ADVERTISEMENT

ഹൂസ്റ്റണ്‍∙ ട്രംപിനെ അറസ്റ്റ് ചെയ്താല്‍ കൈവിലങ്ങ് വയ്ക്കുമോ? കേസില്‍ കുറ്റം ചുമത്തിയാല്‍ എപ്പോഴാണ് കോടതിയില്‍ ഹാജരാകുക? ട്രംപിനെ കുറ്റപ്പെടുത്താന്‍ ന്യൂയോര്‍ക്ക് ജൂറി തീരുമാനിച്ചാല്‍ എന്ത് സംഭവിക്കും? അമേരിക്ക ഒന്നടങ്കം ചര്‍ച്ച ചെയ്യുന്ന ചോദ്യങ്ങളാണ് ഇതൊക്കെ. മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 2016-ല്‍ ഒരു പോണ്‍ താരത്തിനു പണം നല്‍കിയതിന്റെ പേരില്‍ ക്രിമിനല്‍ കുറ്റാരോപണം നേരിടുന്നത് നാടാകെ ചര്‍ച്ച ചെയ്യുകയാണ്. 

 

കുറ്റം ചുമത്തപ്പെട്ടാല്‍, കുറ്റാരോപിതനായ ആദ്യ മുന്‍ പ്രസിഡന്റായി റിപ്പബ്ലിക്കന്‍ മാറും എന്നതും ചര്‍ച്ചയുടെ പ്രസക്തി വര്‍ധിപ്പിക്കുന്നു. 2006-ല്‍, റിയല്‍ എസ്റ്റേറ്റ് വ്യവസായിയും റിയാലിറ്റി ടെലിവിഷന്‍ താരവുമായ ഡൊണാള്‍ഡ് ട്രംപ്, ടാഹോ തടാകത്തില്‍ നടന്ന ഒരു സെലിബ്രിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റില്‍ മുതിര്‍ന്ന ചലച്ചിത്ര നടി സ്റ്റോമി ഡാനിയല്‍സിനെ കണ്ടുമുട്ടിയതോടെയാണ് 'കഥ'കള്‍ക്കു തുടക്കമാകുന്നത്. അന്ന് ഡാനിയല്‍സിന് 27 വയസ്സും ട്രംപിന് 60 വയസ്സുമായിരുന്നു പ്രായം. 

 

ട്രംപിന്റെ പെന്റ് ഹൗസില്‍ അത്താഴം കഴിക്കാന്‍ അദ്ദേഹത്തിന്റെ അംഗരക്ഷകരില്‍ ഒരാള്‍ തന്നെ ക്ഷണിച്ചതായി ഡാനിയല്‍സ് തന്റെ പുസ്തകത്തില്‍ പിന്നീടു വെളിപ്പെടുത്തിയിരുന്നു. അവള്‍ ഇതുവരെയുള്ള ജീവിതത്തിലെ 'ഒട്ടും ആകര്‍ഷകമല്ലാത്ത ലൈംഗികത' എന്നാണ് അതേക്കുറിച്ച് അവര്‍ തന്റെ പുസ്തകത്തില്‍ വിശേഷിപ്പിച്ചത്. 

 

തങ്ങള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നാണു ട്രംപിന്റെ വാദം. മറിച്ചുള്ള ആരോപണങ്ങൾ അദ്ദേഹം നിഷേധിക്കുകയും ഡാനിയല്‍സിനെ 'പണം തട്ടിയെടുക്കാനുള്ള' ശ്രമം നടത്തുന്നയാള്‍ എന്ന് ആരോപിക്കുകയും ചെയ്തു. ട്രംപ് അദ്ദേഹത്തിന്റെ ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ ഉള്‍പ്പെടുത്തുമെന്ന പ്രതീക്ഷയില്‍ ട്രംപുമായി അടുത്ത വര്‍ഷവും വരെയും സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു എന്നും ഡാനിയേല്‍സ് ആരോപിച്ചു. എന്നാല്‍ അതു സംഭവിച്ചില്ലെന്നും ഡാനിയല്‍സ് പറഞ്ഞു.

