോറിസ് വിലയിരുത്തുന്നത്. 

 

ബൈഡൻ ഒരിക്കല്‍ ഓഫിസായി ഉപയോഗിച്ചിരുന്ന വാഷിങ്ടൻ ഡിസി തിങ്ക് ടാങ്കില്‍ നിന്നും 30 ഓളം രേഖകളാണ് കണ്ടെത്തിയിരിക്കുന്നത്. മുന്‍ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപിന്റെ ഫ്‌ലോറിഡയിലെ മാര്‍-എ-ലാഗോ എസ്റ്റേറ്റില്‍ നിന്ന് ഡസന്‍ കണക്കിന് രഹസ്യ ഫയലുകള്‍ കണ്ടെടുത്ത റെയ്ഡിന് മാസങ്ങള്‍ക്ക് ശേഷമാണ് ബൈഡന്റെ രഹസ്യ ഫയലുകള്‍ പുറത്തുവന്നത്. ട്രംപിന്റെയും ഉപദേശകരിലൊരാളായിരുന്നു മോറിസ് എന്നതും ശ്രദ്ധേയമാണ്. 

 

ഈ മാസവും ട്രംപിന്റെ മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ വീട്ടില്‍ നിന്ന് രഹസ്യ രേഖകള്‍ കണ്ടെത്തിയതായി പുറത്തുവന്നു. എല്ലാവരും രഹസ്യ രേഖകള്‍ വീട്ടിലേക്ക് കൊണ്ടുപോയി എന്നതല്ല ഇവിടെ പ്രശ്‌നം. ബൈഡന്റെ സ്വകാര്യ ക്വാര്‍ട്ടേഴ്സില്‍ നിന്ന് കണ്ടെടുത്ത ചില രേഖകളില്‍ 'യുക്രെയ്നിനോടുള്ള അമേരിക്കന്‍ നയത്തെക്കുറിച്ചുള്ള ക്ലാസിഫൈഡ് വിവരങ്ങള്‍' അടങ്ങിയിരിക്കുന്നതിനാല്‍ ബൈഡന്റെ സാഹചര്യം വേറിട്ടു നില്‍ക്കുന്നതാണെന്ന് മോറിസ് ജോണ്‍ പറയുന്നു

 

പുറത്തുവന്ന പല രേഖകളുടെയും കാലഘട്ടം ബൈഡന്‍ വൈസ് പ്രസിഡന്റായിരുന്ന കാലത്താണ്. ബൈഡന്‍ വൈസ് പ്രസിഡന്റായിരുന്നപ്പോള്‍ യുക്രെയ്‌നിലെ അഴിമതി വിരുദ്ധ ശ്രമങ്ങള്‍ക്ക് വരെ അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ മകന്‍ 2014 മുതല്‍ വര്‍ഷങ്ങളോളം യുക്രെയ്നിയന്‍ എനര്‍ജി കമ്പനിയുടെ ബോര്‍ഡിലായിരുന്നു. ഇതെല്ലാമാണ് ഇപ്പോള്‍ ബൈഡനെ കുടുക്കിലാക്കിയിരിക്കുന്നത്. 

 

ഹണ്ടര്‍ ബൈഡന്റെ വിദേശ വ്യാപാര ഇടപാടുകള്‍ കോണ്‍ഗ്രസിന്റെയും നീതിന്യായ വകുപ്പിന്റെയും അന്വേഷണത്തിന് വിധേയമാണ്. എന്നാല്‍ പ്രസിഡന്റ് തന്നെ ഒരു തെറ്റായ പ്രവര്‍ത്തനത്തിലും ഉള്‍പ്പെട്ടിട്ടില്ല എന്നതു മാത്രമാണ് ബൈഡന്റെ പ്രതിരോധം. എന്നാല്‍ ബൈഡന്റെ രഹസ്യ രേഖകള്‍ തന്റെ മകനും യുക്രെയ്‌നിലെ അയാളുടെ ബിസിനസ്സ് ഉള്‍പ്പെടുന്ന ഒരു 'വലിയ കൈക്കൂലി അഴിമതി'യുടെ ഭാഗമാണെന്ന് മോറിസ് ആരോപിച്ചു. 'ഇത് ബൈഡനെ മത്സരത്തില്‍ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

