ADVERTISEMENT

ഹൂസ്റ്റണ്‍∙ അമേരിക്കയെ നടുക്കി മാര്‍ച്ച് 27 ന് നാഷ്‌വില്ലിലെ കവനന്റ് സ്‌കൂളില്‍ നടന്ന വെടിവയ്പില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ആറു പേരെ കൊലപ്പെടുത്തിയ 28 കാരിയായ ഓഡ്രി എലിസബത്ത് ഹെയ്ല്‍ 'വൈകാരിക തകരാറിന്' ഡോക്ടറുടെ പരിചരണത്തിലായിരുന്നു. അതേസമയം ഹെയ്‌ലിന്റെ കൈവശം ഒന്നിലധികം തോക്കുകള്‍ ഉണ്ടെന്നു തനിക്ക് അറിയില്ലായിരുന്നു എന്നാണു ഹെയ്‌ലിന്റെ അമ്മ മെട്രോപൊളിറ്റന്‍ നാഷ്‌വിൽ പൊലീസ് മേധാവി ജോണ്‍ ഡ്രേക്കിനോട് പറഞ്ഞത്. 

രാവിലെ 10.15 ഓടെ (പ്രാദേശിക സമയം) പ്രസ്ബിറ്റേറിയന്‍ സ്‌കൂളായ ദി കോവനന്റ് സ്‌കൂളില്‍ ഷൂട്ടറിനെക്കുറിച്ച് പൊലീസിന് ഒരു കോള്‍ ലഭിക്കുകയായിരുന്നു. പൊലീസിനെ വിളിച്ച് ഏകദേശം 15 മിനിറ്റിനു ശേഷം വെടിവച്ചയാള്‍ മരിച്ചതായി അധികൃതര്‍ പറഞ്ഞു. തുടര്‍ന്നു സ്‌കൂളിലെ വിദ്യാർഥികളെ രക്ഷിതാക്കളുടെ ഒപ്പം വിടുന്നതിനായി സുരക്ഷിതമായ സ്ഥലത്തേക്ക് നീക്കി.

എവ്ലിന്‍ ഡിക്ഹോസ്, ഹാലി സ്‌ക്രഗ്സ്, വില്യം കിന്നി എന്നീ മൂന്നു കുട്ടികളാണു കൊല്ലപ്പെട്ടത്. സ്‌കൂള്‍ മേധാവി കാതറിന്‍ കൂണ്‍സെ (60) സൂക്ഷിപ്പുകാരന്‍ മൈക്ക് ഹില്‍ (61), പകരക്കാരനായ അധ്യാപിക സിന്തിയ പീക്ക് (61) എന്നിവരാണു കൊല്ലപ്പെട്ട മറ്റുള്ളവര്‍. നാഷ്‌വിലിലെ ഒരു ക്രിസ്ത്യന്‍ ഗ്രേഡ് സ്‌കൂളിലെ മുന്‍ വിദ്യാർഥിയാണ് ഹെയ്ല്‍ എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തോക്കുകളുടെ ഒരു ശേഖരം ഹെയിലിന്റെ പക്കല്‍ നിന്നു കണ്ടെടുത്തു. 

നാഷ്‌വിൽ സ്‌കൂളില്‍ നടന്ന വെടിവെയ്പ് സംഭവത്തിന് പിന്നിലെ ഉദ്ദേശ്യം കണ്ടെത്താന്‍ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. തിങ്കളാഴ്ചത്തെ അക്രമത്തിനിടയില്‍ സ്‌കൂളില്‍ ഇരച്ചു കയറിയ ഉദ്യോഗസ്ഥര്‍ ഹെയ്‌ലിനെ നേരിടുന്നതും മാരകമായി വെടിവയ്ക്കുന്നതും അടങ്ങിയ വിഡിയോ ആണു പുറത്തു വന്നത്. ഇവര്‍ മുറികള്‍തോറും തിരച്ചില്‍ നടത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. വിഡിയോ പൊലീസ് പുറത്തുവിട്ട് മണിക്കൂറുകള്‍ക്കു ശേഷമാണ് അക്രമി ഹെയ്‌ലിനെക്കുറിച്ചുള്ള പുതിയ വിശദാംശങ്ങള്‍ പുറത്തുവന്നത്. ഹെയ്‌ലിന്റെ  വിവിധ രചനകളും മറ്റ് തെളിവുകളും പോലീസ് അന്വേഷിച്ചു വരികയാണ്. 

nashville-shooting-2

നാഷ്‌‌വിൽ സ്‌കൂള്‍ ഷൂട്ടര്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത് ചുവന്ന ബാഗുമായി 