 

2016-ല്‍, ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍, അദ്ദേഹത്തിന്റെ അഭിഭാഷകനായ മൈക്കല്‍ കോഹന്‍, 2006-ലെ സംഭവത്തെക്കുറിച്ച് മൗനം പാലിക്കുന്നതിനായി ഡാനിയേലിന് 130,000 ഡോളര്‍ കൈക്കുലി നല്‍കുകയും ചെയ്തു എന്നാണ് ആരോപണം. 2018 ജനുവരിയില്‍ ദി വാള്‍ സ്ട്രീറ്റ് ജേണല്‍ സംഭവം പുറത്തുവിട്ടതോടെയാണ് വിഷയം വിവാദമായത്. ഈ ആഴ്ച ന്യൂയോര്‍ക്കില്‍ ട്രംപ് നേരിടേണ്ടി വന്നേക്കാവുന്ന ആരോപണങ്ങളുടെ ആകെത്തുക ഇതാണ്. 

 

ട്രംപ് എന്ത് ചെയ്യും?

 

ബൈഡനെതിരെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ തന്റെ രാഷ്ട്രീയ പ്രചാരണം അട്ടിമറിക്കുന്നതിനായി 'ഹഷ് മണി' കേസില്‍ ജില്ലാ അറ്റോര്‍ണി ആല്‍വിന്‍ ബ്രാഗുമായി ചേര്‍ന്നു ബൈഡന്‍ ഭരണകൂടം പ്രവര്‍ത്തിക്കുകയാണെന്നാണ് ട്രംപിന്റെ ആരോപണം. 'എക്കാലത്തെയും ഏറ്റവും വലിയ വേട്ടയാടല്‍' എന്നാണ് അദ്ദേഹം ഈ കേസിനെ വിശേഷിപ്പിച്ചത്. തന്നെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അദ്ദേഹം അവകാശപ്പെടുകയും ചെയ്തു. ഇതോടെ വിഷയത്തിനു രാഷ്ട്രീയമാനം കൈവരുകയും ചെയ്തു. 

 

അങ്ങനെയാണെങ്കില്‍, രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി അറ്റോണി തന്നെ ലക്ഷ്യമിടുന്നതായി അവകാശപ്പെട്ടു കുറ്റാരോപണങ്ങള്‍ തള്ളിക്കളയാന്‍ അദ്ദേഹം ആവശ്യപ്പെട്ടേക്കാം. ഈ സാഹചര്യത്തില്‍ പരിമിതികളുടെ ചട്ടം തീര്‍ന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടിയേക്കും. ഈ സാഹചര്യത്തില്‍ അഞ്ചു വര്‍ഷമായിരുന്നു ഇത്. എന്നാല്‍ ബിസിനസ് രേഖകള്‍ വ്യാജമായി രേഖപ്പെടുത്തിയതിനു ട്രംപിനെതിരെ കുറ്റം ചുമത്താന്‍ സാധിക്കും എന്നു നിയമവിദഗ്ധര്‍ പറയുന്നു.  

 

മുന്‍ അറ്റോര്‍ണി കോഹെനു ചെലവഴിച്ച പണം തിരികെ നല്‍കിയതിനു ശേഷം നിയമപരമായ സേവനങ്ങള്‍ എന്നു തെറ്റായി രേഖപ്പെടുത്തി എന്ന വാദം നിലനില്‍ക്കാനുള്ള സാധ്യതയില്ല. അതേസമയം, 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡോണാള്‍ഡ് ട്രംപിന്റെ സാധ്യതകളെ കുറ്റപത്രം എങ്ങനെ ബാധിക്കുമെന്നു വ്യക്തമല്ല.

