ADVERTISEMENT

ഹൂസ്റ്റണ്‍ ∙ മാർച്ച് 21 നു  ചൊവാഴ്ച ഇന്റര്‍നാഷനല്‍ പ്രെയര്‍ലൈൻ സംഘടിപ്പിക്കുന്ന 442–ാമത് പ്രാർഥനാ സമ്മേളനത്തിൽ  ഷംഷാബാദ് രൂപത ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിൽ (ന്യൂജഴ്‌സി) മുഖ്യ പ്രഭാഷണം നല്‍കും.

ജീസസ് യൂത്തിന്റെ ആഗോള ആത്മീയോപദേഷ്ടാവായി സേവനം അനുഷ്ഠിക്കുന്ന ഇദ്ദേഹം ഈ വർഷത്തെ മാരാമൺ കൺവൻഷനിൽ നടത്തിയ തിരുവചന ധ്യാനം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു. അമേരിക്കയിൽ ഹ്രസ്വ സന്ദർശനത്തിന് എത്തി ചേർന്നിരിക്കുന്ന ബിഷപ്പ് മാർ റാഫേൽ തട്ടിൽ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന നോമ്പ്‌കാല ധ്യാനങ്ങൾക്കു നേതൃത്വം നൽകും.

പ്രവാസികളോടുള്ള കരുതലും പരിഗണനയും സഭയുടെ സുപ്രധാന പ്രേഷിതദൗത്യമാണെന്നും വിവിധ രാജ്യങ്ങളിലേക്ക് കുടിയേറിയ വിശ്വാസികൾക്ക് മതിയായ കരുതൽ നൽകിയില്ലെങ്കിൽ വിശ്വാസം ക്ഷയിക്കാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം കരുതുന്നു.

1956 ഏപ്രില്‍ 21നാണ് മാര്‍ റാഫേല്‍ തട്ടിലിന്റെ ജനനം. തൃശൂര്‍ സെന്‍റ് മേരീസ് മൈനര്‍ സെമിനാരിയിലും വടവാതൂര്‍ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലുമായി വൈദികപരിശീലനം പൂര്‍ത്തിയാക്കിയ മാര്‍ റാഫേല്‍ തട്ടില്‍ തൃശൂര്‍ രൂപതയ്ക്കുവേണ്ടി 1980 ഡിസംബര്‍ 21-ന് പൗരോഹിത്യം സ്വീകരിച്ചു.

അരണാട്ടുകര പള്ളിയില്‍ അസിസ്റ്റന്‍റ് വികാരിയായും തൃശൂര്‍ മൈനര്‍ സെമിനാരിയില്‍ ഫാദര്‍ പ്രീഫെക്ട്, വൈസ് റെക്ടര്‍ എന്നീ നിലകളിലും കൂനംമുച്ചി, ചേരുംകുഴി പള്ളികളില്‍ ആക്ടിങ് വികാരിയായും സേവനം ചെയ്തിട്ടുണ്ട്. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്‍റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടി. 2010-ല്‍ തൃശൂര്‍ അതിരൂപതാ സഹായമെത്രാനായി നിയമിക്കപ്പെട്ടു. 2014 മുതൽ ഇന്ത്യയിൽ സിറോ മലബാർ സഭയുടെ അധികാരപരിധിക്ക് പുറത്ത് നൂറോളം മിഷൻ കേന്ദ്രങ്ങളിലായി താമസിക്കുന്ന രണ്ടു ലക്ഷത്തോളം പ്രവാസികളുടെ ചുമതലയുള്ള അപ്പസ്തോലിക് വിസിറ്റേറ്ററായി സേവനം ചെയ്യുമ്പോഴാണ് മാർപാപ്പയുടെ അംഗീകാരം ലഭിച്ച ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ രാജ്യാന്തര കത്തോലിക്ക അല്‍മായ മുന്നേറ്റമായ ജീസസ് യൂത്തിന്റെ ആഗോള ആത്മീയോപദേഷ്ടാവായി ഷംഷാബാദ് രൂപത ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിനെ തിരഞ്ഞെടുത്തത്. 

വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ഥനയ്ക്കും ദൈവവചന കേള്‍വിക്കുമായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റര്‍നാഷനല്‍ പ്രെയര്‍ ലൈൻ. എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ് (ന്യൂയോര്‍ക്ക് ടൈം) പ്രെയര്‍ലൈന്‍ സജീവമാകുന്നത്.  മാർച്ച് 21  നു ചൊവ്വാഴചയിലെ പ്രെയര്‍ ലൈന്‍ സന്ദേശം നല്‍കുന്ന ബിഷപ്പിന്റെ  പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നമ്പർ  ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.

ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും പ്രെയര്‍ ലൈനില്‍ പങ്കെടുക്കുന്നതിനും താഴെ കാണുന്ന ഫോണ്‍ നമ്പരുമായി  ബന്ധപ്പെടണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു. ഫോണ്‍: ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207, സി.വി. സാമുവേല്‍ (ഡിട്രോയിറ്റ്) 586 216 0602(കോഓര്‍ഡിനേറ്റര്‍).

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com