തിങ്കളാഴ്ച രാവിലെ ചുവന്ന ബാഗുമായി മകള്‍ വീട്ടില്‍ നിന്ന് ഇറങ്ങുന്നത് കണ്ടതായി ഹെയ്‌ലിന്റെ അമ്മ വ്യക്തമാക്കുന്നു. ബാഗില്‍ എന്താണെന്നു ചോദ്യം ചെയ്തിരുന്നു. ഓഫിസര്‍ ജോണ്‍ ഡ്രേക്ക് പറയുന്നതനുസരിച്ച്, വെടിയുതിര്‍ത്തയാളുടെ മാതാപിതാക്കള്‍ അവളുടെ കൈവശം ഒരു തോക്ക് മാത്രമാണുള്ളതെന്ന് തെറ്റിദ്ധരിച്ചിരുന്നു. അത് അവര്‍ വില്‍ക്കുകയും ചെയ്തിരുന്നു. മാനസികാരോഗ്യ പ്രശ്നങ്ങള്‍ കാരണം വൈദ്യ പരിചരണത്തിലായതിനാല്‍ ഹെയ്ല്‍ ആയുധങ്ങളൊന്നും സ്വന്തമാക്കാന്‍ പാടില്ലായിരുന്നുവെന്ന് അവളുടെ മാതാപിതാക്കള്‍ പറഞ്ഞു.

നാഷ്‌വിൽ സ്‌കൂള്‍ വെടിവയ്പ് നടന്ന ദിവസം, ഹെയില്‍ രണ്ട് ആക്രമണ രീതിയിലുള്ള ആയുധങ്ങളും ഒരു കൈത്തോക്കും കൈയില്‍ കരുതിയിരുന്നതായി പോലീസ് പറയുന്നു. ഇത് ഉപയോഗിച്ചാണ് സ്‌കൂളില്‍ വെടിവയ്പ്പ് നടത്തുകയും കൊലപാതക പരമ്പര നടത്തുകയും ചെയ്തത്. തോക്കുകളുടെ അവകാശത്തെക്കുറിച്ചുള്ള ദേശീയ സംവാദത്തിന് ഇതോടെ വീണ്ടും തുടക്കമായിരിക്കുകയാണ്. യുഎസ് കൂട്ട വെടിവയ്പുകളുടെ ഒരു നീണ്ട നിരയിലെ ഏറ്റവും പുതിയതാണ് നാഷ്‌വില്ലെ വെടിവയ്പ്. 

തിങ്കളാഴ്ച ഉപയോഗിച്ച മൂന്ന് ആയുധങ്ങളും അഞ്ച് നാഷ്‌വിൽ ഏരിയ സ്റ്റോറുകളില്‍ നിന്ന് ഹെയ്ല്‍ ഈയടുത്ത വര്‍ഷങ്ങളില്‍ നിയമപരമായി വാങ്ങിയ ഏഴ് തോക്കുകളില്‍ ഉള്‍പ്പെടുന്നുവെന്ന് ഓഫിസര്‍ ജോണ്‍ ഡ്രേക്ക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഹെയ്‌ലിന് ആയുധ പരിശീലനം ലഭിച്ചിരുന്നതായി ഡ്രേക്ക് പറഞ്ഞു. പട്രോളിങ് കാറുകളില്‍ എത്തിയ ഓഫിസര്‍മാര്‍ക്ക് നേരെ സ്‌കൂളിന്റെ രണ്ടാം നിലയില്‍ നിന്ന് ഹെയ്ല്‍ വെടിയുതിര്‍ത്തു. തിരിച്ചു വെടിയേല്‍ക്കാതിരിക്കാനുള്ള നടപടിയും അവര്‍ സ്വീകരിച്ചിരുന്നു. 

nashville-shooting

ഷൂട്ടര്‍ എങ്ങനെയാണ് കൊല്ലപ്പെട്ടത്?

ഫോണ്‍ കോള്‍ ലഭിച്ചതിനു പിന്നാലെ അഞ്ച് നാഷ്‌വിൽ പൊലീസ് ഉദ്യോഗസ്ഥരുടെ സംഘം സ്‌കൂളില്‍ പ്രവേശിച്ചതായി പൊലീസ് വക്താവ് ആരോണ്‍ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. വിദ്യാർഥികളെയും ജീവനക്കാരെയും ഒന്നാം നിലയില്‍ നിന്നു രക്ഷപ്പെടുത്തി ഒഴിവാക്കുന്നതിനിടെ രണ്ടാം നിലയില്‍ വെടിയൊച്ച കേട്ടു.

