ന്യൂജഴ്‌സി ∙ ന്യൂജഴ്‌സി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ മലയാളി സംഘടനയായ ‘ബീറ്റ്‌സ് ഓഫ് കേരള’യുടെ പതിനഞ്ചാമത് വാർഷികാഘോഷവും ഫാമിലി നൈറ്റും വിപുലമായ പരിപാടികളോടുകൂടി പാറ്റേഴ്സണിൽ അരങ്ങേറി.

അമേരിക്കൻ കലാ–സാംസ്‌കാരിക–സംഘടനാ രംഗങ്ങളിലെ പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു. ‘ബീറ്റ്‌സ് ഓഫ് കേരള’യുടെ അംഗങ്ങൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാ പ്രകടനങ്ങൾ ആഘോഷ രാവിന് മാറ്റുകൂട്ടി. കലാ സന്ധ്യക്കു തുടക്കം കുറിച്ചുകൊണ്ട് അഞ്ചു മുതൽ പതിനഞ്ചു വയസു വരെയുള്ള കുട്ടികളുടെ ഫാഷൻ ഷോ നടന്നു. തുടർന്ന് കാണികളെ ത്രസിപ്പിച്ച വിവിധ നൃത്ത രൂപങ്ങൾ, ഗാനങ്ങൾ, സിനി സ്കിറ്റ്, വിഷ്വൽ ക്വിസ് എന്നിവയായിരുന്നു പരിപാടിയുടെ പ്രധാന ആകർഷണങ്ങൾ.

സംഘടനയുടെ അഭ്യുദയകാംക്ഷിയായ ഫാ.ഡോ. ബാബു കെ മാത്യു, ജോസുകുട്ടി വലിയകല്ലുങ്കൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. പരിപാടിയുടെ വിജയത്തിനായി അഹോരാത്രം അണിയറയിൽ പ്രവർത്തിച്ച ഏവർക്കും സെക്രട്ടറി ഷൈബു വർഗീസ് നന്ദി അറിയിച്ചു. പ്രസിഡന്റ് റിജോ വർഗീസ്, വൈസ് പ്രസിഡന്റ് അനൂപ് ജോർജ്, പ്രോഗ്രാം കോർഡിനേറ്റർസ് ആയ ജോവൽ ജോൺ, അജുൻ ആന്റണി, ഹരികൃഷ്ണൻ പിള്ള തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