 

ട്രംപും ഫ്‌ളോറിഡ ഗവര്‍ണറും

 

ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് തന്റെ പ്രസിഡന്‍ഷ്യല്‍ ബിഡ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, റിപ്പബ്ലിക്കന്‍ സ്ഥാനാർഥിത്വത്തിനായുള്ള മത്സരത്തില്‍ ഡൊണാള്‍ഡ് ട്രംപിന് വെല്ലുവിളിയായി അദ്ദേഹത്തെ പലരും വിലയിരുത്തുന്നു. കുറ്റം ചുമത്തിയാല്‍ കീഴടങ്ങാന്‍ ട്രംപ് വിസമ്മതിച്ചാല്‍, അദ്ദേഹത്തെ ഫ്‌ളോറിഡയിലെ വീട്ടില്‍ നിന്നു മാറ്റുന്നതിനു പ്രോസിക്യൂട്ടര്‍മാര്‍ക്ക് ശ്രമിക്കാം. വിരോധാഭാസമെന്നു പറയട്ടെ, ആ സാഹചര്യത്തില്‍ ഗവര്‍ണര്‍ ഡിസാന്റിസിന് ഔപചാരിക അനുമതി നല്‍കേണ്ടി വരും.

 

കോടതിയില്‍ എന്തു സംഭവിക്കും?

 

ഡൊണാള്‍ഡ് ട്രംപ് അധികാരികള്‍ക്കു മുൻപാകെ കീഴടങ്ങിയാല്‍, വിചാരണയ്ക്കു മുൻപായി വിരലടയാളം നല്‍കിയതിനു ശേഷമാകും ട്രംപിന് പുറത്തിറങ്ങാന്‍ കഴിയുക. സ്റ്റാന്‍ഡേര്‍ഡ് നടപടിക്രമം അങ്ങനെയാണു സൂചിപ്പിക്കുന്നത്. വൈറ്റ് കോളര്‍ പ്രതികള്‍ ലോവര്‍ മാന്‍ഹട്ടനിലെ കോടതിയില്‍ ഔപചാരികമായി ഹര്‍ജിയുമായി ബന്ധപ്പെട്ട് ഹാജരാകുമ്പോള്‍ കൈവിലങ്ങുകള്‍ ധരിക്കുന്നതാണ് പതിവ്. എന്നാല്‍ ട്രംപിന് ഇതു ബാധകമാകില്ലെന്ന് കോഹന്‍ പറയുന്നു. പ്രസിഡന്റ് സ്ഥാനത്തിന് ഇതു ദോഷകരമാകുമെന്നതിനാലാണു മുന്‍ പ്രസിഡന്റിന് ഈ ഇളവ് നല്‍കുക. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം, വിചാരണ കാത്തിരിക്കുന്നതിനാല്‍ ട്രംപിനെ വിട്ടയച്ചേക്കും.

 

ഇനി എന്തു സംഭവിക്കും?

 

ക്രിമിനല്‍ പ്രോസിക്യൂഷന്‍ നേരിടുന്ന ആദ്യത്തെ മുന്‍ യുഎസ് പ്രസിഡന്റായി ട്രംപ് മാറുകയാണെങ്കില്‍, അത് അടുത്ത വര്‍ഷം തന്റെ പ്രചാരണത്തിനിടയില്‍ വിചാരണ നേരിടുന്ന അഭൂതപൂര്‍വമായ സാഹചര്യത്തിലേക്കു നയിച്ചേക്കാം. തിരഞ്ഞെടുക്കപ്പെട്ടാല്‍, ക്രിമിനല്‍ കുറ്റങ്ങളില്‍ നിന്നു സ്വയം മാപ്പുനല്‍കാന്‍ അദ്ദേഹത്തിന് അധികാരമില്ല. എന്തായാലും മുന്‍ അമേരിക്കന്‍ പ്രസിഡന്റിനെതിരെയുള്ള ഏതൊരു വിചാരണയും ഒരു വര്‍ഷത്തിലേറെ നീണ്ടുനില്‍ക്കുമെന്നാണു നിയമവിദഗ്ധര്‍ വിലയിരുത്തുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com