 

വെറ്ററന്‍ പോള്‍സ്റ്റര്‍ ജോണ്‍ മക്ലാഫ്ലിനുമായി നടത്തിയ ഒരു സര്‍വേയുടെ ഫലങ്ങളും മുന്‍ വൈറ്റ് ഹൗസ് ഉപദേഷ്ടാവ് പങ്കിട്ടു. 2024 ല്‍ മത്സര രംഗത്തുള്ള ഡെമോക്രാറ്റിക് നോമിനികളുടെ കൂട്ടത്തില്‍ ബൈഡന്‍ മുന്നിലാണെന്ന് സര്‍വേ പറയുന്നു. എന്നാല്‍ വെറും 25 ശതമാനം പിന്തുണ മാത്രമാണ് അദ്ദേഹത്തിനുള്ളത്. 'പ്രസിഡന്റ് എന്ന നിലയില്‍ ബൈഡന് സ്വന്തം പാര്‍ട്ടിയില്‍ പ്രാഥമിക വോട്ടിന്റെ 25 ശതമാനത്തില്‍ കൂടുതല്‍ നേടാന്‍ കഴിയാത്തപ്പോള്‍, അത് മരണ തുല്യമാണ്. അദ്ദേഹം അവിശ്വസനീയമാംവിധം ദുര്‍ബലനാണ്,' മോറിസ് പറഞ്ഞു. 40-50 ശതമാനം ഉണ്ടാകേണ്ട സ്ഥാനത്താണ് ഈ തകര്‍ച്ച. എതിരാളി ഒന്നാഞ്ഞു പിടിച്ചാല്‍ പ്രൈമറി പോലും കടക്കാന്‍  ബൈഡന് കഴിയില്ല എന്നും അദ്ദേഹം വിലയിരുത്തുന്നു. 

 

രഹസ്യ രേഖകളുടെ വെളിപ്പെടുത്തലുകള്‍ ബൈഡനെ സംബന്ധിച്ചിടത്തോളം ഒരു പബ്ലിക് റിലേഷന്‍സ് പ്രതിസന്ധിയായി മാറിയിട്ടും, രഹസ്യ ഫയലുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പ്രസിഡന്റിന്റെ സമീപനം അദ്ദേഹത്തിന്റെ മുന്‍ഗാമിയെ അപേക്ഷിച്ച് വളരെ വ്യത്യസ്തമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാണിച്ചു. ബൈഡന്റെ അഭിഭാഷകര്‍ രേഖകള്‍ കണ്ടെത്തിയയുടന്‍ നീതിന്യായ വകുപ്പിന് കൈമാറി. കൂടാതെ ഓരോ ഘട്ടത്തിലും അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. കഴിഞ്ഞ വാരാന്ത്യത്തില്‍ ബൈഡന്റെ വീട്ടില്‍ നിന്ന് അധിക രേഖകള്‍ കണ്ടെടുത്ത ഫെഡറല്‍ ഉദ്യോഗസ്ഥരുടെ തുടര്‍ തിരച്ചില്‍ സുഗമമാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ അദ്ദേഹം സ്വീകരിച്ചു. 

 

എന്നിരുന്നാലും, ഞായറാഴ്ച നടന്ന ഒരു പുതിയ എന്‍ബിസി വോട്ടെടുപ്പ് സൂചിപ്പിക്കുന്നത്, അമേരിക്കക്കാര്‍ ട്രംപിനോടുള്ള പോലെ തന്നെ ബൈഡനോടും അസ്വസ്ഥരാണെന്നാണ്. കൃത്യം 67 ശതമാനം പേരും രണ്ട് നേതാക്കളുടെ വീടുകളില്‍ നിന്നും രഹസ്യ രേഖകള്‍ കണ്ടെടുത്തത് ഒരു തലത്തില്‍ 'ആശങ്കപ്പെടുത്തുന്നത്' ആണെന്ന് അഭിപ്രായപ്പെട്ടു. വരും ദിവസങ്ങളില്‍ ഇത് എങ്ങനെ വികസിക്കും എന്നാണ് ഇരുവരുടെയും അണികള്‍ കാത്തിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com