ഫ്ലോറിഡ ∙ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിവാഹേതര ബന്ധങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾ വീണ്ടും സജീവമാകുമ്പോൾ അദ്ദേഹത്തിന്റെ പത്നിയുടെ പ്രതികരണം എന്തായിരിക്കും? ഈ വിഷയത്തിൽ അറസ്റ്റു ചെയ്യപ്പെടുമെന്ന് ട്രംപ് സ്വയവും അമേരിക്കയിലെ വലിയൊരു വിഭാഗം ജനങ്ങളും കരുതുന്നു. ഇങ്ങനെയുള്ള വിവാഹേതര ബന്ധങ്ങളുടെ കഥകൾ പുറത്തുവരുമ്പോൾ ആരോപിതർ ഉന്നത സ്ഥാനത്തിരിക്കുന്ന പുരുഷന്മാരാണെങ്കിൽ അവരുടെ ഭാര്യമാർ വീറോടെ തങ്ങളുടെ ഭർത്താക്കന്മാർക്ക് പ്രതിരോധം തീർത്ത് രംഗത്തുവരാറുണ്ട്. മുൻ പ്രസിഡന്റ് ബിൽ ക്ലിന്റനെതിരെ ഒരു അവിഹിത ബന്ധം ആരോപിക്കപ്പെട്ടപ്പോൾ ഹിലരിയുടെ നിഷേധ പ്രസ്താവനകൾ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു.

എന്നാൽ, ട്രംപിനെതിരായ കേസ് മൻഹാട്ടൻ ഡിസ്ട്രിക്ട് അറ്റോണിയുടെ കണ്ടെത്തലുകളുടെ ഔദ്യോഗിക വിധി കാത്തിരിക്കുമ്പോൾ മുൻ പ്രഥമ വനിത മെലനിയ ട്രംപ് പാലിച്ചു പോന്ന നിശ്ശബ്ദത ഏവരെയും അത്ഭുതപ്പെടുത്തി. ഇപ്പോൾ മെലനിയയുടെ പ്രതികരണമായി പുറത്തുവന്നിരിക്കുന്നത് അവരുടെ മുൻ ഉപദേശക സ്റ്റെഫനി വിൻസ്റ്റൺ വോൾക്കോഫിന്റെ വെളിപ്പെടുത്തലുകളുടെ രൂപത്തിലാണ്. അവർ തന്റെ ഈയിടെ പുറത്തിറങ്ങിയ പുസ്തകം ‘മെലനിയ ആന്റ് മി’യിൽ എല്ലാം വിസ്തരിച്ച് എഴുതിയിട്ടുണ്ടെന്നു പറഞ്ഞെങ്കിലും മെലനിയ മനസു തുറന്ന് തന്നോട് പറഞ്ഞ ചില കാര്യങ്ങൾ മാധ്യമങ്ങളോട് വിവരിച്ചു.
രണ്ടു സ്ത്രീകൾ (പോൺതാരം സ്റ്റോമി ഡാനിയേൽസും പ്ലേ ബോയ് മോഡൽ കരൻ മക്ഡുഗലും) തങ്ങൾ ട്രംപുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന വെളിപ്പെടുത്തൽ മാധ്യമങ്ങളിൽ വന്നപ്പോൾ ഞാൻ അത് മെലനിയയുടെ ശ്രദ്ധിയിൽപെടുത്തി. ‘ഇറ്റീസ് പൊളിറ്റിക്സ്’ എന്നായിരുന്നു അവരുടെ പ്രതികരണം. അപ്പോൾ ഞാൻ തിരിച്ചറിഞ്ഞു മെലനിയ ഒരു സാധാരണ സ്ത്രീ അല്ലെന്ന്. മെലനിയ കൂടുതൽ അലോസരപ്പെടുത്തിയത് ഡാനിയേൽസിന്റെ വോഗ് മാസികയിലെ ഫീച്ചറാണ്. വോഗിന്റെ കവറിൽ തന്റെ പടം ഉണ്ടാകുമെന്ന് മെലനിയ പ്രതീക്ഷിച്ചു. വന്നത് ഡാനിയേൽസിന്റെ പടമാണ്. ക്ഷുഭിതയായ അവർ പ്രതികരിച്ചത് താൻ ഒരു വിലയും വോഗിനോ മറ്റേതെങ്കിലും മാസികയ്ക്കോ നൽകുന്നില്ലെന്നാണ്. അവരാരും ഒരിക്കലും എന്നെ കവറിൽ ഇടുകയില്ല എന്ന് കൂട്ടിച്ചേർത്തു.

ഒരു പോൺ താരവുമായി ട്രംപ് ബന്ധം പുലർത്തുകയും പ്രശ്നങ്ങളിൽ അകപ്പെടുകയും ചെയ്തു എന്നതിൽ മെലനിയ്ക്കു അരിശമുണ്ട്. ആരോപണങ്ങൾ 2006 ൽ ട്രംപ് ഡാനിയേൽസുമായുള്ള ബന്ധം ആരംഭിച്ചു എന്നാണ്. അവർ കാര്യങ്ങൾ പുറത്തു പറയാതിരിക്കാൻ 2016 ൽ 1,30,000 ഡോളർ നൽകി. ഇവയെല്ലാം പരസ്യമായത് 2018 ലാണ്. ട്രംപിന്റെ ഭാര്യ എന്ന നിലയിൽ മെലനിയ്ക്കു ഇവയെല്ലാം നീണ്ട വർഷങ്ങളായിരുന്നു. ഇക്കാര്യത്തിൽ ഇപ്പോഴും അവർ ക്ഷുഭിതയാണ്. ഇതെക്കുറിച്ച് ഒന്നുമേ തനിക്ക് കേൾക്കണ്ട എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇടയ്ക്കിടെ ചർച്ചയാവാറുള്ള തങ്ങളുടെ വിവാഹ ബന്ധത്തെ ഈ കഥകൾ ഒരു തരത്തിലും സഹായിക്കില്ല എന്നവർക്കറിയാം. ട്രംപിന്റെ അവസ്ഥയിൽ അവർ സഹതപിക്കുന്നില്ല.

മെലനിയ തന്റെ സോഷ്യലൈസിംഗ് ഡ്യൂട്ടീസ് നിർവഹിക്കുന്നു, ഒരു കുറവും വരുത്താതെ മുൻ പ്രസിഡന്റിനൊപ്പം സുഹൃത്തുക്കളെ ക്ലബ്ബിൽ നടക്കുന്ന ഡിന്നറുകളിൽ കാണുന്നു. ട്രംപും മെലനിയും തങ്ങളുടെ സ്വതന്ത്ര ജീവിതം നയിക്കുന്നു. ട്രംപിനു ജയിൽ വാസം വേണ്ടി വരുമോ എന്ന് കാലം തീരുമാനിക്കും. എന്നാൽ വിഷമഘട്ടം വന്നാൽ മെലനിയയുടെ തോളിൽ ചായാൻ അവർ സമ്മതിച്ചു എന്നുവരില്ല എന്നാണ് വ്യക്തമാകുന്നത്.