ഇതോടെ രണ്ട് ഉദ്യോഗസ്ഥര്‍ തിരിച്ചു വെടിയുതിര്‍ക്കുകയും രാവിലെ 10.27 ന് (പ്രാദേശിക സമയം) ഹേലിനെ വധിച്ചു. നാലു വര്‍ഷമായി സേനയില്‍ അംഗമായ റെക്‌സ് എംഗല്‍ബെര്‍ട്ടും ഒൻപതു വര്‍ഷമായി അംഗമായ മൈക്കല്‍ കൊളാസോയുമാണ് ഹെയ്‌ലിനെ വെടിവച്ചു കൊലപ്പെടുത്തിയ ഉദ്യോഗസ്ഥരെന്ന് പോലീസ് സ്ഥിരീകരിച്ചു. 

ഷൂട്ടറുടെ ബാഗില്‍ നിന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്

കൊല്ലപ്പെട്ടതിനു പിന്നാലെ നടന്ന  പരിശോധനയില്‍ ഹെയ്ല്‍ കൊണ്ടുനടന്ന സാധനങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു തിരഞ്ഞു. സ്‌കൂളിന്റെ എന്‍ട്രി പോയിന്റുകള്‍ കാണിക്കുന്ന വിശദമായ മാപ്പ് മറ്റ് സ്ഥലങ്ങളില്‍ ഷൂട്ടിംഗ് നടത്താന്‍ ഹെയ്ല്‍ പദ്ധതിയിട്ടതിന്റെ സൂചനയാകാമെന്ന് കരുതുന്നു. ഹെയ്ലിനെ ഒരു ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയാണെന്ന് തിരിച്ചറിഞ്ഞതായി ഡ്രേക്ക് പറഞ്ഞു. കുട്ടിക്കാലത്ത് കോണ്‍വെന്റ് സ്‌കൂളില്‍ പോകേണ്ടി വന്നതില്‍ മാനസികമായി വിഷമിച്ചിരുന്നതായും ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. ലിങ്ക്ഡ് ഇന്‍ പ്രൊഫൈലില്‍ സമീപകാല ജോലികളായി പറയുന്നത് ഗ്രാഫിക് ഡിസൈനറെന്നും ഗ്രോസറി ഡെലിവറി എന്നുമാണ്. പുരുഷന്‍ എന്ന നിലയിലാണ് ഇവരുടെ വിശദീകരണങ്ങള്‍. 

വിഡിയോ ഫൂട്ടേജ്

രണ്ട് ഉദ്യോഗസ്ഥരുടെ ബോഡി ക്യാമറകളില്‍ നിന്നു ലഭിച്ച ദൃശ്യങ്ങള്‍ ഒരുമിച്ച് എഡിറ്റുചെയ്ത ആറ് മിനിറ്റ് വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. മുകളിലേക്ക് പോകുന്നതിന് മുമ്പ് ഓഫീസര്‍മാര്‍ ഒന്നിനുപുറകെ ഒന്നായി മുറികള്‍ ഒഴിപ്പിക്കുന്നതും വിഡിയോ ദൃശ്യങ്ങളില്‍ കാണിക്കുന്നു. 

ശരീരത്തില്‍ ധരിച്ച ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ രണ്ട് ഉദ്യോഗസ്ഥരും സംശയിക്കപ്പെടുന്ന വ്യക്തിക്ക് നേരെ നിരവധി റൗണ്ട് വെടിയുതിര്‍ക്കുന്നതായി കാണാം. 'തോക്കില്‍ നിന്ന് കൈകള്‍ മാറ്റൂ!' എന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നതും കേള്‍ക്കാം. സംഭവത്തിന്റെ പോലീസ് ടൈംലൈന്‍ അനുസരിച്ച്, വെടിവയ്പ്പിന്റെ ആദ്യ റിപ്പോര്‍ട്ടുകള്‍ മുതല്‍ പോലീസ് സംശയിക്കുന്നയാളെ കൊലപ്പെടുത്തും വരെ എടുത്ത സമയം 14 മിനിറ്റാണ്. 

1999 ലെ കൊളംബൈന്‍ ഹൈസ്‌കൂള്‍ കൂട്ടക്കൊലയ്ക്ക് ശേഷം യുഎസിലെ സ്‌കൂളുകളിലോ സര്‍വ്വകലാശാലകളിലോ ഇതുവരെ 15 കൂട്ട വെടിവയ്പുകള്‍ ഉണ്ടായിട്ടുണ്ട്. ആ 15 വെടിവയ്പ്പുകളില്‍ 175 പേര്‍ മരിച്ചതായാണ് ഡാറ്റ.

English Summary : Anti-transgender sentiment followed the Nashville school shooting after the shooter identified as a transgender man.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com