വാഷിങ്ടൻ ∙ സമൂഹമാധ്യമങ്ങളായ യൂട്യൂബിലും ഫെയ്സ്ബുക്കിലും മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിരിച്ചെത്തി. 'ഐ ആം ബാക്ക്' എന്ന തലക്കെട്ടോടെയാണ് വിഡിയോ സന്ദേശം ട്രംപിന്റെ ഫെയ്സുബുക്ക് പേജിലും യൂട്യൂബ് ചാനലിലും പോസ്റ്റ് ചെയ്തിരിക്കുന്നത്. 2016 ലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ട്രംപ് നടത്തിയ പ്രസംഗത്തിന്റെ 12 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോ ക്ലിപ്പിങാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. യുഎസ് ക്യാപ്പിറ്റൾ പ്രതിഷേധവുമായി ബന്ധപ്പെട്ട് 2021 ജനുവരി ആറിനാണ് ട്രംപിനെ സമൂഹമാധ്യമങ്ങൾ വിലക്കിയത്.
Read Also: 'ലൈംഗികാധിക്ഷേപം'; വെളിപ്പെടുത്തലിന് പിന്നാലെ യുഎസ് ആര്‍മി അംഗം മരിച്ചനിലയിൽ
അടുത്ത തിരഞ്ഞെടുപ്പിന് യുഎസിൽ കളമൊരുങ്ങുമ്പോളാണ് റിപ്പബ്ലിക്കൻ നേതാവിന്റെ മടങ്ങിവരവ്. ട്രംപിന്റെ യൂട്യൂബ് ചാനല്‍ തിങ്കളാഴ്ച്ച പുനഃസ്ഥാപിച്ചിരുന്നു. ഫെയ്സുബുക്ക് അക്കൗണ്ടും ഇൻസ്റ്റഗ്രാം അക്കൗണ്ടും ഈ വർഷം ആദ്യം പുനഃസ്ഥാപിച്ചു. ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തിന് പിന്നാലെ നവംബറിൽ ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ടും പുനസ്ഥാപിച്ചു. 34 മില്ല്യൺ ഫോളോവേഴ്സാണ് ഫെയ്സുബുക്കിൽ ട്രംപിനുള്ളത്. യൂട്യൂബിലാകട്ടേ 2.6 മില്ല്യൺ ഫോളോവേഴ്സും.
ട്രംപിന്റെ മടങ്ങിവരവ് 2024 ലെ യുഎസ് തിരഞ്ഞെടുപ്പിനെ വാശിയേറിയ പോരാട്ടമാക്കി മാറ്റിയേക്കും. 2016 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ട്രംപ് നിർണ്ണായകമായി ഉപയോഗിച്ചത് സമൂഹമാധ്യമങ്ങളെയായിരുന്നു. പ്രചാരണം വോട്ടർമാരിലേക്ക് എത്താൻ സമൂഹമാധ്യമങ്ങളിലേക്കുള്ള മടങ്ങിവരവ് സഹായിക്കുമെന്ന് ജനുവരിയിൽ ട്രംപിന്റെ ക്യാംപെയ്ൻ വക്താവ് വ്യക്തമാക്കിയിരുന്നു.
English Summary: donald trump first post in facebook and youtube after ban lifted