ഫിലഡല്‍ഫിയയില്‍ സൺഡേ സ്കൂള്‍ വാര്‍ഷികം വര്‍ണാഭമായി
Mail This Article
ഫിലഡല്‍ഫിയ ∙ സെന്‍റ് തോമസ് സിറോമലബാര്‍ വിശ്വാസപരിശീലന സ്കൂള്‍ വാര്‍ഷികവും സിസിഡി കുട്ടികളുടെ ടാലന്‍റ് ഷോയും വര്‍ണാഭമായി. ‘വിശ്വാസം പ്രവര്‍ത്തിയിലൂടെ’ എന്ന സന്ദേശവുമായി കുട്ടികള്‍ അവതരിപ്പിച്ച ഭക്തിഗാനം, ലഘുനാടകം, ആക്ഷന്‍ സോങ്ങ്, ബൈബിള്‍ സ്കിറ്റ്, ഡാന്‍സ് എന്നിവ ശ്രദ്ധനേടി.
ചെറുപ്രായത്തില്‍ കുട്ടികളില്‍ ക്രൈസ്തവ വിശ്വാസവും സഭാപഠനങ്ങളും കൂദാശാധിഷ്ഠിത ജീവിതവും മാനുഷിക മൂല്യങ്ങളും പ്രകൃതിസ്നേഹവും ബൈബിള്‍ അധിഷ്ഠിതമായ അറിവും ആഘോഷങ്ങളിലൂടെ എങ്ങനെ നല്‍കാം എന്നതിന്‍റെ ഭാഗമായി നടത്തിയ പരിപാടി വളരെയധികം ശ്രദ്ധേയമായി. പ്രീകെ മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 250 ല്‍ പരം കുട്ടികള്‍ അവരുടെ വ്യത്യസ്തമായ കലാവാസനകള്‍ സ്റ്റേജിൽ അവതരിപ്പിച്ചു.
കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ 2 വര്‍ഷമായി വിശ്വാസപരിശീലന വിദ്യാർഥികള്‍ക്ക് ഒന്നിച്ചുകൂടി സ്കൂള്‍ വാര്‍ഷികവും സിസിഡി നൈറ്റും നടത്താന്‍ സാധിച്ചിരുന്നില്ല. ശനിയാഴ്ച്ച വൈകിട്ട് 5.30 നു കൈക്കാരന്മാര്‍, സെക്രട്ടറി, പിടിഎ, വിശ്വാസ പരിശീലന സ്കൂള്‍ കുട്ടികള്‍, മതാധ്യാപകര്‍, മാതാപിതാക്കള്‍, ഇടവകാസമൂഹം എന്നിവരെ സാക്ഷിയാക്കി ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീല്‍ ഭദ്രദീപം തെളിച്ച് സിസിഡി നൈറ്റ് ഉദ്ഘാടനം ചെയ്തു.
ഫാ. കുര്യാക്കോസ് മുഖ്യപ്രഭാഷണവും, മതബോധനസ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, മുന്‍ ഡയറക്ടര്‍ ഡോ. ജയിംസ് കുറിച്ചി, സ്റ്റുഡന്‍റ് കൗണ്‍സില്‍ പ്രസിഡന്‍റ് മാത്യു പ്രശാന്ത് എന്നിവര്‍ ആശംസകളുമര്‍പ്പിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജയിന്‍ സന്തോഷ് ആമുഖ പ്രസംഗത്തിലൂടെ എല്ലാവരേയും സ്വാഗതം ചെയ്തു.
റബേക്കാ ജോസഫിന്‍റെ പ്രാർഥനാഗാനത്തോടെ തുടക്കമിട്ട സിസിഡി നൈറ്റില്‍ പ്രീകെ മുതല്‍ പന്ത്രണ്ടുവരെ എല്ലാ ക്ലാസുകളിലെയും കുട്ടികള്‍ വ്യ്തസ്തങ്ങളായ പരിപാടികള്‍ അവതരിപ്പിച്ചു. മിഡില്‍സ്കൂള്‍ കുട്ടികളുടെ പ്രാർഥനാ ഡാന്‍സ്, 2022–23 വര്‍ഷത്തില്‍ നടന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കി ജെറി കുരുവിള തയാറാക്കി അവതരിപ്പിച്ച സ്ലൈഡ് ഷോ, യൂത്ത് ടീച്ചേഴ്സിന്‍റെ സംഘനൃത്തം, സീനിയര്‍ ടീച്ചേഴ്സിന്‍റെ സമൂഹഗാനം എന്നിവ സിസിഡി നൈറ്റിനു മാറ്റു കൂട്ടി. ജോണ്‍ നിഖിലിന്‍റെ വയലിന്‍, എയ്ഡന്‍ ബിനുവിന്‍റെ പ്രാർഥനാഗാനം എന്നിവ ശ്രദ്ധേയമായി.
കൈക്കാരന്മാരായ രാജു പടയാറ്റില്‍, റോഷിന്‍ പ്ലാമൂട്ടില്‍, ജോര്‍ജ് വി. ജോര്‍ജ്, തോമസ് ചാക്കോ, സെക്രട്ടറി ടോം പാറ്റാനിയില്‍, സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, വൈസ് പ്രിന്‍സിപ്പാള്‍ ജോസ് മാളേയ്ക്കല്‍, പിടിഎ പ്രസിഡന്‍റ് ജോബി കൊച്ചുമുട്ടം, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജയിന്‍ സന്തോഷ് എന്നിവരുടെ മേല്‍നോട്ടത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തപ്പെട്ട സിസിഡി നൈറ്റ് എല്ലാവരും ആസ്വദിച്ചു.
എബിന്‍ സെബാസ്റ്റ്യന്‍ ശബ്ദ വെളിച്ചനിയന്ത്രണ, സാങ്കേതിക സഹായവും, ജോസ് തോമസ് ഫോട്ടോഗ്രഫി, ബാനര്‍ ഡിസൈനും നിര്‍വഹിച്ചു. ഹാന്നാ ജയിംസ്, ആല്‍വിന്‍ എബ്രാഹം എന്നിവര്‍ എംസിമാരായി. മതാധ്യാപിക ജയിന്‍ സന്തോഷ് പരിപാടികള്‍ കോര്‍ഡിനേറ്റു ചെയ്തു. ജോസ് മാളേയ്ക്കല്‍ നന്ദി പ്രകാശിപ്പിച്ചു.